ഒരേസമയം ഒരുപാട് ജോലികള്‍ ചെയ്യുന്ന ഫാക്ടറിയാണ് നമ്മുടെ മസ്തിഷ്‌കം. ഭാഷ, ഓര്‍മ, യുക്തിചിന്ത, സര്‍ഗാത്മകത, ഭാവന തുടങ്ങി ഒട്ടേറെ കാര്യങ്ങളാണ് ആ ഫാക്ടറിയില്‍ ഓരോ നിമിഷവും നടക്കുന്നത്. സ്വാഭാവികമായും കുറെ പ്രവര്‍ത്തിച്ചുകഴിയുമ്പോള്‍ അതിന് തേയ്മാനം സംഭവിക്കും. ഓര്‍മയുടെ കിളികള്‍ കൂടുവിട്ട് പറക്കാന്‍ തുടങ്ങും; പിന്നീടൊരു തിരിച്ചുവരവില്ലാതെ. മാത്രമല്ല, മുന്‍പ് ചെയ്ത കാര്യങ്ങള്‍ തുടര്‍ന്ന് ചെയ്യാന്‍ പ്രയാസമായിത്തീരും. പ്രിയപ്പെട്ടവരുടെ പേരുകള്‍ മറക്കും. കണക്കുകൂട്ടലുകള്‍ പിഴയ്ക്കും. ഡിമെന്‍ഷ്യ എന്ന രോഗാവസ്ഥ ഇവിടെ തുടങ്ങുന്നു. ഓര്‍മയുമായിമാത്രം ബന്ധപ്പെട്ട പ്രശ്‌നമല്ല ഡിമെന്‍ഷ്യ. ഓര്‍മക്കുറവുമൂലമുള്ള പ്രയാസങ്ങള്‍ ദൈനംദിനജീവിതത്തെ ബാധിക്കുന്ന അവസ്ഥയാണിത്.
പ്രായംകൂടുമ്പോള്‍
പ്രായാധിക്യംമൂലം തലച്ചോറിലെ നാഡീകോശങ്ങള്‍ നശിക്കുന്നതാണ് ഡിമെന്‍ഷ്യയുടെ പ്രധാന കാരണം. അടിക്കടി തലച്ചോറിലുണ്ടാകുന്ന ക്ഷതങ്ങള്‍, അണുബാധകള്‍, അമിതമായ ലഹരി ഉപയോഗം എന്നിവയും ഇതിലേക്ക് നയിച്ചേക്കാം. വിറ്റമിന്‍ ഡി12, തയാമിന്‍ എന്നിവയുടെ കുറവും ഇതിന് കാരണമാകാറുണ്ട്.
ജീവിതശൈലീരോഗങ്ങളായ പ്രമേഹം, ഹൈപ്പര്‍ടെന്‍ഷന്‍, ഡിസ്ലിപിഡിമിയ, അനിയന്ത്രിതമായ കൊളസ്ട്രോള്‍ എന്നിവയുള്ളവരില്‍ തലച്ചോറിലേക്കുള്ള രക്തയോട്ടം കുറയാം. ഇതും ഡിമെന്‍ഷ്യയിലേക്ക് (വാസ്‌കുലര്‍ ഡിമെന്‍ഷ്യ) നയിച്ചേക്കാം. തൈറോയ്ഡുപോലുള്ള ഹോര്‍മോണുകളുടെ അഭാവവും ഇതിനിടയാക്കുന്നു.
ലക്ഷണങ്ങള്‍
- ആദ്യം സ്ഥിരമായി ഉപയോഗിക്കുന്ന വസ്തുക്കള്‍, ആളുകളുടെ പേരുകള്‍ എന്നിവ മറക്കുന്നു. വാക്കുകള്‍ മറക്കുന്നു, പകരം വാക്കുകള്‍ കിട്ടാതെവരുന്നു.
- രണ്ടാംഘട്ടത്തിലെത്തുമ്പോള്‍ ജോലിയെയും നിത്യജീവിതത്തെയും ബാധിക്കുന്ന തരത്തില്‍ രോഗം തീവ്രമാകുന്നു. ദിശാബോധം നഷ്ടമാവുക, ഒറ്റയ്ക്ക് സഞ്ചരിക്കാന്‍ സാധിക്കാതിരിക്കുക, വീടിനകത്താണെങ്കില്‍ ഒരു മുറിയില്‍നിന്ന് മറ്റൊന്നിലേക്ക് പോകാനുള്ള വഴി മറക്കുക എന്നിവയെല്ലാമുണ്ടാകാം. അമിതമായ ബഹളം, ഉള്‍വലിയല്‍, മതിഭ്രമം എന്നിവയാണ് മൂന്നാംഘട്ടം. 65 വയസ്സിന് മുകളില്‍ പ്രായമുള്ളവരില്‍ എട്ട്- ഒന്‍പത് ശതമാനം പേരിലും ഡിമെന്‍ഷ്യയുടെ ലക്ഷണങ്ങള്‍ കാണാറുണ്ട്.
- മറവിരോഗമുണ്ടെങ്കിലും അത് ഡിമെന്‍ഷ്യയാകണമെന്നില്ല. വിഷാദരോഗം, മരുന്നുകളുടെ പാര്‍ശ്വഫലം എന്നിവമൂലമെല്ലാം മറവിയുണ്ടാകാം. മുകളില്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ ആറുമാസമെങ്കിലും നീണ്ടുനിന്നാല്‍ ഡിമെന്‍ഷ്യ സംശയിക്കാം. രക്തപരിശോധന, ബ്രെയിന്‍ ഇമേജിങ് എന്നിവയിലൂടെ തലച്ചോറിലെ പ്രശ്‌നങ്ങള്‍ കണ്ടെത്താന്‍ കഴിയും.
ഡിമെന്‍ഷ്യ പൂര്‍ണമായി ചികിത്സിച്ച് ഭേദമാക്കാന്‍ പ്രയാസമാണ്. ആരംഭത്തില്‍ കണ്ടെത്തിയാല്‍ സങ്കീര്‍ണതകളിലേക്ക് കടക്കാതിരിക്കാന്‍ കഴിയും. വിറ്റാമിന്‍ കുറവോ തൈറോയ്ഡ് പ്രശ്‌നങ്ങളോ ആണ് കാരണമെങ്കില്‍ അത് പരിഹരിക്കാനുള്ള മരുന്നുകള്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം ആരംഭിക്കാവുന്നതാണ്. തലച്ചോറിലേക്ക് രക്തയോട്ടം കൂട്ടാനുള്ള മരുന്നുകളിലൂടെയും ജീവിതശൈലീരോഗങ്ങള്‍ നിയന്ത്രിക്കുന്നതുവഴിയും ഡിമെന്‍ഷ്യ തീവ്രമാകുന്നത് കുറയ്ക്കാന്‍ കഴിയും. 
- ഡിമെന്‍ഷ്യയുള്ളവര്‍ക്ക് അക്കാര്യം അംഗീകരിക്കാന്‍ പ്രയാസമായിരിക്കും. കൂടെയുള്ളവര്‍ അവരെ സ്‌നേഹപൂര്‍വം പറഞ്ഞ് മനസ്സിലാക്കേണ്ടിവരും.
- ദൈനംദിന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാനായി ഡയറി സൂക്ഷിക്കുന്നത് നന്നായിരിക്കും. ഓരോ ദിവസവും ചെയ്യേണ്ട കാര്യങ്ങള്‍ ഇതില്‍ കുറിച്ചുവയ്ക്കാം. ഡിജിറ്റല്‍ ഗാഡ്ജറ്റുകളും (മൊബൈല്‍ ആപ്പുകള്‍) ഇതിനായി ഉപയോഗിക്കാവുന്നതാണ്.
- ഡിമെന്‍ഷ്യ രോഗികളുടെ സോഷ്യല്‍ലൈഫ് മെച്ചപ്പെടുത്താന്‍ കൂടെയുള്ളവര്‍ ശ്രദ്ധിക്കണം. മറ്റുള്ളവരുമായി കൂടുതല്‍ ഇടപഴകാനും മറ്റും പ്രേരിപ്പിക്കണം.
- രോഗികളോട് ദേഷ്യപ്പെടാതെ അവരുടെ അവസ്ഥ തിരിച്ചറിഞ്ഞ് കൂടെനില്‍ക്കാന്‍ ഒപ്പമുള്ളവര്‍ ശ്രദ്ധിക്കണം.
- സംസാരിക്കുമ്പോള്‍ വാക്കുകള്‍ കിട്ടാന്‍ പ്രയാസം നേരിട്ടാല്‍ അവ പറഞ്ഞുകൊടുക്കുന്നതും നല്ലതാണ്. രോഗിയെ ഒറ്റയ്ക്കിരിക്കാന്‍ അനുവദിക്കരുത്.
- ശ്വസനസഹായ വ്യായാമങ്ങള്‍ (എയ്റോബിക് എക്സസൈസ്) ശീലമാക്കുന്നത് വാസ്‌കുലര്‍ ഡിമെന്‍ഷ്യയുള്ളവര്‍ക്ക് ഗുണംചെയ്യും. ജോഗിങ്, നടത്തം, നീന്തല്‍ എന്നിവ മികച്ച വ്യായാമങ്ങളാണ്.
- ഡിമെന്‍ഷ്യ രോഗികളുടെ കൂട്ടായ്മകള്‍ ഉണ്ടെങ്കില്‍ അതില്‍ പങ്കാളികളാവണം.
ഓര്‍മകൂട്ടാം, നിലനിര്‍ത്താം
ആരോഗ്യകരമായ ജീവിതശൈലി, പോഷകപ്രദമായ ആഹാരം, ചിട്ടയായ വ്യായാമം എന്നിവയിലൂടെ ഓര്‍മയുടെ കോശങ്ങള്‍ മുരടിക്കുന്നത് തടയാം.
- ദിവസം ഏഴുമണിക്കൂറെങ്കിലും ഉറങ്ങണം.
- പുതിയ ഭാഷ പഠിക്കാന്‍ ശ്രമിക്കാം.
- ചെസ് കളിക്കുന്നതും പദപ്രശ്‌നങ്ങള്‍ പൂരിപ്പിക്കുന്നതും നല്ലതാണ്.
- ഏതെങ്കിലും ഒരു വാക്ക് ഓര്‍ക്കുക. അതില്‍ തുടങ്ങുന്ന വാക്കുകള്‍ എഴുതാന്‍ ശ്രമിക്കുക.
- വലതുകൈകൊണ്ട് എഴുതുന്നവര്‍ അല്പനേരം ഇടതുകൈകൊണ്ട് എഴുതിനോക്കൂ.
- ആരോഗ്യകരമായ ആഹാരക്രമം ശീലിക്കാം. ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ മത്തി, ചൂര, അയല എന്നിവ മധ്യവയസ്സ് പിന്നിട്ടവരില്‍ ഓര്‍മ നിലനിര്‍ത്താന്‍ സഹായിക്കും.
- മഞ്ഞള്‍പ്പൊടിയിലെ കുര്‍കുമിന്‍, ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയ കാരറ്റ്, ഇലക്കറികള്‍, ഡാര്‍ക് ചോക്ലേറ്റ് എന്നിവയും മികച്ചതാണ്.
- അമിത ബി.പി., പ്രമേഹം, കൊളസ്ട്രോള്‍ എന്നിവ നിയന്ത്രണത്തിലാണെന്ന് ഉറപ്പാക്കണം.
(ലേഖകന്‍ പട്ടം എസ്.യു.ടി. ഹോസ്പിറ്റലില്‍ കണ്‍സല്‍ട്ടന്റ് ന്യൂറോളജിസ്റ്റാണ്.)
Content Highlights: how to prevent dementia, dementia precautions
Published: 17 Nov 2023, 03:07 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented