പ്രകൃതിസംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ലോകം തല പുകയ്ക്കുന്നതിനും എത്രയോമുന്‍പ് 1872-ല്‍ അമേരിക്ക ആദ്യ നാഷണല്‍ പാര്‍ക്ക് സ്ഥാപിച്ചു. യെല്ലോസ്റ്റോണ്‍ നാഷണല്‍ പാര്‍ക്ക്. ലോകത്തിലെ തന്നെ ആദ്യ ദേശീയോദ്യാനം. തടാകങ്ങളും നദികളും കാന്യണും പര്‍വ്വതങ്ങളും അടങ്ങുന്ന ഭൂപ്രകൃതി. അമേരിക്കയിലെ ഏറ്റവും ഉയര്‍ന്ന നിരപ്പിലുള്ള തടാകം ഉള്ളതും ഇവിടെയാണ്. 2.2 മില്യണ്‍ ഏക്കര്‍ വിസ്തീര്‍ണമുള്ള ഈ പാര്‍ക്കില്‍ അമേരിക്കന്‍ ഭൂഖണ്ഡത്തിലെ ഏറ്റവും വലിയ അഗ്‌നിപര്‍വതങ്ങളിലൊന്ന് ഉറങ്ങിക്കിടക്കുന്നു. ഈ അഗ്‌നിപര്‍വതം അവസാനമായി പൊട്ടിത്തെറിച്ചത് 640000 വര്‍ഷങ്ങള്‍ക്ക് മുന്‍പാണത്രെ.

വ്യോമിങ്, മൊണ്ടാന, ഇഡാഹോ എന്നീ മൂന്ന് സംസ്ഥാനങ്ങളിലായി പരന്നുകിടക്കുകയാണ് പാര്‍ക്ക്. ലോകത്തെ ജിയോതെര്‍മല്‍ പ്രതിഭാസങ്ങളില്‍ പകുതിയും ഇവിടെയാണുള്ളത്. അതും പതിനായിരത്തിലേറെ വരും. ലോകത്തേറ്റവുമധികം ഉഷ്ണജലപ്രവാഹമുള്ളതും യെല്ലോസ്റ്റോണിലാണ്. ഭൂമിയിലെ മൂന്നില്‍ രണ്ട് ഉഷ്ണജലപ്രവാഹങ്ങളാണ് ഈ പാര്‍ക്കില്‍ കാണാനാകുന്നത്. അവയുടെ എണ്ണം അഞ്ഞൂറിലധികം വരും. ഇവിടെ ഭൂമിക്കടിയില്‍ ഹൈഡ്രോതെര്‍മല്‍ ആക്ടിവിറ്റികള്‍ നടക്കുന്നുണ്ട്. ഭൂമിക്കടിയിലെ ചൂട് ലാവയുടെ സാന്നിധ്യമാണ് ചുടുനീരുറവകള്‍ക്ക് കാരണം.

പാര്‍ക്കിലെ ഏറ്റവും പ്രസിദ്ധമായ ഉഷ്ണജലപ്രവാഹത്തിന്റെ പേരാണ് ഓള്‍ഡ് ഫെയ്ത്ഫുള്‍. കൃത്യമായ ഇടവേളകളില്‍ ചൂടുവെള്ളം ആകാശത്തേക്കുയരും. 50 മീറ്ററിലധികം ഉയരത്തിലേക്കാണ് വെള്ളം പൊങ്ങുന്നത്. അഞ്ച് മിനുട്ടോളം ഇത് നീളുകയും ചെയ്യും. ആദ്യമൊക്കെ മുപ്പത് മിനുട്ടോളമായിരുന്നു ഇടവേള. ഇപ്പോഴത് വര്‍ധിച്ചുവരികയാണ്. 

placeholder
യെല്ലോസ്റ്റോൺ നാഷണൽ പാർക്ക്

പലതരം മാമ്മലുകള്‍, പക്ഷികള്‍, ജലജീവികള്‍, ഉരഗങ്ങള്‍ എന്നിവ ഇവിടെയുണ്ട്. പ്രത്യേകതരം സസ്യജാലങ്ങളും. പലതും ഇവിടുത്തെ ഭൂപ്രകൃതിയില്‍ മാത്രം കാണപ്പെടുന്നവയാണ്. പലവട്ടം പാര്‍ക്കിന് കാട്ടുതീയുടെ ഭീഷണിയുണ്ടായിട്ടുണ്ട്. 1988-ല്‍ ഉണ്ടായ ഒരു കാട്ടുതീയില്‍ പാര്‍ക്കിന്റെ മൂന്നിലൊന്നും നശിച്ചു പോകുകയും ചെയ്തിരുന്നു. 1978-ല്‍ പാര്‍ക്ക് യുനെസ്‌കോ വേള്‍ഡ് ഹെറിറ്റേജ് സൈറ്റായി മാറി. 

ജൈവവൈവിധ്യം ആസ്വദിക്കാനും ജിയോതെര്‍മല്‍ അതിശയങ്ങള്‍ കണ്ട് അമ്പരക്കാനും മാത്രമല്ല സന്ദര്‍ശകര്‍ യെല്ലോസ്റ്റോണിലെത്തുന്നത്. ഫിഷിങ്,  ട്രക്കിങ്, കുതിരസവാരി, സ്‌കീയിങ് തുടങ്ങിയ വിനോദങ്ങളും ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നു. നാല്‍പ്പത്തിയഞ്ച് ലക്ഷം പേര്‍ പ്രതിവര്‍ഷം ഇവിടെയെത്തുന്നു എന്നാണ് കണക്കുകള്‍ പറയുന്നത്. പാര്‍ക്കിന്റെ 2 ശതമാനം ഭൂമി മാത്രമാണ് സന്ദര്‍ശകരെ സ്വീകരിക്കാനായി റോഡ് സൗകര്യവും മറ്റും ഒരുക്കിയിട്ടുള്ളത്. പാര്‍ക്കിന്റെ 90 ശതമാനത്തോളം പരമാവധി സംരക്ഷണം നല്‍കി നിലനിര്‍ത്തിയിരിക്കുകയാണ്.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi