വീണ്ടുമൊരു മഴക്കാലം കൂടി എത്തുകയാണ്. ഇത്തവണ കാലവര്‍ഷം ശക്തമായിരിക്കുമെന്നാണ് കാലാവസ്ഥാപ്രവചനം. മഴക്കാലം നമുക്ക് ദുരിതകാലമാണ്. പുഴയിലും കുളത്തിലും വെള്ളക്കെട്ടുകളിലും വീണ് മരിക്കുന്നവരുടെ എണ്ണം ഓരോ വര്‍ഷവും ഉയരുകയാണ്. ഇവിടെയാണ് പ്രഥമശുശ്രൂഷയുടെ പ്രസക്തി. വെള്ളത്തില്‍ മുങ്ങിയ ആള്‍ക്ക് ലഭിക്കുന്ന ഫസ്റ്റ്എയ്ഡ്, ജീവിതത്തിലേക്ക്‌ തിരിച്ചെത്താനുള്ള പിടിവള്ളിയാണ്. അതുകൊണ്ടുതന്നെ എല്ലാവരും ഈ ഫസ്റ്റ് എയ്ഡിനെക്കുറിച്ച് അറിയേണ്ടതുണ്ട്. 

To advertise here,

വെള്ളത്തില്‍ മുങ്ങിയാല്‍ സംഭവിക്കുന്നത്
ഒരാള്‍ വെള്ളത്തില്‍ മുങ്ങിയാല്‍ ശ്വാസകോശത്തില്‍ വെള്ളവും ചെളിയും നിറയും. ശ്വാസകോശത്തിലെ വായുഅറകളായ ആല്‍വിയോളകളില്‍ വെള്ളം നിറഞ്ഞാല്‍ ഓക്‌സിജന്‍ വിതരണം നിലയ്ക്കും. ഇതാണ് മരണത്തിന് ഇടയാക്കുന്നത്. 

* അബോധാവസ്ഥയിലായ ആളെ ഉടന്‍ കരയ്‌ക്കെത്തിക്കുക. നിരപ്പായ പ്രതലത്തില്‍ മലര്‍ത്തിക്കിടത്താം. * ശ്വാസമുണ്ടോ എന്ന് ആദ്യം പരിശോധിക്കണം. ചുമലുകളില്‍ തട്ടിനോക്കുകയും ഉച്ചത്തില്‍ വിളിച്ചുനോക്കുകയും ചെയ്യാം. കണ്ണ് തുറക്കുകയും സംസാരിക്കാന്‍ ശ്രമിക്കുകയും ചെയ്താല്‍ ആള്‍ അപകടാവസ്ഥയില്‍ അല്ലെന്ന നിഗമനത്തിലെത്താം.  * ചുമലില്‍ തട്ടിനോക്കിയിട്ടും പ്രതികരണമില്ലെങ്കില്‍ ഉടന്‍തന്നെ പുനരുജ്ജീവന ചികിത്സ ആരംഭിക്കാം. * കിടക്കുന്നയാളുടെ വായ, മൂക്ക് എന്നിവിടങ്ങളില്‍ തടസ്സമുണ്ടോ എന്ന് ആദ്യം പരിശോധിക്കണം. ഉണ്ടെങ്കില്‍ അത് നീക്കം ചെയ്യണം. താടി പിടിച്ച് തല താഴേക്കാക്കി ശ്വാസവഴി ശരിയാക്കണം. * ഇനി നിവര്‍ന്നിരുന്ന് ദീര്‍ഘശ്വാസമെടുത്തശേഷം കിടക്കുന്നയാളുടെ വായോട് ചേര്‍ത്തുപിടിച്ച് ശക്തിയായി ഔതുക. അഞ്ച് സെക്കന്‍ഡില്‍ ഒന്ന് എന്നതോതില്‍ ശ്വാസം നല്‍കണം.  * ശ്വാസം നല്‍കുമ്പോള്‍ കിടക്കുന്നയാളുടെ നെഞ്ച് ഉയരുന്നെങ്കില്‍ ശ്വാസം നല്‍കുന്നത് നിര്‍ത്തി നെഞ്ചില്‍ മര്‍ദം നല്‍കാം.  * കൈപ്പത്തിയുടെ അടിഭാഗം നെഞ്ചില്‍ അമര്‍ത്തി, രണ്ട് മുലക്കണ്ണുകള്‍ക്കും ഇടയ്ക്കുള്ള ഭാഗത്താണ് മര്‍ദം നല്‍കേണ്ടത്.  * ബോധം വരുന്നതുവരെയോ ഡോക്ടറുടെ സേവനം ലഭിക്കുന്നതുവരെയോ ഇങ്ങനെ ചെയ്യാം. 

placeholder
First aid for drowning related death
മുങ്ങിപ്പോയത് ചെറിയ കുട്ടികളാണെങ്കില്‍ കുഞ്ഞിന്റെ കാല്‍പ്പാദത്തിനടിയില്‍ തട്ടി പ്രതികരണമുണ്ടോയെന്ന് പരിശോധിക്കണം. ഇല്ലെങ്കില്‍ ഫസ്റ്റ് എയ്ഡ് ഉള്‍പ്പടെയുള്ള കാര്യങ്ങളിലേക്ക് നീങ്ങാം.  * കൃത്രിമശ്വാസം നല്‍കുമ്പോള്‍ മുതിര്‍ന്നവരേക്കാള്‍ കുറച്ച് ശ്വാസം നല്‍കിയാല്‍ മതി കുട്ടികള്‍ക്ക്.  * നെഞ്ചില്‍ മര്‍ദം ഏല്‍പ്പിക്കുമ്പോള്‍ കൈപ്പത്തിയിലെ രണ്ട് വിരലുകള്‍ (അഞ്ച് വയസ്സ് വരെയുള്ള കുട്ടികളാണെങ്കില്‍) ഉപയോഗിച്ചാല്‍ മതി. 

ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍
* അപകടത്തില്‍പ്പെട്ടയാളെ രക്ഷിക്കാന്‍ ഒറ്റയ്ക്ക് വെള്ളത്തിലേക്ക് എടുത്തുചാടരുത്. നീന്തല്‍ അറിയാത്ത ആളാണെങ്കില്‍ നീന്തലറിയുന്ന മറ്റുള്ളവരുടെ സഹായം തേടാം. 
* മുങ്ങുന്ന വ്യക്തിക്ക് ബോധമുണ്ടെങ്കില്‍ കയറോ മറ്റെന്തെങ്കിലുമോ ഇട്ടുകൊടുത്ത് രക്ഷിക്കാന്‍ നോക്കാം. 
* മുങ്ങിപ്പോയ ആളെ കരക്കെത്തിച്ച ശേഷം വയറില്‍ അമര്‍ത്തി വെള്ളം പുറത്തുകളയാന്‍ ശ്രമിക്കരുത്. ആഹാരഅവശിഷ്ടങ്ങള്‍ ശ്വാസനാളത്തിലെത്തി അപകടമുണ്ടാവാന്‍ സാധ്യതയുണ്ട്. 
* രക്ഷാപ്രവര്‍ത്തനത്തിന് ശേഷം കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകാം.