പൂപോലെ മൃദുലമാണ് കുഞ്ഞുങ്ങളുടെ ചര്‍മം. ഒന്നല്ല, ഒരായിരം തവണ തൊട്ടുതലോടാന്‍ തോന്നും. അതുകൊണ്ടുതന്നെ ഏറെ സംരക്ഷണവും കരുതലും ആവശ്യമാണ്. ഏതു തരം ബേബി സോപ്പ് ഉപയോഗിക്കണം? വെളിച്ചെണ്ണ തന്നെ മതിയോ? ദിവസവും പൗഡര്‍ ഇടണോ? തുടങ്ങിയ സംശയങ്ങള്‍ ഇപ്പോഴും അമ്മമാരെ അലട്ടുകയാണ്. കുഞ്ഞുങ്ങള്‍ക്കായി ഗുണമേന്മയുള്ളതും ഏറ്റവും വിലകൂടിയതുമായ ഉത്പന്നങ്ങള്‍ വാങ്ങുന്നുണ്ട്. എന്നിട്ടും ചര്‍മം പെട്ടെന്നു വരണ്ടു പോവുന്നു. തൊലി പൊളിയുന്നു... കുരുന്നുകള്‍ക്ക് നാലോ അഞ്ചോ വയസ്സാവുന്നതുവരെ ഈ ചര്‍മ പ്രശ്‌നങ്ങള്‍ അമ്മമാര്‍ക്ക് തലവേദന തന്നെയാണ്. 

To advertise here,

ആരോഗ്യമുള്ള ചര്‍മം നവജാതശിശുവിന്റെ ശരീരോഷ്മാവ് നിലനിര്‍ത്തും. അണുബാധകളില്‍ നിന്നും അലര്‍ജി ഉണ്ടാക്കുന്ന വസ്തുക്കളില്‍ നിന്നും ശരീരത്തെ സംരക്ഷിക്കുകയും ചെയ്യും. കൂടുതല്‍ നിറമില്ലെങ്കിലും സാരമില്ല. ആരോഗ്യവും വൃത്തിയുമുള്ള ചര്‍മം മതി. അതിനായി ഗുണനിലവാരമുളള ഉത്പന്നങ്ങള്‍ തന്നെ വാങ്ങാം. എന്നാല്‍ കുഞ്ഞുങ്ങള്‍ക്ക് ലഭിക്കുന്ന അമിത പരിചരണവും അവരില്‍ പല ചര്‍മ രോഗങ്ങള്‍ക്കും കാരണമാകാറുണ്ട്. ആശങ്കകളില്ലാതെ ചര്‍മത്തിന്റെ അഴകും ആരോഗ്യവും നിലനിര്‍ത്താം.  

എപ്പോഴും വരണ്ടിരിക്കുന്ന കുഞ്ഞുചര്‍മം 

സോപ്പുകള്‍ പൊതുവെ ചര്‍മത്തെ വരണ്ടതാക്കും. പല ബേബി സോപ്പും ത്വക്കിലെ സ്വാഭാവിക എണ്ണയെ കഴുകിക്കളയുന്നു. ഇത്തരം എണ്ണയില്‍ അണുനാശകമായ ഘടകങ്ങള്‍ (Anti bacterial, Antifungal) അടങ്ങിയിട്ടുണ്ട്. എന്നാല്‍ സോപ്പ് ഉപയോഗിക്കുമ്പോള്‍ ഈ സ്വാഭാവിക എണ്ണമയം നഷ്ടമാകും. ഒപ്പം തൊലി വരണ്ടതാക്കുകയും ചെയ്യും. കൂടുതല്‍ പതയുന്ന സോപ്പുകള്‍ കൂടുതല്‍ പ്രശ്‌നക്കാരാണ്. അധികം പതയാത്ത സോപ്പുകളാണ് കൊച്ചു കുട്ടികള്‍ക്ക് നല്ലത്. കഴിവതും മിതമായ അസിഡിക് അംശമുള്ളതും മോയിസ്ചറൈസിങ് ക്രീം അടങ്ങിയതുമായ സോപ്പുകള്‍ ഉപയോഗിക്കുക. ശരീരം മുഴുവന്‍ സോപ്പ് തേച്ച് കുളിപ്പിക്കുന്നത് ഒന്നിടവിട്ട ദിവസങ്ങളില്‍ മതി. പ്രധാനമായും കഴുത്തും കക്ഷവും തുടയിടുക്കും സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കാം.

നവജാതശിശുവിനെ ദിവസവും ചൂടുവെള്ളത്തില്‍ കുളിപ്പിക്കാമോ

മാസം തികയാതെ ജനിച്ച കുഞ്ഞുങ്ങള്‍, ശരീരഭാരം കുറവുള്ള കുഞ്ഞുങ്ങളെയൊക്കെ രണ്ട്- രണ്ടര കിലോ തൂക്കം ആകുന്നതുവരെ പലപ്പോഴും കുളിപ്പിക്കാറില്ല. ശരീര ഊഷ്മാവ് കുറയാതിരിക്കാനാണിത്. കുളിപ്പിച്ചാല്‍ കഫക്കെട്ടും പനിയും വരാനുള്ള സാധ്യതയുമുണ്ട്. കുഞ്ഞുങ്ങളെ വളരെ ചൂടുള്ളതും തണുപ്പുള്ളതുമായ വെള്ളം കൊണ്ട് കുളിപ്പിക്കാതിരിക്കുക. ചര്‍മത്തില്‍ തടിപ്പും തിണര്‍പ്പും വരാനിടയുണ്ട്. ഇളം ചൂടുവെള്ളത്തില്‍ കഴുകിക്കുന്നതാണ് ഉചിതം. നവജാതശിശുക്കളില്‍ കഴുത്തിന്റെ മടക്കിനിടയില്‍ പാല്‍ പുരളുന്നതിനാല്‍ പൂപ്പല്‍ബാധയുണ്ടാകാനിടയുണ്ട്. ഇടയ്ക്കിടയ്ക്ക് കഴുത്തിന്റെ മടക്ക് വിടര്‍ത്തി ഈര്‍പ്പം ഒപ്പിയെടുക്കണം. അധികം മര്‍ദ്ദം നല്‍കാതെ. ശേഷം മോയിസ്ചറൈസിങ് ക്രീം പുരട്ടിക്കൊടുക്കാം. 

ഏത് എണ്ണയാണ് കുഞ്ഞുങ്ങളുടെ ചര്‍മത്തിന് നല്ലത്

ഓയില്‍ മസാജ് ചെയ്യുന്നത് കുഞ്ഞുങ്ങളുടെ ആരോഗ്യത്തിന് വളരെ ഗുണം ചെയ്യും. അതിന് ചര്‍മത്തിനും കാലാവസ്ഥയ്ക്കും അനുയോജ്യമായ എണ്ണ തന്നെ തിരഞ്ഞെടുക്കാം. തേങ്ങാപ്പാല്‍ വറ്റിച്ചെടുക്കുന്ന എണ്ണ ഉത്തമമാണ്. ഈ വെളിച്ചെണ്ണ ചര്‍മത്തില്‍ ആഴ്ന്നിറങ്ങും. ശരീരത്തിന് കുളിര്‍മ നല്‍കുന്നതിനാല്‍ ചൂടുകാലത്തും വെളിച്ചെണ്ണ തേക്കാം. വെളിച്ചെണ്ണ ചെറിയ രീതിയില്‍ ചൂടാക്കി വേണം മസ്സാജ് ചെയ്യാന്‍. ഇത് കുഞ്ഞിന്റെ പേശികള്‍ക്ക് ബലം നല്‍കും. 

എള്ളെണ്ണ ഏതു കാലാവസ്ഥയിലും ഉപയോഗിക്കാം. ഇത് ശരീരതാപം ക്രമീകരിക്കും. തണുപ്പ് കാലാവസ്ഥയില്‍ കുഞ്ഞിന്റെ ചര്‍മം വരണ്ടുപോവാതിരിക്കാന്‍ ബദാം എണ്ണയാണ് മികച്ചത്. ഒലീവ് എണ്ണയും ചര്‍മത്തിന്റെ വരള്‍ച്ച അകറ്റും. കുഞ്ഞുങ്ങളില്‍ സാധാരണയായി കണ്ടുവരുന്ന അണുബാധകള്‍ തടയാനും ഒലീവ് എണ്ണകൊണ്ടുള്ള മസാജ് നല്ലതാണ്. എന്നാല്‍ ലോലമായ ചര്‍മമുള്ള കുഞ്ഞുങ്ങള്‍ക്ക് ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രമേ ഉപയോഗിക്കാവൂ. അലര്‍ജിയുണ്ടാകാനുള്ള സാധ്യതയുണ്ട്. 

കുഞ്ഞുങ്ങള്‍ക്ക് മോയിസ്ചറൈസര്‍ ഉപയോഗിക്കാമോ?

തീര്‍ച്ചയായും, വരണ്ട ചര്‍മമാണെങ്കില്‍ മോയിസ്ചറൈസര്‍ ഉപയോഗിക്കാം. പ്രത്യേകിച്ചും തണുത്ത കാലാവസ്ഥയില്‍. അല്ലെങ്കില്‍ കുഞ്ഞിനെ കുളിപ്പിച്ചു കഴിഞ്ഞ ഉടനെ അല്പം എണ്ണ തേപ്പിക്കാം. ഇത് ചര്‍മം മൃദുലമാക്കും. എന്നാല്‍ നവജാതശിശുവിന് പലതരം ക്രീമുകളും സ്‌ക്രബറുകളും ഇപ്പോള്‍ തന്നെ ആവശ്യമില്ല. കുഞ്ഞുങ്ങള്‍ പൗഡര്‍ ശ്വസിക്കാനിടയാകുന്നതിനാല്‍ പൗഡര്‍ പഫ് ഉപയോഗിക്കരുത്. കഴുത്തിലും കക്ഷത്തും പൗഡര്‍ ഇടുമ്പോള്‍ കൈവിരല്‍ കൊണ്ട് പുരട്ടിയാല്‍ മതി. കൂടാതെ പെര്‍ഫ്യൂം പോലുള്ള വസ്തുക്കള്‍ കുഞ്ഞുങ്ങളുടെ അടുത്തേക്ക് കൊണ്ടുവരാതെ മാറിനിന്ന് സ്‌പ്രേ ചെയ്യാം. 

സണ്‍സ്‌ക്രീന്‍ ഏത് പ്രായത്തില്‍

ആറുമാസത്തില്‍ കുറഞ്ഞ പ്രായമുള്ള കുട്ടികള്‍ക്ക് സാധാരണ ഡോക്ടര്‍മാര്‍ സണ്‍സ്‌ക്രീന്‍ നിര്‍ദ്ദേശിക്കാറില്ല. രണ്ട് വയസ്സുവരെ ഇത് ഒഴിവാക്കുന്നതാണ് നല്ലത്. പുറത്തുപോകുമ്പോള്‍ കുട്ടിയെ തൊപ്പി അണിയിക്കുകയോ കുട ചൂടിക്കുകയോ ചെയ്യാം. സുഖകരമായ, ഭാരം കുറഞ്ഞ ഫുള്‍ സ്ലീവ് വസ്ത്രങ്ങളാണ് അനുയോജ്യം. രണ്ട് വയസ്സിന് ശേഷം വേണമെങ്കില്‍ സണ്‍സ്‌ക്രീനുകള്‍ ഉപയോഗിച്ചു തുടങ്ങാം. 

കുഞ്ഞുങ്ങളുടെ ചര്‍മകാന്തി കൂട്ടാന്‍

ചര്‍മകാന്തിക്കായി പ്രത്യേകം ക്രീമുകള്‍ കുഞ്ഞുങ്ങളില്‍ പ്രയോഗിക്കുന്നത് അപകടമാണ്. കുട്ടിയുടെ ചര്‍മത്തിന്റെ നിറം പല ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. ഇതില്‍ ഗര്‍ഭകാലത്ത് അമ്മ കഴിക്കുന്ന ഭക്ഷണം മുതല്‍ കുഞ്ഞിന്റെ ചര്‍മ സംരക്ഷണ രീതികളും പാരമ്പര്യവുമെല്ലാം ഉള്‍പ്പെടും. ചര്‍മത്തിന് നിറം കൂട്ടുന്നതിനായി കുങ്കുമപ്പൂ പോലെ പല സാധനങ്ങളും ഉപകരിക്കുമെന്ന് അവകാശവാദങ്ങളുണ്ടെണ്ടങ്കിലും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല. അതുപോലെ കടലമാവ് , പെറുപയര്‍ പൊടി എന്നിവ അരച്ച് കുളിപ്പിക്കാന്‍ ഉപയോഗിക്കുന്നതും നല്ലതല്ല. കുഞ്ഞുങ്ങളുടേത് മൃദുലമായ ചര്‍മമായതിനാല്‍ അലര്‍ജിയുണ്ടാവാനുള്ള സാധ്യതയുണ്ട്. 

നവജാതശിശുക്കളുടെ മുഖത്തും ശരീരത്തിലുമുണ്ടാകുന്ന ചെറിയ കുരുക്കള്‍ മാറാന്‍ പ്രത്യേകം ക്രീം ഉപയോഗിക്കണോ  

പ്രസവിച്ച ഉടനെ ആദ്യത്തെ ആഴ്ചയില്‍ മിക്ക കുഞ്ഞുങ്ങളുടെയും മുഖത്ത് ചുവന്ന റാഷസ് (തിണര്‍പ്പ്) കാണാറുണ്ട്. 'മുത്താച്ചി പൊന്തുക' എന്നാണ് നാട്ടിന്‍പുറങ്ങളില്‍ പറയുന്നത്. ഇത് സ്വാഭാവികമായുണ്ടാകുന്നതാണ്. പ്രത്യേകിച്ച് രോഗങ്ങളെ സൂചിപ്പിക്കുന്നില്ല. ചികിത്സയും ആവശ്യമില്ല. എറിതേമ ടോക്‌സികം (Erythema toxicum) എന്നാണ് ഇതിനെ പറയുന്നത്. കുഞ്ഞിനെ പരിചരിക്കുന്നവര്‍ കൈ സോപ്പുപയോഗിച്ച് നന്നായി കഴുകിയതിനുശേഷം എടുത്തോളൂ. സന്ദര്‍ശകരുടെ എണ്ണം കുറയ്ക്കുന്നതും നല്ലതാണ്. 

മറ്റ് ചര്‍മ രോഗങ്ങള്‍

ഫംഗസ്സുകള്‍ ഉണ്ടാക്കുന്ന രോഗമാണ് വട്ടച്ചൊറി. അശ്രദ്ധമായി വിട്ടാല്‍ പടരുകയും ചൊറിച്ചില്‍ കൂടുകയും ചെയ്യും. ഇതിന് ആന്റി ഫംഗല്‍ ഓയിന്‍മെന്റുകള്‍ ഉപയോഗിക്കാം. കുഞ്ഞുകുഞ്ഞു കുസൃതികള്‍കൊണ്ട് മുറിവുകള്‍ പതിവാകാം. മുറിവുണ്ടായാല്‍ ചായപ്പൊടിയും മറ്റും തേക്കുന്നത് കാണാറുണ്ട്. ഇത് നല്ലതല്ല. ശുദ്ധമായ വെള്ളവും നല്ല തുണിയും ഉപയോഗിച്ച് ആദ്യം വൃത്തിയാക്കണം. പിന്നീട് മുറിവ് കെട്ടുക. രക്തം ഒലിക്കുന്ന മുറിവാണെങ്കില്‍ അഞ്ചോ പത്തോ മിനുട്ട് തുണികൊണ്ട് അമര്‍ത്തിപ്പിടിച്ചാല്‍ തൊലിപ്പുറത്തുനിന്നുള്ള രക്തസ്രാവം നില്‍ക്കും.

പ്രാണികളുടെ കടിയേല്‍ക്കുന്നത് തടിച്ച് പിന്നീട് കലയായി മാറാറുണ്ട്. ഇത് ഒഴിവാക്കാന്‍

ഇന്‍സെക്റ്റ് ബൈറ്റ് റിയാക്ഷന്‍...പ്രാണികള്‍ കടിച്ചാല്‍ ചൊറിഞ്ഞ് തിണര്‍ക്കുക, പിന്നീട് പാടുകള്‍ ഉണ്ടാവുക. ഇത് വളരെ സാധാരണമാണ്. ഒരു പ്രായം വരെ പ്രാണികളുടെ കടി തീരെ കിട്ടാത്ത കുട്ടികള്‍ക്ക് പിന്നീട് കിട്ടുമ്പോള്‍ കൂടുതല്‍ തീവ്രമായി കാണാറുണ്ട് (ഗള്‍ഫില്‍ നിന്നും മറ്റും നാട്ടിലേക്ക് വരുമ്പോള്‍). പ്രാണികളെ അകറ്റുന്നതിനുള്ള ക്രീമുകള്‍ കുട്ടികളില്‍ ഉപയോഗിക്കുന്നത് സുരക്ഷിതമല്ല. ചര്‍മത്തിലെ കലകളും അടയാളങ്ങളും കാലക്രമേണ മായും. പ്രത്യേകിച്ച് ചികിത്സ വേണമെന്നില്ല. എന്നാല്‍ കൂടുതല്‍ ചൊറിയാതിരിക്കാന്‍ കരുതണം. കൊതുകുകടി കിട്ടാതിരിക്കാന്‍ ഇറക്കമുളള വസ്ത്രങ്ങള്‍ ധരിപ്പിക്കുക. കൊതുക് പെരുകാനുള്ള സാഹചര്യം ഒഴിവാക്കുക, കൊതുകുവല ഉപയോഗിക്കുക.... എന്നിവയും ശ്രദ്ധിക്കാം.  

യോജിച്ച വസ്ത്രങ്ങള്‍...

കുഞ്ഞുങ്ങളുടെ ചര്‍മത്തിന് ഇണങ്ങുന്നത് കോട്ടണ്‍ വസ്ത്രങ്ങളാണ്. മൃദുവായതും കട്ടികുറഞ്ഞതും ഇളം നിറമുള്ളതുമായ കോട്ടണ്‍ ഉടുപ്പുകള്‍ മതി. കുട്ടിയുടുപ്പുകള്‍ വാങ്ങിയാല്‍ നന്നായി കഴുകി ഉണക്കിയതിനുശേഷം മാത്രം ധരിപ്പിക്കുക. തുണികള്‍ ഹാങ്ങറില്‍ തൂക്കിയിട്ട് വെയിലത്ത് ഉണക്കണം. നിലത്തോ മുറിക്കകത്തോ വിരിച്ച് ഉണക്കാന്‍ പാടില്ല. കുഞ്ഞുടുപ്പുകളില്‍ നേരിട്ട് സൂര്യപ്രകാശം പതിക്കുന്നത് ഫംഗസ് ബാധ ഇല്ലാതാക്കും. വസ്ത്രങ്ങള്‍ കഴുകാന്‍ അണുനാശിനികള്‍ ഉപയോഗിക്കണമെന്ന് നിര്‍ബന്ധമില്ല. 

കുഞ്ഞുമുടിയില്‍ ഷാംപൂ വേണോ

കുഞ്ഞു വളരുന്തോറും മണ്ണുവാരാനും വെള്ളത്തില്‍ കളിക്കാനുമൊക്കെയുള്ള താത്പര്യവും കൂടും. അഴുക്കും പൊടിയുമൊക്കെ കൂടുതലായി പിടിക്കുന്നത് മുടിയാലാവാം. ചര്‍മം പോലെതന്നെ കുഞ്ഞുങ്ങളുടെ മുടിയും മൃദുലമാണ്. അതുകൊണ്ട് ചെറുപ്പത്തിലേ തന്നെ ഷാംപൂ ഉപയോഗിക്കുന്നത് ശ്രദ്ധയോടെ വേണം. ഷാംപൂ വെള്ളത്തിലുറ്റിച്ച് നേര്‍പ്പിക്കണം. നേരിട്ട് മുടിയിലുപയോഗിക്കരുത്. കണ്ണില്‍ ഷാംപൂ വീഴാതിരിക്കാന്‍ പുറകിലെ തലമുടിയില്‍ മാത്രം ഉപയോഗിക്കാം. പിഎച്ച്, ആറില്‍ കൂടുതലുള്ള ഷാംപൂ തീര്‍ത്തും ഒഴിവാക്കാം. ഇത് മുടി നില്‍ക്കുന്ന അറകള്‍ക്ക് (ക്യൂട്ടിക്കിള്‍) കേടുവരുത്തും. മുടിക്ക് പൊട്ടലുണ്ടാക്കാനും ഇടയാക്കുന്നു. ചെറുതായി പതയുന്നതും അസ്വസ്ഥതകള്‍ ഉണ്ടാക്കാത്തതുമായ ഉത്പന്നങ്ങള്‍ തിരഞ്ഞെടുക്കാം. മുതിര്‍ന്നവര്‍ ഉപയോഗിക്കുന്ന ഷാംപൂ കൂടുതല്‍ കഠിനമായതുകൊണ്ട് തീര്‍ത്തും ഒഴിവാക്കാം. മറ്റൊരു പ്രശ്‌നക്കാരന്‍ താരനാണ്. ശിരോചര്‍മത്തിന് വൃത്തിയില്ലാത്തതും കളിച്ച് വിയര്‍ത്ത് പൊടി അടിഞ്ഞുകൂടുന്നതുമാണ് കുട്ടികള്‍ക്ക് താരനുണ്ടാവാന്‍ പ്രധാന കാരണം. വെളിച്ചെണ്ണ അല്പം ചൂടാക്കി കുഞ്ഞിന്റെ തലയില്‍ നന്നായി മസാജ് ചെയ്യാം. ശേഷം മുടി ചീകാം. കുട്ടികള്‍ക്കായി പ്രത്യേകം ചീര്‍പ്പ് വേണം. ഇത് ഇടയ്ക്കിടെ വൃത്തിയാക്കുക. താരനുള്ളവര്‍ ഉപയോഗിക്കുന്ന തലയണയോ ടവലോ കുട്ടികള്‍ ഉപയോഗിക്കാതെ ശ്രദ്ധിക്കാം.

വെറ്റ് ടിഷ്യൂകൊണ്ട് ഒപ്പല്ലേ

അമിതമായ ഡയപ്പര്‍ ഉപയോഗം ത്വക്കില്‍ ചുവന്നുതടിച്ച കുരുക്കളും ചൊറിച്ചിലും ഉണ്ടാക്കും. അതുകൂടാതെ സ്ഥിരമായി ഡയപ്പര്‍ ധരിക്കുമ്പോള്‍ പൂപ്പല്‍ ബാധയുണ്ടാകാനും സാധ്യതയേറെയാണ്. ആദ്യം ചുവന്ന നിറത്തിലുള്ള കുരുക്കളാണ് ഉണ്ടാവുന്നത്. പിന്നീട് കുഞ്ഞിന് വലിയ രീതിയില്‍ അസ്വസ്ഥതയും ഉണ്ടാക്കാം. റാഷസ് കണ്ടാല്‍ ഡയപ്പര്‍ ധരിപ്പിക്കരുത്. റാഷസ് ക്രീം പുരട്ടിയശേഷം തിണര്‍പ്പ് മാറാനായി കാത്തിരിക്കാം. 

ഉള്ളില്‍ കോട്ടണ്‍തുണി വെയ്ക്കാവുന്ന ഡയപ്പറുകള്‍ കടകളില്‍ ലഭ്യമാണ്. അത്യാവശ്യ സാഹചര്യങ്ങളില്‍ ഇത് ഉപയോഗിക്കാം. ദീര്‍ഘദൂര യാത്രയില്‍ ഇടവിട്ട് ഡയപ്പര്‍ മാറ്റാനും ശ്രദ്ധിക്കണം. രണ്ട് മണിക്കൂര്‍ കൂടുമ്പോഴെങ്കിലും അഴിച്ചു നോക്കി, കുഞ്ഞ് മലമൂത്രവിസര്‍ജനം ചെയ്തിട്ടുണ്ടെങ്കില്‍ ഉടനെ തന്നെ ഡയപ്പര്‍ മാറ്റണം. അപ്പോള്‍ തന്നെ വെള്ളമൊഴിച്ച് കഴുകി മൃദുവായ കോട്ടണ്‍ തുണി കൊണ്ട് ഈര്‍പ്പം ഒപ്പിയെടുക്കാം. കുഞ്ഞിന് പാകമായ (അധികം ഇറുകിയതോ അയഞ്ഞതോ അല്ലാത്ത) ഡയപ്പര്‍ തന്നെ തിരഞ്ഞെടുക്കുക. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം റാഷസ് ക്രീം പുരട്ടിക്കൊടുക്കാം. ചില അമ്മമാര്‍ വെറ്റ് ടിഷ്യു ഉപയോഗിച്ച് തുടയ്ക്കാറുണ്ട്. ചര്‍മവീക്കമുള്ളിടത്ത് ഇങ്ങനെ ചെയ്യരുത്. പ്രത്യേകിച്ച് ആല്‍ക്കഹോളിന്റെയോ പെര്‍ഫ്യൂമിന്റെയോ അംശമുള്ള ടിഷ്യു. ഇവ കുഞ്ഞിന് കൂടുതല്‍ ചൊറിച്ചിലും വേദനയും ഉണ്ടാക്കും.

കടപ്പാട്: ഡോ. സരിത എസ്.
അസോ. പ്രൊഫസര്‍, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഡെര്‍മറ്റോളജി, മെഡിക്കല്‍ കോളേജ്, കോഴിക്കോട്‌