ഉത്കണ്ഠയും ടെന്‍ഷനും ഇല്ലാത്തവരില്ല. പരീക്ഷയ്ക്ക് തയ്യാറെടുക്കുമ്പോളും ഇന്റര്‍വ്യൂബോര്‍ഡിനെ നേരിടുമ്പോഴുമെല്ലാം ഈ ഉത്കണ്ഠ നമ്മെ പിന്തുടരാറുണ്ട്. കൊറോണയ്ക്കുശേഷം മലയാളികള്‍ക്കിടയില്‍ ഉത്കണ്ഠ വളരെ കൂടിയിട്ടുണ്ടെന്നാണ് വിദഗ്ധരുടെ അഭിപ്രായം. മനസ്സിനുള്ളില്‍ ഉടലെടുക്കുന്ന, അത്ര ഗൗരവകരമല്ലാത്ത വികാരമാണ് ഉത്കണ്ഠ എന്ന് ലളിതമായി പറയാം. അല്പം ആധിയുണ്ടാകുന്ന വിഷയങ്ങളോടുള്ള മനസ്സിന്റെ സ്വാഭാവികപ്രതികരണം മാത്രമാണ് ഇത്. എന്നാല്‍ ഉത്കണ്ഠ നിയന്ത്രിക്കാന്‍ കഴിയാതെ വരികയും ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുകയും ചെയ്താല്‍ അതൊരു രോഗമായി എന്നു പറയാം.
 
അറിയാം ലക്ഷണങ്ങള്‍
തലച്ചോറിലെ രാസവസ്തുക്കളിലെ അളവിലുണ്ടാകുന്ന വ്യതിയാനങ്ങളാണ് പലപ്പോഴും ഉത്കണ്ഠയിലേക്ക് നയിക്കുന്നത്. ഉത്കണ്ഠാരോഗികള്‍ പൊതുവായ ചില ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാറുണ്ട്.

To advertise here,
  • അമിതമായ നെഞ്ചിടിപ്പ്.
  • കൈകാലുകളുടെ വിറയല്‍.
  • ഉറക്കക്കുറവ്, ദഹനക്കേട്,  
  • തുടര്‍ച്ചയായി നീണ്ടുനില്‍ക്കുന്ന വെപ്രാളം.
  • കണ്ണില്‍ ഇരുട്ടുകയറുക, ശ്വാസതടസ്സം

പാനിക് ഡിസോഡര്‍ എന്ന അവസ്ഥ വ്യാപകമായി കാണുന്ന ഉത്കണ്ഠാരോഗങ്ങളില്‍ ഒന്നാണ്. പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ പൊടുന്നനെയുണ്ടാകുന്ന പരവേശമാണ് ഇത്. നെഞ്ചിടിപ്പ്, കൈകാലുകള്‍ മരവിക്കുക, നെഞ്ചില്‍ ഭാരം അനുഭവപ്പെടുക എന്നിവയാണ് ലക്ഷണങ്ങള്‍. 15-20 മിനിറ്റ്‌നേരം നീണ്ടുനില്‍ക്കാം. ഗൗരവതരമല്ലെങ്കിലും ഹൃദ്രോഗം ഉള്‍പ്പടെയുള്ള പ്രശ്‌നമുള്ളവരില്‍ ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ വൈദ്യസഹായം തേടണം. ഇ.സി.ജി. ഉള്‍പ്പടെയുള്ള പരിശോധനകള്‍ ചെയ്യാവുന്നതാണ്.

ഒറ്റയ്ക്ക് യാത്ര ചെയ്യാനുള്ള ഭയമായ അഗോറഫോബിയ, കൗമാരക്കാര്‍ക്കിടയിലെ സോഷ്യല്‍ ഫോബിയ, ഉയര്‍ന്ന പ്രദേശങ്ങളോടുള്ള ഭയമായ അക്രോഫോബിയ, എതിര്‍ലിംഗത്തോട് ഇടപഴകുന്നതിനുള്ള അങ്കലാപ്പ് തുടങ്ങിയവയെല്ലാം പൊതുവായി കാണാറുള്ള ഉത്കണ്ഠാരോഗങ്ങളാണ്. എന്നാല്‍ ചില ഉത്കണ്ഠകള്‍ രോഗലക്ഷണങ്ങളായിത്തന്നെ പുറത്തുവരാറുണ്ട്. വയറുമായി ബന്ധപ്പെട്ട ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രം അത്തരത്തിലുള്ളതാണ്. ഈ രോഗാവസ്ഥയുള്ളവര്‍ക്ക് തുടര്‍ച്ചയായി മലവിസര്‍ജനം ചെയ്യണമെന്ന് തോന്നും. ഏവിടേക്കെങ്കിലും തിരക്കിട്ട് പോകാനിറങ്ങുമ്പോഴായിരിക്കും ഇത്. പലരും ഇത് രോഗമായി തെറ്റിദ്ധരിച്ച് ഉദരരോഗ വിദഗ്ധരെ കാണാറുണ്ട്. എന്നാല്‍ പരിശോധനകളില്‍ പ്രശ്‌നങ്ങളൊന്നും കാണുകയുമില്ല.

ചികിത്സയുണ്ട്
കൃത്യമായ രോഗനിര്‍ണയവും ചികിത്സയും വഴി ഉത്കണ്ഠാരോഗങ്ങളെ മറികടക്കാം. മരുന്നുപയോഗിച്ചുള്ള ചികിത്സയ്‌ക്കൊപ്പം ജീവിതശൈലിയില്‍ മാറ്റങ്ങള്‍ വരുത്തുന്നതും ഫലപ്രദമാണ്. തീവ്രതകുറഞ്ഞ ഉത്കണ്ഠാ പ്രശ്‌നങ്ങള്‍ക്ക് റിലാക്‌സേഷന്‍ വ്യായാമങ്ങള്‍ ഉള്‍പ്പടെയുള്ള മനഃശാസ്ത്രചികിത്സകള്‍ മതിയാകും. ഉത്കണ്ഠ നിയന്ത്രിക്കാനുള്ള കൗണ്‍സലിങ്ങും തെറാപ്പികളും ഇപ്പോള്‍ ലഭ്യമാണ്. മനസ്സിന്റെ വൈകാരിക അവസ്ഥ ക്രമീകരിക്കാന്‍ സഹായിക്കുന്ന ഉത്കണ്ഠാവിരുദ്ധ ഔഷധങ്ങളും ചിലര്‍ക്ക് നിര്‍ദേശിക്കാറുണ്ട്. തീവ്രമായ ഉത്കണ്ഠാപ്രശ്‌നമുള്ളവര്‍ക്ക് മരുന്നുകളാണ് ഫലപ്രദം. തലച്ചോറിലെ രാസവസ്തുവിന്റെ അളവിലെ വ്യതിയാനം നിയന്ത്രിക്കുന്ന മരുന്നുകളാണ് അവ. 

ഇങ്ങനെ ചെയ്തുനോക്കൂ
ഉത്കണ്ഠ ഒരു രോഗമല്ല എന്ന് തിരിച്ചറിയുകയാണ് അത് മറികടക്കാനുള്ള മാര്‍ഗം. മനസ്സിനുണ്ടാകുന്ന ചില മാറ്റങ്ങള്‍ മാത്രമായിരിക്കാം അവ. നിത്യജീവിതത്തില്‍ ചെയ്യാവുന്ന ചില ടെക്‌നിക്കുകളിലൂടെ ഉത്കണ്ഠയെ തടഞ്ഞുനിര്‍ത്താന്‍ കഴിയും.

  • കൃത്യസമയത്ത് ഉറങ്ങുക, ഉണരുക.
  • ഉച്ചയ്ക്കുശേഷം ചായ, കാപ്പി തുടങ്ങിയവ ഒഴിവാക്കാം.
  • ഉറങ്ങുന്നതിന് ഒരുമണിക്കൂര്‍ മുന്‍പെങ്കിലും മൊബൈല്‍ഫോണ്‍ ഉപയോഗം നിര്‍ത്തണം.
  • മൊബൈല്‍ഫോണ്‍ ഉള്‍പ്പടെയുള്ള ദൃശ്യമാധ്യമങ്ങളുടെ ഉപയോഗം ദിവസം രണ്ടുമണിക്കൂറില്‍ കൂടരുത്.
  • ഉറങ്ങുമ്പോഴും ഉണരുമ്പോഴും ദീര്‍ഘശ്വസന വ്യായാമങ്ങള്‍ ശീലിക്കുന്നത് ഗുണംചെയ്യും.
  • കൃത്യസമയത്ത് ഭക്ഷണം കഴിക്കണം.
  • കൃത്യമായ ഇടവേളകളില്‍ ലഘുഭക്ഷണം കഴിച്ചാല്‍ രക്തത്തിലെ ഗ്ലൂക്കോസ്‌നില താഴാതെ നിര്‍ത്താം.
  • സ്ഥിരമായി വ്യായാമം ചെയ്യുക.
  • എല്ലാറ്റിനും ഉപരിയായി സ്വന്തം ജീവിതത്തെ മറ്റുള്ളവരുടേതുമായി താരതമ്യം ചെയ്യാതിരിക്കുക. മറ്റുള്ളവര്‍ എന്തുചിന്തിക്കുമെന്നു കരുതി അനാവശ്യബാധ്യതകള്‍ തലയിലേറ്റാതിരിക്കുക.

കടപ്പാട്

  • ഡോ. അരുണ്‍ ബി . നായര്‍

പ്രൊഫസര്‍ ഓഫ് സൈക്യാട്രി 
മെഡിക്കല്‍ കോളേജ്, 
തിരുവനന്തപുരം