രാവിലെ ഒരു കാപ്പി കുടിച്ച് ദിവസം തുടങ്ങുന്നവരാണ് നമ്മളില്‍ പലരും. ഉന്മേഷവും ഊര്‍ജവും നല്‍കുന്ന ഒരു പാനീയം കൂടിയാണിത്. മിതമായ അളവില്‍ കഫീന്‍ കഴിക്കുന്നത് ആരോഗ്യകരമാണെന്നാണ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനിലെ ശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നത്. തലവേദന മാറാനും കാപ്പിയിലടങ്ങിയിരിക്കുന്ന കഫീന്‍ സഹായകമാണ്. ഇവ രക്തക്കുഴലുകള്‍ ചുരുക്കുന്നതിലൂടെ തലവേദന കുറയ്ക്കാനും സഹായിക്കുന്നു. എന്നാല്‍ അമിതമായി ഉപയോഗിക്കുന്നത് വിപരീത ഫലമുണ്ടാക്കിയേക്കാം.

കഫീന്‍ തലവേദന കുറയ്ക്കുന്നു
കഫീന്‍ തലച്ചോറിന് ചുറ്റുമുള്ള രക്തക്കുഴലുകളെ സങ്കോചിപ്പിക്കുന്നു. ഇത് സമ്മര്‍ദ്ദവും വേദനയും കുറയ്ക്കാന്‍ സഹായിക്കും. പ്രത്യേകിച്ച് ടെന്‍ഷന്‍ മൂലമുണ്ടാകുന്ന തലവേദന. പല വേദനസംഹാരി മരുന്നുകളിലും ഇത് ഒരു പ്രധാന ഘടകമാണ്. മിതമായ അളവിലുള്ള കഫീന്‍ ഉപയോഗം മൈഗ്രേന്‍ ലക്ഷണങ്ങളെ, ആദ്യ ഘട്ടങ്ങളില്‍, ലഘൂകരിക്കും. ചില മൈഗ്രേന്‍ മരുന്നുകളില്‍ ഈ കാരണംകൊണ്ടുതന്നെ കഫീന്‍ അടങ്ങിയിട്ടുണ്ട്.

ജലാംശം കുറയുന്നത്
അമിതമായ കഫീന്‍ ശരീരത്തിലെ ജലാംശം കുറയ്ക്കുകയും നാഡീവ്യവസ്ഥയെ അമിതമായി ഉത്തേജിപ്പിക്കുകയും ചെയ്യും. ഇവ രണ്ടും കാലക്രമേണ തലവേദനയുടെ ലക്ഷണങ്ങളെ കൂടുതല്‍ വഷളാക്കിയേക്കാം.

റീബൗണ്ട് തലവേദന
കൂടുതൽ കഫീന്‍ ഉപയോഗിക്കുന്നതോ അല്ലെങ്കില്‍ പെട്ടെന്നുള്ള ഉപയോഗം നിര്‍ത്തുന്നതോ 'റീബൗണ്ട്' തലവേദനയ്ക്ക് കാരണമാകും. പതിവായി കാപ്പി കുടിക്കുന്നവര്‍ക്ക് അവരുടെ പതിവ് ലഭിക്കാതെ വരുമ്പോള്‍ തലവേദന അനുഭവപ്പെടാം. 

കഫീൻ, ഇബുപ്രോഫന്‍ അല്ലെങ്കില്‍ പാരസെറ്റമോള്‍ പോലുള്ള വേദനസംഹാരികളുമായി ചേരുമ്പോള്‍, അവയെ ആഗിരണം ചെയ്യുകയും വേദന വേഗത്തില്‍ ശമിപ്പിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.

ഒരു ദിവസം ഒന്നോ രണ്ടോ കപ്പ് കാപ്പി കുടിക്കുന്നതില്‍ തെറ്റില്ല. ഒരു ദിവസം 350– 400 മിഗ്രാം വരെ കഫീൻ ശരീരത്തിനു ദോഷകരമല്ല എന്നാണ് പഠനങ്ങൾ പറയുന്നത്. ഒരു കപ്പ് കാപ്പിയിൽ 60–70 മിഗ്രാം കഫീൻ അടങ്ങിയിട്ടുണ്ട്.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi