അബുദാബിയിൽനിന്ന് എയർ അറേബ്യ വിമാനം പറന്നുയർന്നപ്പോൾ സീറ്റുകളെല്ലാം നിറഞ്ഞിരുന്നു. അത് കണ്ടപ്പോഴാണ് മനസ്സ് തെല്ലൊന്ന് തണുത്തത്. ''സംഘർഷഭൂമിയാണ്, എന്തെങ്കിലും പ്രതികൂലസാഹചര്യത്തിൽ പെട്ടാൽ എന്നെ വിളിക്കരുത്. ടെൻഷനടിക്കാൻ വയ്യ.'' ദുബായിലെ ലെബനൻ എംബസിയിൽനിന്ന് വിസ വന്നതറിഞ്ഞപ്പോഴേ ജീവിതപാതിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു. സഹപ്രവർത്തകനായ ലെബനൻ സ്വദേശി സമീപകാലത്ത് നാട്ടിൽ പോയിവന്ന ധൈര്യത്തിലാണ് ഇറങ്ങിപ്പുറപ്പെട്ടത്. എപ്പോൾവേണമെങ്കിലും എന്തും സംഭവിക്കാമെന്ന ആധി അപ്പോഴും മനസ്സിലുണ്ടായിരുന്നു.

ഭൂഖണ്ഡങ്ങളുടെ നടുവിൽ
മൂന്നേകാൽ മണിക്കൂറിനുള്ളിൽ കടലിനെ തൊട്ടുതലോടിയപോലെ വിമാനം ബെയ്റൂത്തിലെ റഫീഖ് ഹരീരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ പറന്നിറങ്ങി. ലാൻഡ്‌ചെയ്യുമ്പോൾ ജനാലയിലൂടെ കണ്ട കാഴ്ച മനോഹരം; മുന്നിൽ നീലനിറത്തിലുള്ള മെഡിറ്ററേനിയൻ കടൽ, പിന്നിൽ മഞ്ഞും മേഘവും മൂടിയ മലനിരകൾ. യൂറോപ്-ഏഷ്യ-ആഫ്രിക്ക ഭൂഖണ്ഡങ്ങളുടെ നടുവിൽ സ്ഥിതിചെയ്യുന്ന ലെബനൻ, അപൂർവതകളുടെയും വൈവിധ്യങ്ങളുടെയും ദേശമാണ്. വടക്കും കിഴക്കും സിറിയയും തെക്കുഭാഗത്ത് ഇസ്രയേലുമാണ് അതിര്.

'സോളമന്റെ സങ്കീർത്തനങ്ങളി'ൽ പ്രഘോഷിക്കുന്ന സുന്ദരിമാരുടെ, സുഗന്ധദ്രവ്യങ്ങളുടെ, തെളിനീരരുവികളുടെ നാട്. ചരിത്രത്തിന്റെ ഏടുകളിൽ ഫിന്നിഷ് വ്യാപാരികളും റോമൻ സാമ്രാജ്യവും ഒട്ടമൻ, ഫ്രഞ്ച് ഭരണാധികാരികളും മുദ്രപതിപ്പിച്ച നാട്. ഇസ്രയേലിലേക്ക് ഇറാൻ അയച്ച മിസൈലുകൾ, ഒരു വെടിക്കെട്ട് കാണുന്ന ലാഘവത്തോടെ കയ്യിൽ മദ്യചഷകവുമേന്തി ആഘോഷിക്കുന്ന ലെബനൻ ജനതയുടെ അടുത്തേക്ക് ആ പഴയ സുവർണകാലം സ്വപ്‌നംകണ്ട് ഒരു സഞ്ചാരിക്ക് കടന്നുചെല്ലാനാകുമോ?

ആഭ്യന്തരയുദ്ധത്തിന്റെ കാർമേഘങ്ങൾ മൂടിയ രാജ്യത്തിന് പലസ്തീൻ, സിറിയൻ അഭയാർഥിപ്രവാഹംകൂടിയായതോടെ മതേതരസ്വഭാവം നഷ്ടപ്പെട്ടു. സിറിയയിലെ ഇസ്രയേൽ ഇടപെടലുകളും കോവിഡ് കാലവും തകർച്ചയുടെ ആക്കം കൂട്ടി. ഇമിഗ്രേഷനിൽ വലിയ ചോദ്യോത്തരപരിപാടി ഉണ്ടായില്ല. എയർപോർട്ടിന് പുറത്ത് കണ്ട 20 ഡോളറിന്റെ ടാക്സിയിൽ നഗരത്തിലേക്ക് തിരിച്ചു. വഴിയരികിൽ ദുബായ് നഗരത്തെ ഓർമ്മിപ്പിക്കുന്ന വലിയ കെട്ടിടങ്ങളും ആഡംബര കാറുകളും. സ്ത്രീകളുടെ വസ്ത്രധാരണത്തിൽ ഫ്രഞ്ച് സ്വാധീനമുള്ള ഫാഷൻ സെൻസ് വ്യക്തം.

പീജിയൻ റോക്‌സ്‌
അഷറഫിയ ഏരിയയിലെ ഹോസ്റ്റലിലായിരുന്നു താമസം. പാരിസിൽനിന്നുള്ള മാധ്യമപ്രവർത്തക ലിയോ മാത്രമാണ് സഹവാസി. തുടർന്ന് പീജിയൻ റോക്സ് കാണാൻ കോർണിഷിലേക്ക് പോകവേ വഴിയരികിലെ ചുവരുകളിൽ 'ഇറാൻ പുറത്തുപോകൂ', 'സ്ത്രീകൾക്ക് സ്വാതന്ത്ര്യം വേണം' എന്നൊക്കെ എഴുതിയിരിക്കുന്നത് കണ്ടു. ആ ഭാഗം അർമേനിയൻ ക്രിസ്ത്യാനികൾ കൂടുതലുള്ള സ്ഥലമാണത്രേ. ഒരു സൈഡ് ബിസിനസായി ഇവിടത്തെ പ്രദേശവാസികൾ യാത്രക്കാരെ ചെറുദൂരത്തേക്കൊക്കെ പിക്ക് ചെയ്ത് കൊണ്ടുപോകാറുണ്ട്.

ഊബറിനെക്കാളും കുറഞ്ഞ നിരക്കിൽ. ബെയ്റൂത്തിന്റെ കടൽത്തീരമായ റൗഷെ പ്രദേശത്ത് സമുദ്രത്തിൽ തലപൊക്കിനിൽക്കുന്ന രണ്ട് പാറക്കൂട്ടങ്ങളാണ് പീജിയൻ റോക്സ്. ദശലക്ഷക്കണക്ക് വർഷങ്ങളായി കടൽക്കാറ്റിന്റെ തലോടലും തിരമാലകളുടെ തഴുകലും ഏറ്റ് രൂപപ്പെട്ട ചുണ്ണാമ്പുകല്ലുകൊണ്ടുള്ള 'ശിലാശില്പങ്ങൾ'. ഗ്രീക്ക് പുരാണത്തിലെ ആൻഡ്രോമിഡയെ കടൽരാക്ഷസന് ബലി നൽകാനായി ബന്ധനത്തിലാക്കിയിരുന്നത് ഇവിടെയാണത്രേ. പേഴ്സ്യസ്, മെദൂസയുടെ തല ഉയർത്തിക്കാട്ടി രാക്ഷസനെ കല്ലാക്കി എന്നൊരു മുത്തശ്ശിക്കഥയുമുണ്ട്.

പീജിയൻ റോക്സിന്റെ രണ്ട് പാറകൾക്കിടയിലൂടെയും അതിനടിയിലുള്ള വിടവുകളിലൂടെയും പോയപ്പോൾ ബോട്ട് ഓളങ്ങളിൽ ചാഞ്ചാടിയുലഞ്ഞു. സായാഹ്നത്തിന്റെ വിടവാങ്ങൽ അറിയിച്ചുകൊണ്ട് ഓറഞ്ച് വെളിച്ചം പരത്തി ആകാശദീപം മിഴിപൂട്ടുന്നതും നോക്കി ബോട്ടിലിരുന്നു. ബോട്ടിറങ്ങി സെറ്റുന ബേ ലക്ഷ്യമാക്കി നടന്നു. കടലോരം ചേർന്ന് നീണ്ട പാതയുടെ ഒരുവശത്ത് സ്റ്റാർ ഹോട്ടലുകളും റിസോട്ടുകളും. മറുവശത്ത് നങ്കൂരമിട്ട ആഡംബര കപ്പലുകൾ. പാതയോരത്തെ റസ്റ്ററന്റുകളിൽനിന്ന് അലയടിക്കുന്ന സംഗീതം. ഇവിടെ രാത്രികൾ സജീവമാണ്. യുവാക്കളും കുടുംബങ്ങളും വിനോദങ്ങൾക്കായി എത്തുന്നു. അടുത്തനിമിഷം കണ്ണിൽ പതിഞ്ഞത് റോസാപൂ വില്പനക്കാരായ ചെറുകുട്ടികളെയാണ്. ജീവിതത്തിന്റെ ഫ്രെയ്മുകൾ എത്ര വ്യത്യസ്തമാണ്.

സൂര്യന്റെ നഗരം തേടി
ചരിത്രനഗരമായ ബാൽബെക് ആയിരുന്നു അടുത്ത ലക്ഷ്യം. ലെബനന്റെ കിഴക്കൻഭാഗത്ത് സിറിയൻ അതിർത്തിയോട് ചേർന്നു

കിടക്കുന്ന പ്രദേശമാണിത്. പോകുംവഴി ചെക്‌പോസ്റ്റുകൾ ഒട്ടേറെയുണ്ട്. ജർമനിയിൽനിന്നുള്ള യുഗർ, സിറിയക്കാരിയായ ഡാനിയയും കുടുംബവും എന്നിവർ മാത്രമായിരുന്നു എന്നെക്കൂടാതെ ബസിൽ വിദേശികളായി ഉണ്ടായിരുന്നത്. വിദേശരാജ്യങ്ങളിൽ ജോലിചെയ്യുന്ന ലെബനൻ സ്വദേശികളായിരുന്നു ബാക്കി സഞ്ചാരികൾ. ഡമാസ്‌കസിലേക്ക് നീളുന്ന ഹൈവേയിലൂടെയായിരുന്നു സഞ്ചാരം. താഴ്ന്നപ്രദേശങ്ങൾ കടന്നതോടെ മലകളും പച്ചപ്പുള്ള കാടുകളും വെള്ളച്ചാട്ടങ്ങളും ദൃശ്യമായി. മിഡിൽ ഈസ്റ്റ് ആണെന്നുപോലും തോന്നില്ല. ലെബനന്റെ മറ്റൊരു മുഖം.

ആന്റി-ലെബനൻ മലനിരകളുടെ ഇടയിലാണ് സമൃദ്ധിയുടെ പ്രതീകമായ ബെക്കാ താഴ്‌വര. റോമൻകാലംമുതൽതന്നെ ലെബനന്റെ കലവറ. ഇന്നും രാജ്യത്തിന്റെ ഏറ്റവും വലിയ കാർഷികകേന്ദ്രം. തക്കാളി, ഉരുളക്കിഴങ്ങ്, ഗോതമ്പ്, ഒലീവ്, മുന്തിരി എന്നിവയാണ് പ്രധാന വിളകൾ. ഇടയ്ക്ക് കഞ്ചാവുപാടങ്ങളും ഉണ്ട്. ഗവൺമെന്റ് നിരോധനത്തിന് ശ്രമിച്ചെങ്കിലും ഗ്രാമീണരുടെ സാമ്പത്തികസ്ഥിതിയെ ബാധിക്കുമെന്നതിനാൽ കണ്ണടച്ചിരിക്കുകയാണ്. നിയന്ത്രിതമായ മയക്കുമരുന്ന് ഉപയോഗത്തിന് അനുമതി നൽകിയ ആദ്യ അറബ് രാജ്യമാണ് ലെബനൻ.

ആയുധങ്ങൾക്ക് പകരമായി സിറിയയിലേക്ക് കഞ്ചാവ് വിൽക്കുന്ന തീവ്രവാദഗ്രൂപ്പുകളും ഉണ്ടെന്നതാണ് വസ്തുത. ഹിസ്ബുള്ളയുടെ ശക്തമായ കോട്ടയാണ് ബാൽബെക്. ഇടയ്ക്ക് ദൂരേനിന്ന് കേൾക്കുന്ന വെടിയൊച്ചകളുടെ ശബ്ദം നെഞ്ചിടിപ്പ് വേഗത്തിലാക്കി. ബസ് ഒരു ഇടവഴിയിലേക്ക് തിരിയവേ മനുഷ്യനിർമിതമായ പ്രെഗ്നന്റ് സ്റ്റോൺ കണ്ടു. ലോകത്തിലെ ഏറ്റവും വലിയ ഒറ്റക്കല്ലാണ് ഇത്. ബാൽബെക് ക്ഷേത്രനിർമാണത്തിനായി ഭീമൻ കല്ലുകൾ എടുത്തിരുന്നത് ഇവിടെനിന്നാണ്.

ഫിനിഷിന്റെ കാലംമുതൽ സൂര്യദേവനായ ബാലിനെ ആരാധിച്ച ക്ഷേത്രമായിരുന്നു ഉണ്ടായിരുന്നത്. പിന്നീട് ഗ്രീക്, റോമൻ ഭരണം അതിനെ 'ഹീലിയോപൊളിസ്' അഥവാ സൂര്യന്റെ നഗരമാക്കിമാറ്റി. അവർ ലോകത്തിലെ ഏറ്റവും വിസ്മയകരമായ ക്ഷേത്രങ്ങൾ പണികഴിപ്പിച്ചു. ജൂപ്പിറ്ററുടെയും മുന്തിരിവള്ളികളുടെ നാട്ടിൽ, വീഞ്ഞിന്റെ ദേവനായ ബാക്കസിന്റെയും വീനസിന്റെയും എല്ലാം ക്ഷേത്രാവശിഷ്ടങ്ങൾ കാണാം. ഇവിടെ ശിലകൾ മൗനമായി ചരിത്രം അനാവരണം ചെയ്യുകയാണ്.

ബെക്കാ താഴ്‌വരയിലെ സാറ വൈനറിയിലേക്കായിരുന്നു പിന്നെ പോയത്. ലെബനനിലെ ഏറ്റവും പഴയ വൈൻനിർമാണകേന്ദ്രം. ഏകദേശം രണ്ടായിരം വർഷങ്ങൾക്കുമുൻപ് സൈനികാവശ്യങ്ങൾക്കും സംഭരണത്തിനുമായി റോമാക്കാർ നിർമിച്ച ഭൂഗർഭ ഗുഹകളിലാണിത് പ്രവർത്തിക്കുന്നത്. ആരാലും ശ്രദ്ധിക്കപ്പെടാതെകിടന്ന ഈ ഗുഹകൾ 1857-ൽ ജെസ്യൂട്ട് പാതിരിമാർ കണ്ടെത്തി വൈൻസംഭരണത്തിനായി ഉപയോഗിക്കാൻതുടങ്ങി. ലക്ഷക്കണക്കിന് വൈൻകുപ്പികൾ ക്രമമായി നിരത്തിവെച്ച, ശീതളമായ ഇരുണ്ട ഇടനാഴികളിലൂടെ ഗൈഡിനൊപ്പം നടന്ന് എല്ലാം കണ്ടറിഞ്ഞു. ഒരിടത്തിരുന്ന്, സൗജന്യ വൈൻ രുചിച്ചു. ഇഷ്ടപ്പെട്ടാൽ വിലനൽകി വാങ്ങാം.

കാലത്തിൻ ഓർമ: ബിബിലോസ്‌
ലെബനനിലെ പഴയ തുറമുഖനഗരമാണ് ബിബിലോസ്. പുരാതന ഫിനിഷ് സംസ്‌കാരത്തിന്റെ ആധാരകേന്ദ്രമാണ്. ബിബിലോസ് കോട്ടയുടെ കല്ലുപാതകളിലൂടെ നടക്കുമ്പോൾ, കാലത്തിന്റെ ആഴങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന ഒരു വിചിത്രലോകം തുറന്നു. ഒരു ഫോസിൽ കട. കണ്ണാടിക്കൂടുകളിൽ നൂറുകോടി വർഷം പഴക്കമുള്ള ജീവാംശങ്ങൾ നിരന്നിരിക്കുന്നു. മത്സ്യങ്ങൾ, ചെറുകിളികൾ, ചിപ്പികൾ അങ്ങനെ എണ്ണൂറിലധികം ജീവികൾ. എല്ലാം കല്ലിനുള്ളിൽ ഉറഞ്ഞുപോയവ.

ലെബനന്റെ പർവതശ്രേണികളിൽനിന്നുള്ള കണ്ടെത്തലുകൾ, ശാസ്ത്രജ്ഞർക്കും വിനോദസഞ്ചാരികൾക്കും ഒരുപോലെ അദ്ഭുതമായ കാലത്തിന്റെ ഓർമ്മയാണ്. 2012-ൽ പോപ് ബെനഡിക്റ്റ് ലെബനൻ സന്ദർശിച്ചപ്പോൾ അദ്ദേഹത്തിന് ഔദ്യോഗിക സമ്മാനമായി നൽകിയതും ഇവിടത്തെ ഒരു മത്സ്യഫോസിലാണ്. വിമാനത്തിൽ കയറുമ്പോൾ, കളയാൻപറഞ്ഞാലും വലിയ നഷ്ടംവരാത്ത ചെറിയ രണ്ട് ഫോസിലുകൾ വാങ്ങിക്കാനും മറന്നില്ല. ബെക്കാ താഴ്‌വരയിലെ കാഴ്ചകൾ തീർന്നിരുന്നില്ല.

സഹസ്രാബ്ദങ്ങൾ പഴക്കമുള്ള ലെബനന്റെ ദേശീയചിഹ്നമായ ദേവദാരുമരങ്ങൾ, രാജ്യത്തിന്റെ കലാസൗന്ദര്യത്തിന്റെയും വാസ്തുശൈലിയുടെയും മാതൃകയായി നിലകൊള്ളുന്ന അമീർ ബഷീർ ഷിഹാബ് പണികഴിപ്പിച്ച 11-ാംനൂറ്റാണ്ടിലെ കൊട്ടാരം എന്നിവകൂടിയുണ്ടായിരുന്നു. കവിയും ചിത്രകാരനും തത്ത്വചിന്തകനുമായ ഖലീൽ ജിബ്രാന്റെ ആത്മാവിലേക്കുള്ള പ്രയാണമായിരുന്നു ബ്ഷറയിലെ ജിബ്രാൻ മ്യൂസിയത്തിന്റെ കാഴ്ചകൾ. മൗനംപോലും വാക്കുകൾപോലെ തോന്നും. അവിടെയിരുന്ന് ഞാൻ ഓർത്തത് 'മുറിഞ്ഞ ചിറകുകൾ' എന്ന കൃതിയിലെ സൽമയെയും അദ്ദേഹത്തിന്റെ നഷ്ടപ്രണയത്തെയും അതിന്റെ വേദനയുമാണ്.

പൈൻമരങ്ങളുടെ നിരകൾ, ചെറുഗ്രാമങ്ങൾ, മലമുകളിലേക്ക് കയറിപ്പോകുന്ന ചുരം പാതകൾ. ഇതെല്ലാം കടന്നെത്തി, ജെയ്റ്റാ ഗ്രോട്ടോയിലേക്ക്. ഒൻപതുകിലോമീറ്ററോളം വിസ്തൃതിയിൽ ബഹുനിലക്കെട്ടിടങ്ങളുടെ ഉയരത്തിൽ ഭൂമിക്കടിയിൽ കാത്സ്യം പാറകളാൽ രൂപപ്പെട്ട ഗുഹാസമുച്ചയമാണ് ജെയ്റ്റ ഗ്രോട്ടോ. ഭൂഗർഭ നദികളും ഭൂഗർഭ അറകളും കൊണ്ട് പ്രശസ്തമായ ഇടം. നഹ്ർ അൽ കൽബ് നദിയിൽ പതിക്കുന്ന വെള്ളച്ചാട്ടം കണ്ടുകൊണ്ട് കേബിൾ കാറിൽ ഗ്രോട്ടോയുടെ മുകളിലെത്തി. ഗുഹയുടെ അകത്തേക്ക് പടിയിറങ്ങിയപ്പോൾ, തണുത്ത വായുവിനൊപ്പം പ്രകാശം മങ്ങി. പ്രകൃതിയാണ് ഇവിടെ ശില്പിയും കലാകാരനും. മുകളിലൂടെ തൂങ്ങിനിൽക്കുന്ന ചുണ്ണാമ്പുകല്ലുകൾ, ആ സ്ഥലത്തെ ഒരു സ്വർഗീയ ശില്പശാലയാക്കിമാറ്റുകയാണ്. ചെറിയ ഗ്രോട്ടോയുടെ വാതിൽക്കൽ-'തോക്കുമായി പ്രവേശിക്കരുത്' എന്ന ബോർഡ് കണ്ടത് കൗതുകമുണർത്തി. ഗുഹയിൽ ഫോട്ടോഗ്രഫിയും അനുവദിക്കുന്നില്ല. അകത്ത് ഭൂമിക്കടിയിലൂടെ ഒഴുകുന്ന നദിയിലൂടെ ചെറിയ ബോട്ടിൽ സഞ്ചരിച്ച് ഗുഹകൾ കണ്ടത് വേറിട്ടൊരു അനുഭവമായിരുന്നു.

ട്രിപ്പോളി: ലെബനന്റെ ഉത്തരമുഖം
ലബനന്റെ രണ്ടാമത്തെ വലിയ നഗരമാണ് ട്രിപ്പോളി. പച്ചനിറമുള്ള അബൂ അലീ നദിയും മുകളിലേക്ക് ഉയർന്നുനിൽക്കുന്ന പഴയ പട്ടണത്തിന്റെ മിനാരങ്ങളും. ട്രിപ്പോളിക്കൊരു മുഷിഞ്ഞ വേഷമാണ്. പഴമയുടെ ഛായയാണ് എല്ലായിടത്തും. ലെബനനി ൽ ഓട്ടോറിക്ഷകൾ കണ്ടത് ഇവിടെയാണ്. ഒരു ഓട്ടോറിക്ഷയിൽ ട്രിപ്പോളി കോട്ടയ്ക്ക് മുകളിലെത്തിയപ്പോൾ ഞെട്ടിപ്പോയി-പട്ടാളവണ്ടികൾ, സൈനികർ, കോട്ടയുടെ ചുറ്റിലും കർശനമായ സുരക്ഷാസംവിധാനം. സിറിയ അതിർത്തിക്കടുത്തായതും കുരിശുയുദ്ധകാലത്തെ പ്രധാന പ്രതീകമായതുകൊണ്ടുമാണ് ഈ സുരക്ഷ.

കുരിശുയുദ്ധകാലത്ത്, 1103-ൽ നിർമിച്ച ഈ കോട്ട, പിന്നീട് മംലൂക്കുകളും ഓട്ടോമനും വീണ്ടും വീണ്ടും പണികഴിപ്പിച്ചതിനാൽ, ഓരോ മൂലയും ഓരോ കാലഘട്ടത്തിന്റെ കഥ പറയുന്നുണ്ട്. സൈനികർ കാത്തിരുന്ന മുറികളും പ്രാർഥന മുഴങ്ങിയിരുന്ന ചെറിയ മസ്ജിദിന്റെ അവശിഷ്ടങ്ങളും കുതിരകളെ നിർത്തിയിരുന്ന തറകളും താണ്ടി കോട്ടയുടെ ഉള്ളിലേക്ക്. മുകളിൽ കണ്ടു, സമുദ്രതീരത്തോളം പടർന്നുനിൽക്കുന്ന ട്രിപ്പോളിയുടെ കാഴ്ച. പഴയ സൂഖുകളും സ്വർണക്കടകളും ദൂരേയുള്ള അൽ-മൻഷിയ മസ്ജിദും പച്ചനിറമുള്ള നദിയും ചെറിയ പാലങ്ങളും അറബിക്കഥപോലെ സുന്ദരമായിരുന്നു.

തെരുവുകളിലെ രക്തം
ബയ്റുത്തിൽ മടങ്ങിയെത്തിയശേഷമാണ് സാഹസികത നിറഞ്ഞ കാഴ്ചകളെപ്പറ്റി ചിന്തിച്ചത്. മുൻ പ്രസിഡന്റ് റഫീക്ക് ഹരീരി വധിക്കപ്പെട്ട തെരുവും 750 ടൺ അമോണിയം നൈട്രേറ്റ് പൊട്ടിത്തെറിച്ച തുറമുഖവും യുദ്ധത്തിലും പോരാട്ടങ്ങളിലും തകർന്ന കെട്ടിടങ്ങളും ഒക്കെ കാഴ്ചകളായി വന്നിരുന്നെങ്കിലും ഇസ്രയേലിന്റെ ബോംബാക്രമണത്തിൽ തകർന്ന കെട്ടിടങ്ങളൊന്നും കണ്ടിരുന്നില്ല. ഗൂഗിളിൽ പരതിയപ്പോൾ ഒരു ലൊക്കേഷൻ കണ്ടു.

എന്നാൽ, അതിന്റെ പേരുപറഞ്ഞാൽ ടാക്‌സി വരുമോ എന്നറിയാത്തതിനാൽ സമീപത്തെ മറ്റൊരു ബിൽഡിങ് അടയാളമായി പറഞ്ഞു. അവിടെ എന്തു കാണാനാണെന്നായി ഡ്രൈവർ മുഹമ്മദ്. ഞാൻ സത്യസന്ധയായി പറഞ്ഞു: ''ഇസ്രയേൽ ബോംബിട്ട കെട്ടിടം കാണാൻ.'' പോർട്ടിലും മറ്റു സ്ഥലങ്ങളിലും പോയ കാര്യമൊക്കെ പറഞ്ഞപ്പോൾ ഇസ്രയേൽ ബോംബിട്ട കെട്ടിടവും സമീപത്ത് ആഭ്യന്തരയുദ്ധത്തിൽ തകർന്ന മറ്റൊരു കെട്ടിടവും കാട്ടിത്തന്നു. പിന്നീട്, കുറച്ചുനേരത്തെ നിശ്ശബ്ദതയ്ക്ക് ശേഷം അദ്ദേഹം ചോദിച്ചു: ''ഇങ്ങനെയുള്ള സ്ഥലങ്ങൾ കാണാൻ താത്പര്യമുണ്ടെങ്കിൽ, ഞാൻ ഒരു പ്രത്യേക സ്ഥലത്ത് കൊണ്ടുപോകാം, ദാഹിയയിലേക്ക്.''

ദാഹിയ?! ഹിസ്ബുള്ളയുടെ ആസ്ഥാനം. ജേണലിസ്റ്റുകൾപോലും പോകാൻ ഭയപ്പെടുന്ന സ്ഥലം. ഞാൻ ഞെട്ടി. എങ്കിലും തിരിച്ചറിയാത്തതുപോലെ ശാന്തമായി ചോദിച്ചു: ''അവിടെ എന്താണ് പ്രത്യേകത?'' ''ഹിസ്ബുള്ളനേതാവ് ഹസൻ നസ്രല്ല കൊല്ലപ്പെട്ട പ്രദേശം. അവിടേക്ക് ഞാൻ കൊണ്ടുപോകാം. പക്ഷേ, ചില നിബന്ധനകളുണ്ട്: ഞാൻ പറയാതെ കാറിൽനിന്നിറങ്ങരുത്. ഫോട്ടോയും വീഡിയോയും എടുക്കരുത്.''

ഞാൻ ഇവിടേക്കു വരുന്നതിന്റെ മൂന്നുദിവസം മുൻപ് ഒരു ഇന്ത്യൻ യൂട്യൂബർ അവിടെച്ചെന്നതും ആളിനെ അവിടെ തടഞ്ഞുവെച്ചതും അയാൾ ഓടിരക്ഷപ്പെട്ടതും സാമൂഹികമാധ്യമത്തിൽ കണ്ടിരുന്നു. താമസക്കാരല്ലാതെ ലെബനനിലെ സാധാരണക്കാർ പോലും പോകാത്ത സ്ഥലമാണ് ദാഹിയ. ഇരുൾ പടർന്നുതുടങ്ങിയിരുന്നു. പോകണോ വേണ്ടയോ? എന്റെ മനസ്സു വായിച്ചപോലെ മുഹമ്മദ് പറഞ്ഞു: ''ഞാൻ അവിടെ താമസിക്കുന്ന ഷിയാ വിഭാഗത്തിൽപ്പെട്ട ആളാണ്. എന്നോടൊപ്പം വന്നാൽ പ്രശ്‌നമൊന്നുമുണ്ടാകില്ല.''

മുഹമ്മദ് കാർ നിർത്തിയപ്പോൾ ചുറ്റും കണ്ണോടിച്ചു. തകർന്ന കെട്ടിടങ്ങൾ, ചേരിപ്രദേശം പോലെ തോന്നിക്കുന്ന, പലസ്തീൻ അഭയാർഥികൾ താമസിക്കുന്ന സ്ഥലങ്ങൾ... ''ഹിസ്ബുള്ളനേതാവ് ഹസൻ നസ്രല്ല കൊല്ലപ്പെട്ടയിടത്താണ് ഇപ്പോൾ നമ്മൾ നിൽക്കുന്നത്,'' മുഹമ്മദ് പറഞ്ഞു. ഭൂമിക്കടിയിലേക്ക് അഞ്ചുനില ബങ്കറുള്ള കെട്ടിടം. ഒരു കെട്ടിടത്തിൽനിന്ന് മറ്റൊന്നിലേക്ക് തുരങ്കം. തിരക്കുള്ള, നിറയെ ആളുകൾ താമസിക്കുന്ന ഇവിടേക്കാണ് അണുവിട തെറ്റാതെ, ആകാശത്തുനിന്ന് ആക്രമണമുണ്ടായത്. ബോംബുകളും കെമിക്കലുകളും വർഷിച്ചാണ് ഇത് തകർത്തത്. മുഹമ്മദ് പറയുന്നതനുസരിച്ച് 13 മാനേജർമാർ അപ്പോൾ നസ്രല്ലയ്‌ക്കൊപ്പം ഉണ്ടായിരുന്നേ്രത. അതോടൊപ്പം ചുറ്റുവട്ടത്തുള്ള പല കെട്ടിടങ്ങളിലെ താമസക്കാരും കൊല്ലപ്പെട്ടു. യുദ്ധപ്പാടുകൾ നിറഞ്ഞ കെട്ടിടങ്ങളുടെ മുകളിൽ നസ്രല്ലയുടെ കൂറ്റൻ പോസ്റ്ററുകളും ഹിസ്ബുള്ളയുടെ മഞ്ഞക്കൊടികളും പാറുന്നു. ചുറ്റും ശക്തമായ കാവലാണ്. അതിനാൽ അധികനേരം അവിടെ നിൽക്കാൻ അദ്ദേഹം അനുവദിച്ചില്ല. തിരിച്ചിറങ്ങുമ്പോൾ മനസ്സിൽ ഒരു വിറയൽ. ഈ ലോകം നേരിൽ കണ്ടുവെന്നുതന്നെ വിശ്വസിക്കാൻ കഴിഞ്ഞില്ല. മനസ്സിൽ നിറഞ്ഞിരുന്ന സുഗന്ധവാഹിയായ ദേവദാരുവിന്റെ അരുണശോണിമയിലേക്ക് കട്ടപിടിച്ച ഇരുണ്ട ചോരയുടെ മണം ഒഴുകിയിറങ്ങി.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi