
പുല്‍നാമ്പുകളെപ്പോലും ദഹിപ്പിച്ചുകളയുന്ന ഗ്രീഷ്മം. ഉഷ്ണരാശിയില്‍ ഭൂമിയൊന്നാകെ ചുട്ടുപഴുക്കുന്നുണ്ടായിരുന്നു. മലമുകളിലേക്ക് നീങ്ങുന്ന കല്‍പ്പടവുകള്‍ കയറുമ്പോള്‍, വരാനിരിക്കുന്ന ഋതുക്കളെ ഓര്‍മിപ്പിച്ചുകൊണ്ടെന്നവണ്ണം നേര്‍ത്ത കാറ്റിന്‍തലോടല്‍ ഒരുവേള ആശ്വാസം പകര്‍ന്നു. കരുണയുടെ മഹാസാഗരമായ ഗൗതമബുദ്ധന്റെ സന്ദേശവാഹകരായി ക്രിസ്തുവിനുമുന്‍പേ ബുദ്ധഭിക്ഷുക്കള്‍ കയറിയ പാതകള്‍. അന്നൊരുപക്ഷേ, ചെത്തിയൊതുക്കിയ കല്‍പ്പടവുകളായിരിക്കില്ല അവരെ വരവേറ്റിട്ടുണ്ടാവുക, കൂര്‍ത്ത പാറക്കഷ്ണങ്ങളും മുള്ളുകളും നിറഞ്ഞ ഘോരമായ വനപാതകളായിരിക്കണം.
ദുര്‍ഘടമായ പര്‍വതച്ചെരിവുകളിലൂടെ ഒരുപറ്റം ഭിക്ഷുക്കള്‍ മലമുകളിലെത്തിച്ചേര്‍ന്നിരിക്കണം. അവര്‍ വന്നത് ഇതുപോലുള്ള ഗ്രീഷ്മത്തിലായിരിക്കുമോ? അതോ ശരത്കാലത്തിലോ? ഹിംസ ഹീനമായതിനാല്‍ അവര്‍ അഹിംസാവാദികളായിരുന്നു. മലമുകളിലെ പാറക്കൂട്ടങ്ങള്‍ ധ്യാനത്തിനായി തിരഞ്ഞെടുത്തത് അതുകൊണ്ടാണ്, വന്യമൃഗങ്ങളുടെ ആക്രമണത്തില്‍നിന്ന് രക്ഷനേടാന്‍; ആയുധങ്ങള്‍കൊണ്ട് അവരെ നേരിടുക ഹിംസയാകുമല്ലോ!
പ്രകൃതിക്ഷോഭങ്ങളില്‍നിന്നും അധിനിവേശങ്ങളില്‍നിന്നും അകന്നുനില്‍ക്കാന്‍ കൊടുംകാട്ടിലെ പര്‍വതമുകളിലെ പാറക്കൂട്ടങ്ങള്‍ അവര്‍ തിരഞ്ഞെടുത്തു. കാര്‍ളയില്‍ അക്കാലത്ത് ബുദ്ധഭിക്ഷുക്കള്‍ പഠനകേന്ദ്രം തുടങ്ങി. ആയിരത്തോളം വിദ്യാര്‍ഥികള്‍ ഇവിടെ പഠനത്തിനായി എത്തിയിരുന്നുവത്രേ! കത്തിയമരുന്ന വെയിലിനെ തരണംചെയ്ത് ഒടുവില്‍, മലമുകളിലേക്കു നീളുന്ന കല്‍പ്പടവുകള്‍ കയറി ഞങ്ങളെത്തി. മുന്നില്‍, വിജ്ഞാനത്തിന്റെ മഹാഗോപുരംപോലെ പാറക്കൂട്ടങ്ങള്‍ക്കിടയില്‍ കാര്‍ളയെന്ന ബുദ്ധവിഹാരം. അവയ്ക്കുള്ളിലെ ബുദ്ധസ്തൂപങ്ങള്‍ക്ക് മറ്റൊരു ചരിത്രമുണ്ട്. അത് വിജ്ഞാനത്തിന്റെതും സംവാദത്തിന്റെതുമാണ്. അത് പറയുംമുന്‍പേ കാര്‍ളയുടെ ചരിത്രത്തിലേക്ക് പോവേണ്ടതുണ്ട്.
പുണെയിലെ ലോണാവാലയില്‍നിന്ന് 11 കിലോമീറ്റര്‍ അകലെയുള്ള പര്‍വതമുകളിലാണ് കാര്‍ള ഗുഹകള്‍ സ്ഥിതിചെയ്യുന്നത്. ക്രിസ്തുവിനുമുന്‍പ് ബി.സി. രണ്ടാംനൂറ്റാണ്ടില്‍ ഈ ബുദ്ധവിഹാരത്തിന്റെ ആദിമരൂപങ്ങള്‍ നിര്‍മിച്ചിരുന്നു. ശതവാഹനന്മാരുടെ കാലത്താണ് ഈ ഗുഹാക്ഷേത്രത്തിന്റെ പണിയാരംഭിച്ചത്. അറബിക്കടലില്‍നിന്ന് ഡെക്കാണിലേക്കുള്ള പൗരാണിക വ്യാപാരപാതയുടെ സമീപത്തായിരുന്നു ഈ ഗുഹാക്ഷേത്രങ്ങള്‍. പൗരാണികകാലത്തുതന്നെ വ്യാപാരപാതകള്‍ക്കു സമീപം ബൗദ്ധസന്ന്യാസിമഠങ്ങള്‍ സ്ഥാപിച്ചിരുന്നു. കാര്‍ള ഗുഹാക്ഷേത്രങ്ങള്‍ക്ക് ബുദ്ധമതത്തില്‍ ആദ്യകാലത്തുണ്ടായിരുന്ന മഹാസാംഘികവിഭാഗവുമായി ചരിത്രപരമായ ബന്ധമുണ്ട്.
പില്‍ക്കാലത്ത് മഹായാനബുദ്ധവിഭാഗമാണ് കാര്‍ളയിലുണ്ടായിരുന്നത്. അക്കാലങ്ങളില്‍ ഭരണാധികാരികള്‍ക്കൊപ്പം വണിക്കുകളുടെയും (വ്യാപാരികള്‍) പിന്തുണ ബുദ്ധഭിക്ഷുക്കള്‍ക്ക് ലഭിച്ചിരുന്നുവെന്നാണ് പുതിയ പഠനങ്ങളില്‍നിന്നു വ്യക്തമാകുന്നത്. അക്കാലങ്ങളില്‍ വ്യാപാരികള്‍ അത്രമേല്‍ സമ്പന്നരായിരുന്നുവെന്നുവേണം അനുമാനിക്കാന്‍. അവര്‍ ഭിക്ഷുക്കള്‍ക്ക് വിഹാരം പണിയാനുള്ള സൗകര്യങ്ങള്‍ ചെയ്തുപോന്നിരുന്നുവത്രേ. ഗാന്ധാര ആര്‍ട്ടിന്റെ സ്വാധീനം ഇന്ത്യയിലെ ശില്പശാസ്ത്രത്തില്‍ കാണാനാകുമെന്ന് പ്രശസ്ത ചരിത്രകാരന്‍ ഡി.ഡി. കൊസാംബി നിരീക്ഷിച്ചിട്ടുണ്ട്. കാര്‍ളയില്‍ കാണുന്ന വലിയ തൂണുകള്‍ ഈജിപ്ഷ്യന്‍ വാസ്തുവിദ്യയോട് സാമ്യമുള്ളവയാണ്. ആ കലയുടെ സ്വാധീനം പുരാതനഭാരതത്തിലേക്കെത്തുന്നത് കാര്‍ളയിലൂടെയാണെന്നുവേണം അനുമാനിക്കാന്‍.
കാര്‍ളയിലേക്ക് പ്രവേശിക്കുമ്പോള്‍ ആദ്യം ചെന്നെത്തുക വലിയൊരു ഇടനാഴിയിലേക്കാണ്. അതിന്റെ ഇരുവശങ്ങളിലുമായി കൂറ്റന്‍ കല്‍ത്തൂണുകള്‍ കാണാം. ഇടനാഴി പിന്നിടുമ്പോള്‍ കാര്‍ളയിലെ ഏറ്റവും സവിശേഷമായ, ഗ്രാന്‍ഡ് ചൈത്യം എന്നറിയപ്പെടുന്ന എട്ടാമത്തെ ഗുഹയിലേക്ക് എത്തിപ്പെടും. പൗരാണികകാലത്ത് മികച്ച രീതിയില്‍ പരിപാലിച്ചുപോന്നിരുന്നത് ഈ ഗുഹയായിരുന്നു. നിരവധി ശില്പങ്ങളാലും കൊത്തുപണികളാലും അലംകൃതമായ ഗ്രാന്‍ഡ് ചൈത്യത്തിന്റെ ഉള്ളിലാണ് ഉയര്‍ന്നുനില്‍ക്കുന്ന ബുദ്ധസ്തൂപമുള്ളത്.

ബുദ്ധതത്ത്വസംഹിതകള്‍ക്ക് പ്രാചീനഭാരതത്തില്‍ ആഴത്തില്‍ വേരോട്ടമുണ്ടായിരുന്ന കാലഘട്ടത്തിലാണ് അവ നിര്‍മിച്ചത്. ബുദ്ധമാര്‍ഗത്തിലൂടെ സഞ്ചരിച്ച സന്ന്യാസിമാര്‍ അവരുടെ ജ്ഞാനം നിലനിര്‍ത്തിപ്പോരുന്നതിനായി നിലവിലെ സമൂഹങ്ങളുമായി സംവാദങ്ങളിലേര്‍പ്പെട്ടു. അവര്‍ ജ്ഞാനസംവാദത്തില്‍ വിജയിക്കുന്നപക്ഷം കൈയിലുള്ള ദണ്ഡം അവിടെ സ്ഥാപിക്കുന്നു. ദണ്ഡം സ്ഥാപിക്കുന്നതിന് പിന്നാലെയെത്തുന്ന ബുദ്ധപഠിതാക്കള്‍ അവിടെ കല്‍ത്തൂണുകള്‍ സ്ഥാപിച്ചു. അതിനുശേഷമെത്തിയവരാണ് സംവാദത്തില്‍ ജയിച്ച ബുദ്ധസന്ന്യാസിക്കായി സ്തൂപം പണികഴിപ്പിക്കുന്നത്.
ബുദ്ധമതചരിത്രം പറയുന്നതുപ്രകാരം ബുദ്ധന്‍ നേരിട്ടെത്തി പത്ത് സ്തൂപങ്ങള്‍ സ്ഥാപിച്ചുവത്രേ! ബോധ്ഗയയിലും സാഞ്ചിയിലും സാരാനാഥിലുമെല്ലാം അത് കാണാം. അത് സംവാദത്തിന്റെ കാലമായിരുന്നിരിക്കണം, ഇന്ന് ആശയസംവാദം അപ്രത്യക്ഷമായപ്പോള്‍ ഹിംസ ഉടലെടുക്കുന്നു. ബുദ്ധിസത്തിന്റെ പരിണാമഘട്ടത്തില്‍, ഏതൊരു ബുദ്ധസന്ന്യാസി മരിച്ചാലും അവിടെയൊരു സ്തൂപം സ്ഥാപിച്ചിരുന്നവത്രേ! ലഡാക്കിലും വിശാഖപട്ടണത്തിന്റെ ചിലയിടങ്ങളിലും സ്ഥാപിച്ചിട്ടുള്ള സ്തൂപങ്ങള്‍ തര്‍ക്കശാസ്ത്രത്തില്‍ വിജയിച്ചതിന്റെ സ്മാരകങ്ങളല്ല, മറിച്ച്, ഓരോ ബുദ്ധസന്ന്യാസിയുടെയും ഓര്‍മ്മയ്ക്കായി നിര്‍മിച്ചിട്ടുള്ള കുടീരങ്ങളാണ്.
ബുദ്ധിസത്തിനും ജൈനിസത്തിനും കാതലായ ചില സവിശേഷതകളുണ്ട്. നിലവിലെ സംസ്‌കാരങ്ങളില്‍നിന്ന് അവര്‍ പുറംതിരിഞ്ഞുനില്‍ക്കുന്നു. അഹിംസ പ്രധാനപ്പെട്ട ആയുധമായതിനാല്‍ അവര്‍ മലമുകള്‍ തിരഞ്ഞെടുത്തു. ബുദ്ധമതത്തില്‍ ചൈത്യവും വിഹാരവുമെന്ന് രണ്ടുധാരയുണ്ട്. ചൈത്യം അമ്പലവും വിഹാരം പഠനകേന്ദ്രവുമാണ്. കാര്‍ളയിലാകട്ടെ ഇവരണ്ടും കാണാനാവും. ചൈത്യത്തിന്റെ മധ്യഭാഗത്ത് ഒരു സ്തൂപമുണ്ടായിരിക്കും. വെറും സ്തൂപം മാത്രമാണെങ്കില്‍ അത് ബുദ്ധമതത്തിലെ ഹീനയാനകാലഘട്ടത്തില്‍ നിര്‍മിക്കപ്പെട്ടിട്ടുള്ളവയാണ്. എന്നാല്‍, ആ സ്തൂപത്തില്‍ ബുദ്ധന്റെ ശില്പമുണ്ടെങ്കില്‍ അത് മഹായാനകാലഘട്ടത്തിലേതാണ്.
കാര്‍ള കേവിന്റെ ചുവരുകളില്‍ പുറംതിരിഞ്ഞുനില്‍ക്കുന്ന ചില ശില്പങ്ങള്‍ കാണാന്‍ കഴിയും. അതെന്താണെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ആ ശില്പത്തോടുചേര്‍ന്ന് ഒരു ലിപിയുണ്ട്. അതിന്റെ ആധികാരികമായ വായന ഇന്നും പഠനവിഷയമാണ്. കാര്‍ളയില്‍നിന്ന് വായിച്ചെടുത്ത ശിലാലിഖിതങ്ങള്‍ പ്രകാരം പ്രാദേശികവണിക്കുകളും യവനരും ബൗദ്ധസന്ന്യാസിമാരും ചൈത്യത്തിന് സംഭാവന നല്‍കിയതായി രേഖപ്പെടുത്തിയിട്ടുണ്ട്. വൈജയന്തിയില്‍നിന്നുള്ള ഭൂതപാലന്‍ എന്നുപേരുള്ള ഒരു വ്യാപാരിയുടെ പേര് ശിലാലിഖിതങ്ങള്‍ക്കിടയില്‍നിന്നു കണ്ടെത്തിയിട്ടുണ്ട്. പടിഞ്ഞാറന്‍ സത്രപ ഭരണാധികാരിയായിരുന്ന നഹപാനന്റെ പേരിലുള്ള മറ്റൊരു ശിലാലിഖിതവും ഇവിടെയുണ്ട്. നഹപാനന്റെ മകളുടെ ഭര്‍ത്താവായ ഉഷാവദത്തന്‍, കാര്‍ളയില്‍ ബുദ്ധഭിക്ഷുക്കള്‍ക്കായി ഒരു ഗ്രാമം ദാനമായി നല്‍കിയെന്ന് ശിലാലിഖിതങ്ങളില്‍ പറയുന്നു.
പാറകള്‍ തുരന്ന് മുകള്‍ത്തട്ടിലേക്ക് നീളുന്ന കല്‍പ്പടവുകളിലൂടെ നടന്നു. മുകളിലെ പ്രാര്‍ഥനാഹാളിന്റെ ഒരുവശത്തായി ഒരു കിളിവാതില്‍ കാണാം. അതിലൂടെ അരിച്ചെത്തുന്ന നേര്‍ത്ത വെളിച്ചത്തില്‍ ദൂരെയുള്ള മലനിരകള്‍ ഒരു പൊട്ടുപോലെ കാണപ്പെട്ടു. ആ മലനിരകളുടെ മുകള്‍ത്തട്ടിലായി മറ്റൊരു ബുദ്ധവിഹാരം കൂടിയുണ്ട്. ബുദ്ധഭിക്ഷുക്കള്‍ പണിതുയര്‍ത്തിയ 'ഭാജാ' എന്ന വിഹാരങ്ങളിലേക്കാണ് ഇനിയുള്ള യാത്ര. കാര്‍ളയെന്ന മഹാസംസ്‌കാരത്തിന്റെ സര്‍വകലാശാലയില്‍നിന്ന് അധികം അകലെയല്ലാതെ സ്ഥിതിചെയ്യുന്ന ഭാജാ വിഹാരത്തില്‍ ഈ ഗ്രീഷ്മസന്ധ്യയില്‍ അല്പസമയം ഇരിക്കണം. എങ്കിലും, എന്തുകൊണ്ടായിരിക്കണം അതുവരെ അനുവര്‍ത്തിച്ചുപോന്നിരുന്ന സംസ്‌കാരങ്ങളില്‍നിന്ന് ബുദ്ധന്‍ മുഖംതിരിച്ചുനിന്നത്?
ഉഷാവദത്തമഹാരാജാവ് ബുദ്ധഭിക്ഷുക്കള്‍ക്കായി കാര്‍ളയില്‍ ഒരുഗ്രാമം തന്നെ നല്‍കിയതായി പറയുന്നു. ഉഷാവദത്തനെക്കുറിച്ച് ചിന്തിച്ചപ്പോള്‍ ഓര്‍ത്തുപോയത് പസേനദി രാജാവിനെക്കുറിച്ചാണ്. കോസലത്തിന്റെ അധിപനായിരുന്നു അദ്ദേഹം. തന്റെ പത്‌നിയും യുവരാജാവാകേണ്ട മകനും ബുദ്ധപഥങ്ങളില്‍ ശരണംപ്രാപിക്കാനൊരുങ്ങുമ്പോഴും ഗൗതമബുദ്ധന്റെ ജ്ഞാനത്തെക്കുറിച്ച് മഹാരാജാവിന്റെ മനസ്സില്‍ സന്ദേഹം മാത്രമായിരുന്നു. അങ്ങനെയിരിക്കെ ഐരാവതീനദിയുടെ കരകളിലുള്ള കാടുകളില്‍ വിശ്രമിച്ചശേഷം മൂന്നുസംഘങ്ങളായി പിരിഞ്ഞ് ശ്രാവസ്തിയിലെത്തിയ ബുദ്ധന്‍, തന്നെ ശ്രവിച്ചവരോടായി പറഞ്ഞുവത്രേ: 'ആരെയും സ്‌നേഹിക്കരുത്!' കാര്‍ളയുടെ പടവുകളിറങ്ങി താഴ്വാരത്തേക്കു നടക്കുമ്പോള്‍ ചിന്തിച്ചുപോയി, സ്‌നേഹം എങ്ങനെയാണ് ദുഃഖമായി പരിണമിക്കുക? ദൂരെയായി കാണുന്ന മലമുകളിലെ ബുദ്ധവിഹാരത്തിലേക്കടുക്കുമ്പോഴും ബുദ്ധനില്‍നിന്ന് ഒരുപാടകലുകയാണോ ഞാന്‍!
Content Highlights: the karla caves an ancient buddhist indian rock-cut caves at karli near lonavala
Published: 26 May 2024, 10:30 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented