സ്വീഡനിൽ അധിവേഗം വളരുന്ന നഗരങ്ങളിലൊന്നാണ് മാൽമോ. പോയ ദശകത്തിനുള്ളിൽ പത്ത് ലക്ഷത്തോളം അഭയാർത്ഥികളെ സ്വീകരിക്കാൻ ഈ രാഷ്ട്രം മനസ്സുകാണിച്ചു. മാൽമോയുടെ നഗരക്കാഴ്ചകളിലേക്കും സംസ്കാരത്തിലേക്കും ഇറങ്ങിച്ചെല്ലുകയാണ് എഴുത്തുകാരൻ ഇ. സന്തോഷ് കുമാർ

'നിങ്ങൾ എവിടെനിന്നു വരുന്നു?'
'ഇന്ത്യ'
'ഓഹോ, ബുദ്ധന്റെ നാട് അല്ലേ?'
'അതേ. താങ്കൾ ബുദ്ധമതക്കാരനാണോ?'
'ഏയ്. ഞാൻ ജന്മം കൊണ്ടു ക്രിസ്ത്യാനിയാണ്. പക്ഷേ, ഇപ്പോൾ അങ്ങനെ മതവിശ്വാസിയൊന്നുമല്ല'
'അതെന്തു പറ്റി?'
'മതങ്ങൾ ശരിയല്ല. സ്വന്തം സഹോദരങ്ങളെ കൊല്ലൂ, കൊല്ലൂ എന്നാണ് അവയെല്ലാം അനുയായികളോടു പറയുന്നത്.'
ഇതു ഡാനിയേൽ. റൊമാനിയയാണ് ജന്മദേശം. സോവിയറ്റ് ബ്ലോക്കിന്റെ പതനകാലത്ത് വടക്കൻ യൂറോപ്പിലേക്കു പോന്നു. ഇപ്പോൾ സ്വീഡനിലെ മാൽമോ എന്ന പട്ടണത്തിനടുത്തു താമസിക്കുന്നു. ഞായറാഴ്ചകളിൽ മാൽമോയിലെ ചത്വരങ്ങളിലൊന്നിൽ വന്നിരുന്ന് ഉപയോഗിച്ച, പഴയ സാധനങ്ങൾ വാങ്ങുകയും വില്ക്കുകയും ചെയ്തു ജീവിക്കുന്നു. അയാൾ മാത്രമല്ല, വേറേയും ചില സ്ത്രീ-പുരുഷന്മാർ അവിടെ വന്നിരുന്നു കച്ചവടം ചെയ്യുന്നുണ്ടായിരുന്നു. കൂടുതൽ അടുത്തുചെന്നപ്പോൾ അവരെല്ലാം അഭയാർത്ഥികളാണെന്നു കണ്ടു.
പോയ ഒരു ദശകത്തിനുള്ളിൽ സ്വീഡൻ ഏതാണ്ട് പത്തുലക്ഷത്തോളം പേരെ സ്വീകരിച്ചിട്ടുണ്ട്. ഒരു കോടി ജനസംഖ്യയുള്ള ഈ രാജ്യത്ത് ഇപ്പോൾ പത്തുശതമാനം വരും അഭയാർത്ഥികൾ. മിക്കവരും സിറിയൻ യുദ്ധത്തിൽ നിന്നുള്ളവരാണ്. അഫ്ഗാനികളുമുണ്ട്. സിറിയക്കാർ മെഡിറ്ററേനിയൻ കടൽ വളരെ ആപൽക്കരമായി കടന്ന് ഗ്രീസിലെത്തുകയും അവിടെ നിന്ന് ഏറെ നടന്നും ചരക്കുവണ്ടികളിൽ കയറിയും വളരെ കഷ്ടപ്പെട്ടാണ് യൂറോപ്പിന്റെ ധനശേഷിയുള്ള രാജ്യങ്ങളിലേക്കു ചേക്കേറിയത്. ജർമനിയും സ്വീഡനും കുറേ പേരെ സ്വീകരിച്ചിട്ടുണ്ട്. എന്നാൽ, ഹംഗറിയടക്കമുള്ള പല രാജ്യങ്ങളും അഭയാർത്ഥികളെ സ്വീകരിക്കാൻ വിമുഖരായിരുന്നു. യൂറോപ്പിന് തൊഴിലെടുക്കാൻ ആളുകളെ ആവശ്യമുണ്ട്. അതേസമയം, സാംസ്‌കാരികമായ വിഭിന്നത ഇടയ്ക്കിടെ തദ്ദേശീയർക്കും നാട്ടുകാർക്കുമിടയിൽ സംഘർഷങ്ങൾക്കു വഴിവയ്ക്കുന്നതുകാണാം.
നിത്യോപയോഗസാധനങ്ങളാണ് അവർ അധികവും വിൽക്കുന്നത്. പഴയ വസ്ത്രങ്ങൾ, കമ്പിളിപ്പുതപ്പുകൾ, ഉപയോഗിച്ച ഗൃഹോപകരണങ്ങൾ, നിറംമങ്ങിയ ആഭരണങ്ങൾ, പാവകൾ, കളിപ്പാട്ടങ്ങൾ, സംഗീതോപകരണങ്ങൾ -എല്ലാമുണ്ട്. റൊട്ടിയും ഭക്ഷണസാധനങ്ങളും കുറഞ്ഞ വിലയ്ക്കു വില്ക്കുന്നവരേയും കണ്ടു. അവരിൽ ഇംഗ്ലീഷ് സംസാരിക്കുന്ന ഏകമനുഷ്യണ് ഡാനിയേൽ. അയാളുടെ കൈയിൽ നിത്യോപയോഗസാധനങ്ങൾ കൂടാതെ അപൂർവ്വം ചില നാണയങ്ങളും കൗതുകവസ്തുക്കളും കൂടിയുണ്ടായിരുന്നു.
എന്റെ സുഹൃത്ത് നരേന്ദ്രൻ ചില നാണയങ്ങൾ വാങ്ങി. മാൽമോയിലേക്കു പോകണം എന്നു കരുതിയിരുന്നില്ല. അങ്ങനെ ഒരു നഗരത്തിന്റെ പേരു കേട്ടിട്ടുപോലുമുണ്ടായിരുന്നില്ല. യൂറോറെയിൽ പാസ്സിൽ നേരത്തേ ബുക്ക് ചെയ്തുവച്ച ഒരുദിവസം റദ്ദു ചെയ്യാൻ മറന്നുപോയി. തൊട്ടുതലേന്ന് അർദ്ധരാത്രിക്കു മുമ്പെങ്കിലും വേണം അങ്ങനെ ക്യാൻസൽ ചെയ്യാൻ. അതുകൊണ്ട് ആ ഒരുദിവസം നഷ്ടപ്പെട്ടുപോകാതിരിക്കാനാണ് തീവണ്ടിയിൽ അടുത്തെങ്ങോട്ടേക്കെങ്കിലും പോകാമെന്നു തീരുമാനിച്ചത്.
യൂറോറെയിൽ പാസ്സ് നമ്മൾ ഇന്ത്യയിൽ നിന്നുതന്നെയാണ് എടുക്കേണ്ടത്. യൂറെയിലിന്റെ ഔദ്യോഗിക സൈറ്റിലോ ക്ലൂക് തുടങ്ങിയ ചില സ്വകാര്യ പോർട്ടലുകളിലോ അതെടുക്കാൻ സാധിക്കും. നിശ്ചിത കാലയളവിനുള്ളിൽ ഉപയോഗിക്കാവുന്ന അഞ്ചുദിവസം, ഏഴു ദിവസം, പത്തുദിവസം തുടങ്ങി സൗകര്യപ്രദമായ പലതരം പാസ്സുകളുണ്ട്. രണ്ടുമാസത്തിനുള്ളിൽ ഉപയോഗിക്കാവുന്ന പതിനഞ്ചുദിവസത്തെ ടിക്കറ്റാണ് ഞങ്ങൾ എടുത്തത്. ഏതാണ്ട് നാല്പതിനായിരം രൂപ. അതുപയോഗിച്ച് യൂറോപ്പിലെ മിക്ക രാജ്യങ്ങളിലേക്കും യാത്ര ചെയ്യാം. ചില അതിവേഗ റൂട്ടുകളിൽ സീറ്റ് ഉറപ്പാക്കുന്നതിനുവേണ്ടി, ഈ പാസ്സിനോടൊപ്പം തന്നെ റിസർവേഷൻ ചെയ്യേണ്ടിവരും എന്നുമാത്രം. അതിന് എല്ലാ വലിയ സ്റ്റേഷനുകളിലും സൗകര്യമുണ്ട്.
ഡെൻമാർക്കിന്റെ തലസ്ഥാനമായ കോപ്പൻഹാഗനിലായിരുന്നു ഞങ്ങൾ. അവിടെ മൂന്നു ദിവസം ചെലവഴിച്ചു കഴിഞ്ഞിരുന്നു. ഇനിയുള്ള യാത്ര നോർവേയുടെ തലസ്ഥാനമായ ഓസ്ലോവിലേക്കാണ്. അതിനു മുമ്പാണ് മാൽമോയിലേക്കു പോയത്. മാൽമോയിലേക്ക് കോപ്പൻഹാഗനിൽനിന്നും അമ്പതിൽ താഴെ കിലോമീറ്റർ മാത്രമേ ദൂരമുള്ളൂ. പക്ഷേ, അത് സ്വീഡനിലാണ്. സ്റ്റോക്‌ഹോമും ഗോതൻബെർഗും കഴിഞ്ഞാൽ സ്വീഡനിലെ ഏറ്റവും വലിയ നഗരം.
കോപ്പൻഹാഗനിലെ സെൻട്രൽ സ്റ്റേഷനിൽ നിന്നും റീജനൽ ട്രെയിനുകളിൽ നാല്പതുമിനിട്ടാണ് യാത്രാസമയം. അരമണിക്കൂർ ഇടവിട്ട് തീവണ്ടികളുണ്ട്. ഞായറാഴ്ചയായതുകൊണ്ട് വണ്ടിയിൽ തിരക്കില്ല. കോപ്പൻഹാഗൻ എയർപോർട്ടിലേക്കു പോകുന്ന യാത്രക്കാർ വലിയ ലഗ്ഗേജുകളുമായി കൂടെയുണ്ട്. യൂറോപ്പിലെ ടാക്‌സി നിരക്കുകൾ വളരെ കൂടുതലാണ്. അതിനാൽ മിക്കവരും പൊതുഗതാഗതത്തെ ആശ്രയിക്കുന്നു. യൂറോപ്പിലെ തന്നെ ഏറ്റവും നീളം കൂടിയ കടൽപ്പാലമായ ഓയസുണ്ട് (Øresund bridge) കടന്നുവേണം സ്വീഡനിലെത്താൻ. എട്ടു കിലോമീറ്റർ നീളമുള്ള പാലത്തിലൂടെ തീവണ്ടിപ്പാളങ്ങളും റോഡുകളുമുണ്ട്. പാലത്തിലൂടെയുള്ള യാത്രയും പിന്നീട് മാൽമോയിൽ നിന്നുനോക്കുമ്പോഴുള്ള പാലത്തിന്റെ കാഴ്ചയും അവിസ്മരണീയമാണ്.
മാൽമോയിലെ സ്‌റ്റേഷൻ അത്ര വലുതല്ല. അണ്ടർ ഗ്രൗണ്ടിലാണ് വണ്ടികൾ വന്നെത്തുന്നത്. പടികൾ കയറി മുകളിലേക്കു പോകണം. വണ്ടികൾ വന്നു നില്ക്കുന്ന സ്‌റ്റേഷന്റെ ഗുഹപോലുള്ള ഭാഗത്തെ ചുവരുകളിൽ ലോകത്തെ പല രാജ്യങ്ങളിലെ സ്ഥലങ്ങളുടെ കാഴ്ചകൾ ഉൾപ്പെടുത്തിയിട്ടുള്ള ചലച്ചിത്രങ്ങൾ കാണിക്കുന്നുണ്ട്. അദ്ഭുതം തന്നെ, ആലപ്പുഴയിലെ ദൃശ്യങ്ങളും അതിലുണ്ടായിരുന്നു.
ദൂരദേശങ്ങളിൽ പോയി നില്ക്കുമ്പോൾ നമ്മുടെ നാട്ടിലെ അതിസാധാരണമായ കാഴ്ചകൾ കാണുന്നതു പോലും വിസ്മയം ജനിപ്പിക്കും. ആ ചെറിയ സ്റ്റേഷന്റെ പൂമുഖത്തുനിന്നു നോക്കിയാൽത്തന്നെ മാൽമോ നഗരത്തിന്റെ മൊത്തത്തിലുള്ള ഒരു കാഴ്ച ലഭിക്കും. സമാന്തരമായി, നീണ്ടുപോകുന്ന കനാൽ, കടൽ, കടലിൽ വന്നുനില്ക്കുന്ന കപ്പലുകൾ, കനാലിന് ഇരുവശത്തുമായി കെട്ടിടങ്ങൾ. റെയിൽവേ സ്റ്റേഷനിൽത്തന്നെ പലതരം കച്ചവടസ്ഥാപനങ്ങളുണ്ട്. ഒരു ചെറിയ ബുക്സ്റ്റാൾ കണ്ടു. അധികവും സ്വീഡിഷ് ഭാഷയിലുള്ള പുസ്തകങ്ങളാണ്.
നമ്മുടെ സ്റ്റേഷനുകൾ പോലെയല്ല, മാൽമോയിലെ സ്‌റ്റേഷനിൽ ടോയ്‌ലറ്റ് ഉപയോഗിക്കണമെങ്കിൽ ഒരു യൂറോ കൊടുക്കണം. നമ്മുടെ രൂപാവിനിമയനിരക്കുവച്ച് ആലോചിക്കുമ്പോൾ എൺപതിലധികം രൂപാ കൊടുത്തു മൂത്രമൊഴിക്കേണ്ടതുണ്ടോ എന്നും ഒരു സന്ദേഹം തോന്നാം, വിശേഷിച്ചും യൂറോപ്പിലെത്തിച്ചേരുന്ന ആദ്യനാളുകളിൽ. പിന്നെ അതു പരിചയമാവും. തിരിച്ചു നാട്ടിൽ വരുമ്പോൾ ഒരു ഓട്ടോ റിക്ഷാ യാത്രയ്ക്ക് എൺപതു രൂപാ കൊടുക്കുമ്പോൾ വെറും ഒരു യൂറോയല്ലേ, നിസ്സാരം എന്നും തോന്നും.
മാൽമോയിൽ ഒരു പകൽ മാത്രമേ ഞങ്ങൾ ചെലവഴിക്കാൻ ഉദ്ദേശിച്ചിരുന്നുള്ളൂ. രാത്രിയോടെ തിരിച്ചു കോപ്പൻഹാഗനിലെ ഹോട്ടലിലെത്തണം. അതുകൊണ്ട് നഗരം കാണാനുള്ള ഒരു എളുപ്പവഴിയായി കനാൽ ക്രൂയ്‌സ് തെരഞ്ഞെടുത്തു. കനാലിന്റെ ഇരുവശത്തുമായി വിടർന്നുനില്ക്കുകയാണ് മാൽമോ. പതിനേഴര യൂറോ (1500 രൂപ) ആണ് കനാൽ ക്രൂയിസിനുള്ള ഫീസ്. ഓരോ മണിക്കൂർ ഇടവിട്ടാണ് ബോട്ടുകൾ. നാല്പത്തഞ്ചു മിനിട്ടു സമയം മൊത്തത്തിലൊന്നു കറങ്ങി തിരിച്ചുകൊണ്ടാക്കും. എബ്ബ എന്നു പേരുള്ള ഒരു പെൺകുട്ടിയായിരുന്നു ഞങ്ങളുടെ ഗൈഡ്.
ഓരോ സ്ഥലം വിശദീകരിക്കുമ്പോഴും ചിരിക്കുകയും തമാശ പറയുകയും ചെയ്യുന്ന പ്രസന്നവതിയായ ഒരുവൾ. എത്രയോ കാലമായി ഈ പണിയിലായിരുന്നതുകൊണ്ട് പട്ടണത്തിലെ സ്പന്ദനങ്ങൾ പോലും അവൾക്കറിയാം. കനാലിന്റെ ഓരോ ഭാഗത്തും ചൂണ്ടയിടാനിരിക്കുന്ന വയസ്സന്മാരുടെ പേരുകൾ പോലും എബ്ബയ്ക്കു കാണാപ്പാഠമാണ്. അവരെ അവൾ കൈവീശിക്കാണിക്കുന്നു, അടുത്താണെങ്കിൽ കുശലം ചോദിക്കുന്നു.
മാൽമോ ഒരു കനാൽ നഗരമാണ്. പക്ഷേ, വളരെ വീതിയുള്ള കനാൽ. അതിനു കുറുകെ ഇടയ്ക്കിടെ വലിയ പാലങ്ങളുണ്ട്. നമ്മുടെ ബോട്ട് അവിടെയെത്തുമ്പോൾ 'ഇരിക്കൂ' എന്ന് എബ്ബ വിളിച്ചുപറയും. യാത്രക്കാരുടെ തല തട്ടാതിരിക്കാനാണ്. അപ്പോഴും അവൾ ഇരിക്കില്ല. തല കുനിക്കും. എവിടെ എത്രത്തോളം തലകുനിക്കണം എന്നുള്ള കാര്യത്തിൽ അവൾ വലിയ വിദഗ്ധയാണെന്നു തോന്നി.
മാൽമോ കപ്പലുകൾ നിർമിക്കുന്ന സ്ഥലം കൂടിയാണ്. ധാരാളം പേർ ആ തൊഴിലിൽ ഏർപ്പെട്ടിരിക്കുന്നു. തൊട്ടടുത്തുള്ള നഗരമായ ലുണ്ട് ആകട്ടെ യൂണിവേഴ്‌സിറ്റികൾക്കാണ് പേരു കേട്ടിരിക്കുന്നത്. അതിനാൽ 'ലുണ്ടിൽ ഞങ്ങൾ പഠിക്കുകയും മാൽമോയിൽ പണിയെടുക്കുകയും ചെയ്യുന്നു' (In Lund we read and in Malmo we work) എന്നാണ് എബ്ബയുടെ അഭിപ്രായം. കനാലിലൂടെ പോകുമ്പോൾ അപ്പുറത്തും ഇപ്പുറത്തുമായി ഒരുപാട് വലിയ കെട്ടിടങ്ങൾ കണ്ടു. ഒരുവശത്ത് കാണുന്നതെല്ലാം പഴയ കെട്ടിടങ്ങളാണ്.
അപ്പുറത്താകട്ടെ, ആധുനിക വാസ്തുവിദ്യയുടെ മാതൃകയിൽ നിർമിച്ച എടുപ്പുകളും. ആ നിലയ്ക്ക് ആധുനികതയുടെ ഒരു പുത്തൻകരയിലേക്കു മുന്നേറുകയാണ് മാൽമോ എന്നു പറയാം. ഈ നിർമിതികളിൽ വളരെ പ്രധാനപ്പെട്ടതാണ് തിരിയുന്ന ശരീരം (turning torso) എന്ന പേരിലുള്ള കെട്ടിടം. 190 മീറ്റർ ഉയരമുള്ള കെട്ടിടത്തിന്റെ വിവിധ നിലകൾ പരസ്പരം പിരിഞ്ഞുപിരിഞ്ഞുപോവുന്നതു പോലെയാണ്. ഏറ്റവും മുകളിലെ നില ഏറ്റവും താഴത്തേതിൽ നിന്നും മട്ടകോണിലാണ്. ഈ കെട്ടിടത്തിൽ ഓഫീസുകളും വീടുകളുമുണ്ട്. പക്ഷേ, പുറത്തുനിന്നുള്ളവർക്ക് അകത്തേക്കു പ്രവേശനമില്ല.
ക്രൂയ്‌സ് കഴിഞ്ഞപ്പോൾ ഞങ്ങൾ കനാലിന്റെ കരപറ്റി തെരുവുകളിലൂടെ നടന്നു. നല്ല തണുപ്പനുഭവപ്പെട്ടിരുന്നു. കുറച്ചുദൂരം ചെന്നപ്പോൾ Sherlocked എന്ന പേരുള്ള ഒരു റെസ്‌റ്റോറന്റ് കണ്ടു. കൗതുകം തോന്നി. ഷെർലക് ഹോംസിന്റെ കഥകളുമായി തീം ഉണ്ടാക്കി നിർമിച്ച ഭക്ഷണശാലയായിരുന്നു അതിൽ. ഹോംസ് തന്റെ കറുത്ത പൈപ്പുമായി ഇരിക്കുന്ന ചിത്രങ്ങൾ ജനൽച്ചില്ലകളിൽ പതിച്ചുവച്ചിരിക്കുന്നു. അതിനുള്ളിൽ കയറി നോക്കിയപ്പോൾ ഏതാണ്ട് പുകപിടിച്ച മാതിരിയുള്ള ഒരന്തരീക്ഷം. ബെൽജിയൻ ഗ്ലാസ്സുകൾ പതിച്ച ജാലകങ്ങൾ. പഴയകാലത്തെ ലണ്ടനിൽ ഉപയോഗിച്ചിരുന്ന ചില വാഹനങ്ങളുടെ രൂപമാതൃകകൾ, പെട്ടികൾ. ദുരൂഹമായ ആ അന്തരീക്ഷത്തിൽ ഇരുന്നുകൊണ്ട് ഭക്ഷണം കഴിക്കാൻ മടിച്ചു.
ഷെർലക് ഹോംസിനേയും അയാളുടെ ഭക്ഷണശാലയേയും വിട്ട് വീണ്ടും തെരുവിലേക്കിറങ്ങി. കോപ്പൻഹാഗനിലേക്കു പോകുന്ന ഹൈവേ വരെ നടന്ന് ഓയസുണ്ട് പാലം കണ്ടു. രണ്ടായിരത്തിലാണ് ഈ പാലം പൂർത്തിയായത്. അതിനു മുമ്പ് മാൽമോ സാമ്പത്തികമായി പിറകിലായിരുന്നു. തൊഴിലില്ലായ്മ രൂക്ഷവും. കോപ്പൻഹാഗനിലേക്കുള്ള പാലം വ്യാപാരം മെച്ചപ്പെടുത്തി. പോയ രണ്ടു ദശകങ്ങളായി ഏതാണ്ട് സമ്പന്നമായൊരു പ്രദേശമാണിവിടം.
ലഘുഭക്ഷണത്തിനുശേഷം വീണ്ടും നഗരം കാണാനിറങ്ങി. ഒരു ചാറ്റൽമഴ അപ്പോൾ കൂട്ടുവന്നു. കനാലിന്റെ ഒരരികിലെ കെട്ടിടത്തിനുതാഴെ നിന്നുകൊണ്ട,് മഴയിലിരുന്നു ചൂണ്ടിയിട്ടു കാത്തിരിക്കുന്ന മനുഷ്യരെ നോക്കി. ഒരു തിടുക്കവും അവരിൽ കാണാനില്ല. കുറേ നേരം കഴിഞ്ഞിട്ടും ആരും കമ്പുയർത്തി മീനെടുക്കുന്നതും കണ്ടില്ല. ഒരു ചൂണ്ടയും കൈയിൽപ്പിടിച്ച് അവരെല്ലാം ധ്യാനിക്കുകയായിരിക്കുമോ? ഒരുപക്ഷേ, മീനൊന്നും കിട്ടരുതേ എന്നാവുമോ ഉള്ളുരുകുന്ന പ്രാർത്ഥന? മീൻ കിട്ടിയാൽ അവിടെനിന്നും ജീവിതത്തിന്റെ വിരസതകളിലേക്കു തിരിച്ചുപോവേണ്ടിവരുമല്ലോ. സാധാരണ ചൂണ്ടകളിലൊന്നും കുരുക്കാൻ പറ്റാത്ത, സമയം എന്നു പേരുള്ള വലിയൊരു മീനിനെ എന്തുചെയ്യും എന്നോർത്തു വെറുതെയിരിക്കുകയാവാം ആ മനുഷ്യർ.
പിന്നീട് ഞങ്ങൾ സെന്റ് പീറ്റർ പള്ളി (Sankt Petri Kyrka) കാണാൻ പോയി. ഇഷ്ടിക കൊണ്ടു നിർമിച്ച ഗോഥിക് മാതൃകയിലുള്ള മനോഹരമായൊരു നിർമിതിയാണ് ഈ ദേവാലയം. പതിനാലാം നൂറ്റാണ്ടിലാണ് ഈ പള്ളി പണി കഴിപ്പിച്ചത്. അപ്പോൾ അതൊരു കാത്തലിക് പള്ളിയായിരുന്നു. പിന്നീട് ക്രിസ്തീയ നവീകരണത്തിന്റെ കാലത്ത് പ്രോട്ടസ്റ്റന്റുകാർ അതു കൈയിലാക്കി. വിഗ്രഹഭഞ്ജകരുടെ (iconoclasts) സംഘങ്ങൾ പള്ളിയിലെ അൾത്താരയിലെ അറുപതോളം ശില്പങ്ങളിൽ മിക്കതും നശിപ്പിച്ചു. ദേവാലയത്തിന്റെ അകം വെള്ള പൂശി. നവീകരണകാലത്തിനു ശേഷം ഇന്നുവരെ അതൊരു ലുഥേറിയൻ പള്ളിയായിത്തന്നെ തുടർന്നുപോരുന്നുണ്ടെങ്കിലും സാധാരണ പ്രോട്ടസ്റ്റന്റ് ദേവാലയങ്ങളിൽനിന്നു വ്യത്യസ്തമായി, മനോഹരമായ ചുവർചിത്രങ്ങളും ശില്പങ്ങളും ഇപ്പോഴും അതിനുള്ളിലുണ്ട്. അടുത്തകാലത്ത് വലിയൊരു ഓർഗനും സ്ഥാപിക്കുകയുണ്ടായി. ഞായറാഴ്ചയായിരുന്നിട്ടും പള്ളിയിൽ വിശ്വാസികൾ ആരുമില്ല. യൂറോപ്യൻ നഗരങ്ങളുടെ പൊതുസ്വഭാവമാണത്. സ്‌കാന്റിനേവിയൻ രാജ്യങ്ങളിൽ തീരെ മതവിശ്വാസം കുറവാണ്. അതുകൊണ്ടായിരിക്കണം, ലോകത്തിലെ ഏറ്റവും സന്തോഷമുള്ള ജനത ഈ പ്രദേശങ്ങളിലാണ് താമസിക്കുന്നത്. സമൂഹമാധ്യമങ്ങളിലൂടെയൊക്കെയുള്ള വർഗീയ വിഷപ്രചാരണം കുറയുന്നതിന്റെ ഗുണഫലം. ഒരു പണിയുമില്ലാത്തവർക്ക് ഇവിടെ ചൂണ്ടയിടാൻ പോകാമല്ലോ.
മാൽമോയിൽ പഴയ കോട്ടകളും അവയിലേക്കു നയിക്കുന്ന പാതകളുമുണ്ട്. പാതകളിൽ ഉരുളൻകല്ലുകൾ വിരിച്ചിരിക്കുന്നു. മനോഹരമായ ഉദ്യാനങ്ങളും ജലാശയങ്ങളും നഗരത്തെ അനുഗ്രഹിച്ചിട്ടുണ്ട്. നടപ്പാതകൾക്കു തണൽവിരിച്ച് വലിയ മരങ്ങൾ. ഇടയ്ക്കിടെ വിശാലമായ ചത്വരങ്ങൾ. അവയിലൊന്നിൽ വച്ചാണ് ഞങ്ങൾ ഡാനിയേലിനെ പരിചയപ്പെട്ടത്. ഡാനിയേലിന്റെ കൂടെയുള്ളത് അയാളുടെ മൂന്നാമത്തെ ഭാര്യയാണ്. അവർ പക്ഷേ, റൊമാനിയക്കാരിയുമല്ലെന്നു തോന്നുന്നു. മിക്കവാറും ഒരു ഏഷ്യൻ വംശജയാവാനാണ് സാധ്യത.
'ഒരു ഫോട്ടോയെടുക്കട്ടേ?' പിരിയാൻ നേരം ഡാനിയേലിനോടു തിരക്കി.
ഭാര്യ അയാളുടെ കൈയിൽ പിടിച്ചു. അവരുടെ രേഖകളിൽ ചിലപ്പോൾ പ്രശ്‌നങ്ങളുണ്ടാവാം. ഫോട്ടോയും മറ്റും പുറത്തുവന്നാൽ കുഴപ്പമുണ്ടായാലോ എന്നുള്ള ഭയം. ഡാനിയേലിന് പക്ഷേ, അങ്ങനെ പരിഭ്രമമൊന്നുമില്ല.
'ഫോട്ടോ എടുത്തോട്ടേ, അതുകൊണ്ടെന്താണ്? ഇയാൾ എന്റെ സഹോദരനാണ്. ഇന്ത്യൻ ബ്രദർ.' അയാൾ ഭാര്യയോടു പറഞ്ഞു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Overview of the 8 km Oresund Bridge connecting rail and road. Unique underground architecture and video displays at Malmo Station
Published: 09 May 2026, 12:26 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented