നെഞ്ചിനകത്ത് വാരിയെല്ലുകള്‍ക്കും പേശികള്‍ക്കുമുള്ളിലാണ് ഹൃദയത്തിന്റെ സ്ഥാനം. അവയവങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതായതിനാല്‍ ഹൃദയത്തിനേല്‍ക്കുന്ന നേരിയ പരിക്കുപോലും ഗുരുതരമായേക്കാം. മാറിയ ജീവിതശൈലിയും ഭക്ഷണശീലങ്ങളും നമ്മുടെ ഹൃദയത്തിനെ കാര്യമായി ബാധിക്കുന്നുണ്ട്. ഹൃദയസ്തംഭനവും ഹൃദ്രോഗവുമെല്ലാം മലയാളികള്‍ക്കിടയില്‍ ഉയര്‍ന്നുതന്നെ നില്‍ക്കുന്നു. നേരത്തെ രോഗലക്ഷണങ്ങളൊന്നും കാണിക്കാത്തവരിലും ഹാര്‍ട്ട് അറ്റാക്കും പെട്ടെന്നുള്ള മരണങ്ങളും സംഭവിക്കുന്നു എന്നത് ഗൗരവത്തോടെ വേണം കാണാന്‍.

നിങ്ങള്‍ക്കുണ്ടോ ഹൃദ്രോഗ സാധ്യത

അമ്പതുവയസ്സുകഴിഞ്ഞ പുരുഷന്മാരില്‍ 52 ശതമാനം പേര്‍ക്കും സ്ത്രീകളില്‍ 39 ശതമാനം പേര്‍ക്കും ഹൃദ്രോഗസാധ്യതയുണ്ടെന്ന് പഠനങ്ങള്‍ പറയുന്നു. രക്തസമ്മര്‍ദം, പുകവലി, പ്രമേഹം, കൊളസ്‌ട്രോള്‍ തുടങ്ങിയവ ഹൃദ്രോഗത്തിലേക്ക് നയിക്കുന്ന പ്രധാന കാരണമാണ്. പാരമ്പര്യം ഇത്തരം രോഗങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. പക്ഷേ ജീവിതശൈലിയിലെ മോശം പ്രവണതകളും ഹൃദയത്തെ ദോഷകരമായി ബാധിക്കുന്നു എന്നത് അറിഞ്ഞിരിക്കണം.

ഹൃദയം കാക്കും വ്യായാമങ്ങള്‍

  • ഹൃദയാരോഗ്യം സംരക്ഷിക്കുന്നതില്‍ വ്യായാമത്തിന് വലിയ പ്രാധാന്യമുണ്ട്. വ്യായാമങ്ങള്‍, ഹൃദയത്തിന് പരിക്കേല്‍പ്പിക്കുന്ന രക്തസമ്മര്‍ദം, പ്രമേഹം, അമിതകൊളസ്‌ട്രോള്‍ എന്നിവ നിയന്ത്രിച്ച് നിര്‍ത്തുന്നു.
  • എയ്‌റോബിക് എക്‌സര്‍സൈസുകള്‍ അഥവാ ശ്വസനനിയന്ത്രണ വ്യായാമങ്ങളാണ് ഹൃദയത്തിന് ഏറ്റവും അനുയോജ്യം. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണത്തിലാക്കാനും എയ്‌റോബിക് വ്യായാമങ്ങള്‍ സഹായിക്കും.
  • വേഗത്തിലുള്ള നടത്തം എയ്‌റോബിക് എക്‌സര്‍സൈസില്‍ പ്രധാനമാണ്. രക്തചംക്രമണം മെച്ചപ്പെടുത്താനും ഹൃദയമിടിപ്പ് ക്രമപ്പെടുത്താനും ഇത് സഹായിക്കും.
  • ദിവസം 35-40 മിനിറ്റ് നടത്തം ശീലമാക്കാം.
  • തുടക്കക്കാര്‍ക്ക് വേഗത്തില്‍ നടന്നുപരിശീലിക്കാം. പതിയെ, മറ്റ് അസ്വസ്ഥതകള്‍ നേരിടുന്നില്ലെങ്കില്‍ ഓടാന്‍ തുടങ്ങാം.
  • സൈക്ലിങ് ഹൃദയാരോഗ്യത്തിന് മികച്ച വ്യായാമമാണ്. ഒപ്പം കാലിലെ പേശികളുടെ കരുത്ത് കൂട്ടുകയും ചെയ്യും.
  • നീന്തല്‍, യോഗ എന്നിവയും ഹൃദയാരോഗ്യത്തിന് ഗുണംചെയ്യും.

ബാല്യത്തിലേ
തുടങ്ങാം

  • ഹൃദയാരോഗ്യം നിലനിര്‍ത്താനുള്ള പ്രവര്‍ത്തനങ്ങള്‍ ബാല്യം മുതല്‍ ആരംഭിക്കണം. കുട്ടികള്‍ ഏതെങ്കിലും തരത്തിലുള്ള കായികപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുണ്ടെന്ന് മാതാപിതാക്കളും അധ്യാപകരും ഉറപ്പാക്കണം.
  • ഒരു മണിക്കൂറിലധികം സമയം കുട്ടികളെ ടി.വി.കാണാന്‍ അനുവദിക്കരുത്. ഒരേ ഇരിപ്പ് തുടരാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
  • നാല് വയസ്സ് പ്രായമാകുന്നതോടെ കുട്ടികളെ ലഘുവായ കളികള്‍ക്ക് പ്രേരിപ്പിക്കാം.
  • അഞ്ചിനും പതിനേഴിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് ദിവസവും ഒരുമണിക്കൂര്‍ എയ്‌റോബിക് വ്യായാമങ്ങള്‍ (ജോഗിങ്, സൈക്ലിങ്, നടത്തം) ചെയ്യാവുന്നതാണ്.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi