കുറച്ചുമാസങ്ങൾക്കുമുമ്പാണ് തന്റെ അസുഖത്തെക്കുറിച്ച് നടി പ്രിയ മോഹൻ തുറന്നുപറഞ്ഞത്. യൂട്യൂബിൽ സജീവമായ പ്രിയയും ഭർത്താവ് നിഹാൽ പിള്ളയും തങ്ങളുടെ ചാനലിലൂടെയാണ് പ്രിയയുടെ അസുഖത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലുകൾ നടത്തിയത്. ഫൈബ്രോമയാൾജിയ എന്ന അസുഖവുമായുള്ള പോരാട്ടത്തിലാണ് താനെന്നാണ് അന്നവർ പറഞ്ഞത്. ദേഹംമുഴുവനുള്ള വേദന, ക്ഷീണം, അസ്വസ്ഥത എന്നിവയായിരുന്നു ആദ്യമുണ്ടായിരുന്ന പ്രശ്‌നങ്ങൾ. ആദ്യമൊക്കെ ശരീരവേദന വെറും ക്ഷീണമായും മടിയായും തള്ളിക്കളയുകയായിരുന്നു. സ്‌ട്രെസ് പ്രിയയയുടെ അസുഖലക്ഷണങ്ങളെ കൂടുതൽ വഷളാക്കിയെന്നും നിഹാൽ അന്ന് പറഞ്ഞിരുന്നു. കവിളിലും കണ്ണുകൾക്ക് ചുറ്റും നീരുണ്ടായിട്ടും, തങ്ങളാദ്യം ഡോക്ടറെ കാണിച്ചിരുന്നില്ലെന്നും ലക്ഷണങ്ങൾ കൂടിയപ്പോഴാണ് ഡോക്ടറെ കണ്ടതെന്നും അന്ന് അദ്ദേഹം പറഞ്ഞു.

To advertise here,

''കുഞ്ഞിന് ഭക്ഷണം കൊടുക്കാൻ പറ്റുന്നില്ല, അവനെ എടുക്കാനും കഴിയുന്നില്ല. പ്ലേറ്റോ ഗ്ലാസോ എടുക്കാനും രാവിലെ കിടക്കയിൽനിന്ന് എണീക്കാനുമൊക്കെ മറ്റൊരാളുടെ സഹായം വേണ്ടിവരുന്നു. അത്ര വേദനയാണ്'', പ്രിയങ്കയും പറഞ്ഞു.

ഇപ്പോഴിതാ തന്നെ ബോഡി ഷെയ്മിങ് നടത്തുന്നവരെ വിമർശിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് പ്രിയ. രോഗാവസ്ഥ തന്റെ ശരീരത്തിൽ വരുത്തിയ മാറ്റങ്ങളെക്കുറിച്ചും അവർ സംസാരിക്കുന്നു, ''എനിക്കെന്താണ് പറ്റിയതെന്ന് നിരന്തരം ചോദിക്കുന്നവർക്കും, മറ്റുള്ളവരുടെ ജീവിതത്തെക്കുറിച്ച് അഭിപ്രായം പറയാൻ വളരെയധികം സമയം കണ്ടെത്തുന്നവർക്കും വേണ്ടിയാണിത്. അതെ, എനിക്ക് അല്പം തടി കൂടിയിട്ടുണ്ട്. എന്റെ മുഖവും കണ്ണുകളും വീർത്തിരിക്കുന്നു. ഞാൻ മിക്കവാറും സമയത്തും ക്ഷീണിതയായി കാണപ്പെടുന്നു. ചികിത്സയ്ക്കായി ഞാൻ കഴിക്കുന്ന സ്റ്റിറോയിഡ് മരുന്നുകളുടെ പാർശ്വഫലങ്ങളാണവ. നിലവിൽ എന്റെ ബാഹ്യരൂപത്തേക്കാൾ ആരോഗ്യത്തിനാണ് ഞാൻ പ്രാധാന്യം കൊടുക്കുന്നത്. ആ തീരുമാനത്തിൽ ഞാൻ അഭിമാനിക്കുകയും ചെയ്യുന്നു. സൗന്ദര്യം കാത്തിരിക്കും, രോഗശാന്തിക്ക് കഴിയില്ല. മറ്റൊരാളുടെ ജീവിതയാത്രയെ വിധിക്കുന്നതിനേക്കാൾ ഒരുപാട് കാര്യങ്ങൾ ജീവിതത്തിലുണ്ട്. ജീവിക്കൂ, ജീവിക്കാൻ അനുവദിക്കൂ'', പ്രിയയുടെ കുറിപ്പിൽ പറയുന്നു.

പേശികൾക്കും സന്ധികൾക്കും അസഹ്യമായ വേദന നൽകുന്ന രോഗാവസ്ഥയാണ് ഫൈബ്രോമയാൾജിയ. ഒരാളുടെ ചലനശേഷിയെ വല്ലാതെ ബാധിക്കുന്ന രോഗമാണിത്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi