കണ്ടും ചെയ്തും മടുത്ത പതിനഞ്ചേ പോയിന്റ് ആറിഞ്ച് ദീര്‍ഘചതുരം സ്വിച്ചോഫ് ചെയ്ത്, ഫ്രെയിമേതുമില്ലാത്ത പുതുകാഴ്ചകള്‍ കാണാന്‍ ജോര്‍ദാനിലെ തുറമുഖപട്ടണമായ അക്വാബ എയര്‍പോര്‍ട്ടിലേക്കാണ് ഞങ്ങള്‍ ഇറങ്ങിയത്. അബുദാബിയില്‍നിന്ന് ഞാനും, പ്രിയസുഹൃത്തുക്കള്‍ സുഹൈലും സമീറും. കവാടത്തില്‍ ചിരിക്കുന്ന മുഖവുമായി വിശേഷങ്ങള്‍ ചോദിച്ച്, തന്റെ നാട്ടിലെത്തുന്ന അതിഥികളെ സ്വീകരിക്കുന്നുണ്ട് എമിഗ്രേഷന്‍ ഓഫീസര്‍. ഷാരൂഖ് ഖാനും സല്‍മാന്‍ ഖാനുമെല്ലാം അദ്ദേഹത്തിന്റെ വര്‍ത്തമാനങ്ങളില്‍ നിറഞ്ഞു. ഒരു ജോര്‍ദാനി ഇന്ത്യയില്‍ വിമാനമിറങ്ങിച്ചെന്നാല്‍ അവിടത്തെ ഓഫീസര്‍മാരുടെ പെരുമാറ്റം ഇത്തരത്തിലുള്ളതായിരിക്കുമോ, ഞാന്‍ വെറുതേ ചിന്തിച്ചു. ഇന്ത്യക്കാര്‍ക്ക് ഓണ്‍ അറൈവല്‍ വിസ ഉണ്ടെങ്കിലും യു.എ.ഇ. റെസിഡന്‍സ് വിസ ഉള്ളതുകൊണ്ട് അധികം നൂലാമാലകളില്ലാതെ പുറത്തിറങ്ങി.
കുറഞ്ഞ സമയംകൊണ്ട് പരമാവധി കാഴ്ചകള്‍ കാണുക, അതും കുറഞ്ഞ ചെലവില്‍ എന്ന ഉദ്ദേശ്യത്തോടെയുള്ള യാത്രയാണിത്. നേരത്തേ ബുക്കുചെയ്തിരുന്ന റെന്റ് എ കാറില്‍ 'ഭൂമിയിലെ ചൊവ്വ' എന്നറിയപ്പെടുന്ന വാദിറമ്മിലേക്ക് തിരിച്ചു. ഇവിടേക്കുള്ള സന്ദര്‍ശനത്തിന് വൈകുന്നേരമാണ് നല്ലതെന്ന് പറഞ്ഞുകേട്ടിരുന്നു. അത് സത്യമാണെന്ന് തെളിയിക്കുന്നതായിരുന്നു മാനത്തുകണ്ട വര്‍ണജാലങ്ങള്‍. ഇളംനീലയില്‍നിന്ന് മൃദുവായ നീലയിലേക്കും ഇളം പിങ്കുനിറത്തിലേക്കും തിളക്കമുള്ള ഓറഞ്ചിലേക്കും കത്തുന്ന ചുവപ്പിലേക്കും പടരുന്ന വര്‍ണങ്ങള്‍.
ആകാശത്തെ ഈ വര്‍ണക്കുടമാറ്റം അദ്ഭുതത്തോടെ കണ്ടുനില്‍ക്കെ ഏതോ യക്ഷിക്കഥയിലെ ലോകത്ത് എത്തിയതുപോലെ. ആ വിസ്മയക്കാഴ്ച കണ്ട്, മാനം നോക്കി പഴയ ബെഡൂയിന്‍ ശൈലിയില്‍ മണല്‍പ്പരപ്പിലൊരുക്കിയ ടെന്റില്‍ ഞങ്ങള്‍ കിടന്നു. ഈ ആകാശവും നക്ഷത്രങ്ങളും എനിക്കുവേണ്ടി താഴേക്കിറങ്ങിവന്നതായിരുന്നില്ല. മറിച്ച്, എന്റെ ഹൃദയം അവയ്ക്കരികിലേക്ക് ഉയര്‍ത്തപ്പെട്ടതായിരുന്നു.
പ്രഭാതത്തിലെ പൊന്‍വെയിലില്‍ വാദിറമ്മില്‍ വീണ്ടും നിറങ്ങള്‍ തുടിച്ചുനിന്നു. ഇവിടത്തെ മണല്‍പ്പരപ്പുകളും താഴ്വരകളുമാണ് ബ്ലെസ്സിയുടെ ആടുജീവിതം എന്ന സിനിമയ്ക്ക് പശ്ചാത്തലമായത്. ഒട്ടേറെ ഹോളിവുഡ് സിനിമകളിലും ഗാനരംഗങ്ങളിലും വാദിറം കണ്ടിട്ടുണ്ട്. പണ്ട് പണ്ട് നബാത്തിയന്‍മാര്‍ കൈകളാല്‍ ലിഖിതങ്ങള്‍ കോറിയിട്ട മണല്‍ക്കല്ലുകള്‍ക്കിടയിലൂടെ ജീപ്പോടിച്ച് മൂന്നുമണിക്കൂറില്‍ കാഴ്ചയൊതുക്കി.

വാദിറമ്മില്‍നിന്ന് വണ്ടി മുന്നോട്ടുവിട്ടു, 115 കിലോമീറ്റര്‍ അകലെയുള്ള, അറബ് നാടോടികളുടെ കരവിരുതില്‍ രൂപംകൊണ്ട വാദിമൂസയിലെ പെട്രയിലേക്ക്. വിശപ്പ് വലിയൊരു വെല്ലുവിളിയായി വയറ്റില്‍ നിറഞ്ഞപ്പോള്‍ മന്‍സഫ കഴിച്ചു. ജോര്‍ദാന്റെ ദേശീയഭക്ഷണമാണത്. ജോര്‍ദാനിലെ പുരാതനനഗരമാണ് പെട്ര. കൊത്തുപണികളോടുകൂടിയ ഇവിടത്തെ ഗുഹാസമുച്ചയം യുനെസ്‌കോയുടെ ലോക പൈതൃകപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
പ്രവേശനം പാസ് മുഖേനയാണ്. ഇത് ജോര്‍ദാനിലേക്ക് എത്തുന്നതിനും മുന്‍പേ ഓണ്‍ലൈനില്‍ (www.jordanpass.jo) വാങ്ങിയാല്‍ എന്‍ട്രി ഫീ നല്‍കേണ്ടതില്ല. കൂടാതെ നാല്‍പ്പതിലധികം വിനോദസഞ്ചാരകേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാനും പാസ് ഉപയോഗിക്കാം. കവിയുടെ അനന്തമായ ഭാവനയ്ക്കും ശില്പിയുടെ കരവിരുതിനുമപ്പുറത്ത് കാലം കല്ലില്‍ കൊത്തിവെച്ച മഹാദ്ഭുതമാണ് പെട്ര. ആധുനികലോകത്തിന് പ്രകൃതിയും പ്രാചീന നബാത്തിയന്‍ സംസ്‌കൃതിയും ചേര്‍ന്ന് ഹൃദയംകൊണ്ട് കനിഞ്ഞുനല്‍കിയ വിസ്മയം.
റോക്ക്കട്ട് ആര്‍ക്കിടെക്ചര്‍ സാങ്കേതികതയുടെ ആദ്യകാലരൂപമുപയോഗിച്ച് ചെങ്കല്‍ശിലാപ്രതലങ്ങളെ താഴോട്ട് കൊത്തിയെടുത്ത് നിര്‍മിച്ച കെട്ടിടങ്ങളും ചെങ്കല്‍ ഖജാനയും. വലുതും അലങ്കരിച്ചതുമായ ശവകുടീരങ്ങളും മഴവെള്ളസംഭരണികളും ജലസേചനസംവിധാനങ്ങളും തിയേറ്ററും. വാസ്തുശില്പങ്ങളിലൂടെയും അവശിഷ്ടങ്ങളിലൂടെയും പാശ്ചാത്യലോകത്തിന് ചില ചരിത്രങ്ങള്‍ മനസ്സിലായിരിക്കാം. എന്നാല്‍, ചില നിഗൂഢതകള്‍ക്ക് ഒരിക്കലും നമുക്ക് ഉത്തരം കണ്ടെത്താനായെന്ന് വരില്ല. പ്രത്യേകിച്ച് നൂറ്റാണ്ടുകള്‍ക്കുമുന്നേ ഉപേക്ഷിക്കപ്പെട്ടതായി കണ്ടെടുക്കപ്പെട്ട പെട്രയിലെ ചില കാഴ്ചകള്‍.
200 മീറ്റര്‍ വരെ വീതിയിലുള്ള പാറയിലെ പിളര്‍പ്പായ സിക്ക് വഴി പെട്രയിലേക്ക് പ്രവേശിക്കുമ്പോള്‍ ഞാനോര്‍ത്തു, ഈ കാഴ്ച ഞാന്‍ കണ്ടിട്ടുണ്ടല്ലോ! പണ്ട് തറവാട്ടിലെ മണ്‍ചുമരില്‍ തൂക്കിയിട്ടിരുന്ന കലണ്ടറില്‍ ഈ ചിത്രമുണ്ടായിരുന്നു. പിന്നീട് വിന്‍ഡോസ് 98-ന്റെ വാള്‍പേപ്പറിലും കണ്ടു ഈ അദ്ഭുതനിര്‍മിതി. അന്‍പതോളം മീറ്റര്‍ ഉയരത്തിലുള്ള പാറക്കെട്ടുകളുടെ വിടവിലൂടെയുള്ള ദൂരക്കാഴ്ചയാണ് പൂര്‍ണരൂപത്തിലുള്ള കാഴ്ചയെക്കാള്‍ എനിക്കിഷ്ടമായത്.

എത്തിച്ചേരാന്‍ ബുദ്ധിമുട്ടുള്ള നിരവധി സ്ഥലങ്ങളും കാഴ്ചകളും പെട്രയിലുണ്ട്. പെട്രയുടെ ഏറ്റവും മനോഹരമായ നിര്‍മിതിയിലൊന്നായ ആസ് ഡയര്‍ (മൊണാസ്ട്രി) ആണ് അതിലൊന്ന്. മലകള്‍ക്കിടയിലൂടെയുള്ള കല്‍പ്പടവുകള്‍ കയറിയെത്താന്‍ മണിക്കൂറുകളെടുക്കും. അതുകൊണ്ടുതന്നെ അബുദാബി മുതല്‍ ജോര്‍ദാന്‍ വരെയുള്ള വിമാനടിക്കറ്റിന്റെ ഇരട്ടി കാശുകൊടുത്ത് കഴുതപ്പുറത്താണ് മൊണാസ്ട്രിയിലേക്കു പോയത്. എന്തുകൊണ്ടോ വിമാനയാത്രയെക്കാളും ഇഷ്ടപ്പെട്ടതും കഴുതപ്പുറത്തുള്ള ആ യാത്രയാണ്.
മലയിറങ്ങിവന്നപ്പോള്‍ രാത്രി അവിസ്മരണീയമാക്കാനുള്ള ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞിരുന്നു. സാന്ധ്യശോഭയുടെ മൂടിയ മഞ്ഞവെളിച്ചത്തില്‍ പെട്രയും ചുവന്ന പാറക്കെട്ടുകളും ഇടവഴികളും നമ്മെ മറ്റൊരു കാഴ്ചയുടെ അനുഭൂതിയിലേക്ക് കൊണ്ടുപോവും. അന്നു രാത്രിതന്നെ 200 കിലോമീറ്റര്‍ അകലെയുള്ള ചാവുകടല്‍ (Dead Sea) തീരത്തെ ഹോട്ടലില്‍ തിരിച്ചെത്തേണ്ടിയിരുന്നു. അതുകൊണ്ടുതന്നെ പെട്രയിലെ സംഗീതസന്ധ്യ കാണാന്‍ കഴിഞ്ഞില്ല. എങ്കിലും മടക്കയാത്രയില്‍ ആ അദ്ഭുതലോകം സ്വര്‍ണവെളിച്ചത്തില്‍ കാണാനുള്ള ഭാഗ്യം ഞങ്ങള്‍ക്കുണ്ടായി.
യാത്രകള്‍ ഇങ്ങനെയാണ്, പലപ്പോഴും അത് നമ്മള്‍ പ്രതീക്ഷിച്ച രീതിയില്‍ മാത്രമായിരിക്കില്ല എതിരേല്‍ക്കുക. ഹൃദയംകൊണ്ട് അതില്‍ ലയിച്ചാല്‍ വലുതും ചെറുതുമായ, ജീവിതത്തില്‍ മുന്‍പ് കാണാത്തതും അനുഭവിച്ചറിയാത്തതുമായ പലതും നമ്മെത്തേടിയെത്തും. ചാവുകടലിലേക്കുള്ള മൂന്നരമണിക്കൂര്‍ യാത്രയില്‍ പലപ്പോഴും ഞങ്ങള്‍ മൗനത്തിലായിരുന്നു. രണ്ടുദിവസമായി യാത്ര ഞങ്ങള്‍ക്കായി ഒരുക്കിത്തന്ന അനുഭവങ്ങളിലൂടെ ഒരു സ്വപ്‌നാടനം.
Content Highlights: through wadi rum desert in jordan
Published: 23 Jun 2024, 10:30 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented