മഹാനഗരമായ മുംബൈയുടെ തിരക്കിന് മുകളിൽ പച്ചപ്പിന്റെ മനോഹരമായ ഉയർച്ചയാണ് മലബാർ ഹിൽ. നഗരത്തിന്റെ ഈ പച്ചക്കിരീടത്തിനുള്ളിൽ ആർക്കും പ്രവേശനം അനുവദിക്കാത്ത ഒരു സ്ഥലമുണ്ട്. മൂന്ന് നൂറ്റാണ്ടിലേറെയായി നഗരത്തിലെ പാഴ്‌സി സമൂഹത്തിന്റെ വിശുദ്ധ വിശ്രമസ്ഥലമായ ഡുംഗർവാഡി; നിശ്ശബ്ദതയുടെ ഗോപുരം. എന്നാൽ, ഈ കുന്ന് പാഴ്‌സി ജനവിഭാഗത്തെ സംബന്ധിച്ച് വിമോചനത്തിനുള്ള സ്ഥലമാണ്. ആത്മാവ് പ്രകാശത്തിലേക്ക് നടക്കുന്ന ഇടം.
പാഴ്‌സികൾ മൃതദേഹം സംസ്‌കരിക്കുകയോ ദഹിപ്പിക്കുകയോ ചെയ്യാറില്ല. മരിച്ചവരെ പ്രകൃതിക്ക് നൽകുകയാണ് ചെയ്യുന്നത്. മുൻപ് മൃതദേഹങ്ങൾ കഴുകന് ഭക്ഷിക്കാൻ നൽകുമായിരുന്നു. പാഴ്‌സികളുടെ ശ്മശാനത്തെ 'ടവർ ഓഫ് സൈലൻസ്' (ദഖ്മ) എന്നാണ് വിളിക്കുന്നത്. മുംബൈ നഗരത്തിൽ മലബാർ ഹില്ലിന്റെ ഒരുഭാഗത്ത് 54 ഏക്കർ സ്ഥലത്താണ് ടവർ ഓഫ് സൈലൻസ് ഉൾപ്പെട്ട വനപ്രദേശം സ്ഥിതിചെയ്യുന്നത്.
മുംബൈയിലെ രാജ്ഭവനും മന്ത്രിമന്ദിരങ്ങളും സ്ഥിതിചെയ്യുന്ന ഈ മേഖലയിൽ ഒരടി മണ്ണിനുപോലും പൊന്നിൻ വിലയുണ്ട്. നിശ്ശബ്ദതയുടെ ഈ ഗോപുരത്തിലേക്ക് കെപ്‌സ് കോർണറിൽനിന്നാണ് പ്രവേശിക്കാൻ കഴിയുക. അവിടെയാണ് പാഴ്‌സി ജനത മരണപ്പെട്ടാൽ അവരുടെ മൃതദേഹം സൗരാഷ്ട്രീയൻ ആചാരപ്രകാരം കഴുകന്മാർക്ക് ഭക്ഷണമായി നൽകുന്ന ആറോളം ദഖ്മകളുള്ളത്. ഈ അതുല്യമായ സ്ഥലത്താണ് പാഴ്‌സികൾ തങ്ങളുടെ മരിച്ചവരെ ദോക്‌മെനാഷിനി എന്ന പരമ്പരാഗത സമ്പ്രദായത്തിലൂടെ സംസ്‌കരിക്കുന്നത്. അവിടെ മരിച്ചയാളെ കഴുകന്മാർ ഭക്ഷിക്കാൻ ഇടയാക്കുന്നു.
നിലവിൽ മൂന്നോളം സൈലൻസ് ഓഫ് ടവറുകളാണ് പ്രവർത്തനക്ഷമമായിട്ടുള്ളത്. വൃത്താകൃതിയിൽ തീർത്ത വലിയ ഉയരത്തിലുള്ള ഡുംഗർവാഡിയിലെ ദഖ്മയിൽ ഒരേസമയം, ഇരുന്നൂറോളം പേരെ സംസ്‌കരിക്കാനാവും. കഴിഞ്ഞ ഇരുപതുവർഷമായി കഴുകന്മാർ ഇല്ലാത്തതിനാൽ വലിയ ലെൻസ് ഉപയോഗിച്ച് സൂര്യപ്രകാശം ദഖ്മയിലേക്ക് ശക്തിയായി പതിപ്പിച്ചാണ് മൃതദേഹങ്ങളെ ഇല്ലാതാക്കുന്നത്. ഇതിനിടയിൽ എത്തുന്ന പരുന്തുകളും മൃതദേഹത്തെ ആഹാരമാക്കാറുണ്ട്. മൃതദേഹം പക്ഷികൾ ഭക്ഷിച്ചാലും പൂർണമായി ഇല്ലാതാവാൻ ആറുമാസത്തോളം വേണ്ടിവരുമെന്ന് ഇവിടത്തെ ജീവനക്കാർ പറയുന്നു.
മൃതദേഹം കഴുകന്മാർക്ക് ഭക്ഷിക്കാൻ നൽകുന്ന ആചാരത്തിന് മൂവായിരം വർഷത്തെ പഴക്കമുണ്ടത്രെ! അഞ്ചാംനൂറ്റാണ്ടിൽ ഈ ആചാരം നടന്നതായി ചരിത്രരേഖകളിൽ പരാമർശമുണ്ടെങ്കിലും ഒൻപതാം നൂറ്റാണ്ട് മുതലാണ് ഇക്കാര്യം സ്ഥിരീകരിക്കുന്നത്. സൗരാഷ്ട്രീയൻ ആചാരം അക്കാലത്തെ പാഹ്ലവി രേഖകളിൽ അടയാളപ്പെടുത്തിയിട്ടുണ്ട്. ഇറാനിൽനിന്ന് ഇന്ത്യയിലെത്തിയ പാഴ്‌സികൾ ആദ്യം ഗുജറാത്തിലും പിന്നീട് മുംബൈയിലുമാണ് കുടിയേറിയത്. ഡുംഗർവാഡിയെ 'ടവർ ഓഫ് സൈലൻസ്' എന്ന് ആദ്യം വിളിച്ചത് 1832-ൽ ബ്രിട്ടീഷുകാരനായ റോബർട്ട് മർഫിയാണ്.
മൃതദേഹങ്ങൾ കഴുകന്മാർക്ക് ഭക്ഷിക്കാനായി നൽകുന്ന വൃത്താകൃതിയിലുള്ള സ്ഥലത്തെ 'ദഖ്മ' എന്നാണ് പാഴ്‌സികൾ വിളിക്കുന്നത്. മലബാർഹില്ലിലെ ദഖ്മയ്ക്ക് പതിനെട്ടടിയോളം ഉയരമുണ്ട്. 300 ചതുരശ്ര അടി വിസ്തീർണത്തിൽ കുറയാത്തതാണ് ഓരോന്നും. വലിയ മതിലിനുള്ളിൽ വൃത്താകൃതിയിലുള്ള സ്ഥലത്തിനുള്ളിലേക്ക് മൃതദേഹവുമായി അകത്തുകടക്കാൻ മരിച്ചവരുടെ ബന്ധുക്കളെ മാത്രമേ അനുവദിക്കൂ. അവിടെയുള്ള തറനിരപ്പിൽ മൃതദേഹം പക്ഷികൾക്ക് ഭക്ഷിക്കാനായി വിട്ടുകൊടുത്ത് ബന്ധുക്കൾ തിരിച്ചുമടങ്ങുന്നതാണ് രീതി.
മലബാർ ഹില്ലിലെ ഡുംഗർവാഡിയിൽ ആദ്യത്തെ ദഖ്മ 1670-ലാണ് നിർമിച്ചത്. തുടർന്നുള്ളത് 1890-ലും. മലബാർഹില്ലിലെ വൻവൃക്ഷങ്ങളടങ്ങിയ വനത്തിനുള്ളിൽ എല്ലാ തരത്തിലുമുള്ള പക്ഷികളുമുണ്ട്. ആരെയും ഭയപ്പെടാതെ കാടിന്റെ നിശ്ശബ്ദതയിൽ കഴിയുകയാണ് എല്ലാ ജീവജാലങ്ങളും. നഗരം വളർന്നതോടെയാണ് കഴുകന്മാർ ഇല്ലാതായത്. ടവർ ഓഫ് സൈലൻസിനുവേണ്ടി കഴുകന്മാരെ വളർത്തുന്ന പദ്ധതിക്ക് തുടക്കമായിട്ടുണ്ടെങ്കിലും ഈ മേഖലയിലെ പുതിയ ആവാസവ്യവസ്ഥയിലേക്ക് അതിനെ പറിച്ചുനട്ടിട്ടില്ല.

മുംബൈയിൽ നിലവിൽ അരലക്ഷത്തോളം പാഴ്‌സികളുണ്ടെന്നാണ് കണക്ക്. സ്വന്തം മതത്തിൽനിന്ന് വിവാഹിതരായില്ലെങ്കിൽ അവർ സമുദായത്തിന് പുറത്താണ്. അത്തരം ശക്തമായ ആചാരങ്ങൾ നിലനിർത്തുന്ന ഈ സമുദായം ഓരോവർഷവും കുറഞ്ഞുവരുകയാണ്. വിവാഹിതരാവുന്നവരുടെ എണ്ണവും കുറവാണ്. മുംബൈ പാഴ്‌സി പഞ്ചായത്താണ് ഇവിടത്തെ കാര്യങ്ങൾ നോക്കുന്നത്. ആചാരങ്ങൾ മാറ്റുന്നതിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാത്തവരാണിവർ.
വനം പുനഃസ്ഥാപിക്കുന്നതിനും പുനരുജ്ജീവിപ്പിക്കുന്നതിനുമായി സെന്റർ ഫോർ എൻവയോൺമെന്റൽ റിസർച്ച് ആൻഡ് എജുക്കേഷൻ, ബോംബെ പാഴ്‌സി പഞ്ചായത്തിനൊപ്പം പങ്കാളികളായി. അങ്ങനെ 7,092 തദ്ദേശീയ വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുകയും 52 സവിശേഷ സസ്യജാലങ്ങൾ സംരക്ഷിക്കുകയും ചെയ്തുവരുന്നുണ്ട്. മുംബൈയുടെ സാമ്പത്തിക, സാമൂഹികജീവിതത്തിൽ പാഴ്‌സി വിഭാഗം നൽകിയ പങ്ക് വലുതാണ്. ദീർഘവീക്ഷണമുള്ള ഈ സമൂഹം രൂപപ്പെടുത്തിയ സ്ഥാപനങ്ങൾ നിരവധിയാണ്. മുംബൈ നഗരത്തെ വിശാലമായ ബോധത്തിലേക്ക് പരിവർത്തിപ്പിക്കുന്നതിൽ പാഴ്‌സികൾ വഹിച്ച പങ്ക് മഹനീയമാണെന്ന് പറയേണ്ടിയിരിക്കുന്നു.

സൗരാഷ്ട്രീയൻ ശവസംസ്‌കാര പാരമ്പര്യം
ശരീരം നാസുവിന് (ആചാരപരമായ മലിനീകരണം) ഇരയാകുന്ന ഒരുനിമിഷമായാണ് സൗരാഷട്രീയനിസം മരണത്തെ കാണുന്നത്. ജീവനുള്ള ലോകത്തിന്റെ മലിനീകരണം തടയുന്നതിന്, മരിച്ചവരെ സൂര്യനുമായി സമ്പർക്കം പുലർത്തുകയും ദഖ്മ എന്നറിയപ്പെടുന്ന വൃത്താകൃതിയിലുള്ള കല്ല് പാകിയെടുത്ത ഇടത്തിൽ ഉപേക്ഷിക്കുകയുമാണ് പതിവ്. മൃതദേഹം, ഭൂമി (സാം) തീ (അതാർ) വെള്ളം (അപ്പോ) വായു (വായു) എന്നീ വിശുദ്ധ ഘടകങ്ങളെ മലിനമാക്കരുതെന്നാണ് ആചാരം. പരിസ്ഥിതിസൗഹാർദപരമായ രീതിയിൽ ശരീരം പ്രകൃതിയിലേക്ക് തിരികെ നൽകുന്നു.
അത്തരമൊരു ഘടനയില്ലാതെ, ഒരു പാഴ്‌സിയുടെ ദൈവശാസ്ത്രപരമായ ജീവിതചക്രം അപൂർണമായി തുടരുമെന്നാണ് ഇവരുടെ വിശ്വാസം. 1670-കളിൽ മലബാർ ഹിൽ സമ്പന്നമായ താമസയിടമായി മാറിയിരുന്നില്ല. വനപ്രദേശമുള്ള കുന്ന്, ജനസാന്ദ്രതക്കുറവ്, അറബിക്കടലിന് മുകളിലെ മേഖല എന്നതായിരുന്നു ഭൂമിശാസ്ത്രം. ഹിന്ദു സന്ന്യാസിമാരും മത്സ്യത്തൊഴിലാളികളും ഇടയ്ക്കിടെ ഈ കുന്ന് ഉപയോഗിച്ചിരുന്നുവെങ്കിലും വലിയ തോതിൽ സ്പർശിച്ചിരുന്നില്ല. അതിന്റെ സ്വാഭാവികമായ ഒറ്റപ്പെടൽ പാഴ്‌സികളുടെ വിശുദ്ധമായ കർമത്തിനുള്ള അനുയോജ്യമായ ഇടമാക്കി മാറ്റി. ബോംബെയിലെ സമ്പന്നനായ പാഴ്‌സി വ്യാപാരിയായ സേത്ത് മോദി ഹിർജി വച്ച, ഡുംഗർവാഡി സ്ഥാപിക്കുന്നതിൽ നിർണായക പങ്കുവഹിച്ചതായി രേഖപ്പെടുത്തുന്നുണ്ട്.
1672-ഓടെ അദ്ദേഹം മലബാർ ഹില്ലിൽ ഡുംഗർവാഡി നിർമാണത്തിനായി പ്രത്യേകമായി സ്ഥലം വാങ്ങി. ആദ്യകാല പാഴ്‌സികൾക്കിടയിൽ ജീവകാരുണ്യ സ്ഥാപനങ്ങൾ നിർമിക്കുന്നത് വ്യക്തിപരമായ മഹത്ത്വത്തിനല്ല, മറിച്ച് സാമുദായികത്തുടർച്ചയ്ക്ക് വേണ്ടിയായിരുന്നു. സേത്ത് ഹിർജിവച്ചയുടെ സംഭാവന ആദ്യത്തേതും നിലനിൽക്കുന്നതുമായ ഉദാഹരണങ്ങളിലൊന്നായി മാറി. അന്നത്തെ ബോംബെയിൽ അങ്ങനെ ആദ്യത്തെ നിശ്ശബ്ദ ഗോപുരം 1672-ൽ നിർമിക്കപ്പെട്ടു, ഇത് നഗരത്തിലെ ആദ്യകാല സൗരാഷ്ട്രീയൻ ഘടനകളിലൊന്നാണ്.
പരമ്പരാഗത പേർഷ്യൻ മാതൃകയാണ് ദഖ്മ പിന്തുടരുന്നത്. ഒരു വൃത്താകൃതിയിലുള്ള മതിൽ, നടുവിൽ ഒരു തുറന്ന ആകാശം, അകത്ത് മൂന്ന് കേന്ദ്രീകൃത വൃത്തങ്ങൾ-പ്രായപൂർത്തിയായ പുരുഷന്മാർക്കുള്ള പുറം, പ്രായപൂർത്തിയായ സ്ത്രീകൾക്കുള്ള മധ്യഭാഗം, ഏറ്റവും അകത്ത് കുട്ടികൾക്കുള്ളതും. ഇതാണ് ദഖ്മയുടെ രീതി.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Explores the history of Dungerwadi (Tower of Silence) in Mumbai., Explains the Zoroastrian 'Dokhmenashini' sky burial practice., Details the environmental philosophy of protecting earth, fire, and water., Highlights the Parsi community's role in Mumbai's development., Discusses the transition from vultures to solar concentrators for decomposition.
Published: 28 Mar 2026, 12:32 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented