ദക്ഷിണേന്ത്യയിൽ നിന്ന് ബോളിവുഡിലെത്തി സൂപ്പർതാരപദവി സ്വന്തമാക്കിയ താരമാണ് ഹേമമാലിനി. കരിയറിനൊപ്പം തന്റെ ആരോഗ്യകാര്യങ്ങളിലും ഭക്ഷണശീലങ്ങളിലും അതീവ ശ്രദ്ധാലുവാണ് താരം. എഴുപത്തിയാറു വയസ്സുള്ള ഹേമമാലിനിയുടെ ആരോഗ്യപരമായ ഭക്ഷണശീലത്തെക്കുറിച്ച് മകൾ ഇഷ ഡിയോളിന്റെ വാക്കുകളാണ് ചർച്ചയാകുന്നത്.

To advertise here,

‘ഗ്ലൂട്ടൻ രഹിത ഭക്ഷണമാണ് അമ്മ പിന്തുടരുന്നത്, പച്ചക്കറികളും പഴങ്ങളും ധാരാളം കഴിക്കുകയും ധാരാളം വെള്ളം കുടിക്കുകയും ചെയ്യുന്നു. മാത്രമല്ല, കൂടുതൽ ശ്രദ്ധയോടെ മികച്ച ഭക്ഷണക്രമം പിന്തുടരുന്നു. ഇത് പ്രായമാകുമ്പോൾ ആരോഗ്യത്തെയും പോഷണത്തെയും കുറിച്ചുള്ള അമ്മയുടെ അവബോധത്തെയാണ് കാണിക്കുന്നത്.

നാരുകൾ, വിറ്റാമിനുകൾ, പച്ചക്കറികൾ, പഴങ്ങൾ, പയറുവർഗ്ഗങ്ങൾ, തിനകൾ എന്നിവ അടങ്ങിയ ഭക്ഷണങ്ങളും അമ്മ ധാരാളം കഴിക്കും. ഡയറ്റീഷ്യന്റെ നിർദേശപ്രകാരം ചിട്ടയായ രീതിയിലുള്ള ആരോഗ്യപരിപാലനമാണ് പിന്തുടരുന്നത്.

പഞ്ചാബിയായ അച്ഛൻ ധർമേന്ദ്രയുടെയും ദക്ഷിണേന്ത്യക്കാരിയായ അമ്മ ഹേമമാലിനിയുടെയും മകളായി പല സംസ്കാരങ്ങൾക്കിടയിൽ വളർന്നെങ്കിലും അമ്മയുടെ ഭക്ഷണമാണ് തനിക്കേറെ ഇഷ്ടമെന്ന് ഇഷ വ്യക്തമാക്കി.

“ഞാൻ ദക്ഷിണേന്ത്യൻ ഭക്ഷണം കഴിച്ചാണ് വളർന്നത്. എന്റെ പ്രധാന ഭക്ഷണം ഇഡ്ഡലി, സാമ്പാർ, ദോശ-ചട്ണി എന്നിവയാണ്. തൈരും  ചോറും കഴിക്കുന്നതും എനിക്ക് ഇഷ്ടമാണ്. ഇപ്പോൾ എന്റെ മക്കൾക്കും. ആഴ്ചയിൽ മൂന്ന് തവണയെങ്കിലും ഇഡ്ഡലി സാമ്പാർ, ചട്ണി എന്നിവ ഉണ്ടാക്കാറുണ്ട്.”

ഹേമമാലിനിയോടൊപ്പമുള്ളപ്പോൾ അച്ഛൻ ധർമേന്ദ്രയുടെ ഭക്ഷണശീലത്തെക്കുറിച്ചുള്ള രസകരമായ ഒരു കഥയും ഇഷ പങ്കുവെച്ചു.

‘മാംസാഹാരം ഇഷ്ടപ്പെടുന്ന ആളാണെങ്കിലും, അമ്മയുടെ വെജിറ്റേറിയൻ ശീലത്തെ അദ്ദേഹം ബഹുമാനിക്കുകയും അമ്മയുടെ കൂടെയുള്ളപ്പോൾ അത് പാലിക്കുകയും ചെയ്യുന്നു. അതിനാൽ അമ്മയുടെ കൂടെയായിരിക്കുമ്പോൾ അദ്ദേഹം വെജിറ്റേറിയനാണ്," അവർ പറഞ്ഞു.

യാത്രകളിലോ ഔട്ട്ഡോർ ഷൂട്ടുകളിലോ ആയിരിക്കുമ്പോൾ, ഹേമമാലിനിക്ക് നോൺ വെജ് ഭക്ഷണത്തിന്റെ മണം ബുദ്ധിമുട്ടാകാതിരിക്കാൻ അദ്ദേഹം മറ്റൊരു മുറിയിൽ പോയാണ് മാംസം കഴിക്കുന്നത്. എന്നും അവർ കൂട്ടിച്ചേർത്തു.

അടുത്തിടെ, അജയ് ദേവ്ഗണിനൊപ്പം 'രുദ്ര: ദി എഡ്ജ് ഓഫ് ഡാർക്ക്നെസ്', സുനിൽ ഷെട്ടിക്കൊപ്പം 'ഹണ്ടർ: ടൂട്ടേഗാ നഹി, തോടേഗാ' എന്നീ വെബ് സീരീസുകളിൽ ഇഷ അഭിനയിച്ചു. വിക്രം ഭട്ട് സംവിധാനം ചെയ്യുന്ന 'തുംകോ മേരി കസം' എന്ന ചിത്രത്തിലൂടെയുള്ള ഇഷയുടെ ബിഗ് സ്ക്രീൻ തിരിച്ചുവരവിനായി ആരാധകർ ആകാംഷയോടെ കാത്തിരിക്കുകയാണ്.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi