ഉത്കണ്ഠയും ടെന്‍ഷനും ഇല്ലാത്തവരില്ല. പരീക്ഷയ്ക്ക് തയ്യാറെടുക്കുമ്പോളും, ഇന്റര്‍വ്യൂബോര്‍ഡിനെ നേരിടുമ്പോളുമെല്ലാം ഈ ഉത്കണ്ഠ നമ്മെ പിന്തുടരാറുണ്ട്. മലയാളികള്‍ക്കിടയില്‍ കൊറോണയ്ക്കുശേഷം ഉത്കണ്ഠ വളരെയധികം കൂടിയിട്ടുണ്ട്. മനസ്സിനുള്ളില്‍ ഉടലെടുക്കുന്ന, അത്ര ഗൗരവകരമല്ലാത്ത വികാരമാണ് ഉത്കണ്ഠ എന്ന് ലളിതമായ പറയാം. അല്പം ആധിയുണ്ടാകുന്ന വിഷയങ്ങളോടുള്ള മനസ്സിന്റെ സ്വാഭാവികപ്രതികരണം മാത്രമാണ് ഇത്.

To advertise here,

പാനിക് ഡിസോഡര്‍ ഉത്കണ്ഠയുമായി ബന്ധപ്പെട്ട ഗുരുതരമായ അവസ്ഥയാണ്. പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ പൊടുന്നനെയുണ്ടാകുന്ന പരവേശമാണ് ഇത്. നെഞ്ചിടിപ്പ്, കൈകാലുകള്‍ മരവിക്കുക, നെഞ്ചില്‍ ഭാരം അനുഭവപ്പെടുക എന്നിവയാണ് ലക്ഷണങ്ങള്‍. 15-20 മിനിറ്റ്‌നേരം ഇത് നീണ്ടുനില്‍ക്കാം. ഗൗരവതരമല്ലെങ്കിലും ഹൃദ്രോഗം ഉള്‍പ്പടെയുള്ള പ്രശ്‌നമുള്ളവരില്‍ ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ വൈദ്യസഹായം തേടണം. ഇ.സി.ജി.ഉള്‍പ്പടെയുള്ള പരിശോധനകള്‍ ചെയ്യാവുന്നതാണ്.

ചില ഉത്കണ്ഠകള്‍ രോഗലക്ഷണങ്ങളായിതന്നെ പുറത്തുവരാറുണ്ട്. വയറുമായി ബന്ധപ്പെട്ട ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രം അത്തരത്തിലുള്ളതാണ്. ഈ രോഗാവസ്ഥയുള്ളവര്‍ക്ക് തുടര്‍ച്ചയായി മലവിസര്‍ജനം ചെയ്യണമെന്ന് തോന്നും. എവിടേക്കെങ്കിലും തിരക്കിട്ട് പോകാനിറങ്ങുമ്പോഴായിരിക്കും ഇത്. പലരും ഇത് രോഗമായി തെറ്റിദ്ധരിച്ച് ഉദരരോഗ വിദഗ്ധരെ കാണാറുണ്ട്. എന്നാല്‍ പരിശോധനകളില്‍ പ്രശ്‌നങ്ങളൊന്നും കാണുകയുമില്ല.

അറിയാം ലക്ഷണങ്ങള്‍

തലച്ചോറിലെ രാസവസ്തുക്കളിലെ അളവിലുണ്ടാകുന്ന വ്യതിയാനങ്ങളാണ് പലപ്പോഴും ഉത്കണ്ഠയിലേക്ക് നയിക്കുന്നത്. ഉത്കണ്ഠാരോഗികള്‍ പൊതുവായ ചില ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാറുണ്ട്.

  •  അമിതമായ നെഞ്ചിടിപ്പ്.
  • കൈകാലുകളുടെ വിറയല്‍.
  • ഉറക്കക്കുറവ്, ദഹനക്കേട്, നീണ്ടുനില്‍ക്കുന്ന വെപ്രാളം.
  • കണ്ണില്‍ ഇരുട്ടുകയറുക, ശ്വാസതടസ്സം

ചികിത്സ ഇങ്ങനെ

  • തീവ്രതകുറഞ്ഞ ഉത്കണ്ഠാ പ്രശ്‌നങ്ങള്‍ക്ക് റിലാക്‌സേഷന്‍ വ്യായാമങ്ങള്‍ ഉള്‍പ്പടെയുള്ള മന:ശാസ്ത്രചികിത്സകള്‍ മതിയാകും.
  • ഉത്കണ്ഠ നിയന്ത്രിക്കാനുള്ള കൗണ്‍സലിങ്ങും തെറാപ്പികളും  ലഭ്യമാണ്.
  • മനസ്സിന്റെ വൈകാരിക അവസ്ഥ ക്രമീകരിക്കാന്‍ സഹായിക്കുന്ന ഔഷധങ്ങളും ചിലര്‍ക്ക് നിര്‍ദേശിക്കാറുണ്ട്.
  • തീവ്രമായ ഉത്കണ്ഠാപ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്ക് മരുന്നുകളാണ് ഫലപ്രദം. തലച്ചോറിലെ രാസവസ്തുവിന്റെ അളവിലെ വ്യതിയാനം നിയന്ത്രിക്കുന്ന മരുന്നുകളാണ് അവ. പാര്‍ശ്വഫലങ്ങള്‍ കുറവുള്ള, ഫലപ്രദമായ മരുന്നുകളാണ് ഇതിനായി നിര്‍ദേശിക്കാറുള്ളത്.
    കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂhttps://mbi.page.link/grihalakshmi