
ജപ്പാനിൽ ഒക്കിനാവ എന്നൊരു ദ്വീപുണ്ട്. ലോകത്തിലെ ആരോഗ്യവിദഗ്ധരെയെല്ലാം കാലങ്ങളായി അമ്പരപ്പിക്കുകയാണ് ആ പ്രദേശം. ഒക്കിനാവക്കാർക്ക് രോഗങ്ങൾ കുറവാണ്. ജീവിതാന്ത്യം വരെ ആഹ്ലാദത്തോടെ ജീവിക്കുന്നു, അവർക്ക് ആയുസ്സ് കൂടുതലാണ്. ഇക്കിഗായ് എന്ന പേരിലാണ് അവരുടെ ജീവിതരീതി അറിയപ്പെടുന്നത്. പോസിറ്റീവായി ചിന്തിക്കുക, വിശപ്പുള്ളപ്പോൾ മാത്രം കഴിക്കുക, അധ്വാനിക്കുക, നന്നായി വിശ്രമിക്കുക, മറ്റുള്ളവർക്കായി എന്തെങ്കിലും നൻമ ചെയ്യുക തുടങ്ങിയ ലളിതമായ കാര്യങ്ങളാണ് അവർ പിന്തുടരുന്നത്. ഒക്കിനാവക്കാരുടെ ജീവിതരീതി മലയാളികളോട് ചില കാര്യങ്ങൾ പറയാതെ പറയുന്നുണ്ട്. ഒന്നു ശ്രദ്ധിച്ചാൽ രോഗം വരാതെ, ദീർഘായുസ്സോടെ ജീവിക്കാൻ കഴിയും എന്നതാണ് അത്.
രോഗങ്ങൾ ഇല്ലാത്തൊരു ജീവിതം തീർച്ചയായും സാധ്യമാണ്. അതിന് ജീവിതശീലങ്ങളെ അല്പമൊന്ന് മാറ്റിയാൽ മതിയാകും. ഭക്ഷണരീതി, വ്യായാമം, മരുന്നുകഴിക്കുന്ന രീതി, ഇരിപ്പ്, നടപ്പ്, ചിന്ത എന്നിവയെല്ലാം ഒന്നു മാറ്റിനോക്കാം.
ശുദ്ധജലം കുടിച്ച് തുടങ്ങാം
ഒരു ഗ്ലാസ് ഇളംചൂടുള്ള വെള്ളം കുടിച്ചുകൊണ്ടു ഒരുദിവസം ആരംഭിക്കാം. ക്ഷീണം ഒഴിവാക്കാനും മലബന്ധം പോലുള്ള ദഹനപ്രശ്‌നങ്ങൾ ഒഴിവാക്കാനും ചൂടുവെള്ളം നല്ലതാണ്. അസിഡിറ്റി പോലുള്ള പ്രശ്‌നങ്ങൾക്ക് കാരണമാകുമെന്നതിനാൽ ബെഡ്‌കോഫി ഒഴിവാക്കുന്നതാണ് ഉത്തമം.
- തദ്ദേശീയമായി ലഭിക്കുന്ന മാങ്ങ, പപ്പായ, പൈനാപ്പിൾ, പാഷൻ ഫ്രൂട്ട്, വാഴപ്പഴം തുടങ്ങിയവ ദിവസവും ആഹാരത്തിന്റെ ഭാഗമാക്കണം. രാത്രി കിടക്കുമ്പോൾ കലോറി കൂടിയ വിഭവങ്ങൾ വേണ്ട. ഓട്‌സോ അല്പം ചെറുപയർ പുഴുങ്ങിയതോ ഇലക്കറികൾ അടങ്ങിയ സാലഡോ കഴിക്കാം.
- ഇളംവെയിലുകൊള്ളുന്നത് നല്ലതാണ്. രോഗപ്രതിരോധത്തിന് സഹായിക്കുന്ന വൈറ്റമിൻ-ഡി ഇതുവഴി ലഭിക്കും. ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും പ്രമേഹ സങ്കീർണത തടയാനും വൈറ്റമിൻ-ഡി ഫലപ്രദമാണ്. ഓഫീസ് ജോലിക്കാരാണെങ്കിൽ വൈകീട്ടുള്ള വെയിലുകൊള്ളാം. ഫ്‌ളാറ്റിലുള്ളവരാണെങ്കിൽ ബാല്കണിയിൽ നിന്നാലും വെയിലുകൊള്ളാം.
ഉപ്പ് കൂടല്ലേ
ഒരു ദിവസം ഒരുടീസ്പൂൺ (അഞ്ചുഗ്രാം) ആണ് ആരോഗ്യകരമായ ഉപ്പിന്റെ അളവ്. കറികളിൽ അല്പം ഉപ്പ് ചേർക്കുന്നതിൽ തെറ്റില്ല. എന്നാൽ ചോറിലും കഞ്ഞിയിലും ഉപ്പൊഴിച്ച് കഴിക്കുന്നത് ഒഴിവാക്കണം. പപ്പടം, ഉപ്പിലിട്ടത് എന്നിവയും വളരെ കുറച്ച് ഉപയോഗിക്കുക.
- അമിതരക്തസമ്മർദമുള്ളവർ സിട്രസ് പഴങ്ങൾ കഴിക്കുന്നത് നല്ലതാണ്. നാരങ്ങ, മുന്തിരി എന്നിവയിൽ അടങ്ങിയ പൊട്ടാസ്യം രക്തക്കുഴലുകൾ വികസിക്കാൻ സഹായിക്കും.
- യോഗ, ധ്യാനം തുടങ്ങിയവ ശീലമാക്കുന്നത് സ്‌ട്രെസ് ഹോർമോണുകളുടെ അളവ് കുറയ്ക്കും. ദിവസം അരമണിക്കൂർ അതിനായി മാറ്റിവയ്ക്കണം.

ഫോട്ടോ: മാതൃഭൂമി ആർക്കൈവ്‌സ്
വാർഷിക വൈദ്യപരിശോധന
ശരീരത്തിലെ മിക്ക അവയവങ്ങളും ദീർഘകാലം പ്രവർത്തിക്കുന്നവയാണ്. ചെറിയ പ്രശ്‌നങ്ങൾ വന്നാൽപോലും ലക്ഷണങ്ങൾ കാണണമെന്നില്ല. അതുകൊണ്ടുതന്നെ ഇത്തരം പ്രശ്‌നങ്ങൾ പലപ്പോഴും വൈകിയായിരിക്കും കണ്ടെത്തുന്നത്. ഇത് തടയാനായി വാർഷികവൈദ്യ പരിശോധന നടത്തണം.
- രക്തസമ്മർദം, കൊളസ്‌ട്രോൾ നില എന്നിവ ഓരോ വർഷവും പരിശോധിക്കണം.
- പുകവലിക്കുന്നവരും ശ്വാസകോശപ്രശ്‌നങ്ങൾ ഉള്ളവരും ഇടയ്ക്ക് എക്‌സറേ എടുത്ത് പരിശോധിക്കുന്നത് ഗുണംചെയ്യും.
- സ്ത്രീകൾ നാല്പതുവയസ്സുകഴിയുമ്പോൾ സ്വയം സ്തന പരിശോധന നടത്തേണ്ടതാണ്. മാറിൽ അമിതമായ തടിപ്പോ/മുഴകളോ കണ്ടാൽ വൈദ്യസഹായം തേടാം.
- വിളർച്ച പ്രതിരോധശേഷി കുറയ്ക്കും. വർഷത്തിലൊരിക്കലെങ്കിലും ഹീമോഗ്ലോബിൻ, ബ്ലഡ് കൗണ്ട് അളവ് പരിശോധിക്കണം. പ്രത്യേകിച്ച് സ്ത്രീകളും കുട്ടികളും.
- രക്തത്തിലെ ഷുഗറിന്റെ അളവും കൃത്യമായി മനസ്സിലാക്കണം. നാല്പത് വയസ്സ് കഴിഞ്ഞ എല്ലാവരും ഷുഗർനില പരിശോധിക്കണം.
ഫിറ്റ്‌നസ് പ്രധാനം
രോഗമില്ലാതിരിക്കാൻ ശരീരം ഹെൽത്തിയായി സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. അതിലേക്കുള്ള ചവിട്ടുപടിയാണ് ഫിറ്റ്‌നസ്. ഭാരം കുറയുന്നതിന് അനുസരിച്ച് രക്തസമ്മർദം കുറയുന്നതായി ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. കൊളസ്‌ട്രോൾ നില നിയന്ത്രണത്തിലാക്കാനും വ്യായാമത്തിലൂടെ സാധിക്കും. ലഘുവ്യായാമങ്ങളിലൂടെ ശരീരത്തെ ഫിറ്റാക്കി സൂക്ഷിക്കാൻ ഫിറ്റ്‌നസ് സെന്ററുകളിൽ പോകണമെന്നില്ല. വീട്ടിലിരുന്നും സാധിക്കും. - ദൈനംദിന പ്രവൃത്തികളെ സുഗമമാക്കാൻ സഹായിക്കുന്ന ഫങ്ഷണൽ വ്യായാമങ്ങൾ പരീക്ഷിക്കാവുന്നതാണ്. ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും രക്തയോട്ടം വർധിപ്പിക്കാനും ഇവ സഹായിക്കും.
- സ്‌ക്വാറ്റ്, ലഞ്ചസ്, ബ്രിഡ്ജസ് തുടങ്ങിയവ ഫങ്ഷണൽ വ്യായാമങ്ങൾക്ക് ഉദാഹരണമാണ്.
- ആഴ്ചയിൽ മൂന്നുദിവസമെങ്കിലും വ്യായാമത്തിന് മാറ്റിവെയ്ക്കണം. നാല്പത്തിയഞ്ച് മിനിറ്റ് വ്യായാമത്തിനായി ചെലവഴിച്ചാൽ മതിയാകും.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Discover simple lifestyle changes for a disease-free life.
Published: 23 Jan 2026, 12:21 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented