സ്വതന്ത്ര സംഗീതത്തിലൂടെ ആസ്വാദകരുമായി ശക്തമായ ബന്ധം നിലനിർത്തിപ്പോരുന്ന ഗായകനാണ് ലക്കി അലി. ലൈവ് പെർഫോമൻസിനിടയിൽ മരണത്തെക്കുറിച്ച് തുറന്നു സംസാരിച്ച് തന്റെ ആസ്വാദകരെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ് ലക്കി അലിയിപ്പോൾ. അനിവാര്യമായ യാഥാർത്ഥ്യത്തിന് താൻ തയ്യാറാണെന്ന് 67 കാരനായ അദ്ദേഹം കാണികളോട് പറഞ്ഞു. ഒപ്പം താൻ യാത്ര ചെയ്യുമ്പോഴൊക്കെ മൃതദേഹം പൊതിയുന്ന തുണി കൂടെക്കരുതാറുണ്ടെന്നും. തനിക്ക് ആരാധകരിൽ നിന്നും കിട്ടുന്ന സ്നേഹത്തിനും പിന്തുണയ്ക്കും മറുപടി പറയുന്നതിനിടയിലാണ് ഗായകന്റെ പരാമർശം.

"എനിക്കറിയാം, ഞാനും നിങ്ങളെയെല്ലാവരെയും സ്നേഹിക്കുന്നു. ഒരു ദിവസം നമുക്കെല്ലാവർക്കും പോകേണ്ടതുണ്ട്. ഞാൻ നിങ്ങളെ അതിനായി ഒരുക്കുകയല്ല, മറിച്ച് ഞാൻ യഥാർഥത്തിൽ തയ്യാറാണ്. ഞാനെപ്പോൾ യാത്ര ചെയ്യുമ്പോഴും എന്റെ burial cloth കൂടെക്കരുതാറുണ്ട്, എവിടെയാണോ മരണം സംഭവിക്കുന്നത്, അവിടെനിന്നും എന്നെ പോകാൻ അനുവദിക്കുക."-ആസ്വാദകരുമായി സംവദിക്കുന്നതിനിടയിൽ അദ്ദേഹം പറഞ്ഞു.

ഇതിന്റെ വീഡിയോ ലക്കി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചതോടെ, ആരാധകർ കമന്റ് ബോക്‌സിൽ സ്നേഹവും ആശങ്കയും അറിയിച്ചെത്തി.

"ഈ യാഥാർത്ഥ്യം അംഗീകരിക്കാൻ ഞാൻ തയ്യാറല്ല. ഇപ്പോഴും 90-കളുടെ അവസാനമാണെന്നും ഞാൻ ഡിഡിയിൽ (DD) നിങ്ങളുടെ പാട്ട് കാണുകയാണെന്നും നിങ്ങളെക്കാലവും ചെറുപ്പക്കാരനാണെന്നും കരുതുന്നു. മാനസികമായി ഞാൻ അവിടെത്തന്നെയാണ്." എന്നായിരുന്നു ഒരാളുടെ കമന്റ്.

ബോളിവുഡുമായുള്ള തന്റെ ബന്ധവും മുഖ്യധാരാ ചലച്ചിത്ര വ്യവസായത്തിൽ നിന്ന് പിന്മാറാനുള്ള കാരണവും അദ്ദേഹം മുമ്പ് പറഞ്ഞിട്ടുണ്ട്. "ഒരു കാലത്ത് ഞാൻ സിനിമകളിൽ അഭിനയിക്കുകയും പാട്ടുകൾ പാടുകയും ചെയ്തു, എന്നാൽ പിന്നീട് എന്ത് ചെയ്യണമെന്ന് എനിക്കറിയില്ലായിരുന്നു. സ്വന്തം ശൈലിയിൽ പാടാൻ ഞാനാഗ്രഹിച്ചു. 2015-ൽ സിനിമയിൽ നിന്നകന്നു. ആളുകൾ എന്നോട് മോശമായി പെരുമാറിയിട്ടുണ്ട്, എന്നാൽ ആ വിഷാദമല്ല എന്നെ അകറ്റിയത്, മറിച്ച് മടുപ്പാണ് (monotony). അച്ഛന്റെ മരണശേഷം, അവിടെ ഒന്നും ബാക്കിയില്ലെന്ന് തോന്നി. എനിക്ക് സുഹൃത്തുക്കൾ പോലുമുണ്ടായിരുന്നില്ല."

മൂന്ന് തവണ വിവാഹിതനായിട്ടുണ്ട് ലക്കി അലി. ആദ്യ വിവാഹം മേഗൻ ജെയ്ൻ മക്ക്ലീറിയുമായുള്ളതായിരുന്നു, ഈ ബന്ധത്തിൽ അദ്ദേഹത്തിന് രണ്ട് മക്കളുണ്ട്. പിന്നീട് പേർഷ്യൻ വനിത ഇനായയെ വിവാഹം കഴിച്ചു, അവർക്ക് രണ്ട് മക്കളുണ്ട്. 2010-ൽ ലക്കി ബ്രിട്ടീഷ് മോഡലും മുൻ സൗന്ദര്യറാണിയുമായ കേറ്റ് എലിസബത്ത് ഹല്ലാമിനെ വിവാഹം കഴിച്ചു, ഒരു മകനും പിറന്നു. 2017-ൽ ഇവർ വിവാഹമോചിതരായി.

"നിങ്ങൾ ഒരേ പങ്കാളിയോടൊപ്പം ജീവിതം ആരംഭിച്ച് അവസാനിപ്പിക്കണമെന്ന് ഒരു നിർബന്ധവുമില്ല. ഞാൻ മൂന്ന് തവണ വിവാഹം കഴിച്ചു, വ്യത്യസ്ത രാജ്യങ്ങളിൽ നിന്ന്. ഓരോ സാഹചര്യവും വ്യത്യസ്തമായിരുന്നു. എന്റെ പിതാവ് പോലും ഇന്ത്യക്ക് പുറത്തുനിന്നാണ് വിവാഹം കഴിച്ചത്, അതിനാൽ ഞങ്ങളുടെ ഗാർഹിക അന്തരീക്ഷം ആഗോളമായിരുന്നു. എന്റെ വിവാഹങ്ങളൊന്നും വിജയിച്ചില്ല, പക്ഷേ ബന്ധങ്ങൾക്കെല്ലാം ഇന്നും ജീവനുണ്ട്. ഞങ്ങൾ ഒന്നിച്ച് താമസിക്കുന്നില്ല, പക്ഷേ ഞങ്ങളെപ്പോഴും പരസ്പരം കൂടെയുണ്ട്."-അദ്ദേഹം പറഞ്ഞു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi