മുട്ടയെന്നാല്‍ കൊഴുപ്പ് മാത്രമാണെന്ന ധാരണ മുന്‍പുണ്ടായിരുന്നു. അതുകൊണ്ടുതന്നെ മുട്ടയെ സംശയത്തോടെയാണ് നോക്കിക്കണ്ടത്. മാത്രമല്ല മുട്ട കഴിക്കുന്നത് കൊളസ്‌ട്രോള്‍ ഉണ്ടാക്കുമെന്ന അപവാദവും പരന്നു. മുട്ടയെക്കുറിച്ചുള്ള ഈ തര്‍ക്കങ്ങള്‍ ഇപ്പോഴുമുണ്ട്, ഇനിയത് തുടരുകയും ചെയ്യും.

To advertise here,

എന്നാല്‍ കൊഴുപ്പ് മാത്രമല്ല മുട്ട. ജീവകങ്ങളുടെയും ധാതുക്കളുടെയും കലവറകൂടിയാണ്. വിറ്റാമിന്‍ എ, ബി, ഇ, ബി12, റൈബോഫ്‌ളാവിന്‍, കാത്സ്യം, ഫോസ്ഫറസ്, ലെസിതിന്‍, ഇരുമ്പ്, പൊട്ടാസ്യം, സോഡിയം, മഗ്‌നീഷ്യം എന്നിവയെല്ലാം മുട്ടയില്‍ അടങ്ങിയിരിക്കുന്നു.

കോഴിമുട്ടയോ കാടമുട്ടയോ?
ഏകദേശം 50 ഗ്രാമോളം ഭാരംവരും ഒരു കോഴിമുട്ടയ്ക്ക്. ഇതില്‍ 72 കാലറി ഊര്‍ജവും 186 മില്ലിഗ്രാം കൊഴുപ്പും അടങ്ങിയിട്ടുണ്ട്. എല്ലിനും പല്ലിനും ത്വക്കിനും കണ്ണിനും നല്ലതാണ്.

കാടമുട്ടയ്ക്ക് കോഴിമുട്ടയേക്കാള്‍ ഗുണമുണ്ട്. ഒരു കാടമുട്ടയില്‍ നിന്ന് 71 കാലറിയോളം ഊര്‍ജ്ജവും 6 ഗ്രാം പ്രോട്ടീനും ലഭിക്കുന്നു. കാടമുട്ടയില്‍ നല്ല കൊഴുപ്പാണ് കൂടുതല്‍ അടങ്ങിയിരിക്കുന്നത്. പ്രോട്ടീന്റെയും അയണിന്റെയും അളവ് കോഴിമുട്ടയേക്കാള്‍ 5 മടങ്ങ് കൂടുതലാണ്. വിറ്റാമിന്‍ ബി12 ആണെങ്കില്‍ 15 മടങ്ങ് അധികം കാടമുട്ടയിലുണ്ട്.

എത്ര മുട്ട കഴിക്കാം
വലിയ ശാരീരികാധ്വാനം ഇല്ലാത്തവര്‍ക്ക് ഒരുദിവസം 3 മുട്ടയുടെ വെള്ള വരെ കഴിക്കാം. വലിയവര്‍ക്ക് മുട്ടയുടെ വെള്ളയാണ് നല്ലത്. മുതിര്‍ന്നയാളുകള്‍ ദിവസം 5 കാടമുട്ടവരെ കഴിക്കുന്നത് നല്ലതാണ്. അതില്‍ കൂടുതല്‍ വേണ്ട.

കുട്ടികള്‍ക്ക് ഉത്തമം
കുട്ടികള്‍ക്ക് മുട്ട കൊടുത്തു തുടങ്ങുമ്പോള്‍ മഞ്ഞക്കരുമാത്രം നല്‍കുന്നതാണ് നല്ലത്. വെള്ള ചിലരില്‍ അലര്‍ജി ഉണ്ടാക്കാറുണ്ട്.

* കോഴിമുട്ടയേക്കാള്‍ കുട്ടികള്‍ക്ക് നല്ലത് കാടമുട്ടയാണ്. 9 മാസം മുതല്‍ ഒരു വയസ്സുവരെയുള്ള കുട്ടികള്‍ക്ക് കാടമുട്ടയുടെ മഞ്ഞ കൊടുക്കാം. 1 വയസ്സ് മുതല്‍ 3 വയസുവരെയുള്ള കുട്ടികള്‍ക്ക് 2 മുതല്‍ 3 കാടമുട്ട നല്‍കാം. 7 വയസിനു മുകളിലുള്ളവര്‍ക്ക് അഞ്ച് കാടുമുട്ടവരെ ഒരു ദിവസം കഴിക്കാം.

ഇവയ്‌ക്കൊപ്പം മുട്ട കഴിക്കരുത്
ചില ഭക്ഷണങ്ങളോടൊപ്പം മുട്ട കഴിക്കാന്‍ പാടില്ല. ഉദാഹരണത്തിന് പഴവര്‍ഗ്ഗങ്ങള്‍. തണ്ണിമത്തന്‍, ഓറഞ്ച് എന്നിവയ്‌ക്കൊപ്പം മുട്ട വേണ്ട. കൂടാതെ ചീസ്, പാല്‍, പാലുത്പന്നങ്ങള്‍, ഉണക്കിയ മാംസം, പഞ്ചസാര, സോയ പാല്‍, ചായ, മുയല്‍മാംസം എന്നിവയ്‌ക്കൊപ്പവും മുട്ട കഴിക്കരുത്.

ശ്രദ്ധിക്കണം ഇക്കാര്യം
ശരീരത്തില്‍ അമിത കൊഴുപ്പുള്ളവരും മറ്റു രോഗാവസ്ഥയിലുള്ളവരും മുട്ടയുടെ മഞ്ഞക്കരു കഴിക്കാതിരിക്കുന്നതാണ് നല്ലത്. ആഴ്ചയില്‍ ഒന്നോ രണ്ടോ ആവാം. ചില ആളുകളില്‍ മുട്ടയുടെ വെള്ള അലര്‍ജിക്കുകാരണമാകാറുണ്ട്. ഇക്കാര്യം ശ്രദ്ധിക്കണം.

ഏത് ആഹാരം കഴിക്കുകയാണെങ്കിലും അതിന്റെ ആരോഗ്യഗുണങ്ങള്‍ അറിഞ്ഞു കഴിക്കണം. കഴിക്കുന്നയാളിന്റെ ആരോഗ്യസ്ഥിതിയും കണക്കിലെടുക്കണം. മുട്ടയുടെ കാര്യത്തിലും ഇതുതന്നെയാണ് പറയാനുള്ളത്. ജീവിതശൈലീരോഗമുള്ളവരും മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നവരും ഡോക്ടറുടേയോ ഡയറ്റീഷ്യന്റെയോ നിര്‍ദേശപ്രകാരം മാത്രം മുട്ട കഴിക്കുക.