പാമ്പിന് വിഷം പേശികളെ ബാധിച്ചുതുടങ്ങിയാല്‍ കണ്ണ് തുറക്കാന്‍ കഴിയാതെ വരികയും മുന്നിലുള്ള വസ്തുക്കളെ പലതായി കാണാന്‍ തുടങ്ങുകയും ചെയ്യും

പാമ്പുകടിയേറ്റുള്ള മരണങ്ങളുടെ പ്രധാനകാരണം ഫസ്റ്റ്എയ്ഡിനെക്കുറിച്ചുള്ള അറിവില്ലായ്മയാണ്. അണലി, മൂര്‍ഖന്‍, ശംഖുവരയന്‍, ചുരുട്ടമണ്ഡലി എന്നിവയുടെ കടിയേറ്റാണ് കൂടുതല്‍ മരണങ്ങളും സംഭവിക്കുന്നത്. കടിയേറ്റാല്‍ പല ലക്ഷണങ്ങളും ശരീരത്തില്‍ പ്രകടമാവും. മുറിവിലൂടെ രക്തസ്രാവം ഉണ്ടാകും. വിഷം പേശികളെ ബാധിച്ചുതുടങ്ങിയാല്‍ കണ്ണ് തുറക്കാന്‍ കഴിയാതെ വരികയും മുന്നിലുള്ള വസ്തുക്കളെ പലതായി കാണാന്‍ തുടങ്ങുകയും ചെയ്യും.
കടിയേറ്റു എന്ന് ഉറപ്പായാല്‍ പരിഭ്രമിക്കാതെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം. ഭയക്കുകയോ ഓടുകയോ ചെയ്താല്‍ അഡ്രിനാലിന്‍ ഉത്പാദനം കൂടുകയും അത് ഹൃദയമിടിപ്പ് വര്‍ധിപ്പിക്കുകയും ചെയ്യും. സഹായത്തിനായി ആരെയെങ്കിലും വിളിക്കാം.
- ഇറുകിയ വസ്ത്രങ്ങളും മറ്റും മാറ്റണം. ഒരിക്കലും കടിയേറ്റഭാഗം മുറുക്കിക്കെട്ടരുത്. മുറിവില്‍ നിന്ന് വിഷം വായകൊണ്ട് വലിച്ചെടുക്കുകയും വേണ്ട.
- മുറിവേറ്റ ഭാഗത്ത് ഐസ്പാക്ക് വയ്ക്കുന്നതും ആ ഭാഗത്തെ ചര്‍മം മുറിച്ചുമാറ്റുന്നതും അപകടമാണ്.
- കടിയേറ്റ ഭാഗം അനങ്ങാതിരിക്കാന്‍ മരക്കഷണമോ മറ്റെന്തെങ്കിലും വസ്തുക്കളോ ഉപയോഗിച്ച് സ്പ്ലിന്റ് ചെയ്യാന്‍ കഴിയുമെങ്കില്‍ നല്ലതാണ്.
- കടിയേറ്റ ഭാഗം ഉയര്‍ത്തിവയ്ക്കരുത്. ഹൃദയനിരപ്പില്‍നിന്ന് താഴ്ത്തി വയ്ക്കാം.
- കടിയേറ്റ ഭാഗത്ത് പല്ലിന്റെ അടയാളമോ വീക്കമോ കണ്ടാല്‍ സമയം വൈകാതെ ആശുപത്രിയിലെത്തണം.
- ആശുപത്രിയില്‍ എത്തുന്നതുവരെ കാപ്പി, ചായ എന്നീ പാനീയങ്ങള്‍ ഒഴിവാക്കുന്നതാണ് നല്ലത്.
- ആശുപത്രിയിലെത്തിച്ചാല്‍ ഡോക്ടറോട് പാമ്പിന്റെ രൂപം, സ്വഭാവം എന്നിവ ഓര്‍മയുണ്ടെങ്കില്‍ പറയാവുന്നതാണ്. സാധാരണ ആന്റി വെനം മരുന്നാണ് പാമ്പുകടിക്ക് നല്‍കാറുള്ളത്.
തേള്‍ കുത്തിയാല്‍ ചെയ്യേണ്ടത്
പാമ്പുകടിക്കുന്നതുപോലെ അപകടകരമാണ് തേളിന്റെ കുത്തേല്‍ക്കുന്നതും. തേളിന്റെ വാല്‍ഭാഗത്താണ് വിഷമുള്ളത്. എന്നാല്‍ കുത്തേറ്റാലും വിഷം ശരീരത്തില്‍ കയറണമെന്നില്ല. കുത്തേറ്റ് മിനിറ്റുകൾ കഴിഞ്ഞോ ചിലപ്പോള്‍ മണിക്കൂറുകള്‍ കഴിഞ്ഞോ ആയിരിക്കും ശരീരത്തില്‍ ലക്ഷണങ്ങള്‍ പ്രകടമായിത്തുടങ്ങുക.
- കടിയേറ്റ ഭാഗത്ത് കഠിനമായ വേദന, കടച്ചില്‍ എന്നിവയാണ് പ്രധാനലക്ഷണങ്ങള്‍.
- വിഷം പടരുന്നതിനനുസരിച്ച് കൈകാല്‍തരിപ്പും നാവുകുഴയുന്നതായും അനുഭവപ്പെടാം.
- അമിതമായി വിയര്‍ക്കുകയും ചിലര്‍ക്ക് ഛര്‍ദി, വയറിളക്കം എന്നീ ലക്ഷണങ്ങള്‍ ഉണ്ടാവുകയും ചെയ്‌തേക്കാം.
- കഠിനമായ വിഷമാണ് ഉള്ളില്‍ എത്തിയതെങ്കില്‍ രക്തസ്രാവം, പക്ഷാഘാതം എന്നിവയ്ക്കും സാധ്യതയുണ്ട്.
- ശ്വാസമെടുക്കാന്‍ പ്രയാസമോ മറ്റോ നേരിട്ടാല്‍ ഉടന്‍തന്നെ വൈദ്യസഹായം തേടണം.
ഫസ്റ്റ്എയ്ഡ് ഇങ്ങനെ?
കുത്തേറ്റഭാഗം അനക്കാതെവയ്ക്കണം. കടിച്ചഭാഗത്ത് പേസ്റ്റ്‌പോലുള്ള വസ്തുക്കള്‍ പുരട്ടരുത്. വെള്ളംകൊണ്ട് നന്നായി കഴുകി എത്രയും പെട്ടെന്ന് ആസ്പത്രിയില്‍ എത്തിക്കണം. ബി.പി., പ്രമേഹം, മറ്റെന്തെങ്കിലും രോഗാവസ്ഥകള്‍ ഉണ്ടെങ്കില്‍ അക്കാര്യം ഡോക്ടറോട് പറയണം. നിര്‍ജലീകരണമോ മറ്റോ ഉണ്ടെങ്കില്‍ ഡ്രിപ് നല്‍കാറുണ്ട്.
പലപ്പോഴും തേളിനെ അറിയാതെ ചവിട്ടുമ്പോഴാണ് കടിയേല്‍ക്കാറുള്ളത്. അതുകൊണ്ടുതന്നെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. വിറക്, മറ്റ് പാഴ് വസ്തുക്കള്‍ എന്നിവയ്ക്കിടയിലാകും പലപ്പോഴും തേളിന്റെ സാമീപ്യം.
ഷൂ ഇടുന്നതിന് മുന്‍പും സോക്‌സ് ധരിക്കുന്നതിന് മുന്‍പും നന്നായി കുടഞ്ഞ് ഉള്ളില്‍ ഒന്നുമില്ല എന്ന് ഉറപ്പാക്കണം. കുട്ടികളുടെ കാര്യത്തില്‍ ഇത് പ്രത്യേകം ശ്രദ്ധിക്കണം.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi
Content Highlights: Immediate Action for Snake Bites: Essential First Aid Knowledge
Published: 06 Nov 2025, 04:00 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented