
റെഡ് സല്യൂട്ട്, റെഡ് സല്യൂട്ട്,
രക്തസാക്ഷി ഗ്രാമങ്ങളേ...
പുന്നപ്ര വയലാര്‍ ഗ്രാമങ്ങളേ....
സമരമുഖങ്ങള്‍ക്ക് ഈണങ്ങളുടെ രക്തശോഭ ചാര്‍ത്തിയ വിപ്ലവ ഗാനങ്ങള്‍ക്ക് ഇന്നും നിറം മങ്ങിയിട്ടില്ല. ഈ ഗാനങ്ങള്‍ ജനമനസ്സുകളിലെത്തിച്ച പി.കെ. മേദിനിക്ക് പ്രായം തൊണ്ണൂറ്. പാടിത്തുടങ്ങിയ കാലത്തെ പന്ത്രണ്ടുകാരിയെപ്പോലെയാണ് അവരിപ്പോഴും. കാലം കെടുത്തിക്കളയാത്ത പ്രസരിപ്പ്. മലയാളികളുടെ മനസ്സില്‍ വിപ്ലവത്തിരമാലകള്‍ അലയടിച്ച ശബ്ദസമുദ്രമായിരുന്നു പി.കെ. മേദിനി. അസമത്വത്തിനും അനീതിക്കും എതിരായ അടിസ്ഥാന വര്‍ഗത്തിന്റെ പോരാട്ടത്തിന് അവര്‍ ശബ്ദത്തിലൂടെ ഊര്‍ജമേകി. പടപ്പാട്ടുകാരി എന്ന വിശേഷണത്തിനുപിന്നില്‍ നേരിടേണ്ടിവന്ന ദുരനുഭവങ്ങള്‍ ഏറെയായിരുന്നു. കഷ്ടപ്പാടുകളും പോരാട്ടങ്ങളും നിറഞ്ഞ ബാല്യം, പാടിയതിന് പിഴയായി തേടിവന്ന ജയില്‍ ശിക്ഷ. പുന്നപ്ര വയലാര്‍ സമര സേനാനികളില്‍ ജീവിച്ചിരിക്കുന്ന ഏക വനിതയാണിന്ന് പി. കെ. മേദിനി. ഓഗസ്റ്റില്‍ നവതിയുടെ നിറവിലെത്തുമ്പോഴും നന്മയ്ക്കും നീതിക്കും വേണ്ടിയുള്ള പോരാട്ടത്തില്‍ നിന്ന് അവര്‍ അവധിയെടുക്കുന്നില്ല.
ആലപ്പുഴ ആറാട്ടുപുഴ പുത്തന്‍പുരയ്ക്കല്‍ വീട്ടില്‍ കങ്കാളി(കേശവന്‍)യുടെയും പാപ്പിയുടെയും മകളായി 1933 ഓഗസ്റ്റ് എട്ടിനായിരുന്നു പി.കെ. മേദിനിയുടെ ജനനം. പന്ത്രണ്ട് മക്കളില്‍ ആറുപേര്‍ മേദിനി ജനിക്കുന്നതിന് മുന്‍പുതന്നെ മരിച്ചു. ട്രേഡ് യൂണിയന്‍ നേതാവായിരുന്ന കെ. ബാവ സഹോദരനാണ്. തിരക്കഥാകൃത്ത് പി.കെ. ശാരംഗപാണിയാണ് മറ്റൊരു സഹോദരന്‍. കര്‍ഷകനായിരുന്ന അച്ഛന്റെ വരുമാനമായിരുന്നു കുടുംബത്തിന്റെ ഏക ആശ്രയം. ഇടയ്ക്ക് വല്ലപ്പോഴും അമ്മ കയര്‍പിരി ജോലികള്‍ക്കും പോകും. അമ്മയുടെ അമ്മാനപ്പാട്ടുകളാണ് മേദിനിയെ പാട്ടിലേക്ക് ആകര്‍ഷിച്ചത്. സ്‌കൂളില്‍ പാട്ടുകള്‍ പാടുമായിരുന്നു. എന്നാല്‍ പണമില്ലാത്തതിനാല്‍ ആറാം ക്ലാസ്സില്‍ പഠനം നിലച്ചു. സമരവേദികളില്‍ പാടാനെത്തുമ്പോള്‍ മേദിനിക്ക് പ്രായം 12.
''പാടാന്‍ മൈക്ക് പോലുമില്ലാത്ത കാലമായിരുന്നു അത്. സ്റ്റേജില്‍ കയറിനിന്ന് ഉച്ചത്തില്‍ പാടണം. ബോണ്ടയും ചക്കരക്കാപ്പിയും സ്‌നേഹവും കരുതലും മാത്രമാണ് പ്രതിഫലം. സംയുക്ത ട്രേഡ് യൂണിയന്‍ യോഗത്തിലായിരുന്നു ആദ്യം പാടിയത്. ആലപ്പുഴ കിടങ്ങാംപറമ്പ് ക്ഷേത്രമൈതാനിയിലായിരുന്നു സമ്മേളനം. അവിടുന്നിങ്ങോട്ട് ജില്ലയ്ക്ക് അകത്തും പുറത്തുമായി നിരവധി വേദികള്‍. തെരഞ്ഞെടുപ്പ് കാലങ്ങളില്‍ മത്സരത്തില്‍ ജയിച്ചാലും തോറ്റാലും യോഗം ചേരും. അവിടെയെല്ലാം പാടും...'' വിപ്ലവം മേദിനിയുടെ ശബ്ദത്തെ സ്‌നേഹിച്ചു. അങ്ങനെ തൊഴിലാളി സംഘടനകളുടെയും കമ്യുണിസ്റ്റ് പാര്‍ട്ടി സമ്മേളനങ്ങളുടെയും ഒഴിവാക്കാനാവാത്ത ചേരുവയായി മേദിനിയുടെ പാട്ടുകള്‍ മാറി.
തിരുവിതാംകൂറും കൊച്ചിയും ഒന്നാകണമെന്ന് ആവശ്യപ്പെട്ട് കമ്യുണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ഒരു സമരം നടന്നിരുന്നു. സമരത്തില്‍ പങ്കെടുത്തവരെ മൃഗീയമായി മര്‍ദ്ദിച്ച് ജയിലിലടച്ചു. ജയില്‍മോചിതരെ സ്വീകരിക്കുവാന്‍ വൈക്കം ടി.വി. പുരത്ത് ചേര്‍ന്ന യോഗത്തിലാണ് മേദിനി ആദ്യമായി മൈക്കില്‍ പാടുന്നത്. ആ യോഗത്തിലേക്ക് ആളുകള്‍ ഇരച്ചുകയറാന്‍ കാരണമായ രണ്ട് ഘടകങ്ങള്‍ ഉച്ചഭാഷിണിയും മേദിനിയുമായിരുന്നു. മേദിനിയുടെ പാട്ടുണ്ടെന്നു കേട്ടാല്‍ ആളുകള്‍ ഓടിക്കൂടുന്ന കാലം. പാര്‍ട്ടിയുടെ എല്ലാ യോഗങ്ങളും അവസാനിക്കുന്നത് മേദിനിയുടെ പാട്ടില്‍. 19-ാം വയസ്സില്‍ പാര്‍ട്ടി അംഗത്വം ലഭിച്ചു. എം.എന്‍. ഗോവിന്ദന്‍ നായര്‍, ടി.വി. തോമസ്, സി.കെ. ചന്ദ്രപ്പന്‍, വെളിയം ഭാര്‍ഗവന്‍, കെ.ആര്‍. ഗൗരിയമ്മ തുടങ്ങിയ നേതാക്കളോടൊപ്പമുള്ള പ്രവര്‍ത്തനം നല്‍കിയത് വലിയ അനുഭവങ്ങളായിരുന്നെന്ന് മേദിനി പറയുന്നു.

ആവേശം ചൊരിയാനുള്ള ചങ്കുറപ്പ് മേദിനിക്ക് ലഭിച്ചത് സ്വന്തം ജീവിതത്തിലൂടെയാണ്. കമ്യൂണിസ്റ്റ് പാരമ്പര്യം അതിന് കൂടുതല്‍ കരുത്തേകി. 12-ാം വയസ്സില്‍ അമ്മയുടെ മരണം. ഒരു ജന്മി കുടുംബത്തിന്റെ കുടികിടപ്പുകാരായിരുന്നു മേദിനിയുടെ കുടുംബം. അവരുടെ പീഡനം വേറെയും. ഈ കഷ്ടപ്പാടുകളൊക്കെയും മേദിനിയുടെ മനസ്സില്‍ സമരാഭിമുഖ്യം വളര്‍ത്തി. തൊഴിലാളി വര്‍ഗത്തിന്റെ ചെറുത്തുനില്‍പ്പില്‍ അവര്‍ പങ്കാളിയായി. അതിന് അവര്‍ക്ക് വലിയ വില കൊടുക്കേണ്ടിയും വന്നു. അതിനിടെ പടപ്പാട്ടുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി. നിരോധിക്കപ്പെട്ട പാട്ടുകള്‍ പാടിയതിന് പതിനഞ്ചാം വയസ്സില്‍ ജയിലിലടയ്ക്കപ്പെട്ടു. മോചിതയായ ശേഷവും നിരോധനം ലംഘിച്ച് യോഗങ്ങളില്‍ പാടി. പതിനേഴാം വയസ്സില്‍ വീണ്ടും ജയില്‍വാസം. ''സഹോദരങ്ങളൊക്കെ സമരമുഖത്ത് സജീവമായിരുന്നു. അതൊരു പ്രചോദനമായി. പുന്നപ്ര വയലാര്‍ സമരകാലത്ത് എന്റെ സഹോദരന്‍ ശാരംഗപാണിയെ അന്നത്തെ ഇന്‍സ്‌പെക്ടര്‍ സത്യനേശന്‍ തല്ലിച്ചതച്ചിട്ടുണ്ട്. അതേ സത്യനേശന്‍ പില്‍ക്കാലത്ത് സിനിമയുടെ നായകമുഖമായ സത്യനായി. സിനിമയിലെത്തിയശേഷം അദ്ദേഹം എന്റെ സഹോദരനോട് മാപ്പുപറഞ്ഞിരുന്നു.
നാടകാചാര്യന്‍ എന്‍.എന്‍. പിള്ളയുടെ നാടകങ്ങളില്‍ പാട്ടുപാടിയിട്ടുണ്ട്. രണ്ടുപാട്ട് പാടിയതിന് 35 രൂപ തന്നു. അന്ന് അത് വലിയ തുകയാണ്. ആദ്യമൊക്കെ പ്രതിഫലമില്ലാതെ വന്ന് പാട്ടുപാടി പോകുമായിരുന്നു. പിന്നീട് മേദിനിക്കു മാത്രം പാട്ടിന് കാശില്ലേ എന്ന് ചോദിച്ച് അദ്ദേഹം പണം വാങ്ങിത്തന്നു. ''
.
''ഒരിക്കല്‍ സഹോദരനായ ബാവ 'നീ തൊട്ടടുത്തെ വീടുവരെയൊന്നു പോകണം. അവിടുന്ന് ഒരു പൊതി കിട്ടും, അത് വാങ്ങി വെക്കണം' എന്നു പറഞ്ഞു. ആരെയാണ് കാണേണ്ടത്, എന്താണ് പറയേണ്ടത്, എന്താണ് വാങ്ങിവെക്കേണ്ടത്, ഒറ്റയ്ക്കു പോയാല്‍ എന്താവും എന്നെല്ലാമുള്ള ചോദ്യങ്ങള്‍ മനസ്സില്‍ ഉയര്‍ന്നെങ്കിലും അത് ചോദിക്കുന്നതിനുമുന്‍പ് സഹോദരന്‍ എങ്ങോട്ടോ പോയി. എന്തായാലും പറഞ്ഞതനുസരിച്ച് അടുത്തുള്ള വീട്ടിലെത്തി. പാതി തുറന്ന വാതിലിലൂടെ ഒരു പുരുഷരൂപത്തെ കണ്ടു. ഇരുണ്ട നിറവും അരക്കയ്യന്‍ ഷര്‍ട്ടും തിളങ്ങുന്ന കണ്ണുകളുമുള്ള ആള്‍. കണ്ടപാടെ അദ്ദേഹം ഒരു പൊതി നല്‍കി. കൂടെയൊരു പുസ്തകവും. ഇത് വായിക്കണം എന്ന് നിര്‍ദേശിച്ചു. ഇ.എം.എസ്സിന്റെ 'ഒന്നേകാല്‍ കോടി മലയാളികള്‍' എന്ന പുസ്തകമായിരുന്നു അത്.
അദ്ദേഹം എന്തിന് എനിക്ക് ആ പുസ്തകം തന്നു എന്ന് എത്ര ചിന്തിച്ചിട്ടും മനസ്സിലായില്ല. 'കഴിക്കാന്‍ കഞ്ഞിയുണ്ടോ?' എന്ന് ചോദിച്ചു. ഇല്ലെന്നു പറഞ്ഞു. 'പിന്നെയോ?' ചെറുപയര്‍ പുഴുങ്ങിയതും മുളകുമുണ്ടെന്ന് പറഞ്ഞു. 'എന്നാല്‍ ഇത്തിരി എടുത്തോണ്ടു പോര്' എന്നായി. അതു കഴിച്ചിട്ട് നന്നായിട്ടുണ്ട് എന്ന് ആംഗ്യം കാണിച്ചു. ഒന്നും മനസ്സിലാകാതെ വീട്ടിലേക്ക് മടങ്ങി. അടുത്ത ദിവസം ആള്‍ അവിടെനിന്ന് പോവുകയും ചെയ്തു. പിന്നീട് നാളുകള്‍ക്ക് ശേഷമാണ് അത് പി. കൃഷ്ണപിള്ളയാണെന്ന് അറിയുന്നത്.'' മേദിനി ഓര്‍ക്കുന്നു.
...
'' വിവാഹം വേണ്ടെന്നുകരുതി നടന്നതാണ്. എല്ലാവരും സ്ത്രീധനം ചോദിക്കുന്നു എന്നതായിരുന്നു കാരണം. അച്ഛന്റെ അനന്തരവനായ ശങ്കുണ്ണിയെയാണ് പിന്നീട് വിവാഹം കഴിച്ചത്. എപ്പോഴോ തോന്നിയ ഇഷ്ടം. സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നു ശങ്കുണ്ണി. വിവാഹശേഷവും ഞാന്‍ കമ്മ്യൂണിസ്റ്റായി തന്നെ ജീവിക്കുമെന്ന നിബന്ധന മാത്രമാണ് മുന്നോട്ടുവെച്ചത്. അത് അംഗീകരിച്ചു. വിവാഹം രജിസ്റ്റര്‍ ചെയ്തു. വീട്ടുകാരെ വിവരം അറിയിച്ചു. വലിയ എതിര്‍പ്പുകളൊന്നുമില്ലാതെ എല്ലാം നന്നായി അവസാനിച്ചു. രണ്ടു മക്കള്‍... സ്മൃതിയും ഹന്‍സയും. രോഗബാധിതനായ അദ്ദേഹം 46-ാം വയസ്സില്‍ വിടവാങ്ങി. ''
അനില്‍ വി. നാഗേന്ദ്രന്‍ സംവിധാനം ചെയ്ത 'വസന്തത്തിന്റെ കനല്‍ വഴികള്‍' എന്ന സിനിമയില്‍ ചിരുത എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. അദ്ദേഹം തന്നെ സംവിധാനം ചെയ്ത 'തീ' എന്ന സിനിമയിലും വേഷമിട്ടു. മേദിനി പാടിയ പാട്ടുകള്‍ റെക്കോര്‍ഡ് ചെയ്ത് ചരിത്രത്തിന്റെ ഭാഗമാക്കണമെന്ന് ആദ്യം നിര്‍ദ്ദേശിച്ചത് മുന്‍ മുഖ്യമന്ത്രി പി.കെ. വാസുദേവന്‍ നായരായിരുന്നു. 'റെഡ് സല്യൂട്ട്', 'മനസ് നന്നാവട്ടെ' തുടങ്ങിയ പാട്ടുകള്‍ ഉള്‍പ്പെട്ട കാസറ്റ് പുറത്തിറങ്ങി. അങ്ങനെ മേദിനിയുടെ സാന്നിധ്യമില്ലാതെയും പാട്ടുകള്‍ സമ്മേളന വേദികളില്‍ അലയടിച്ചു. മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്നീ പദവികള്‍ വഹിച്ചു. ഇപ്റ്റ, യുവകലാസാഹിതി, വനിതാസാഹിതി, മഹിളാസംഘം എന്നീ രംഗങ്ങളിലും പ്രവര്‍ത്തിച്ചു.

പ്രായത്തിന്റേതായ ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കിലും ഇന്നും പ്രവര്‍ത്തനരംഗത്ത് സജീവമാണ് മേദിനി. കഴിയുന്നത്ര സമ്മേളനങ്ങളില്‍ പങ്കെടുക്കും. പ്രകൃതിയോട് ഇണങ്ങിച്ചേര്‍ന്ന ജീവിതം. പൂക്കള്‍ ഏറെയിഷ്ടം. കിളികളെ ഊട്ടിയും അവയോട് മിണ്ടിയും നേരം ചെലവഴിക്കും. തേടിയെത്തുന്ന പുരസ്‌കാരങ്ങ ളുടെ തുക ഓരോ സാമൂഹികപ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കും. ''തനിക്കുള്ള പങ്കില്‍നിന്ന് ഒരാള്‍ക്കുകൂടി സഹായമേകണം. അതല്ലേ ജീവിതം. ഇല്ലാത്തവനുകൂടി കൊടുക്കാന്‍ കഴിയണം. സ്‌നേഹവും സഹകരണവും പ്രധാനമാണ്. എന്റേത് എന്ന തോന്നല്‍ ഇല്ലാതവണം. എന്നാലേ നാടുനന്നാവൂ... '' മേദിനി പറയുന്നു.
ഏറ്റവും ഇഷ്ടപ്പെട്ട പാട്ടുകളില്‍ ഒന്ന് അവര്‍ പതിയെ മൂളി- വി.എ. കേശവന്‍ നമ്പൂതിരിയുടെ വരികള്‍, സംസ്ഥാനത്തിന്റെ ഔദ്യോഗിക പ്രാ
ര്‍ഥനാഗാനം.
'മനസ്സു നന്നാവട്ടെ..
മതമെതെങ്കിലുമാവട്ടെ..
മാനവ ഹൃത്തിന്‍ ചില്ലയിലെല്ലാം
നാമ്പുകള്‍ വിടരട്ടെ...'
Content Highlights: Life of a Revolutionary Singer P. K Medini
Published: 15 Aug 2023, 10:30 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented