സ്‌ക്രോളിങ് നിങ്ങളുടെ ശരീരത്തെ എങ്ങനെയെല്ലാം ദ്രോഹിക്കുന്നുണ്ടെന്ന് ചിന്തിച്ചുനോക്കിയിട്ടുണ്ടോ? തല താഴേക്ക് വളച്ചുവെച്ച് ഫോണില്‍ നിരന്തരം സ്‌ക്രോള്‍ ചെയ്യുന്നതിന്റെ അനന്തരഫലം പ്രായമെത്തുംമുമ്പേ ചുമലുകള്‍ക്കും കഴുത്തിനും തേയ്മാനം അടക്കമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ വരുത്തുമെന്ന് അധികമാരും കണക്കിലെടുക്കാറില്ല. ശരീരത്തിന്റെ കൃത്യമായ ആകൃതി നഷ്ടപ്പെടാനും നട്ടെല്ലിന്റെ ആരോഗ്യത്തെ മോശമാക്കാനും ഇത് കാരണമാകും.

To advertise here,

ഈയവസ്ഥയ്ക്ക് പരിഹാരം കാണാന്‍ 'അഡല്‍റ്റ് ടമ്മി ടൈം'

പരീക്ഷിക്കാമെന്നാണ് വിദഗ്ധര്‍ നിര്‍ദേശിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ട്രന്‍ഡിങ് ആവുകയും ചെയ്തിരിക്കുന്നു ഈ രീതി. സ്‌ക്രീനുകള്‍ക്കു മുന്നില്‍ കൂനിപ്പോകുന്ന ശരീരത്തെ തിരിച്ചുപിടിക്കാനുള്ള ലളിതമായ ഒരു മാര്‍ഗമാണിത്. കുഞ്ഞുങ്ങള്‍ കമഴ്ന്നുകിടക്കുന്നതുപോലെ മുതിര്‍ന്നവര്‍ക്കും ദിവസവും അല്‍പസമയം അങ്ങനെ ചെയ്യാമെന്നാണ് ഈ രീതിയില്‍ പറയുന്നത്.

പ്രതിദിനം ആളുകള്‍ ശരാശരി 7-10 മണിക്കൂര്‍ സ്‌ക്രീന്‍ നോക്കുന്നുണ്ടെന്നാണ് അനുമാനം. തല സാധാരണയിലും മുന്നോട്ടുവളച്ചുവെക്കുന്നതിനാല്‍ കഴുത്തിന് ശക്തമായ സമ്മര്‍ദ്ദമുണ്ടാകും. 'ടെക് നെക്ക്' ഘടനയെന്നാണ് ഇതിനെ വിളിക്കുന്നത്. ദീര്‍ഘകാലം ഈ ശീലം തുടരുന്നതിലൂടെ നെഞ്ചിന്റെ ഭാഗം ടൈറ്റ് ആകാനും പുറംഭാഗം ദുര്‍ബലമാകാനും ഇടുപ്പില്‍ പ്രശ്‌നങ്ങളുണ്ടാകാനും ഇടയാക്കുന്നു. നേരെ അല്‍പനേരം നില്‍ക്കുന്നതുപോലും ഒരു ഭാരമായിത്തോന്നുമപ്പോള്‍. ശരീരഘടനയെ മെച്ചപ്പെടുത്തിയെടുക്കാന്‍ ഏറ്റവും ലളിതമായ മാര്‍മാണ് 'അഡല്‍റ്റ് ടമ്മി ടൈം'.

എന്താണ് ടമ്മി ടൈം?

ഒരു യോഗ മാറ്റിലോ തറയിലോ മുഖം താഴ്ത്തി കമിഴ്ന്നുകിടന്നുക മാത്രമേ വേണ്ടൂ. നെറ്റി കൈകളിലോ ഒരു ചെറിയ തലയിണയിലോ വെക്കാം. ഏതാനും മിനിറ്റുകള്‍ ഈ കിടപ്പ് തുടരാം. ദീര്‍ഘവും സാവധാനത്തിലുള്ളതുമായ ശ്വാസോച്ഛ്വാസം നടത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക.

പ്രോണ്‍ പൊസിഷന്‍ എന്ന് ഫിസിക്കല്‍ തെറാപ്പിസ്റ്റുകള്‍ വിളിക്കുന്ന ഈ പൊസിഷന്‍ കൂനിപ്പോയ ശരീരത്തെ നേരെ വിപരീതദിശയിലേക്ക് കൊണ്ടുവരുന്നു. നട്ടെല്ലിനും ചുമലുകള്‍ക്കും പുറംഭാഗത്തിനുമടക്കം യഥാര്‍ഥ ഘടനയിലേക്ക് തിരിച്ചെത്താനും സഹായകമാകുന്നു.

ചുരുങ്ങിപ്പോകുന്ന ഭാഗങ്ങള്‍ നിവര്‍ത്താന്‍ സ്വാഭാവികമായി സഹായിക്കുമെന്നര്‍ഥം. ദിവസേന ഇങ്ങനെ ചെയ്യുന്നതിലൂടെ ശരീരഘടന മികച്ചതാക്കി നിലനിര്‍ത്താം.

(ശ്രദ്ധിക്കുക: പൊതുവായ വിവരങ്ങളാണിവ, ആരോഗ്യവിദഗ്ധരുടെ നിര്‍ദേശപ്രകാരം മാത്രം ജീവിതശൈലിയില്‍ മാറ്റംവരുത്താം)