ഒരു മനുഷ്യജീവി നടുറോഡില്‍ക്കിടന്നു പിടയുന്നു. പാന്റ്സും ഷര്‍ട്ടും ധരിച്ചിട്ടുണ്ട്. തലയില്‍ വെടിയുണ്ടയേറ്റ പാട്. അതില്‍നിന്ന് ചോരയൊലിക്കുന്നുണ്ട്. രണ്ടുമൂന്നു പട്ടാളക്കാര്‍ അങ്ങോട്ടേക്ക് ഓടിവന്നു. ''ഇവിടെയിങ്ങനെയാണ് മാഡം. പട്ടാളക്കാര്‍ക്ക് സംശയംതോന്നുന്ന ആരെയും വെടിവയ്ക്കും. വല്ലാത്ത ദുരിതമാണ് ഞങ്ങള്‍ക്ക്'' -വലിഞ്ഞുമുറുകിയ മുഖത്തോടെ റഹീം പിറുപിറുത്തു. ഓട്ടോയിലിരുന്നുകൊണ്ട് ഞാന്‍ മൊബൈല്‍ കൈയിലെടുത്തു. റഹീം വിലക്കി, '' വേണ്ട, ഇത് സൊമാലിയ ആണ്.'' സൊമാലിയ എന്നു കേള്‍ക്കുമ്പോള്‍, ടിവി സ്‌ക്രീനിലും പത്രത്താളുകളിലും കണ്ടുശീലിച്ച, ജീവനുള്ള അസ്ഥിക്കൂടം കണക്കെ എല്ലുന്തിനി ല്‍ക്കുന്ന പട്ടിണിക്കോലങ്ങളാണ് മനസ്സില്‍വരുക. സൊമാലിയ എന്ന ആഫ്രിക്കന്‍ രാജ്യത്തിന്റെ പേര്, നമുക്ക് ദാരിദ്ര്യത്തിന്റെ, പട്ടിണിയുടെ പര്യായമാണ്. എന്നാല്‍, അതിലും ഭീകരമാണ് കാര്യങ്ങളെന്ന് അവിടേക്കുള്ള യാത്രയില്‍ മനസ്സിലായി.
കിഴക്കെ ആഫ്രിക്കയിലേക്കുള്ള യാത്രാപദ്ധതിയില്‍ സോമാലിയ ഉള്‍പ്പെട്ടത്, ആ രാജ്യത്തെ സാഹചര്യങ്ങള്‍ നേരിട്ടുകണ്ട് മനസ്സിലാക്കണമെന്ന ആഗ്രഹംമൂലമാണ്. ആ തീരുമാനത്തില്‍നിന്ന് പിന്നോട്ടുപോകാന്‍ കാരണങ്ങളേറെയുണ്ടായിരുന്നു. സൊമാലിയന്‍ ഫെഡറല്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്ന അല്‍-ഷബാബ് ഭീകരസംഘടനയുടെ സാന്നിധ്യമായിരുന്നു അതില്‍ പ്രധാനം. 2012-ല്‍ അല്‍-ഖായിദയോട് പരസ്യമായി കൂറുപ്രഖ്യാപിച്ച ഇസ്ലാമിക സംഘടനയാണ് അല്‍-ഷബാബ്. ചാവേര്‍ ആക്രമണവും കാര്‍ബോംബിങ്ങും ഗ്രനേഡ് പ്രയോഗവുമെല്ലാം നടന്നുകൊണ്ടിരുന്നതിനാല്‍ തലസ്ഥാന നഗരമായ മൊഗാദിഷുപോലും സുരക്ഷിതമല്ല. അവിടത്തെ യാത്രാ ഏജന്‍സിയുടെ ക്ഷണപത്രമുണ്ടെങ്കിലേ ടൂറിസ്റ്റുകള്‍ക്ക് വിസ അനുവദിക്കൂ എന്നാണ് കേട്ടിരുന്നത്. പണം നല്‍കി ടൂര്‍പ്രോഗ്രാം ബുക്ക് ചെയ്‌തെങ്കിലേ ക്ഷണപത്രം അയക്കുകയുള്ളൂ.
ഒരു ദിവസത്തേക്ക് ഏകദേശം നാല്പത്തിഅയ്യായിരം രൂപയാണ് ഈടാക്കുന്നത്. അതും പട്ടണംമാത്രം ചുറ്റിക്കാണിക്കാന്‍. നമുക്കൊപ്പം ഒരു ഗൈഡും തോക്കുധാരികളായ നാല് സെക്യൂരിറ്റി ഗാര്‍ഡുകളും ഉണ്ടാകും. എന്നാല്‍, യാത്രാ ഏജന്‍സിയുടെ സഹായമില്ലാതെ സൊമാലിയ സന്ദര്‍ശിക്കാന്‍ ഒരാള്‍ സഹായിക്കാമെന്ന് ഏറ്റപ്പോള്‍ മടിക്കാതെ അങ്ങോട്ടേക്ക് വിമാനടിക്കറ്റ് ബുക്കുചെയ്തു. അബാബയിലെ സൊമാലിയ എംബസിയില്‍നിന്ന് വിസയ്ക്ക് ആവശ്യമുള്ള കത്ത് ഒപ്പിക്കാന്‍ ബുദ്ധിമുട്ടുണ്ടായില്ല. മൊഗാദിഷുവില്‍ വൈകീട്ട് അഞ്ചുമണിക്ക് എത്തി. വിസയ്ക്കായി ഓഫീസറുടെ മുന്‍പിലെത്തി. അയാള്‍ എംബസി നല്‍കിയ ക്ഷണപത്രം വായിച്ചിട്ട് ചവറ്റുകുട്ടയില്‍ ഇട്ടു.
''ഇതുവെച്ച് വിസ തരാന്‍ സാധിക്കില്ല.'' അതുകേട്ട് ഞെട്ടിയെങ്കിലും അന്ന് തിരിച്ചുപോകാന്‍ വേറെ വിമാനം ഇല്ലാത്തതിനാല്‍ അവര്‍ക്ക് വിസ തരേണ്ടിവരും എന്ന വിശ്വാസത്തില്‍ ഞാന്‍ വാദിച്ചുനോക്കി. നീണ്ട തര്‍ക്കങ്ങള്‍ക്കൊടുവില്‍ വിസ തരാന്‍ സമ്മതിച്ചു. എന്നാല്‍, എന്റെ പാസ്പോര്‍ട്ട് തുറന്നുനോക്കിയപ്പോള്‍ ഞാന്‍ സൊമാലിലാന്‍ഡില്‍ പോയതിന്റെ ഇമിഗ്രേഷന്‍ സീല്‍ കണ്ണില്‍പ്പെട്ടു. അതോടെ അയാളുടെ ഭാവം മാറി. ''നിങ്ങളോട് സൊമാലിലാന്‍ഡ് എംബസിയില്‍ പോയി വിസ വാങ്ങാന്‍ പറഞ്ഞത് ആരാണ്? അവിടെ പോയതുകൊണ്ട് ഒരിക്കലും ഇവിടന്ന് വിസ അടിച്ചുതരില്ല.''
ആഭ്യന്തരയുദ്ധം ആരംഭിച്ച സമയത്ത് സൊമാലിയയുടെ ഭാഗമായിരുന്നു സൊമാലിലാന്‍ഡ്. പിന്നീടവര്‍ സ്വയം സ്വതന്ത്രരാജ്യമായി പ്രഖ്യാപിച്ച് സൊമാലിയയില്‍നിന്ന് വേര്‍പിരിഞ്ഞു. വളരെ കുറച്ചു രാജ്യങ്ങള്‍മാത്രമേ സൊമാലിലാന്‍ഡിനെ സ്വതന്ത്രരാജ്യമായി അംഗീകരിച്ചിട്ടുള്ളൂ. ഞാനാകട്ടെ ഇതൊന്നുമറിയാതെ സൊമാലിയ സന്ദര്‍ശിക്കുന്നതിനു മുന്‍പ് വിസ സംഘടിപ്പിച്ച് സൊമാലിലാന്‍ഡില്‍ പോകുകയും ചെയ്തു.
''സര്‍, നിങ്ങള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ എനിക്കറിയില്ലല്ലോ. ഞാന്‍ വെറുമൊരു ടൂറിസ്റ്റ് അല്ലേ.'' ഞാന്‍ വാദിച്ചു. ഒരുമണിക്കൂറോളം പിടിച്ചുവെച്ചിട്ട് അയാള്‍ വിസ അടിച്ചുതന്നു. സുഹൃത്തിന്റെ പരിചയക്കാരന്‍ മുഹമ്മദ് കാത്തുനില്‍പ്പുണ്ടായിരുന്നു. അദ്ദേഹത്തിനൊപ്പം ടാക്‌സിയില്‍ ഹോട്ടലിലേക്ക് പോയി.
എയര്‍പോര്‍ട്ടിന് ചുറ്റും കോട്ടമതില്‍പോലെയാണ്. അതിനുപുറമേ മണല്‍ച്ചാക്കുകള്‍ അടുക്കിവെച്ചിരുന്നു. എങ്ങോട്ടുനോക്കിയാലും തോക്കും പിടിച്ചുനില്‍ക്കുന്ന സൈനികര്‍. മൂന്നുകിലോമീറ്റര്‍ ദൂരെയുള്ള ഹോട്ടലില്‍ എത്താന്‍ ഒരുമണിക്കൂര്‍ എടുത്തു. ദാരിദ്ര്യംപിടിച്ച നഗരമായിരുന്നു പ്രതീക്ഷിച്ചത്. എന്നാല്‍, മൊഗാദിഷുവിലെ കാഴ്ചകള്‍ അദ്ഭുതപ്പെടുത്തി.
കാറുകള്‍ തിങ്ങിനിറഞ്ഞ വീതിയുള്ള റോഡുകളും ഇരുവശങ്ങളിലും വലിയ ഷോറൂമുകളും മാളുകളും. ഹോട്ടലിനുമുന്നില്‍ ടാക്‌സി നിര്‍ത്തി. ഇരുമ്പുഗേറ്റിനു ഇരുപത്തിയഞ്ചടിയോളം പൊക്കമുണ്ട്. അകത്തുകടന്നതും രണ്ടു സെക്യൂരിറ്റി ഗാര്‍ഡുകള്‍ ബാഗ് പരിശോധിച്ചു. ഒരു സ്ത്രീ അടുത്തുള്ള മുറിയില്‍ കൊണ്ടുപോയി ദേഹപരിശോധന നടത്തി. ''ചാവേര്‍ ബോംബര്‍മാരുടെ ഇഷ്ടലക്ഷ്യമാണ് ഹോട്ടലുകള്‍. അതുകൊണ്ട് എല്ലാ ഹോട്ടലിലും കര്‍ശനമായ സെക്യൂരിറ്റി ചെക്കുകള്‍ നിലവിലുണ്ട്'' -മുഹമ്മദ് പറഞ്ഞു. എന്നെ ഹോട്ടലില്‍ ആക്കിയശേഷം അദ്ദേഹം മടങ്ങി. കുറച്ചുകഴിഞ്ഞപ്പോള്‍ റഹീം ഹോട്ടലില്‍ വന്നു. മറ്റൊരു സുഹൃത്തിന്റെ പരിചയക്കാരനായ റഹീം സന്നദ്ധസംഘടനയുടെ ഉദ്യോഗസ്ഥനാണ്. കുശലാന്വേഷണത്തിനുശേഷം അദ്ദേഹം ചോദിച്ചു ''എന്താണ് രണ്ടുദിവസത്തെ പരിപാടി''
''ഒരു നിശ്ചയവുമില്ല. ഒറ്റയ്ക്ക് പുറത്തേക്കുപോവാന്‍ ഭയം തോന്നുന്നു'' -ഞാന്‍ പേടി മറച്ചുവെച്ചില്ല.
''മുറിയിലിരിക്കാനാണോ ഇത്ര കഷ്ടപ്പെട്ട് വന്നത് ? വേഗം റെഡിയാകൂ, ബീച്ചില്‍ സംഗീതപരിപാടിയുണ്ട്'' -റഹീം പറഞ്ഞു. പൊതുവേ യാത്രകള്‍ക്കിടയില്‍ രാത്രി കറങ്ങാന്‍പോകാറില്ല. പക്ഷേ, സൊമാലിയയില്‍ ആകെ രണ്ടുദിവസമാണുള്ളത്. രണ്ടും കല്പിച്ച് റഹീമിനൊപ്പം ഇറങ്ങി. റഹീമിന്റെ സുഹൃത്ത് അലി കാറുമായി എത്തി. ആദ്യം അവരുടെ തനതുഭക്ഷണം കിട്ടുന്ന ചെറിയ കടയിലേക്കാണ് പോയത്. അവിടെ കംബൂലോ രുചിച്ചു. ചോറും വന്‍പയറും ഒന്നിച്ചു വേവിച്ചുവറ്റിക്കുന്ന വിഭവമാണ്. അതിന്റെ പുറത്തു നല്ലെണ്ണ ഒഴിച്ചാണ് തന്നത്. കട്ടന്‍ ചായയും റോബസ്റ്റ പഴവും ഭക്ഷണത്തിനൊപ്പം ഫ്രീയായിട്ട് ലഭിക്കും. ബില്‍ കൊടുക്കാന്‍നേരം ഡോളറാണ് കൊടുത്തത്. തിരികെ കിട്ടിയ സോമാലിയന്‍ ഷില്ലിങ് നോട്ടുകള്‍ പഴകിദ്രവിച്ചിരുന്നു. ''മുപ്പതുകൊല്ലം മുന്‍
പാണ് അവസാനമായി നോട്ട് അടിച്ചത്. ഇവിടെ ഇതേ കിട്ടുകയുള്ളൂ. എല്ലാവരും ഇടപാടുകള്‍ ഡിജിറ്റല്‍ ആയിട്ടാണ് ചെയ്യുക'' -റഹീം പറഞ്ഞു.
സംഗീതപരിപാടി നടക്കുന്ന എലൈറ്റ് ഹോട്ടലിലേക്ക് പോയി. രാത്രിയില്‍ റോഡ് സൈഡില്‍ കസേരയിലിരുന്ന്, ബെഞ്ചില്‍ നിരത്തിയപാല്‍ക്കവറുകള്‍ വില്‍ക്കുന്ന സ്ത്രീയെ കണ്ടു. വഴിനീളെ ചെക്കിങ് ഉണ്ടായിരുന്നു. കാറിന്റെ ഹെഡ്ലൈറ്റ് ഓണാക്കുകയും ഓഫ് ആക്കുകയും ചെയ്തു. ഓരോ ഡോറും തുറന്നടച്ചു. കാര്‍ബോംബ് ഉണ്ടെങ്കില്‍ ഇങ്ങനെ ചെയ്യുമ്പോള്‍ പൊട്ടിത്തെറിക്കുമെന്ന് റഹീം പറഞ്ഞുതന്നു. ബീച്ചിനെ അഭിമുഖീകരിക്കുന്ന ഹോട്ടല്‍. അകത്തേക്ക് കടക്കാന്‍ അഞ്ചു സെക്യൂരിറ്റി പോയിന്റില്‍ പരിശോധനയ്ക്ക് വിധേയമായി. ലിഫ്റ്റില്‍ കയറാന്‍നേരവും പരിശോധന! വരാന്തയോട് ചേര്‍ന്ന വലിയ തുറസ്സായ സ്ഥലത്ത് സോഫകള്‍. കാണികളായി പത്തിരുപതു പേരുണ്ടാകും. ചെറിയ ഓര്‍ക്കസ്ട്രയും ഉണ്ട്. നാട്ടുകാരായ രണ്ട് ഗായകര്‍ മാറിമാറി സോമാലി ഗീതങ്ങള്‍ പാടി. ഞാന്‍ കാണികളെ ശ്രദ്ധിച്ചു. പുരുഷന്മാരും സ്ത്രീകളുമുണ്ടായിരുന്നു. സ്ത്രീകള്‍ കല്ലുപിടിപ്പിച്ച വിലകൂടിയ പര്‍ദയായിരുന്നു ധരിച്ചിരുന്നത്. ചില ഗാനങ്ങള്‍ കാണികളും ഏറ്റുപാടി.
''കടുത്ത അരക്ഷിതാവസ്ഥക്കിടയിലും ഞങ്ങള്‍ ജീവിതം ആസ്വദിക്കാന്‍ ശ്രമിക്കുന്നു. മരണത്തെഭയന്ന് വീട്ടിലിരിക്കാന്‍ പറ്റില്ലല്ലോ. ഇത്തരം സംഗീതനിശകള്‍ വലിയ ആശ്വാസമാണ് പകരുന്നത്. കവികളുടെ രാഷ്ട്രമായാണ് സൊമാലിയ അറിയപ്പെടുന്നത്. സമ്പന്നമായ വാമൊഴി സംസ്‌കാരം കവിത
യെ എക്കാലവും പരിപോഷിപ്പിച്ചിരുന്നു.''- റഹിം പറഞ്ഞു. ആണുങ്ങള്‍ ഗായകനൊപ്പം നൃത്തംചെയ്തു. വളരെ സാവധാനം കൈകളും ശരീരവും ചലിപ്പിച്ചുള്ള നൃത്തമായിരുന്നു. പരിപാ ടിയുടെ ഇടയ്ക്കുവെച്ച് സ്യൂട്ട് അണിഞ്ഞ ഒരു വ്യക്തി കയറിവന്നു. എല്ലാവരും ബഹുമാനത്തോടെ എഴുന്നേറ്റു. അദ്ദേഹം സീറ്റില്‍ ഇരുന്നതോടെ പാട്ടുകള്‍ പാടുന്നത് തുടര്‍ന്നു. സൊമാലിയയിലെ വിദ്യാഭ്യാസ മന്ത്രിയാണെന്നും അതിനാല്‍ പരിപാടി റെക്കോര്‍ഡ് ചെയ്യരുതെന്നും അലി ചെവിയില്‍ പറഞ്ഞു. ഇതിനിടയ്ക്ക് റഹിം എപ്പോഴോ ഗായകനോട് ഞാന്‍ ഇന്ത്യയില്‍നിന്നാണെന്നുപറഞ്ഞു. അയാള്‍ ഓര്‍മ്മയില്‍നിന്ന് ഒന്നുരണ്ട് പഴയ ബോളിവുഡ് ഗാനങ്ങള്‍ ആലപിച്ചു. 'മേരി സപ്‌നോ കി റാണി...' പാടുന്നത് കേട്ട് അദ്ഭുതം തോന്നി. ബോളിവുഡ് സിനിമകളുടെ വലിയ ആരാധകരാണ് ആഫ്രിക്കക്കാര്‍. സിനിമ കണ്ടുമാത്രം ഹിന്ദി സംസാരിക്കാന്‍പഠിച്ച ഒന്നുരണ്ട് പേരേ യാത്രയില്‍ കണ്ടുമുട്ടിയിരുന്നു. പത്തരയ്ക്ക് പരിപാടി അവസാനിച്ചു. അത്താഴം കഴിഞ്ഞാണ് എല്ലാവരും പിരിഞ്ഞത്.
ഹോട്ടലില്‍നിന്ന് ചെറിയൊരു ഇടനാഴിയില്‍ക്കൂടി നടന്ന് ഞങ്ങള്‍ ബീച്ചില്‍ എത്തി. ഇടനാഴിയുടെ അറ്റത്ത് അഞ്ചാറ് സെക്യൂരിറ്റിക്കാര്‍ കാവല്‍ നില്‍ക്കുന്നു. ബീച്ചില്‍നിന്ന് ആര്‍ക്കും ഈ കവാടത്തിലൂടെ ഹോട്ടലിലേക്ക് പ്രവേശനമില്ല. 'സൊമാലിയയ്ക്ക് ഏകദേശം മൂവായിരം കിലോമീറ്റര്‍ കടല്‍ത്തീരമുണ്ട്. പട്രോളിങ് കാര്യക്ഷമമല്ലാത്തതുകൊണ്ടാണ് കടല്‍ക്കൊള്ളക്കാര്‍ പെരുകുന്നത്. ഈ ബീച്ച് ബോംബിങ്ങിന്റെ സ്ഥിരം സ്ഥലമാണ്'- റഹീമിന്റെ വാക്കുകള്‍ ആശങ്കയുണര്‍ത്തി. ''ബോംബ് പൊട്ടിത്തെറിച്ചെന്നിരിക്കട്ടെ, മണിക്കൂറുകള്‍ക്കുള്ളില്‍ അവിടം വൃത്തിയാക്കുകയും പതിവുപോലെ ആളുകള്‍ അവരവരുടെ ജോലികളില്‍ ഏര്‍പ്പെടുകയുംചെയ്യും. ബോംബും ഗ്രനേഡും കാണിച്ച് തീവ്രവാദികള്‍ക്ക് ഞങ്ങളെ ഭയപ്പെടുത്താന്‍ സാധിക്കില്ല.''.
ആള്‍ക്കൂട്ടത്തില്‍ പര്‍ദ്ദ ധരിച്ച കൊച്ചു പെണ്‍കുട്ടികളുമുണ്ടായിരുന്നു. 'നിങ്ങള്‍ക്കറിയുമോ, ഇവിടെ ശൈശവ വിവാഹം സാധാരണമാണ്. മിക്കവാറും ആ പെണ്‍കുട്ടികള്‍ ആ നില്‍ക്കുന്ന മനുഷ്യന്റെ ഭാര്യമാരായിരിക്കും. സര്‍ക്കാറിന് സ്ഥിരതയുണ്ടായാലല്ലേ നിയമനിര്‍മാണം സാധ്യമാകൂ''. റഹിം വാചാലനായി. ബീച്ചില്‍നിന്ന് റോഡിലേക്ക് കടക്കാന്‍ ഒരു ഗേറ്റ് മാത്രമാണുള്ളത്. സൊമാലി കടല്‍ വഴിയാണ് തീവ്രവാദികള്‍ മൊഗാദിഷുവില്‍ എത്തുന്നത്. രാത്രിയില്‍ ഉറങ്ങാന്‍ കിടന്നപ്പോള്‍ ദൂരെ എവിടെയോ വെടിയൊച്ചകള്‍ കേള്‍ക്കാമായിരുന്നു.
റഹിം രാവിലെ ആറരയ്ക്ക് 'ബജാജ'യുമായി ഹോട്ടലില്‍ എന്നെക്കൂട്ടാന്‍ വന്നു. ഓട്ടോറിക്ഷയെ സൊമാലിയക്കാര്‍ വിളിക്കുന്നത് ബജാജ എന്നാണ്. ഇന്ത്യയില്‍ നിന്ന് ഇറക്കുമതിചെയ്ത ബജാജ് ഓട്ടോകളാണ് നിരത്തുകളില്‍ അധികവും. സൊമാലിലാന്‍ഡില്‍നിന്ന് വാങ്ങിയ പര്‍ദ്ദയും കണ്ണ് മറയ്ക്കാനുള്ള നികാബും ഞാന്‍ ധരിച്ചിരുന്നു. വിദേശികളെ മോചനദ്രവ്യത്തിനായി തീവ്രവാദികള്‍ പിടിച്ചുകൊണ്ടുപോകുന്നത് പതിവായതിനാല്‍ പര്‍ദ്ദ എനിക്കൊരു സുരക്ഷാകവചമായിരുന്നു. പോകുന്ന വഴിക്ക് ബാരിക്കേടുകള്‍ മാറ്റാന്‍ കാത്തുനില്‍ക്കേണ്ടിവന്നു. രാത്രി പന്ത്രണ്ടുമുതല്‍ രാവിലെ ഏഴു മണിവരെ റോഡുകള്‍ അടച്ചിടും. അസ്വസ്ഥനായ ഓട്ടോ ഡ്രൈവര്‍ സൈനികര്‍ കേള്‍ക്കാതെ അവരെ ചീത്ത വിളിച്ചു.
ആദ്യം പോയത് ലീഡോ ബീച്ചിലേക്കാണ്. തലേന്നത്തെക്കാള്‍ തിരക്കുണ്ടായിരുന്ന കടല്‍ത്തീരത്ത് നിറയെ മത്സ്യവില്‍പ്പനക്കാര്‍. ഓരോരുത്തരുടെയും മുന്നില്‍ നാലോ അഞ്ചോ വലിയ മീനുകള്‍. അതിന് വിലപേശി തിരക്കുകൂട്ടുന്ന മനുഷ്യര്‍. വില്‍ക്കുന്നതും വാങ്ങുന്നതും ആണുങ്ങള്‍മാത്രം. കച്ചവടം ഉറപ്പിച്ചാല്‍ മീന്‍ റോഡിലേക്ക് എത്തിക്കാന്‍ മറ്റൊരു കൂട്ടം ആളുകള്‍ തയ്യാറായിരിക്കുന്നു. അതിനിടയില്‍ക്കൂടി നടന്ന എന്നെ ഇവിടെ ഒരു പെണ്ണിനെന്തുകാര്യമെന്ന മട്ടില്‍ പലരും തുറിച്ചുനോക്കുന്നു. കുറച്ചുമാറി ചായയും പലഹാരങ്ങളും വില്‍ക്കുന്ന ചെറിയ കടകള്‍. അതിന്റെ നടത്തിപ്പുകാര്‍ സ്ത്രീകളാണ്. തിരിച്ചുപോരുമ്പോള്‍ ഒരു ബജാജയില്‍ മീന്‍ അടുക്കി വെക്കുന്നത് കണ്ടു. അടുത്തുള്ള പഴയ മാര്‍ക്കറ്റിലേക്ക് കൊണ്ടുപോകാനാണ്. മല്‍സ്യം മുറിച്ചുവില്‍ക്കുന്നത് അവിടെയാണ്.
സൊമാലിയ പോര്‍ട്ടിന്റെ സമീപമുള്ള പഴയ ഹമര്‍ വെയ്ന്‍ മീന്‍ മാര്‍ക്കറ്റിലേക്ക് നടന്നു. ആയിരം വര്‍ഷങ്ങളായി നിലനില്‍ക്കുന്ന മാര്‍ക്കറ്റ് ആണത്രെ. കടലിന് സമാന്തരമായി പണിത പഴയ ഒറ്റനില ക്കെട്ടിടമാണത്. റഹീമിന്റെ പരിചയക്കാരനായ ഒമറിനെ തേടിപ്പിടിച്ചു. ഒമര്‍ ഞങ്ങളെ മാര്‍ക്കറ്റ് മൊത്തം ചുറ്റിനടന്നു കാണിച്ചുതന്നു. ചൂരയും നെയ്മീനും തിരണ്ടിയും സ്രാവുമെല്ലാമുണ്ട്. ഒപ്പം വലിയ കടലാമകളെയും മുറിച്ചുവെച്ചിരുന്നു. ചെറിയ കുപ്പികളില്‍ ഓറഞ്ച് നിറത്തില്‍ ഒരു ദ്രാവകം കണ്ടു. ആമയുടെ കൊഴുപ്പില്‍നിന്നുള്ള എണ്ണയാണതെന്ന് ഒമര്‍ പറഞ്ഞു. പുരുഷന്റെ ഉത്തേജനത്തിന് നല്ലതാണത്രേ.
വരുന്നവഴിക്ക് ചെറിയ ചില സ്മാരകങ്ങള്‍ കണ്ടു. അവിടെനടന്ന ബോംബിങ്ങില്‍ മരിച്ചുവീണ സാധാരണക്കാരുടെ സ്മരണയ്ക്കായി നിര്‍മിച്ചതാണ്. അവിടത്തെ ഭൂരിഭാഗം കെട്ടിടങ്ങള്‍ക്കും വലിയ പഴക്കമില്ല. ബോംബിങ്ങില്‍ മിക്ക പഴയ കെട്ടിടങ്ങളും തകര്‍ന്നു. പകരം ഉണ്ടാക്കിയതാണ് പുതിയവ. സ്വാതന്ത്ര്യത്തിനുവേണ്ടി പൊരുതിമരിച്ചവര്‍ക്കുവേണ്ടിയുള്ള സ്മാരകങ്ങളുമുണ്ട്. റഹിം പൊട്ടിപ്പൊളിഞ്ഞ ഒരു കെട്ടിടം കാണിച്ചുതന്നു. അതായിരുന്നു അവരുടെ പഴയ പാര്‍ലമെന്റ്. ഹോട്ടലിലേക്ക് പോകാന്‍ നേരമാണ് നടുറോട്ടില്‍ പട്ടാളക്കാര്‍ നടത്തിയ ദാരുണമായ കൊല നേരില്‍ക്കണ്ടത്. റഹിമിന് ജോലിക്കുപോകാന്‍ സമയമായതുകൊണ്ട് തിരികെ ഹോട്ടലില്‍വിട്ടു. പിന്നെ ഞാന്‍ പര്‍ദ്ദധരിച്ച് പകല്‍ മുഴുവന്‍ തെരുവുകളില്‍ക്കൂടി നടന്നു.
കടുത്ത ദാരിദ്ര്യത്തിന്റെ അടയാളങ്ങളൊന്നും എവിടെയും ഇല്ല. കരുണയില്ലാത്ത തീവ്രവാദികളും സൈനികരും ഉയര്‍ത്തുന്ന വെല്ലുവിളികള്‍ക്കിടയിലും തളരാതെ ജീവിതം കെട്ടിപ്പടുക്കാന്‍ കഠിനമായി അധ്വാനിക്കുന്ന മനുഷ്യരാണെങ്ങും. ഉച്ചയ്ക്ക് ഭക്ഷണംകഴിക്കാന്‍ ഹോട്ടലില്‍ക്കയറി. അവിടെയും ആണുങ്ങള്‍മാത്രം. സര്‍വരും എന്നെ തുറിച്ചുനോക്കുന്നു. ഉടമവന്ന് എന്നെ തൊട്ടടുത്തുള്ള ചെറിയ മുറിയിലേക്ക് കൊണ്ടുപോയി ഇരുത്തി. ഭക്ഷണം കഴിഞ്ഞിറങ്ങിയപ്പോള്‍ റോഡരികില്‍ ചാത് എന്ന ഉത്തേജനസ്വഭാവമുള്ള ഇല വില്‍ക്കുന്നുവരെക്കണ്ടു. ഇവിടെ മദ്യത്തിനും പുകവലിക്കും നിരോധനമുണ്ട്. തിരികെ ഹോട്ടലില്‍ എത്തിയപ്പോള്‍ പരിക്കൊന്നുംപറ്റാതെ സൊമാലിയയിലെ ചെറുസന്ദര്‍ശനം പൂര്‍ത്തിയാക്കിയതില്‍ ആശ്വാസം തോന്നി. നമ്മളനുഭവിക്കുന്ന സ്വാതന്ത്ര്യത്തിന്റെയും സമാധാനത്തിന്റെയും വില ശരിക്കും തിരിച്ചറിഞ്ഞുകൊണ്ടാണ് മടങ്ങിയത്!
Content Highlights: A journalist`s firsthand account of life in Somalia, amidst terrorism, poverty, and strict military control. Discover the resilience of its people.
Published: 12 Jul 2025, 06:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented