നടുവേദനയും മുട്ടുവേദനയും പ്രായമായവരെ മാത്രം അലട്ടുന്ന പ്രശ്‌നങ്ങളല്ല. ദീർഘനേരം ഇരുന്നുള്ള ജോലി, തെറ്റായ ഇരിപ്പ്, അമിതമായ വ്യായാമം, ഭക്ഷണശീലങ്ങൾ തുടങ്ങി പല കാരണങ്ങളാൽ 20-നും 30-നും ഇടയിൽ പ്രായമുള്ളവരിലും ഇത്തരം വേദനകൾ കണ്ടുവരികയാണ്. വേദന അനുഭവപ്പെടുമ്പോൾ ബാം പുരട്ടിയും ചൂടുവെള്ളം പിടിച്ചും താൽക്കാലിക ആശ്വാസം തേടുന്നവരാണ് പലരും. എന്നാൽ വേദനയുടെ യഥാർഥ കാരണം കണ്ടെത്താതെ ഇത്തരം മാർഗങ്ങളിൽ മാത്രം ആശ്രയിക്കുന്നത് പ്രശ്‌നം വഷളാക്കുമെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു.

To advertise here,

ചെറുപ്പക്കാരിലെ നടുവേദനയ്ക്ക് കാരണങ്ങൾ
ദിവസവും എട്ടു മുതൽ 12 മണിക്കൂർ വരെ തെറ്റായ രീതിയിൽ ഇരുന്ന് ജോലി ചെയ്യുന്നത് നട്ടെല്ലിന് അമിത സമ്മർദമുണ്ടാക്കാം. പെട്ടെന്ന് തീവ്രമായ വ്യായാമങ്ങളിലേക്ക് കടക്കുന്നതും ആവശ്യത്തിന് വിശ്രമമില്ലാതെ പരിശീലനം തുടരുന്നതും നടുവേദനയ്ക്ക് കാരണമാകാം. പോഷകക്കുറവുള്ള ഭക്ഷണശീലങ്ങളും നട്ടെല്ലിന്റെ ആരോഗ്യത്തെ ബാധിക്കാമെന്ന് വിദഗ്ധർ പറയുന്നു.

നടുവേദന നാലോ അഞ്ചോ ദിവസത്തിനുള്ളിൽ മാറുന്നില്ലെങ്കിൽ, വേദനയ്‌ക്കൊപ്പം കാലുകളിലേക്ക് പടരുന്ന വേദന, മരവിപ്പ്, തരിപ്പ് എന്നിവയും അനുഭവപ്പെടുന്നുണ്ടെങ്കിൽ വൈദ്യസഹായം തേടണം.

മുട്ടുവേദനയ്ക്ക് ബാം മാത്രം പോരാ
മുട്ടുവേദനയ്ക്ക് ബാം പുരട്ടുന്നതും ചൂടുവെള്ളം പിടിക്കുന്നതും താൽക്കാലിക ആശ്വാസം നൽകിയേക്കും. എന്നാൽ പേശികളുടെ വലിവ്, ലിഗമെന്റ് പരിക്ക്, തരുണാസ്ഥിക്കുണ്ടാകുന്ന കേടുപാടുകൾ, ഓസ്റ്റിയോ ആർത്രൈറ്റിസ് തുടങ്ങിയ പ്രശ്‌നങ്ങളുടെ ലക്ഷണങ്ങളാകാം മുട്ടുവേദന. വീക്കമുള്ള മുട്ടിൽ അമിതമായി ചൂടുപിടിക്കുന്നത് വേദന കൂട്ടാം. ബാം ആവർത്തിച്ച് ഉപയോഗിക്കുന്നതും ചൂടിനൊപ്പം ഉപയോഗിക്കുന്നതും ചർമത്തിൽ അസ്വസ്ഥതയ്ക്കും പൊള്ളലിനും കാരണമാകാനിടയുണ്ട്.

ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കാം

  • ദിവസങ്ങളോളം മാറാതെ നിൽക്കുന്നതോ ആവർത്തിക്കുന്നതോ ആയ മുട്ടുവേദന.
  • വ്യായാമത്തിനോ പരിക്കിനോ ശേഷം മുട്ടിലുണ്ടാകുന്ന വീക്കം.
  • മുട്ട് മടക്കാനും നിവർത്താനും പ്രയാസം.
  • നടക്കുമ്പോൾ മുട്ട് തെന്നിപ്പോകുന്നതുപോലെയോ ലോക്കാകുന്നതുപോലെയോ തോന്നുക.
  • നടക്കാനും പടികൾ കയറാനും ഉറങ്ങാനും തടസ്സമാകുന്ന വേദന.

ബാം പുരട്ടിയും ചൂടുവെള്ളം പിടിച്ചും വേദന കുറയ്ക്കുന്നത് മാത്രം ചികിത്സയല്ല. വേദനയുടെ കാരണം കണ്ടെത്തി കൃത്യമായ ചികിത്സ തേടുകയാണ് വേണ്ടത്. ആവർത്തിക്കുന്നതോ കൂടിവരുന്നതോ ആയ വേദന അവഗണിക്കരുതെന്നും ഡോക്ടർമാർ ഓർമിപ്പിക്കുന്നു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi