
ബാല്യത്തില്‍ നിന്ന് കൗമാരത്തിലേക്കുള്ള മാറ്റത്തിന്റെ തുടക്കമെന്നോ സ്ത്രീത്വത്തിലേക്കുള്ള ഒരു പെണ്‍കുഞ്ഞിന്റെ യാത്രയിലെ സുപ്രധാന വഴിത്തിരിവെന്നോ ഒക്കെ വിശേഷിപ്പിക്കാന്‍ സാധിക്കുന്ന അവസ്ഥയാണ് ആര്‍ത്തവത്തിന്റെ ആരംഭം. പെണ്‍കുട്ടികളുടെ ശാരീരികവും മാനസികവുമായ പരിവര്‍ത്തനത്തിലെ നാഴികക്കല്ല് കൂടിയാണിത്. അവളുടെ പില്‍ക്കാല ജീവിതത്തെ തന്നെ സ്വാധീനിക്കുന്ന നിര്‍ണ്ണായക ഘട്ടം. അതുകൊണ്ടുതന്നെ ഈ സാഹചര്യത്തെ അഭിമുഖീകരിക്കുമ്പോള്‍ അച്ഛനമ്മമാരുടെ പ്രത്യേക ശ്രദ്ധ ആവശ്യമാണ്.
വൈകാരികമായ പിന്തുണ:
ഒരു പെണ്‍കുട്ടി അനവധിയായ ആശങ്കകളിലൂടെ കടന്നുപോകുന്ന സമയമാണിത്. ഈ സന്ദര്‍ഭത്തില്‍ അവള്‍ക്ക് സംശയങ്ങള്‍ ചോദിക്കാനും ആശയക്കുഴപ്പങ്ങള്‍ തുറന്ന് പറയാനുമെല്ലാം സാധിക്കുന്ന ഒരു സുരക്ഷിത ഇടം ആവശ്യമാണ്. സ്വാഭാവികമായും ഈ സുരക്ഷിത ഇടമായി മാറാന്‍ അമ്മയ്ക്കാണ് ഏറ്റവും എളുപ്പത്തില്‍ സാധിക്കുക. ആര്‍ത്തവം ജീവിതത്തിന്റെ സാധാരണവും സ്വാഭാവികവും അനിവാര്യവുമായ ഭാഗമാണെന്ന് ആര്‍ത്തവ ആരംഭത്തിന് മുന്‍പ് തന്നെ പെണ്‍കുട്ടികളെ ബോധ്യപ്പെടുത്താന്‍ അമ്മമാര്‍ക്ക് സാധിക്കണം. ഏത് തരം ആശങ്കകളെകുറിച്ചും തുറന്ന് ചോദിക്കാന്‍ സാധിക്കുന്ന തരത്തിലുള്ള വൈകാരികമായ പിന്തുണ അമ്മമാര്‍ നല്‍കേണ്ടതുണ്ട്. ഇത്തരത്തില്‍ തുറന്ന് ചോദിക്കാന്‍ മടികാണിക്കുന്ന കുട്ടികളാണെങ്കില്‍ അമ്മമാര്‍ നേരിട്ട് ഇടപെട്ട് സംശയദൂരീകരണം നടത്തുകയും ചെയ്യണം.
ആര്‍ത്തവകാല ശുചിത്വം:
ആര്‍ത്തവകാലത്തെ ശുചിത്വം നിര്‍ബന്ധമായ കാര്യമാണ്. പാഡുകള്‍ ഉള്‍പ്പെടെയുള്ള സാനിറ്ററി ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കേണ്ട വിധം പറഞ്ഞ് കൊടുക്കുക, അവ പതിവായി മാറ്റേണ്ടതിന്റെ പ്രാധാന്യത്തെ മനസ്സിലാക്കിക്കുക, വിവിധ തരത്തിലുള്ള ആര്‍ത്തവ ഉല്‍പ്പന്നങ്ങളില്‍ ഏതാണ് മകള്‍ക്ക് ഏറ്റവും അനുയോജ്യമായത് എന്ന് മനസ്സിലാക്കുക തുടങ്ങിയ കാര്യങ്ങളിലെല്ലാം അമ്മമാരുടെ പ്രത്യേക ഇടപെടല്‍ ഉണ്ടാവണം. സ്‌കൂളുകളില്‍ ഇത്തരം ആര്‍ത്തവ ഉല്‍പ്പന്നങ്ങള്‍ മാറ്റാനുള്ള സൗകര്യവും അവ നിക്ഷേപിക്കാനുള്ള സൗകര്യവും ഉണ്ടോ എന്ന് അമ്മമാര്‍ അന്വേഷിച്ച് മനസ്സിലാക്കുകയും അത് കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കുകയും വേണം.
ആര്‍ത്തവചക്രം തിരിച്ചറിയല്‍:
കുട്ടികളുടെ ആര്‍ത്തവചക്രം കൃത്യമായി നിരീക്ഷിക്കണം. ഇത് ആര്‍ത്തവ സമയത്തെ മുന്‍കൂട്ടി കാണാനും ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാനും സഹായിക്കും. ഏതെങ്കിലും തരത്തില്‍ ആര്‍ത്തവം ക്രമരഹിതമായി കാണപ്പെടുകയാണെങ്കിലും അമ്മമാര്‍ പ്രത്യേകം ശ്രദ്ധിക്കണം. മെഡിക്കല്‍ പരിചരണം ആവശ്യമായി വരുന്ന ഘട്ടമാണെങ്കില്‍ ഗൈനക്കോളജിസ്റ്റിനെ സന്ദര്‍ശിക്കാന്‍ മുന്‍കൈയെടുക്കണം. ആര്‍ത്തവചക്രം കണക്കാക്കുന്ന വിധം കുട്ടികള്‍ക്ക് മനസ്സിലാക്കിക്കൊടുക്കുകയും വേണം.
അസ്വസ്ഥതകളെ തിരിച്ചറിയുക:
ആര്‍ത്തവ സമയത്ത് ചിലരില്‍ ശക്തമായ വേദന, മലബന്ധം, വയര്‍ സ്തംഭനം, ക്ഷീണം തുടങ്ങിയ ശാരീരികമായ അസ്വസ്ഥതകള്‍ കാണപ്പെടാം. ഈ ലക്ഷണങ്ങളെ ലഘൂകരിക്കാനുള്ള വഴികള്‍ കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കുകയും ആവശ്യമായ സജ്ജീകരണങ്ങള്‍ വീട്ടില്‍ ഒരുക്കുകയും ചെയ്യണം. ഹീറ്റിങ് പാഡ് കരുതുക, ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരമുള്ള വേദനകുറയ്ക്കാനുള്ള മരുന്നുകള്‍ സൂക്ഷിക്കുക, ലഘുവായ വ്യായാമങ്ങള്‍ പരിശീലിക്കുക തുടങ്ങിയവയെല്ലാം ഇതിന്റെ ഭാഗമാണ്. ഇത്തരം ലക്ഷണങ്ങള്‍ ശക്തമാണെങ്കില്‍ നിര്‍ബന്ധമായും ഡോക്ടറെ കാണണം.
ആരോഗ്യകരമായ ഭക്ഷണക്രമവും ജീവിതശൈലിയും പ്രോത്സാഹിപ്പിക്കുക:
അയണ്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ തുടങ്ങിയവ അടങ്ങിയ സമീകൃതാഹാരം ശീലമാക്കുന്നത് ആര്‍ത്തവക്രമം ശരിയാക്കാനും ആര്‍ത്തവാനുബന്ധ സങ്കീര്‍ണ്ണതകള്‍ കുറയ്ക്കാനും സഹായിക്കും. ധാരാളം പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍ തുടങ്ങിയവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ധാരാളം വെള്ളം കുടിപ്പിക്കുക തുടങ്ങിയ കാര്യങ്ങളില്‍ പ്രത്യേകം ശ്രദ്ധ വേണം.
വൈകാരികമായ അവസ്ഥ മനസ്സിലാക്കുക:
പെണ്‍കുട്ടികളുടെ വൈകാരികവും മാനസികവുമായ അവസ്ഥയെ ആര്‍ത്തവം ദോഷകരമായി ബാധിക്കും. ക്ഷോഭം, ഉത്കണ്ഠ തുടങ്ങിയവ ഈ സമയത്ത് സാധാരണമാണ്. ഈ സാഹചര്യത്തെ അതിജീവിക്കാന്‍ പരമാവധി സമചിത്തതയോടെയും സ്നേഹത്തോടെയും ഇടപഴകുക. കഠിനമായ അസ്വസ്ഥതയുടേയോ വിഷാദത്തിന്റെയോ ലക്ഷണം ശ്രദ്ധയില്‍പെട്ടാല്‍ പ്രൊഫഷണലുകളുടെ സേവനം തേടണം. വ്യായാമം, ധ്യാനം, യോഗ തുടങ്ങിയവ പെണ്‍കുട്ടികളെ പരിശീലിപ്പിക്കുന്നത് നല്ലതാണ്.
ശാരീരിക മാറ്റങ്ങളെ മനസ്സിലാക്കിക്കൊടുക്കുക:
ആര്‍ത്തവ ആരംഭത്തോടനുബന്ധിച്ച് പെണ്‍കുട്ടികള്‍ക്ക് ശാരീരികമായ മാറ്റങ്ങളും പ്രത്യക്ഷപ്പെട്ടു തുടങ്ങും. സ്തനവളര്‍ച്ച, രോമവളര്‍ച്ച തുടങ്ങിയവ ഇതില്‍ പ്രധാനപ്പെട്ടതാണ്. ഈ കാര്യങ്ങള്‍ മകളെ മനസ്സിലാക്കിക്കാന്‍ ശ്രമിക്കണം. ചര്‍മസംരക്ഷണം, സുഖകരമായ വസ്ത്രങ്ങള്‍ തെരഞ്ഞെടുക്കുന്നതിന്റെ പ്രാധാന്യം എന്നിവ ചര്‍ച്ച ചെയ്യണം.
മിഥ്യകളും തെറ്റിദ്ധാരണകളും മാറ്റുക:
ആര്‍ത്തവത്തെ കുറിച്ച് നിരവധി തെറ്റിദ്ധാരണകള്‍ സമൂഹത്തില്‍ വ്യാപകമാണ്. ഇത് മാറ്റിയെടുക്കാന്‍ ശ്രമിക്കണം. ആര്‍ത്തവം മോശപ്പെട്ടകാര്യമാണെന്ന ധാരണ മനസ്സിലുണ്ടെങ്കില്‍ അത് തിരുത്തണം.
വെല്ലുവിളികളെ അഭിമുഖീകരിക്കാന്‍ തയ്യാറെടുപ്പിക്കുക:
ആര്‍ത്തവം പലപ്പോഴും അവിചാരിതമായിട്ടായിരിക്കും പ്രത്യക്ഷപ്പെടുക. ആര്‍ത്തവചക്രം ആവര്‍ത്തിക്കുന്ന സമയമാകുമ്പോള്‍ സ്‌കൂള്‍ ബാഗില്‍ പാഡ് ഉള്‍പ്പെടെയുള്ളവ കരുതുക. വസ്ത്രങ്ങളില്‍ രക്ത കറ പറ്റിയാല്‍ അവയെ സ്വാഭാവികമായി അഭിമുഖീകരിക്കാനും ലഭ്യമായ സൗകര്യങ്ങള്‍ ഫലപ്രദമായി ഉപയോഗിച്ച് പാഡ് മാറ്റാനും മറ്റും പരിശീലിക്കുകയും വേണം. ഇതിനുള്ള ആത്മവിശ്വാസം പകരുക. ആര്‍ത്തവത്തിന്റെ തുടക്കത്തിലുള്ള പെണ്‍കുട്ടികള്‍ക്കാണ് അമ്മമാരുടെ ഭാഗത്ത് നിന്നും ഇത്തരം കരുതലുകള്‍ പ്രധാനമായും ആവശ്യമായി വരുന്നത്. ഈ സമയത്ത് കുട്ടികള്‍ അഭിമുഖീകരിക്കേണ്ടി വരുന്ന ഏതെങ്കിലും തരത്തിലുള്ള മാനസിക പ്രയാസങ്ങള്‍ പില്‍ക്കാല ജീവിതത്തിലും വലിയ തോതിലുള്ള സ്വാധീനം ചെലുത്താന്‍ ഇടയാക്കുന്നതാണ്.
Content Highlights: A mother's care during her daughter's puberty
Published: 31 Aug 2024, 11:24 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented