ശക്തന്റെ നഗരത്തിരക്കുകളില്‍നിന്ന് അല്പം മാറി ആയുര്‍വേദത്തിന്റെ ഉദ്ഭവവും പരിണാമവും അനുഭവിച്ചറിയാന്‍ കഴിയുന്ന ഒരിടമുണ്ട്. പച്ചപുതച്ച അന്തരീക്ഷത്തില്‍ തലയുയര്‍ത്തിനില്‍ക്കുന്ന, വീശുന്ന കാറ്റിനുപോലും ആയുര്‍വേദ മരുന്നിന്റെ സുഗന്ധമുള്ള തൈക്കാട്ടുശ്ശേരിയിലെ വൈദ്യരത്‌നം ആയുര്‍വേദ മ്യൂസിയം. ആയുര്‍വേദ ഗ്രാമം എന്ന പേരിലാണ് ഒല്ലൂരിനടുത്തുള്ള തൈക്കാട്ടുശ്ശേരി പ്രശസ്തം.  അഷ്ടവൈദ്യപരമ്പരയില്‍ ഉള്‍പ്പെടുന്ന തൈക്കാട്ടുമൂസുമാരുടെ സാന്നിധ്യമാണ് ഇതിനു പുറകില്‍. കേരളത്തിലെ ആയുര്‍വേദ ചരിത്രത്തിലേക്ക് കണ്ണോടിച്ചാല്‍ ഇളയിടത്ത് തൈക്കാട്ട് എന്ന പേര് പരാമര്‍ശിക്കാതെ കടന്നുപോവാന്‍ കഴിയില്ല. പെരുവനം ഗ്രാമത്തിന്റെ ആരോഗ്യപരിപാലനത്തിനായി നിയോഗിക്കപ്പെട്ട അഷ്ടവൈദ്യകുടുംബമാണ് ഇളയിടത്ത് തൈക്കാട്ട്.
വെറുമൊരു തറവാട്ടുപേരല്ല, തലമുറകളായി ഒരു നാടിനെ മുഴുവന്‍ രോഗങ്ങളില്‍നിന്ന് കാത്തുരക്ഷിച്ചുപോരുന്ന ആയുര്‍വേദ പാരമ്പര്യം കൂടിയാണ് തൈക്കാട്ടിലേത്. ആയുര്‍വേദത്തിന്റെ ഈ നന്മയും കരുതലും ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് 'ആയുര്‍വേദ മ്യൂസിയം' എന്ന ആശയത്തിന്റെ ലക്ഷ്യം. പുറത്തെ കനത്തചൂടില്‍നിന്ന് പച്ചപുതച്ചു നില്‍ക്കുന്ന മ്യൂസിയവും അതിനുമുന്നിലുള്ള പടിപ്പുരയും കണ്ടപ്പോള്‍ ആശ്വാസംതോന്നി. പഠനയാത്രയ്ക്കും വിനോദയാത്രയ്ക്കുമായി ഒരുപാടുപേര്‍ ദിവസേന മ്യൂസിയം സന്ദര്‍ശിക്കാറുണ്ട്. അതില്‍ വിദ്യാര്‍ഥികള്‍ മുതല്‍ വിദേശസഞ്ചാരികള്‍ വരെയുണ്ട്. കുടുംബവുമായി ദിവസംമുഴുവനും ഇവിടെ ചെലവഴിക്കാനെത്തുന്നവരും കുറവല്ല. പടിപ്പുരകടന്ന് മുന്നോട്ടുനടന്നതും നിറഞ്ഞചിരിയോടെ മ്യൂസിയം ക്യൂറേറ്റര്‍ അനില്‍കുമാര്‍ എത്തി. ആയുര്‍വേദത്തിന്റെ ലോകത്തേക്ക് കാലെടുത്തുവയ്ക്കുന്നവര്‍ക്കൊപ്പം അറിവും ചരിത്രവും പറഞ്ഞ് അദ്ദേഹം കൂടെയുണ്ട്. 

To advertise here,

വര്‍ഷങ്ങള്‍ക്കുമുന്‍പ് വൈദ്യരത്‌നം ഔഷധശാല ആദ്യമായി ആരംഭിച്ച നാലുകെട്ടും അതിനോടു ചേര്‍ന്നുള്ള പഴയ നഴ്സിങ് ഹോമുമാണ് മ്യൂസിയമാക്കി മാറ്റിയത്. ആയുര്‍വേദത്തിന്റെ ചരിത്രംപറയാന്‍ ഓഡിയോ വിഷ്വല്‍ തിയേറ്ററും ഒരുക്കിയിട്ടുണ്ട്. മ്യൂസിയത്തിന് പുറത്തെ ഔഷധത്തോട്ടം ഏവരെയും ആകര്‍ഷിക്കും. ദശപുഷ്പങ്ങള്‍ മുതല്‍ വലിയ വൃക്ഷങ്ങള്‍വരെ ഇവിടെയുണ്ട്. ചെടികളില്‍ പൂമ്പാറ്റയും തുമ്പികളും പാറിക്കളിക്കുന്നു. ഓരോ ചെടിയിലും അവയുടെ വിവരങ്ങളും ഉപയോഗങ്ങളുമെല്ലാം രേഖപ്പെടുത്തിയിട്ടുണ്ട്. ചൂട്, ഈ പടിപ്പുര കടന്ന് അകത്തേക്ക് വരാതിരിക്കാന്‍ കാരണവും ഈ വൃക്ഷങ്ങള്‍തന്നെ. കാവും നക്ഷത്രവനവും ഇതിനോട് ചേര്‍ന്നുണ്ട്. 27 നക്ഷത്രങ്ങള്‍ക്കും അനുയോജ്യമായ വൃക്ഷങ്ങള്‍ പരിപാലിച്ചുവരുന്നുണ്ട്. കാഞ്ഞിരം, നെല്ലി, അത്തി, ഞാവല്‍.. പട്ടിക നീളുന്നു. ബുദ്ധന്റെ പ്രതിമയും ഇവിടെ കാണാം. 

ഔഷധത്തോട്ടം കണ്ടുകഴിഞ്ഞെങ്കില്‍ വീഡിയോ കാണാമെന്നായി അനില്‍. പുല്‍ത്തകിടികള്‍ക്കിടയിലൂടെ നടന്ന് റൂം തുറന്നു. പ്രോജക്ടറും സ്പീക്കറുകളും എല്ലാമുള്ള ഒരു കൊച്ചുതിയേറ്റര്‍. ആയുര്‍വേദത്തിന്റെ ഉദ്ഭവവും വേദങ്ങളെ ഉപവസിക്കാന്‍ തുടങ്ങിയ കഥയുമെല്ലാം ഡോക്യുമെന്ററിയായി കാണാം. അഥര്‍വവേദത്തിന്റെ ഉപവേദമായാണ് ആയുര്‍വേദത്തെ കണക്കാക്കിയതത്രേ!

 

പ്രകൃതിയിലെ വിവിധ പ്രതിഭാസങ്ങളെ ആരാധിക്കാന്‍ തുടങ്ങിയ ആചാര്യന്മാര്‍, ഔഷധഗുണമുള്ള ദ്രവ്യങ്ങളെ തിരിച്ചറിഞ്ഞെന്നും അവയുടെ രോഗനിവാരണശേഷി ചികിത്സയ്ക്കായി ഉപയോഗപ്പെടുത്തിയെന്നുമാണ് ചരിത്രം. ഔഷധഗുണമില്ലാത്ത ചെടിതേടിയലഞ്ഞ ജീവകമുനിയുടെയും ആദ്യ ശസ്ത്രക്രിയ ചെയ്തു എന്ന് വിശ്വസിക്കപ്പെടുന്ന ശുശ്രുതന്റെയും കഥകള്‍ ആനിമേഷന്‍ രൂപത്തില്‍ കാണുമ്പോള്‍ നമ്മളും ആയുര്‍വേദത്തിന്റെ പരിണാമത്തിന് സാക്ഷിയാവും. പരശുരാമന്‍ മഴുവെറിഞ്ഞ് കേരളമുണ്ടായതും ആരോഗ്യ പരിപാലനത്തിനായി അഷ്ടവൈദ്യന്മാരെ ഏര്‍പ്പെടുത്തിയതും ഒരു മുത്തശ്ശിക്കഥപോലെ കണ്ടറിയാം.

വീഡിയോ കണ്ടുകഴിഞ്ഞ് നേരേ മ്യൂസിയത്തിലേക്ക്. തുളസിത്തറ കഴിഞ്ഞാല്‍ സ്വാഗതംചെയ്യുന്നത് ആദിശങ്കരന്റെ വലിയ ശില്പമാണ്. പടികടന്നു വരാന്തയിലെത്തിയാല്‍ ധന്വന്തരിയുടെ മറ്റൊരു ശില്പമുണ്ട്. മനോഹരമായ കല്‍പ്പണികളും ചിത്രപ്പണികളുംകൊണ്ട് സമ്പന്നമായ വരാന്ത. അവിടെ 2013 ഡിസംബര്‍ 27-ന് മ്യൂസിയം ഉദ്ഘാടനം ചെയ്തതിന്റെ രേഖകള്‍ കാണാം. മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍കലാം ആയിരുന്നു ഉദ്ഘാടകന്‍.

 

മണിച്ചിത്രത്താഴുള്ള വാതില്‍ തുറന്ന് അനില്‍ മുന്നില്‍ നടന്നു. വാതിലിനിപ്പുറം കാലെടുത്തുവെച്ചത് സങ്കല്പത്തില്‍പോലുമില്ലാത്ത മറ്റൊരു ലോകത്തേക്ക്. ഇപ്പോള്‍ നില്‍ക്കുന്നത് ആര്യന്മാരുടെ കാലഘട്ടത്തിലാണ്. സിന്ധു നദിക്കരയില്‍. തൊട്ടപ്പുറത്ത് ഒരു യാഗം നടക്കുന്നുണ്ട്. യാഗത്തിന് ചുറ്റും ഒരുപാടുപേര്‍ ഇരുന്ന് മന്ത്രം ചൊല്ലുന്നു. ഇതെല്ലാം കണ്ട് മുന്നോട്ടുനടന്നപ്പോള്‍ ഒരു സംശയം. ശരിക്കും യാഗത്തിലെ തീ കത്തുന്നുണ്ടോ? ഇല്ല, അതൊരു മായക്കാഴ്ചയായിരുന്നു. പടികടന്നതുമുതല്‍ നിര്‍മിതിയും മുറിയിലെ വെളിച്ചവുമെല്ലാം കണ്ണിനെ ചതിച്ചുകൊണ്ടിരിക്കുകയാണ്.

 

'Mythology, prehistoric and Vedic Period' എന്നതാണ് ഇടനാഴിയിലെ ആദ്യത്തെ ഭാഗം. ആദ്യകാഴ്ചയില്‍ത്തന്നെ ആയുര്‍വേദത്തിന്റെ തുടക്കം മനസ്സില്‍ പതിയുന്നു. മനുഷ്യന്‍ അഗ്‌നി കണ്ടെത്തിയതും അത് ചികിത്സയിലേക്ക് കൊണ്ടുവരുന്നതും ആദ്യത്തെ ചികിത്സാരീതികളുമെല്ലാം ഒരു ചിത്രം വരച്ചിട്ടപോലെ മുന്നില്‍ തെളിയുന്നു. മുന്നിലെ താളിയോലയിലതാ വേദങ്ങളും ഉപവേദങ്ങളും സൂക്ഷിച്ചിരിക്കുന്നു. ഒരു ഇടനാഴി ഇത്രയും മനോഹരവും ജീവനുള്ളതുമായി നിലനിര്‍ത്തണമെങ്കില്‍ അതിനുപിന്നിലുള്ള പരിശ്രമം എത്രത്തോളമായിരിക്കും!

ഇനി പോകുന്നത് സംഹിതാ കാലഘട്ടത്തിലേക്കാണ്. ആയുര്‍വേദത്തെക്കുറിച്ചുള്ള ആദ്യത്തെ പുസ്തകങ്ങളാണ് സംഹിതകള്‍. BCE 1500-നും CE 600 -നും ഇടയിലാണ് ആയുര്‍വേദത്തിലെ പ്രധാന സംഹിതകളെല്ലാം രചിക്കപ്പെട്ടത്. ആദ്യത്തേത് കശ്യപസംഹിതയാണ്. ഇത് പിന്നീട് ചരകസംഹിതയായി. അടുത്തത് ‘ശുശ്രുത സംഹിത.’ ശസ്ത്രക്രിയ ചെയ്യുന്ന ശുശ്രുതന്റെയും കൂടെയുള്ളവരുടെയും നിര്‍മിതി എടുത്തുപറയേണ്ടതാണ്. ഇവിടെനിന്നാണല്ലോ ആധുനിക സര്‍ജറിയുടെ തുടക്കം. എല്ലാ രൂപങ്ങളുടെ മുന്നിലും അവയുടെ വിവരണങ്ങള്‍ കൊടുത്തിട്ടുണ്ട്.

സംഗ്രഹ കാലഘട്ടമാണ് അടുത്തത്. സംഹിതകള്‍ രചിക്കപ്പെട്ടപ്പോള്‍ അതിലെ അറിവ് അടുത്ത തലമുറകളിലേക്ക് കൈമാറാന്‍ തുടങ്ങി. ഗുരുകുല സമ്പ്രദായം ഇങ്ങനെ രൂപപ്പെട്ടതാണ്. ഗുരു, രണ്ട് ശിഷ്യന്മാര്‍ക്ക് ഒരു ഔഷധച്ചെടിയുടെ ഗുണങ്ങള്‍ വിവരിച്ചുകൊടുക്കുകയാണ്. ഗുരുവിന്റെ കൈയില്‍ ഒരു താളിയോലയുമുണ്ട്. വാസ്‌കോഡ ഗാമയുടെ ആഗമനവും അച്ചടിയന്ത്രത്തിന്റെ കണ്ടുപിടിത്തവും ആയുര്‍വേദത്തിലുണ്ടാക്കിയ മാറ്റങ്ങളുമെല്ലാം കാഴ്ചകളായി ഇവിടെ തെളിയുന്നു.

ആദ്യകാലങ്ങളില്‍ മരുന്നു നിര്‍മാണവും അവയുടെ സംരക്ഷണവുമെല്ലാം നടന്നിരുന്ന സ്ഥലം രസശാല (Pharmacy) എന്നാണ് അറിയപ്പെട്ടത്. ഔഷധച്ചാറുകള്‍ സൂക്ഷിച്ചിരുന്നതും ഇവിടെയായിരുന്നു. അതിന്റെ മാതൃക മ്യൂസിയത്തില്‍ നിലനിര്‍ത്തിയിട്ടുണ്ട്. പിന്നീടുള്ള കാലം അഷ്ടാംഗ ആയുര്‍വേദത്തിന്റേതാണ്. സര്‍ജറിയുമായി ബന്ധപ്പെട്ട ചികിത്സകള്‍ ശല്യചികിത്സ എന്ന് അറിയപ്പെട്ടു. അന്ന് അതിനായി ഉപയോഗിച്ച വസ്തുക്കള്‍ ഇവിടെ അലമാരയില്‍ കാണാം. തൊട്ടടുത്തായി കുഞ്ഞിനെ തൊട്ടിലാട്ടുന്ന അമ്മയുടെ രൂപമുണ്ട്. പ്രത്യുത്പാദനവുമായി ബന്ധപ്പെട്ട ചികിത്സാവിഭാഗം വാജീകരണ തന്ത്രം എന്നാണ് അറിയപ്പെടുന്നത്. അവയെല്ലാം വായിച്ചുമനസ്സിലാക്കാം. ആയുര്‍വേദത്തിന്റെ അദ്ഭുതവിദ്യകള്‍ വിളിച്ചോതുന്ന മറ്റൊരു നിര്‍മിതിയുണ്ട്, റിജുവനേഷന്‍ തെറാപ്പി (കുടിപ്രാദേശിക ചികിത്സ). യൗവനം എല്ലാകാലത്തേക്കും കാത്തുസൂക്ഷിക്കാനുള്ള വഴിയാണ് ഇത്. സൂര്യപ്രകാശവും കാറ്റും കടന്നുവരാത്ത ഒരു ഗൃഹത്തിലാണ് ഈ ചികിത്സ നടത്തുക. അതിന്റെ മാതൃക നമുക്ക് കണ്ടറിയാന്‍ സാധിക്കും. ഉറിയും തൊട്ടിലുമെല്ലാം കണ്ടപ്പോള്‍ത്തന്നെ അടുത്തത് കുട്ടികള്‍ക്കുള്ള ചികിത്സയാണെന്ന് മനസ്സിലായി. ബാലചികിത്സ എന്നാണ് ഇതറിയപ്പെട്ടത്.

വിഷചികിത്സ, 'അഗദ തന്ത്ര' എന്നാണ് അറിയപ്പെട്ടിരുന്നത്. പാമ്പുകടിയേറ്റയാളും ചികിത്സിക്കുന്ന വൈദ്യനുമെല്ലാം ഗംഭീരം. ശില്പങ്ങളെ കൂടുതല്‍ ജീവസ്സുള്ളതാക്കി മാറ്റുന്നതില്‍ അവയ്ക്ക് പുറകിലുള്ള വെളിച്ചം വലിയ പങ്ക് വഹിക്കുന്നുണ്ട്. സൈക്യാട്രി വിഭാഗം, ഗ്രഹചികിത്സ എന്നും ഇഎന്‍ടി വിഭാഗം ഊര്‍ദ്ധ്വാംഗ ചികിത്സ എന്നുമാണ് അറിയപ്പെട്ടത്. ഇനി കേരളത്തിന്റെ ആയുര്‍വേദ ചരിത്രമാണ്. അത് പരശുരാമനില്‍ തുടങ്ങുന്നു. തൈക്കാട്ടുകുടുംബത്തിന്റെയും അവരുടെ ചികിത്സാ മികവിന്റെയും തെളിവുകള്‍ ഓരോന്നായി അടയാളപ്പെടുത്തിയിരിക്കുന്നു. 'മരണത്തൈക്കാട്ട്' മുതല്‍ വൈദ്യരത്‌നം സ്ഥാപകന്‍ ഇ.ടി. നീലകണ്ഠന്‍മൂസ് വരെയുള്ള ആയുര്‍വേദ പാരമ്പര്യം. നാടിനെ രോഗങ്ങളില്‍നിന്ന് കാക്കാന്‍ ചുമതല ഏറ്റെടുത്തിരിക്കുന്നവരുടെ ചരിത്രം.

ഇടനാഴി അവസാനിക്കുന്നിടത്തുനിന്ന് മുകളിലേക്ക് ഒരു കോണിയുണ്ട്. അതുകയറിയെത്തിയപ്പോള്‍ ത്രീഡി കണ്ണടയുമായി ക്യൂറേറ്റര്‍ നില്‍പ്പുണ്ട്. ഔഷധങ്ങള്‍ നിര്‍മിക്കുന്നതിന്റെയും വിവിധ ചികിത്സാരീതികളുടെയും ചിത്രങ്ങള്‍ ത്രിമാന രൂപത്തില്‍ ഇവിടെ കണ്ടു. തൊട്ടടുത്ത മുറിയില്‍ ഔഷധവസ്തുക്കളുടെ ശേഖരമാണ്. ആടലോടക വേര്, താമരവളയം, ശംഖുപുഷ്പം, കരിംകൂവളം തുടങ്ങി എണ്ണിയാല്‍ തീരാത്തത്ര ഔഷധങ്ങള്‍. മുറിനിറയെ ഇവയുടെയെല്ലാം സുഗന്ധവും. പഴയ കാലഘട്ടത്തിലെ ഔഷധനി ര്‍മ്മാണരീതികളും ചികിത്സാരീതികളും അതില്‍ വന്ന മാറ്റങ്ങളും അടയാളപ്പെടുത്തിയിരിക്കുന്നു. ഈ കാഴ്ചകളെല്ലാം കണ്ടുകഴിഞ്ഞാല്‍ തിരികെ മുറ്റത്തെത്തും.

ഔഷധശാല പ്രവര്‍ത്തിച്ചിരുന്ന നാലുകെട്ട് അതേപടി നിലനിര്‍ത്തിയതാണ് മ്യൂസിയത്തിന്റെ മറ്റൊരു ഭാഗം. ഈ യാത്രയില്‍ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചതും ഇതാണ്. ഔഷധനിര്‍മാണത്തിന് തുടക്കംകുറിച്ച മുറി അതേപടിയുണ്ട്. അന്നത്തെ പാത്രങ്ങളും ഭരണികളും മരുന്ന് അരച്ചെടുക്കാനുള്ള കല്ലും ഉറികളുമെല്ലാം കണ്ടപ്പോള്‍ സന്തോഷംതോന്നി. ലോകമറിയപ്പെടുന്ന ആയുര്‍വേദ പാരമ്പര്യത്തിന് തുടക്കംകുറിച്ച മുറി. മുറിയില്‍നിന്ന് ഒരു ജനാല തൊട്ടടുത്തുള്ള കിണറിലേക്ക് തുറക്കുന്നു. ആയുര്‍വേദംപോലെ വെള്ളത്തിനും തെളിമ.

തൈക്കാട്ടുശ്ശേരിയുടെ ആയുര്‍യാത്രയുടെ ഭാഗമായ അമൂല്യമായ ഓരോ വസ്തുവും ഈ മ്യൂസിയത്തില്‍ ചില്ലിട്ടുവെച്ചിട്ടുണ്ട്. ഇതില്‍ നാണയങ്ങള്‍മുതല്‍ ചാരുകസേരവരെ ഉള്‍പ്പെടും. പടികടന്ന് നാലുകെട്ടില്‍ എത്തിയപ്പോള്‍ നടുമുറ്റത്ത് വനദുര്‍ഗ കാത്തിരിപ്പുണ്ട്. ഈ നാലുകെട്ടില്‍ എപ്പോഴും 'മഴപെയ്യു'മെന്നതാണ് മറ്റൊരു കൗതുകം. വനദുര്‍ഗയുടെ വിഗ്രഹത്തിലേക്ക് ഓടുവഴിയാണ് വെള്ളമെത്തുന്നത്. വൈദ്യരത്‌നം നാരായണന്‍മൂസ്, പദ്മശ്രീ നീലകണ്ഠന്‍മൂസ് എന്നിവരുടെ ജീവിതത്തിലെ പ്രധാന സന്ദര്‍ഭങ്ങള്‍ ചിത്രങ്ങളായി നാലുകെട്ടിനുചുറ്റും അടയാളപ്പെടുത്തിയിരിക്കുന്നു. വനദുര്‍ഗയെ തൊഴുത് പടിയിറങ്ങുമ്പോള്‍ മനസ്സുമന്ത്രിച്ചു: ''ധന്യം ഈ ആയുര്‍യാത്ര.''

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi