നമ്മള്‍ നേരിടുന്ന പല വെല്ലുവിളികളെയും പോസിറ്റീവായ ഒരു മാനസികാവസ്ഥയുണ്ടെങ്കില്‍ തീര്‍ച്ചയായും മറികടക്കാനാവും. എപ്പോഴും ചിരിച്ചുകൊണ്ടിരിക്കുക, ഒരിക്കലും ഭയപ്പെടാതിരിക്കുക, എപ്പോഴും ഊര്‍ജ്ജസ്വലരായിരിക്കുക എന്നൊന്നുമല്ല പോസിറ്റീവായിരിക്കുക എന്നതിനര്‍ഥം. ജീവിതത്തില്‍ എന്തൊക്കെ വന്നാലും ആ സാഹചര്യത്തെ മറികടന്നിരിക്കുമെന്ന ആത്മവിശ്വാസമാണ് പ്രധാനം. എല്ലായിപ്പോഴും ചിരിച്ചും സന്തോഷത്തോടെയും ഇരിക്കാനൊന്നും ആര്‍ക്കും സാധിക്കണമെന്നില്ല. അതേസമയം, സ്വയം മെച്ചപ്പെടുത്താന്‍ തുടര്‍ച്ചയായി ശ്രമിച്ചുകൊണ്ടിരിക്കാം. തന്നിലും മറ്റുള്ളവരിലും വിശ്വാസം പുലര്‍ത്താന്‍ ശ്രമം നടത്താം.  

To advertise here,

ശരീരം ശ്രദ്ധിക്കാം
ശരീരത്തെയും ആരോഗ്യത്തെയും നന്നായി പരിപാലിക്കാം. ചര്‍മസംരക്ഷണം, കേശസംരക്ഷണം, ശരീരസംരക്ഷണം തുടങ്ങിയവയ്ക്കായി സമയം മാറ്റിവെക്കാം. ദിവസവും ലളിതമായ വ്യായാമങ്ങളെങ്കിലും ശീലമാക്കാന്‍ ശ്രദ്ധിക്കണം. മെഡിറ്റേഷന്‍, ശ്വസനവ്യായാമം, പോഷകാഹാരം തുടങ്ങിയവ ശീലമാക്കാം. ശരീരം ഏറ്റവും മികച്ചതാക്കിവെക്കാന്‍ ശ്രദ്ധിക്കാം. ഇത് സന്തോഷമുണ്ടാക്കുന്ന ഹോര്‍മോണുകളെ പുറത്തുവിടും. 

ലക്ഷ്യങ്ങള്‍ നിര്‍ണയിക്കുക
ലക്ഷ്യങ്ങളുണ്ടായിരിക്കുക എന്നത് പ്രധാനമാണ്. വലിയ ലക്ഷ്യങ്ങള്‍ മുന്നില്‍ കാണുക, അത് യാഥാര്‍ഥ്യമാക്കാന്‍ പരിശ്രമിക്കുക. കൈവരിക്കാവുന്ന ലക്ഷ്യങ്ങളെ പതിയെ പതിയെ നേടിയെടുത്തുനോക്കൂ. ചെറിയ ചെറിയ ലക്ഷ്യങ്ങള്‍ പൂര്‍ത്തിയാക്കുന്നതോടെ നിങ്ങളില്‍ ആത്മവിശ്വാസമുണ്ടാവുകയും വലിയ ലക്ഷ്യങ്ങള്‍ നേടാന്‍ പ്രാപ്തരാവുകയും ചെയ്യും. 

നെഗറ്റീവ് ചിന്തകളെ വെല്ലുവിളിക്കാം
നെഗറ്റീവ് ചിന്തകളെ സ്വയം ചോദ്യം ചെയ്തുതുടങ്ങാം. ഉദാഹരണത്തിന് നിങ്ങള്‍ എപ്പോഴും തോല്‍ക്കുമെന്ന് തോന്നുന്നുണ്ടെങ്കില്‍, അത് ശരിക്കും സത്യമാണോയെന്നും അതോ നിങ്ങള്‍ സങ്കല്പിക്കുകയാണോയെന്നും ചിന്തിച്ചുനോക്കുക. സങ്കല്പമാണെന്ന് മനസ്സിലാക്കിക്കഴിഞ്ഞാല്‍ അതേ കാര്യങ്ങള്‍ വേറെ രീതിയില്‍ ചിന്തിച്ചുതുടങ്ങാം. ഇത്തവണ ജയിച്ചില്ലെങ്കിലും അടുത്ത തവണ എന്തായാലും ജയിക്കുമെന്ന തരത്തില്‍ ചിന്തകളെ വഴിതിരിച്ചുവിടാം.  

സ്വയം സംസാരിക്കാം
സ്വയം സംസാരിക്കുന്നത് നെഗറ്റീവ് ചിന്തകളെ മറികടക്കാന്‍ നല്ലതാണ്. ചിന്തിച്ചു സമയം കളയുന്നതിനുപകരം കഠിനാധ്വാനത്തിലൂടെ നിങ്ങള്‍ക്ക് വിജയിക്കാനാവുമെന്ന് സ്വയം പറയുക. ഉള്ള കഴിവുകളില്‍ ആത്മവിശ്വാസം വര്‍ധിപ്പിക്കാന്‍ ശ്രമിക്കുക. ഇതിനെല്ലാം വേണ്ടി കഠിനമായി പ്രവര്‍ത്തിക്കാന്‍ തയ്യാറാവുക.

കൃതജ്ഞത ശീലിക്കാം
കൃതജ്ഞത ശീലിക്കുന്നത് ഒരനുഗ്രഹമാണ്. സ്വയം പ്രോത്സാഹിപ്പിക്കുന്നത് സന്തോഷത്തോടെ ഒരു കാര്യം ചെയ്യാന്‍ നമ്മെ സഹായിക്കും. വെല്ലുവിളികള്‍ നിറഞ്ഞ സാഹചര്യമാണെങ്കില്‍ പോലും അതിനെ നമുക്ക് മറികടക്കാനാവും. വിഷമിച്ചിരിക്കുമ്പോള്‍ നിങ്ങളുടെ ഗുണങ്ങളെപ്പറ്റി ഒരു നോട്ട്പാഡില്‍ എഴുതിനോക്കുക, ഇത് നിങ്ങളുടെ പോരായ്മ മെച്ചപ്പെടുത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാൻ സഹാ.യിക്കും.