
ഇന്ത്യയുടെ യോഗ ഇന്ന് ആഗോള ബ്രാന്‍ഡാണ്. അന്താരാഷ്ട്രയോഗ ദിനം ആചരിക്കുമ്പോള്‍ ലോകത്തെ വിവിധ രാജ്യങ്ങളിലിരുന്ന് ലക്ഷക്കണക്കിന് ആളുകള്‍ അതില്‍ പങ്കുച്ചേരും. ഐക്യരാഷ്ട്രസഭ അന്താരാഷ്ട്രയോഗ ദിനം 2015 ലാണ് ആചരിച്ചുതുടങ്ങിയത്. ഭാരതീയ പാരമ്പര്യത്തിലെ വിശേഷപ്പെട്ട ഒന്നായ യോഗയ്ക്ക് ലോകമാകെ പ്രചാരം സിദ്ധിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇങ്ങനെയൊരു ദിനാചാരണത്തിനായി ഐക്യരാഷ്ടസഭയില്‍ ആവശ്യം ഉന്നയിക്കുന്നത്. ഇതു പ്രകാരം 2014 ഡിസംബറില്‍ ചേര്‍ന്ന ഐക്യരാഷ്ട്രസഭ യോഗം ദിനാചരണത്തിന് അംഗീകാരം നല്‍കി. ജൂണ്‍ 21 -ന് ആചരിക്കണമെന്നായിരുന്നു ഇന്ത്യയുടെ ആവശ്യം. ഉത്തരായനാന്ത ദിവസമാണ് ജൂണ്‍ 21. ഉത്തരാര്‍ധ ഗോളത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ദിനമാണിത്. അങ്ങനെ 2015-ന് ആദ്യത്തെ അന്താരാഷ്ട യോഗ ദിനം കൊണ്ടാടി.
ലോകമാകെ പങ്കാളിത്തം
Also Read
ഐക്യരാഷ്ട്ര സഭയില്‍ അംഗത്വമുള്ളതില്‍ 192 രാജ്യങ്ങള്‍ പ്രഥമ യോഗ ദിനാചരണത്തില്‍ പങ്കെടുത്തു. ലോകമാകെ 251 നഗരങ്ങളില്‍ അന്ന് കൂട്ടമായ യോഗാഭ്യാസം നടന്നു. ന്യൂയോര്‍ക്കില്‍ നടന്ന പരിപാടി അന്നത്തെ യു എന്‍ സ്വെകട്ടറി ജനറല്‍ ബാന്‍ കി മൂണാണ് ഉദ്ഘാടനം ചെയ്തത്. വിദേശകാര്യമ്രന്തി സുഷമാ സ്വരാജ്, ജീവനകല ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കര്‍ തുടങ്ങിയവര്‍ പങ്കുകൊണ്ടു. ലോകത്ത് ഏറ്റവും ഉയരമേറിയ യുദ്ധഭൂമിയായ സിയാച്ചിനില്‍ മൈനസ് നാലു ഡിഗ്രി ഊഷ്മാവില്‍ പ്രത്യേക വസ്തം ധരിച്ച് സൈനികര്‍ യോഗാഭ്യാസം ചെയ്തത് വലിയ വാര്‍ത്തയായി. ഇസായേലിലെ ടെല്‍ അവിവില്‍ നടന്ന ദിനാചരണത്തിന് ഇരുപതിനായിരത്തോളം പേര്‍ സംബന്ധിച്ചു. ഫ്രാന്‍സില്‍ ഈഫല്‍ ടവറിനു താഴെ നടന്ന യോഗാഭ്യാസ പരിപാടിയില്‍ 1500 പേരാണ് പങ്കെടുത്തത്. അമേരിക്ക, ബ്രിട്ടന്‍, ഓസ്ട്രേലിയ, പോളണ്ട്, ചൈന, തായ്‌ലണ്ട് തുടങ്ങിയ രാജ്യങ്ങളിലും യോഗദിനം ആചരിച്ചു.
ഇന്ത്യയില്‍, പ്രധാനമ്രന്തി നര്രേന്ദ മോദിയുടെ നേതൃത്വത്തില്‍ ഡല്‍ഹിയിലെ രാജ്പഥില്‍ മുപ്പത്താറായിരത്തോളം പേര്‍ പങ്കെടുത്ത സമൂഹ യോഗാഭ്യാസം നടന്നു. 84 രാജ്യങ്ങളിലുള്ളവര്‍ ഇതില്‍ പങ്കുകൊണ്ടു. ഒരൊറ്റ വേദിയില്‍ ഏറ്റവുമധികം പേര്‍ ഒന്നിച്ച് യോഗ ചെയ്ത് രാജ്പഥിലെ യോഗ ഗിന്നസ് റെക്കോര്‍ഡും കുറിച്ചു. ന്യൂയോര്‍ക്കിലെ യു എന്‍ ആസ്ഥാനത്തുനിന്ന് ഗിന്നസ് വൈസ് പ്രസിഡന്റ് മാര്‍ക്ക് ഫഫാഗിറ്റി അന്നു തന്നെ ഈ വിവരം പ്രഖ്യാപിക്കുകയും ചെയ്തു. യോഗയുടെ ദേശീയ ബ്രാന്‍ഡ് അംബാസഡറായ നടി ശില്‍പ്പ ഷെട്ടി ബാംഗ്ലൂരിലാണ് യോഗാദിനാചരണത്തില്‍ പങ്കെടുത്തത്.

എന്താണ് യോഗ..?
ആരോഗ്യമുള്ള മനുഷ്യനായിരിക്കുക എന്ന് നമ്മള്‍ പറയാറുണ്ട്. അതിന് ആരോഗ്യമുള്ള ശരീരം മാത്രം പോരാ, ആരോഗ്യമുള്ള മനസ്സും കൂടി വേണം. അച്ചടക്കമുള്ള മനസ്സാണ് ഇവിടെ ആരോഗ്യം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. സന്ദര്‍ഭം നോക്കാതെ, ഔചിത്യം നോക്കാതെ പലതും ആഗ്രഹിക്കുന്നതാണ് മനസ്സിന്റെ സ്വഭാവം. അതിനെ നിയന്ത്രിക്കണം. അങ്ങനെ ഇന്ദ്രിയങ്ങളെ അടക്കി നിര്‍ത്തിക്കാന്‍ കഴിയണം നമുക്ക്. ആരോഗ്യമുള്ള ശരീരവും അതിനുള്ളില്‍ ആരോഗ്യമുള്ള ഒരു മനസ്സും ഉണ്ടാക്കാന്‍ ശീലിക്കുന്ന മാര്‍ഗമാണ് ഭാരതത്തില്‍ പണ്ടു മുതലേ പ്രചാരത്തിലുള്ള യോഗ. യജുന്തിതി യോഗ എന്നതില്‍ നിന്നാണ് യോഗ ഉണ്ടായത്. ഞാന്‍, എന്റേത്. എനിക്ക് എന്നിങ്ങനെയുള്ള ഇടുങ്ങിയ വിചാരങ്ങള്‍ മാറ്റി എല്ലാറ്റിനേയും സ്‌നേഹിക്കാനും തന്നെപ്പോലെ മറ്റുള്ളവരേയും കാണാനുമുള്ള വലിയ മനസ്സ് ഉണ്ടാവുക എന്നതാണ് ഇതില്‍ നിന്നും ഉദ്ദേശിക്കുന്നത്.
ഷഡ് ദര്‍ശനങ്ങള്‍
ഭാരതീയ തത്വചിന്തയില്‍ ആറ് ദര്‍ശനങ്ങളെ കുറിച്ച് പറയുന്നുണ്ട്. ആറെണ്ണമായതിനാല്‍ ഇവ ഷഡ് ദര്‍ശനങ്ങളായി അറിയപ്പെടുന്നു. ന്യായം, വൈശേഷികം, സാംഖ്യം, യോഗം, മീമാംസ, വേദാന്തം എന്നിവയാണ് ഷഡ് ദര്‍ശനങ്ങള്‍. അറിവ് നേടുന്നതിലൂടെ മോക്ഷം പ്രാപിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ നിര്‍ദേശിക്കുന്നതാണ് ന്യായ ദര്‍ശനം. അക്ഷപാദ ഗൌതമ മഹര്‍ഷി അഥവാ അക്ഷപാദര്‍ ആണ് ന്യായദര്‍ശനത്തിന്റെ സഥാപകന്‍. ഭാതികവസ്തുക്കള്‍ അവാസ്തവവും ആത്മാവ് പരിശുദ്ധവുമാണെന്ന് വിവരിച്ചുതരുന്നതാണ് വൈശേഷിക ദര്‍ശനം. കണാദന്‍ ആണ് വേശേഷിക ദര്‍ശനത്തിന്റെ സ്ഥാപകന്‍. ഭാരതത്തിലെ ഏറ്റവും പ്രാചീനതത്വചിന്തയായി കണക്കാക്കപ്പെടുന്നതാണ് സാംഖ്യദര്‍ശനം. ദൈവത്തേക്കാള്‍ കൂടുതല്‍ പ്രകൃതിയെ ആശ്രയിക്കുന്നതാണ് ലോകത്തിന്റെ അസ്ഥിത്വമെന്ന് പറയുന്ന സാംഖ്യദര്‍ശനത്തിന്റെ സ്ഥാപകന്‍ കപിലമഹര്‍ഷിയാണ്. ശരീരത്തിന്റെയും മനസ്സിന്റെയും നിയ്രന്തണത്തിലൂടെ മോക്ഷപ്രാപ്തി നേടുന്നതിനെ കുറിച്ച് വിസ്തരിക്കുന്നതാണ് യോഗദര്‍ശനം. പതഞ്ജലിയാണ് യോഗദര്‍ശനത്തിന്റെ സ്ഥാപകന്‍. കര്‍മ്മങ്ങള്‍ക്ക് പ്രാധ്യാന്യം നല്‍കുന്ന മീമാംസദര്‍ശത്തിന്റെ ഉപജ്ഞാതാവ് ജൈമിനി മഹര്‍ഷിയാണ്. മീമാംസ ദര്‍ശനം കര്‍മ്മ കാണ്ഡം എന്നും അറിയപ്പെടുന്നുണ്ട്. ഷഡ്ദര്‍ശനങ്ങളില്‍ ഏറ്റവും പ്രാധാന്യമേറിയതാണ് വേദാന്ത ദര്‍ശനം ബ്രഹ്മമൊഴിച്ച് മറ്റെല്ലാം മിഥ്യയാണെന്ന് ഇത് സമര്‍ഥിക്കുന്നു.
യോഗദര്‍ശനം
യോഗദര്‍ശനത്തിന്റെ സ്ഥാപകനായ പതഞ്ജലി രചിച്ചതാണ് യോഗസൂത്രം. ശരീരത്തിന്റെയും മനസ്സിന്റെയും നിയന്ത്രണത്തിനുള്ള മാര്‍ഗങ്ങള്‍ പതഞ്ജലി വിശദീകരിക്കുന്നുണ്ട്. ശാരീരിക ആരോഗ്യത്തിനായി ആസനമുറകളും പ്രാണായാമവും മനസ്സിന്റെ ഏകാഗ്രതയ്ക്കായി ധ്യാനവും ഇതില്‍ നിര്‍ദേശിക്കുന്നു. അഷ്ടാംഗയോഗം എന്നുമിത് അറിയപ്പെടുന്നു. പതഞ്ജലി രൂപം നല്‍കിയ 195 യോഗസൂത്രങ്ങളാണ് പില്‍ക്കാലത്ത് പതഞ്ജലിയോഗമെന്ന പേരില്‍ പ്രസിദ്ധമായത്. എന്നാല്‍ യോഗദര്‍ശനങ്ങള്‍ വേദകാലത്തിനു മുമ്പു തന്നെ ഭാരതത്തില്‍ ആദിമനിവാസികളില്‍ ഉണ്ടായിരുന്നുവെന്ന് കരുതുന്ന പണ്ഡിതരുമുണ്ട്. ശരീരത്തിനും മനസ്സിനും പ്രത്യേകമായി ചെയ്യേണ്ട ചില അഭ്യാസമുറകളായിരുന്നു ഇവയെന്നും ഇതിനെ ക്രമത്തിലാക്കി, സിദ്ധാന്തവല്‍ക്കരിക്കുകയാണ് പതഞ്ജലി ചെയ്തതെന്നാണ് ഈ പണ്ഡിതരുടെ കാഴ്ചപ്പാട്. അതെന്തായാലും യോഗദര്‍ശനത്തെ നാം അറിയുന്നത് പതഞ്ജലിയുടെ പേരിലാണ്.
ആരായിരുന്നു പതഞ്ജലി?
പതഞജ്‌ലി ഭാരതത്തില്‍ ജീവിച്ചിരുന്ന മഹര്‍ഷിമാരില്‍ ഒരാളായിരുന്നു. ക്രിസ്തുവര്‍ഷത്തിനും മുമ്പ് രണ്ടാം നൂറ്റാണ്ടില്‍ ഭാരതത്തില്‍ ജീവിച്ചിരുന്നുവെന്ന് കരുതപ്പെടുന്നു. പതഞ്ജലിയുടെ ജീവിതകാലത്തെ കുറിച്ച് പണ്ഡിതര്‍ക്കിടയില്‍ പല അഭിപ്രായങ്ങളുണ്ട്. ഭാഷാപണ്ഠിതനായ ഒരു പതഞ്ജലിയുണ്ടായിരുന്നു അദ്ദേഹം തന്നെയാണിതെന്നും അല്ലെന്നും കരുതുന്നവരുണ്ട്. ഏതായാലും പതഞ്ജലി എന്നു പേരായ മഹര്‍ഷിയാണ് യോഗ സൂത്രങ്ങള്‍ രചിച്ചതെന്നേ പറയാനാവൂ.
യോഗയിലെ അഷ്ടാംഗങ്ങള്‍
യോഗയുടെ തുടക്കത്തില്‍ തന്നെ അഷ്ടപാദത്തെ കുറിച്ച് പറയുന്നുണ്ട്. അഷ്ടം എന്നുവെച്ചാല്‍ എട്ട് എന്ന അക്കമാണ്. അതായത് യോഗയില്‍ എട്ട് കാര്യങ്ങള്‍ അനുഷ്ഠിക്കേണ്ടതായി പറയുന്നു. അതിനാലാണ് യോഗയെ അഷ്ടാംഗയോഗമെന്നും പറയുന്നത്. യമം, നിയമം, ആസനം, പ്രാണായാമം, പ്രത്യാഹാരം, ധാരണം, ധ്യാനം, സമാധി എന്നിവയാണ് ആ എട്ടെണ്ണം. അവ എന്തെല്ലാമെന്ന് നോക്കാം
യമം
അന്യര്‍ക്ക് ഉപകരിക്കുമാറ് ജീവിക്കുന്നതിന് മനസ്സിനെ പരിശീലിപ്പിക്കണം. അഹിംസ, സത്യസന്ധത, കളവു പറയാതിരിക്കുക, വാക്കിലും പ്രവര്‍ത്തിയിലുമുള്ള ആത്മാര്‍ഥത തുടങ്ങിയ സദ്ഗുണങ്ങള്‍ക്ക് പ്രചോദനമാവുന്ന പരിശീലനമാണ് യമം.
നിയമം
ശരീരത്തിന് പാടുള്ളതും പാടില്ലാത്തതുമായ ചില സംഗതികളുണ്ട് അവയാണ് നിയമം. ശരീരം വൃത്തിയാക്കുക, ആവശ്യത്തിന് വിശ്രമം, ഉറക്കം തുടങ്ങിയവ പാലിക്കേണ്ടതും മദ്യപാനം, പുകവലി, മയക്കുമരുന്ന്, അമിത ഓഷധപ്രയോഗം എന്നിവ ഒഴിവാക്കപ്പെടേവയുമെന്ന് നിയമം പറയുന്നു.
ആസനങ്ങള്‍
ശരീരത്തെയും മനസ്സിനെയും ആരോഗൃമുള്ളതാക്കാനായി ശ്രമിക്കുമ്പോള്‍ അതിന് ശരീരം പാകപ്പെടണം. അതിനുള്ളതാണ് ആസനങ്ങള്‍. എല്ലാ അവയവങ്ങളെയും ഒരുക്കി വഴക്കിയെടുക്കുന്നതിനുള്ള മുറകളാണ് ആസനങ്ങള്‍.
പ്രാണായാമം
നല്ല ആരോഗ്യമുണ്ടാവാന്‍ ശരീരകലകള്‍ ശുദ്ധമാക്കിവെക്കേണ്ടതുണ്ട്. കൂടുതല്‍ ശുദ്ധവായു ശരീരകലകളിലേക്ക് എത്തിക്കാനും തിരിച്ച് ശരീരത്തിനകത്തു നിന്ന് അശുദ്ധവായുവിനെ പുറത്തുകളയുവാനും കഴിയണം. അതിനു വേണ്ടി ചെയ്യുന്നതാണ് പ്രാണായാമം.
പ്രത്യാഹാരം
നല്ല കാര്യങ്ങളൊന്നും ചെയ്യാന്‍ തോന്നിക്കാതെ ചീത്ത കാര്യങ്ങളിലേക്ക് മാത്രം മനസ്സ് പോകാറുണ്ട്. ഇന്ദ്രിയങ്ങളെ അടക്കാന്‍ കഴിയാത്തവര്‍ക്കാണ് ഇങ്ങനെ സംഭവിക്കാറ്. ഇന്ദ്രിയങ്ങളെ അടക്കിവെക്കണം. എന്നാലേ മനസ്സ് വേണ്ടാത്ത കാര്യങ്ങളിലേക്ക് പോകാതിരിക്കൂ. അതിന് സുഖഭോഗവസ്തുക്കളോട താല്‍പ്പര്യം നിയന്ത്രിക്കണം. ലളിതജീവിതം ശീലിക്കണം. അതിനുള്ള പരിശീലനമാണ് പ്രത്യാഹാരത്തില്‍ വിവരിക്കുന്നത്.
ധാരണം
ഇന്ദ്രിയങ്ങളെ നിയന്ത്രിച്ചു കഴിഞ്ഞാല്‍ അപ്പോള്‍ മനസ്സ് മനസ്സില്‍ തന്നെ ക്രേന്ദീകരിക്കുകയും ഇന്ദ്രിയങ്ങളില്‍ ആര്‍ജിച്ച ജ്ഞാനത്തെ ബുദ്ധിക്ക് ഉപയോഗപ്പെടുത്താന്‍ കഴിയുകയും ചെയ്യുന്നു. ഈ സമയം മനസ്സ് ജാഗ്രതയോടെ ഉണര്‍ന്നിരിക്കുന്നു. ഈ ജാഗ്രതാഭാവത്തെയാണ് ധാരണ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.
ധ്യാനം
മനസ്സിനെ ഏകാഗ്രതയോടെ നിര്‍ത്തി ആത്മീയ ചിന്തയില്‍ മുഴുകുന്നതിനെ ധ്യാനം (മെഡിറ്റേഷന്‍) എന്നു പറയാം.
സമാധി
ധ്യാനത്തിലിരിക്കവെ മനസ്സ് ഒരു വസ്തുവില്‍ മാത്രമാണ് ക്രേന്ദീകരിക്കുക. ആ വസ്തുവിനും ധ്യാനിക്കുന്നയാള്‍ക്കും ഇടയിലുള്ള അതിരുകളെല്ലാം ഇല്ലാതാവുകയും ഒടുവില്‍ ആ വസ്തുവില്‍ അയാള്‍ വിലയം പ്രാപിക്കുകയും ചെയ്യും.
ഹഠയോഗം
ജ്ഞാനയോഗം, കര്‍മയോഗം, ഭക്തിയോഗം, രാജയോഗം, ഹഠയോഗം എന്നിങ്ങനെ യോഗം അനുഷ്ഠിക്കാന്‍ അഞ്ചു മാര്‍ഗങ്ങള്‍ ഉണ്ട്. ശരീരത്തെയും മന്‍സിനെയും ഒരുപോലെ ശുദ്ധീകരിക്കുകയും ബലിഷ്ടമാക്കുകയും ചെയ്യുന്നതാണ് ഹഠയോഗം. അതുകൊണ്ട് ആദ്യം അനുഷ്ഠിക്കേണ്ടതെന്ന് പറയാറുണ്ട്. മറ്റു യോഗമാര്‍ഗങ്ങള്‍ പരിശീലിക്കാനുള്ള ക്ഷമതയും ഇതിലൂടെ ലഭിക്കും. മനസ്സിനെയും ശരീരത്തെയും നിയന്ത്രിക്കല്‍, ആസനമുറകള്‍ എന്നിവ ചേര്‍ന്നതാണ് ഹഠയോഗം. 'ഹ' എന്നാല്‍ സൂര്യനെന്നും ''ഠ' എന്നാല്‍ ചന്ദ്രനെന്നുമാണ് സംസ്‌കൃതത്തില്‍ അര്‍ഥം. മനോനിയന്ത്രണം, ശ്വാസ നിയ്യന്തണം, ആസനമുറകള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് ഹഠയോഗം.
പ്രാണായാമം
മനഷ്യന് ജീവന്‍ നിലനിര്‍ത്താന്‍ ശ്വാസം വേണം. ശ്വാസത്തിലൂടെ വായു അകത്തു ചെന്നില്ലെങ്കില്‍ ശരീരം പ്രവര്‍ത്തിക്കാതാവും. ശ്വസന പ്രകിയയില്‍ പല വിധ കുഴപ്പങ്ങളും കടന്നുകൂടാം. ശുദ്ധവായുവിനു പകരം അശുദ്ധവായു വലിച്ചെടുക്കുന്നതും ശരീരത്തില്‍ നിന്ന് അശുദ്ധവായു പുറന്തള്ളാനും കഴിയാതിരിക്കുകയും ചെയ്യുന്നതുള്‍പ്പെടെ ശ്വാസോച്ഛ്വാസത്തില്‍ പലവിധ പ്രശ്‌നങ്ങള്‍ സംഭവിക്കാറുണ്ട്. ഇതുവഴി ശാരീരികവും ബുദ്ധിപരവുമായ പ്രവര്‍ത്തങ്ങളുടെയെല്ലാം ശക്തി കൂറയും. ശരിയായ രീതിയിലുള്ള ശ്വസനത്തിലേക്ക് മനുഷ്യനെ തിരിച്ചെത്തിക്കുന്നതാണ് പ്രാണായാമം. ശുദ്ധവായു കിട്ടുന്ന സ്ഥലമാണെങ്കില്‍ ഏതു സമയത്തും പ്രാണായാമം ചെയ്യാം. പക്ഷെ, അന്തരീക്ഷത്തില്‍ പൊടിപടലങ്ങള്‍ കുറഞ്ഞ സമയം പ്രഭാതമായതിനാല്‍ പ്രാണായാമം ചെയ്യാനുള്ള നല്ല സമയവും പ്രഭാതം തന്നെ. ഒഴിഞ്ഞ വയറുമായി മാത്രമേ പ്രാണായാമം ചെയ്യാവു. എന്നാലേ ഉദ്ദേശിച്ച ഫലമുണ്ടാവൂ. അധമം, മധ്യമം, ആദ്യം എന്നിങ്ങനെ ശ്വസനരിതികള്‍ മുന്നെണ്ണമുണ്ട്. ഇവ മുന്നും സംയോജിപ്പിച്ച് ചെയ്യുന്നതിനെ സംപൂര്‍ണ പ്രാണായാമം എന്നാണ് പറയുക.
യോഗാസനങ്ങള്‍
പത്മാസനം, വജ്രാസനം, പശ്ചമതനാസനം, സുഖാസനം, മല്‍സ്യാസനം, ശീര്‍ഷാസനം, സുഖാസനം, സുപ്തവ്രജാസനം, സേതുബന്ധാസനം, ത്രികോണാസനം തുടങ്ങി ആസനങ്ങള്‍ പലതുമുണ്ട്. ഓരോന്നിനും പല വിധ മെച്ചങ്ങളുണ്ട്. ആസനങ്ങളുടെ രാജാവായി അറിയപ്പെടുന്നത് ശീര്‍ഷാസനമാണ്.
തലകുത്തി നില്‍ക്കല്‍ ശാസ്ത്രീയമായി, ശരീരത്തിന് ഉപകാരപ്പെടും വിധത്തില്‍ ചെയ്യുന്നതാണ് ശീര്‍ഷാസനമെന്ന് വേണമെങ്കില്‍ പറയാം. ശിരസ്സിലേക്ക് കൂടുതല്‍ രക്തവും ഓക്‌സിജനും പ്രവഹിക്കാനും ദുഷിച്ച രക്തത്തെയും വാതകങ്ങളെയും പുറന്തള്ളാനും ശീര്‍ഷാസനം സഹായിക്കും. വളരെ സൂക്ഷിച്ച് മാത്രം ചെയ്യേണ്ട ഒന്നാണ് ശീര്‍ഷാസനം. ഇല്ലെങ്കില്‍ പണി പാളും.
സൂര്യനമസ്‌കാരം
ആസനങ്ങളും പ്രാണായാമവുമൊക്കെ ശീലിക്കാനും ശരീരത്തെ അയവുള്ളതാക്കി നിലനിര്‍ത്താനും സഹായിക്കുന്നതാണ് സൂര്യനമസ്‌കാരം. സൂര്യനമസ്‌കാരം രണ്ടു തരത്തിലുണ്ട്. 10 മുറകളുള്ളതും 12 മുറകളുള്ളതും. ഓരോ മുറയും തുടങ്ങുന്നത് ഓംകാരവും ബീജമ്രന്തവും ഉരുവിട്ടുകൊണ്ടാണ്. സൂര്യന്റെ പര്യായങ്ങളായി ഉപയോഗിക്കുന്ന (സൂര്യനാമങ്ങള്‍) വയാണ് ഉച്ചരിക്കുക. ഇങ്ങനെ 12 സൂര്യനാമങ്ങള്‍ ഉരുവിടുന്നത് ശ്വാസവും ഉച്ഛ്വാസവുമൊക്കെ ക്രമമായി നിയ്യന്ത്രിച്ചുകൊണ്ടാണ്. അത് തലച്ചോറിലെ വിവിധ ഭാഗങ്ങളെ ഉത്തേജിപ്പിക്കുന്നു.
ഗുണങ്ങള്‍ പലത്
- എക്‌സര്‍സൈസും ജിമ്മുമൊക്കെ ശരീരത്തിന് ഗുണകരമാണെങ്കില്‍ യോഗ ആരോഗ്യമുള്ള മനസ്സിനെ കൂടി സൃഷ്ടിക്കുന്നതാണ്.
- സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാനും അതുവഴി മാനസിക പിരിമുറുക്കം ഇല്ലാതാക്കാനുമുള്ള നല്ല ട്രെയിനിംഗാണ് യോഗ.
- രോഗങ്ങളെ പ്രതിരോധിക്കുന്നതിനുള്ള ആന്തരികശക്തിയെ ഉണര്‍ത്തുകയും ഉത്തേജിപ്പിക്കുകയും ചെയ്യുന്നു
- ദുശ്ശീലങ്ങളില്‍ മുക്തിനേടാനാവും
- മരുന്നുകളെ ആശ്രയിക്കുന്നത് കുറയ്ക്കാന്‍ സഹായിക്കും
- മാനസികസംഘര്‍ഷങ്ങള്‍ കുറയ്ക്കാന്‍ പര്യാപ്തമായ സമചിത്തത കൈവരും
- ബുദ്ധിവികാസത്തിന് നല്ലതാണ്
- ശരീരത്തിലെ രക്തചംക്രമണം ശരിയായ വിധത്തിലാക്കും.
- ശ്വാസത്തെയും ഉച്ഛ്വാസത്തെയും ക്രമപ്പെടുത്തുന്നു.
- ശരീരത്തിന് ദോഷകരമായ ഭക്ഷണശീലങ്ങള്‍ മാറ്റാനും യോഗ സഹായിക്കും
- അലട്ടിക്കൊണ്ടിരിക്കുന്ന പലവിധത്തിലുള്ള ശാരീരിക ബുദ്ധിമുട്ടുകളെയും തരണം ചെയ്യാന്‍ യോഗാഭ്യാസനം കൊണ്ട് സാധിക്കും.
Content Highlights: Story behind Yoga Day celebration
Published: 21 Jun 2023, 09:00 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented