നൂറ്റാണ്ടുകളായി മനുഷ്യന്‍ നേരിടുന്നൊരു അവസ്ഥയാണ് ഫോമോ സിന്‍ഡ്രോം. ഫിയര്‍ ഓഫ് മിസ്സിങ് ഔട്ട് എന്നാണ് ഫോമോയുടെ പൂര്‍ണരൂപം. മറ്റുള്ളവരെപ്പോലെ ജീവിതം മെച്ചപ്പെടുത്താന്‍ കഴിയുന്ന അനുഭവങ്ങളോ വിവരങ്ങളോ സംഭവങ്ങളോ നിങ്ങള്‍ക്ക് നഷ്ടമാകുമോ എന്ന ഉത്കണ്ഠയും ആശങ്കയുമൊക്കെയാണ് ഈ അവസ്ഥ. സോഷ്യല്‍ മീഡിയയുടെ കാലത്ത് ആളുകളില്‍ ഫോമോ സിന്‍ഡ്രോമിന്റെ കാഠിന്യം വളരെയധികമാണ്.

നിങ്ങള്‍ക്ക് മതിപ്പുള്ള ഒരാള്‍ ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്നത് കാണുമ്പോള്‍, അവര്‍ വായിച്ച പുസ്തകങ്ങളുടെ നീണ്ട പട്ടിക കാണുമ്പോള്‍, അവര്‍ യാത്രകള്‍ക്കോ മറ്റോ പോകുന്നുവെന്ന് അറിയുകയോ കേള്‍ക്കുകയോ ചെയ്യുമ്പോഴെല്ലാം ആളുകളില്‍ ഫോമോ രോഗത്തിന്റെ തീവ്രത വര്‍ധിക്കാറുണ്ട്. യുവാക്കളിലാണ് കൂടുതലുള്ളതെങ്കിലും എല്ലാ പ്രായക്കാരിലും കണ്ടുവരുന്നു. അയല്‍ക്കാരന്റെ സോഷ്യല്‍ സ്റ്റാറ്റസിനും സമ്പത്തിനും ജനപ്രീതിക്കും ഒപ്പമോ അതിനു മുകളിലോ എത്താനുള്ള സമ്മര്‍ദ്ദമാണ് ഒരു തരത്തിലിത്. 

മറ്റുള്ളവര്‍ക്ക് വലിയ സന്തോഷമാണ്, നല്ല ജീവിതമാണ് ജീവിക്കുന്നത്, എന്നേക്കാള്‍ നല്ല അനുഭവങ്ങളാണ് അവര്‍ക്ക് കിട്ടുന്നത് എന്നൊക്കെ തോന്നും. സ്വയം വേദനിപ്പിക്കുകയും സ്വാഭിമാനം കുറയുകയുമെല്ലാം ചെയ്യും.

നോട്ടിഫിക്കേഷനുകള്‍ക്കായി ഫോണ്‍ നിരന്തരം പരിശോധിക്കുക, സോഷ്യല്‍ മീഡിയയില്‍ ധാരാളം സമയം ചിലവഴിക്കുക, യഥാര്‍ഥ ജീവിത ബന്ധങ്ങളേക്കാള്‍ സോഷ്യല്‍ മീഡിയ കണക്ഷനുകള്‍ക്ക് മുന്‍ഗണന നല്‍കുക, മറ്റുള്ളവരുടെ അനുഭവങ്ങളില്‍ അസൂയ തോന്നുക, സ്വന്തം ജീവിതം ഒന്നുമല്ലാതെ കടന്നുപോകുന്നുവെന്ന തോന്നലുണ്ടാക്കുക എന്നിവയൊക്കെയാണ് സോഷ്യല്‍ മീഡിയ സമ്മാനിക്കുന്ന ഫോമോ ലക്ഷണങ്ങള്‍.

ഉത്കണ്ഠയും ഉറക്കക്കുറവും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പറ്റാതെ വരികയും ചെയ്യുന്നത് ഇതിന്റെ അനന്തരഫലമാണ്. സോഷ്യല്‍ മീഡിയയെ ആശ്രയിച്ചുപോവുന്നതും വിഷാദരോഗത്തിന് അടിമപ്പെടുന്നതും സമ്മര്‍ദത്തെ നേരിടാന്‍ മദ്യപാനം പോലെയുള്ള വഴികള്‍ക്ക് അടിമപ്പെടുന്നതുമെല്ലാം ഭവിഷ്യത്താണ്. യഥാര്‍ഥത്തില്‍ അത്തരം ചിന്തകളുടെയൊന്നും ആവശ്യമില്ലെങ്കിലും ചുറ്റുപാടും നല്‍കുന്ന സമ്മര്‍ദ്ദം അങ്ങനെയൊരു അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിക്കുകയാണ്. 

ഫോമോ ഒരു പുതിയ പ്രവണതയല്ല
നൂറ്റാണ്ടുകളായി ഫോമോ സിന്‍ഡ്രോം നിലനില്‍ക്കുന്നുണ്ട്. ഇതിനെപ്പറ്റി വലിയ പഠനങ്ങള്‍ നടന്നത് കഴിഞ്ഞ പതിറ്റാണ്ടുകളിലാണെന്നുമാത്രം. സോഷ്യല്‍ മീഡിയയുടെ വരവോടെ ഫോമോ രോഗം കൂടുതലായി കാണുന്നുവെന്നതാണ് സത്യം. മറ്റുള്ളവര്‍ പങ്കിടുന്ന വീഡിയോയും ചിത്രങ്ങളും കാണുമ്പോള്‍ തങ്ങളുമായി താരതമ്യം ചെയ്തുനോക്കാനുള്ള പ്രവണത ആളുകളിലുണ്ടാവാറുണ്ട്. അതുപോലെയാവാന്‍ ശ്രമിച്ച്, ഒന്നിലും സംതൃപ്തി തോന്നാത്ത അവസ്ഥ. അല്‍പായുസ്സുള്ള പോസ്റ്റുകളോ സ്റ്റാറ്റസുകളോ ആണവയെന്ന് മനസ്സിലാക്കാനും ഉള്‍ക്കൊള്ളാനും എളുപ്പമായിരിക്കില്ല പലര്‍ക്കും. 

എങ്ങനെ രക്ഷനേടാം?

  • സോഷ്യല്‍ മീഡിയയില്‍ നിന്ന് സ്വയം ശ്രദ്ധ തിരിച്ച് യഥാര്‍ഥജീവിതത്തിലേക്ക് നോക്കുക എന്നതാണ് പ്രധാനമായും ചെയ്യേണ്ടത്. നിങ്ങള്‍ക്കെന്തൊക്കെയില്ല എന്ന് ചികയുന്നതിനു പകരം എന്തൊക്കെയുണ്ട് എന്നതില്‍ ശ്രദ്ധിക്കാന്‍ ശ്രമിക്കുക. 
  • പോസിറ്റീവ് ആയിട്ടുള്ള ആളുകളെ നിങ്ങളുടെ ഫീഡിലേക്ക് കൊണ്ടുവരിക. 
  • അമിതമായി വീമ്പിളക്കാന്‍ പ്രവണത കാണിക്കുന്ന/നിങ്ങളെ പ്രകോപിപ്പിക്കുന്ന ആളുകളെ ഹൈഡ് ചെയ്യാം. നിങ്ങളെ ട്രിഗര്‍ ചെയ്യുന്ന ഫീഡുകള്‍ മനപ്പൂര്‍വം മാറ്റിനിര്‍ത്താം. 
  • കൂടുതല്‍ സമയം സോഷ്യല്‍ മീഡിയയില്‍ ചെലവിടുന്നത് ഫോമോ കൂട്ടിയേക്കും. ഡിജിറ്റല്‍ ഡിവൈസുകളില്‍ നിന്ന് ചെറിയ ചെറിയ ബ്രേക്കുകളെടുക്കാം. 
  • താരതമ്യങ്ങള്‍ ഒഴിവാക്കി ജീവിതത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാം.
  • എല്ലാ ആപ്പുകളും എപ്പോഴും ഉപയോഗിക്കണമെന്നില്ല.
  • ഓരോ ദിവസവും സോഷ്യല്‍ മീഡിയയില്‍ എത്രസമയം ചെലവിടണമെന്ന് പരിധിവെക്കാം
    (മുകളില്‍ നല്‍കിയത് പൊതുവിവരങ്ങളാണ്, ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രം ജീവിതശൈലിയില്‍ മാറ്റം വരുത്തുക)