
എഐ നിർമിത ചിത്രം
സോഷ്യല്‍ മീഡിയയില്‍ പലപ്പോഴും പെണ്‍കുട്ടികള്‍ ചോദിക്കാറുള്ളൊരു ചോദ്യമുണ്ട്; 'ചേച്ചീ, ഒറ്റക്ക് പോകുന്നത് സേഫ് ആണോ?' ഇതിന് ഒറ്റവാക്കില്‍ മറുപടി പറയുക അസാധ്യമാണ്. സോളോ ട്രാവലിങ് പുറമെ നിന്ന് നോക്കുമ്പോള്‍ നല്ല രസമുള്ള പരിപാടിയായി തോന്നാമെങ്കിലും മറ്റെല്ലാത്തിനെയുംപോലെ അതിനും പരിമിതികളും വെല്ലുവിളികളുമുണ്ട്. പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ ഒറ്റക്ക് യാത്ര ചെയ്യുമ്പോള്‍.
എത്രതന്നെ മുന്‍പരിചയം ഉണ്ടെന്നുപറഞ്ഞാലും എത്ര മുന്‍കരുതലുകള്‍ എടുത്താലും സുഖകരമല്ലാത്ത ചില അനുഭവങ്ങള്‍ ഉണ്ടായേക്കാം. അത് യാത്ര പോകുന്ന സ്ഥലത്തിന്റെ പ്രശ്നമോ അല്ലെങ്കില്‍ അവിടെയുള്ള മനുഷ്യരുടെ പ്രശ്നമോ അല്ല. ഒരു സ്ഥലവും മോശമാണെന്ന് ഇത്തരത്തിലുള്ള ചില അനുഭവങ്ങള്‍കൊണ്ട് വിധിയെഴുതാനും പാടില്ല. അന്നത്തെ കണിഫലം! അത്രതന്നെ. അത്തരത്തില്‍ 'കണിഫലം' മോശമായ ചില സംഭവങ്ങള്‍ ഇത്തവണ പറയാമെന്ന് തോന്നി. വീണ്ടും പറയുന്നു, ഇത് വ്യക്തിപരമായ അനുഭവങ്ങള്‍ മാത്രമാണ്, ഇതിന് ഒരു സ്ഥലമോ അവിടെയുള്ള മുഴുവന്‍ മനുഷ്യരോ ഉത്തരവാദികള്‍ അല്ല.
ആദ്യം ഗുജറാത്തില്‍നിന്ന് തുടങ്ങാം. ഗുജറാത്തില്‍ പോകണമെന്ന മോഹം കടന്നുകൂടിയിട്ട് കാലങ്ങളായി. ഒരുപാട് വട്ടം പോകാന്‍ പുറപ്പെട്ടിട്ട് അവസാനനിമിഷം മുടങ്ങിപ്പോയിട്ടുണ്ട്. ഗുജറാത്ത് എന്നെ വിളിക്കുന്ന കാലവും കാത്തിരുന്ന്, ഒടുവില്‍ ആ സുദിനം വന്നെത്തി. 2025 ജൂണ്‍ മാസം 17ന് ഞാന്‍ അഹ്മദാബാദില്‍ എത്തി. നല്ല മഴയായതുകൊണ്ട് എത്തിയ അന്നുതന്നെ സ്കൂട്ടര്‍ വാടകക്കെടുക്കേണ്ടെന്ന് ആദ്യമേ തീരുമാനിച്ചിരുന്നു. ഊബറില്‍ ഒരു ഓട്ടോ ബുക്ക് ചെയ്തു. ഓട്ടോക്കാരന് ഏകദേശം 70 വയസ്സോളം പ്രായം കാണും. യാത്ര പുറപ്പെട്ടു.
തൂവെള്ള ഷര്‍ട്ടും പാന്റ്സും ധരിച്ചൊരു മനുഷ്യന്. കാഴ്ച്ചയില്‍ മാന്യന്. 'മാഡം, നിങ്ങള്‍ക്ക് അദലജ് സ്റ്റെപ്പ് വെല്‍ മാത്രം പോയാല്‍ മതിയോ?' 'മതി ദാദ' 'വെയിറ്റ് ചെയ്യണോ?' 'വേണ്ട'. പൊതുവെ ഓട്ടോക്കാരും ടാക്സിക്കാരും എനിക്കുവേണ്ടി കാത്തുകെട്ടി കിടന്ന് അവരുടെ ഓട്ടം കളയുന്നത് എനിക്കിഷ്ടമല്ല. 'എനിക്ക് അവിടെ നിന്ന് തിരിച്ച് ഓട്ടമൊന്നും കിട്ടില്ല. ഞാന്‍ കാത്തുനില്ക്കാം. എന്നെ തന്നെ വിളിച്ചാല്‍ വലിയ ഉപകാരമായിരിക്കും.’
'ശരി. ദാദ നമ്പര്‍ തരൂ, ഞാന്‍ വിളിക്കാം.' പോകുന്ന വഴിയേ ഞങ്ങള്‍ കുറേ സംസാരിച്ചു.
അദ്ദേഹത്തിന്റെ വീട്ടില്‍ ഭാര്യയും ഒരു മകളുമുണ്ട്. അവരുടെ ഫോട്ടോയൊക്കെ കാണിച്ചു. അപ്പോഴേക്കും അദലജ് എത്തി. 'ഞാന്‍ ഇതുമുഴുവന്‍ കണ്ടിറങ്ങുമ്പോള്‍ ഏകദേശം ഒരു മണിക്കൂര്‍ ആകും. ദാദയ്ക്ക് ഇതിനിടയില്‍ ഓട്ടം കിട്ടുന്നെങ്കില്‍ തീര്‍ച്ചയായും പൊക്കൊളൂ. ഞാന്‍ ഇറങ്ങുമ്പോള്‍ വിളിച്ചോളാം.' പണവും കൊടുത്തിട്ട് ഞാന്‍ അദലജ് സ്റ്റെപ്പ് വെല്‍ കാണാന്‍ ഇറങ്ങി. അവിടെ മുഴുവന്‍ ചുറ്റിനടന്ന് തിരികെ ഇറങ്ങിയപ്പോള്‍ ഓട്ടോക്കാരന് അവിടെ തന്നെയുണ്ട്. നന്നായി വിശന്നെങ്കിലും കാത്തുനിന്ന് അയാള്‍ കൂടുതല്‍ മുഷിയേണ്ട എന്നു കരുതി ഗെയ്റ്റിനടുത്തുനിന്ന് ഒരു പടല പഴം വാങ്ങി. മൂപ്പര്‍ക്കും ഒരെണ്ണം കൊടുത്ത് യാത്ര തുടങ്ങി.
കുറച്ചു നേരം ഞങ്ങള്‍ പരസ്പരം ഒന്നും തന്നെ മിണ്ടിയില്ല. പെട്ടെന്ന് മൂപ്പരൊരു ചോദ്യം; 'മാഡം സൗത്ത് ആണെന്നല്ലേ പറഞ്ഞത്?' 'അതേ. കേരള എന്നു പറയും.' ഒന്നു മൂളിയ ശേഷം അയാള്‍ തുടര്‍ന്നു. 'ഞാന്‍ കേട്ടിട്ടുണ്ട്, സൗത്തിലെ സ്ത്രീകള്‍ ഓപ്പണ്‍ ആയി സെക്സ് ചെയ്യാറുണ്ടെന്ന്. അവര്‍ക്കെല്ലാം ഒരേ സമയം കുറേ ആണുങ്ങളുമായി ബന്ധം കാണുമെന്ന്. ഇത് ശെരിയാണോ?'
എനിക്ക് എന്റെ കാതുകളെ വിശ്വസിക്കാന്‍ ആയില്ല. എന്റെ അച്ഛന്റെ പ്രായമുള്ളൊരു മനുഷ്യന്! അയാള്‍ക്കൊരു മകളുണ്ട്.
ഈ വിഷയത്തിലോട്ടെത്താന് പാകത്തിനുള്ള വര്‍ത്തമാനങ്ങള്‍ ഒന്നും തന്നെ ഞങ്ങള്‍ തമ്മില്‍ ഉണ്ടായിട്ടില്ല. അമിതസ്വാതന്ത്ര്യം ഞാന്‍ അനുവദിച്ചു കൊടുത്തിട്ടുമില്ല. പിന്നെ എങ്ങനെ ഇത്തരത്തിലുള്ളൊരു ചോദ്യം! ഞാന്‍ വീണ്ടും വീണ്ടും ചോദിച്ചു; 'നിങ്ങള്‍ എന്താണ് പറഞ്ഞത്?' കേട്ടതിന്റെ തകരാറായേക്കാം എന്ന് വിശ്വസിക്കാന്‍ ഞാന്‍ ആഗ്രഹിച്ചു. പക്ഷെ ഓരോ വട്ടവും യാതൊരു ഉളുപ്പുമില്ലാതെ അയാള്‍ ആ ചോദ്യം തന്നെ ഉരുവിട്ടു, കണ്ണാടിയിലൂടെ ഒരു വളിച്ച ചിരി പാസ്സാക്കിക്കൊണ്ട്.
ഞാന്‍ പൊടുന്നനെ വണ്ടി നിര്‍ത്തിച്ചു.
പുറത്തിറങ്ങി ഞാന്‍ ചോദിച്ചു; 'നിങ്ങള്‍ക്ക് ഈ ചോദ്യത്തില്‍ ഒരു കുഴപ്പവും തോന്നുന്നില്ലേ?' 'എന്തു കുഴപ്പം? ഞാന്‍ അറിയാന്‍ ചോദിച്ചതല്ലേ! '
'നിങ്ങളുടെ മകളോട് നാളെ ഒരാള്‍ ഈ ചോദ്യം ചോദിച്ചാല്‍ നിങ്ങള്‍ക്കിഷ്ടമാകുമോ?' അപ്പുറത്ത് നിന്ന് ഉത്തരമില്ല.
എന്റെ രക്തം തിളച്ചു. വായില്‍ തോന്നിയതെല്ലാം ഞാന്‍ ഉച്ചത്തില്‍ അയാളെ വിളിച്ചു. പ്രായമായ മനുഷ്യനായതുകൊണ്ട് കൈവെക്കാന്‍ മനസ്സുവന്നില്ല. തങ്ങളോട് മോശമായി പെരുമാറിയ വ്യക്തിയോട് പോലും ഞാന്‍ ഉള്‍പ്പെടുന്ന സ്ത്രീസമൂഹത്തിന് പലപ്പോഴും ദയ തോന്നാറുണ്ട്. കാലങ്ങളായ ഒരു തരം വൃത്തികെട്ട സോഷ്യല്‍ കണ്ടീഷനിങ്ങിന്റെ ബാക്കിപത്രം.
പലപ്പോഴും ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യങ്ങള്‍ സംഭവിക്കുമ്പോള്‍ പ്രതികരിക്കുന്നതിന് മുന്‍പായി മിക്ക സ്ത്രീകളും നേരിടുന്ന ഒരു ആത്മസംഘര്‍ഷമുണ്ട്: 'ഇതൊരു നിസ്സാരകാര്യമാണോ?', 'ഞാന്‍ വെറുതെ പ്രശ്നമുണ്ടാക്കുകയാണോ', 'എന്റെ ഭാഗത്തെ തെറ്റുകൊണ്ടാണോ ഇങ്ങനെയൊക്കെ സംഭവിച്ചത്?'... ദേഷ്യവും സങ്കടവും കൊണ്ട് ഞാന്‍ വിറച്ചു. ബഹളം കേട്ട് ആളുകള്‍ വട്ടംകൂടി. കാര്യം ആരാഞ്ഞപ്പോള്‍ ഞാന്‍ വിശദമായി പറഞ്ഞു. നാട്ടുകാര്‍ എല്ലാവരും കൂടെ അയാളെ വളഞ്ഞുനിന്ന് തെറികൊണ്ട് അഭിഷേകം നടത്തി. ഒരുത്തന് താടിക്കിട്ട് തട്ടുംകൊടുത്തു. ഞാന്‍ മെല്ലെ അവിടുന്ന് എല്ലാര്ക്കും നന്ദിയും പറഞ്ഞു സ്ഥലംവിട്ടു. ശുഭം.
***
അടുത്ത കഥ തുടങ്ങുന്നത് ഊട്ടിയില്‍ നിന്നാണ്. കൈയ്യില്‍ കാശ് നന്നേ കുറവുള്ള സമയം. പണം ലാഭിക്കാന്‍ സീസണ് തുടങ്ങുന്നതിനു മുന്‍പ് ഊട്ടിക്ക് പുറപ്പെട്ടു. Zostel 400 രൂപക്ക് ബെഡ് തരുമെന്ന പരസ്യം കണ്ട് അവിടെ ബുക്ക് ചെയ്തു. നാലഞ്ചു ദിവസം കൊണ്ട് ഊട്ടിയും കൂനൂരും മൊത്തം കറങ്ങി. ഭക്ഷണം Zostel ല്‍ കിട്ടുമെങ്കിലും വില കൂടുതലായതുകൊണ്ട് വാങ്ങിയില്ല. ഊട്ടിയില്‍ വരുമ്പോള്‍ പോകാറുള്ള സ്ഥിരം തട്ടുകടകളില്‍ നിന്നായിരുന്നു ഭക്ഷണം. അഞ്ചാം ദിവസം വൈകുന്നേരത്തോടെ കോയമ്പത്തൂര്‍ക്കുള്ള ബസ് പിടിക്കാമെന്ന് വിചാരിച്ചു.
അല്പം ക്ഷീണം തോന്നിയതുകൊണ്ടും ബാഗ് ചുമന്നുകൊണ്ട് വെറുതെ അലയേണ്ട എന്നു കരുതിയും അന്നേ ദിവസത്തെ ഉച്ചഭക്ഷണം Zostel ല്‍ നിന്നാക്കി. വെജിറ്റബിള്‍ ഫ്രൈഡ് റൈസ്. കൂടെ കറി ഒന്നുമില്ല. കഴിച്ചിട്ട് ബാഗുമെടുത്ത് വണ്ടി കയറി. വണ്ടിയില്‍ കയറിയപ്പോള്‍ മുതല്‍ വല്ലാത്തൊരു മനംപുരട്ടല്‍. പൊതുവെ ഇങ്ങനത്തെ പ്രശ്നം ഒന്നുമില്ലാത്തയാളാണ് ഞാന്‍. മരുന്നും കഴിച്ച് സഹിച്ചങ്ങിരുന്നു. കൂനൂര്‍ എത്താറായപ്പോളേക്കും സംഗതി വഷളായി. ചെറിയൊരു തലകറക്കവും തുടങ്ങി.
ഇനി ഇറങ്ങിയില്ലെങ്കില്‍ പന്തിയല്ല. കാരണം, കൂനൂര്‍ കഴിഞ്ഞാല്‍ പിന്നെ വണ്ടി ഒറ്റ വിടലാണ്. കോയമ്പത്തൂര്‍ ചെന്നേ പിന്നെ നിര്‍ത്തൂ. ഇതിനിടയില്‍ എന്തെങ്കിലും അസ്വസ്ഥത വന്നാല്‍ പെട്ടു! കൂനൂരിറങ്ങി. പാതി ബോധത്തില്‍ അവിടെയുള്ള YWCA യുടെ നമ്പരില്‍ വിളിച്ചു റൂമെടുത്തു. ഓട്ടോയില്‍ കയറിയപ്പോള്‍ മുതല്‍ വയറുവല്ലാതെ വേദനിച്ചു തുടങ്ങി. അതുവരെ അനുഭവിച്ചിട്ടില്ലാത്തത്ര അതികഠിനമായ വേദന. സന്ധ്യ ആയതുകൊണ്ടും ഞായര്‍ ആയതുകൊണ്ടും ക്ലിനിക് എല്ലാം അടവായിരിക്കും എന്ന് ഓട്ടോച്ചേട്ടന്‍ പറഞ്ഞു. കുന്നും മലയും കയറി ഒടുവില്‍ YWCA എത്തി.
പ്രേതഭവനം പോലെയൊരു കെട്ടിടം. ബ്രിട്ടീഷുകാരുടെ കാലത്ത് പണിതതാണെന്ന് തീര്‍ച്ച! നീണ്ട ഇടനാഴിയും ഇരുവശങ്ങളിലുമായി പൂട്ടിയ കുറേ മുറികളും. മുറിയാകട്ടെ മൂന്നാം നിലയിലും. ഒന്നു നിലവിളിച്ചാല്‍ പോലും ആരും കേള്‍ക്കില്ല. മുറിയില്‍ എത്തിയപ്പോഴേക്കും വയറുവേദന മൂര്‍ധന്യത്തിലെത്തി. കിടക്കയിലേക്ക് ഞാന്‍ വീണു. വേദന ഉണ്ടെങ്കിലും ഒന്നും പുറത്തേക്ക് വരുന്നില്ല. കിടക്കയില്‍ കിടന്ന് പുളഞ്ഞു. കുമ്മായം പൂശിയ മുറിയുടെ ചുവരില്‍ എന്റെ തലയ്ക്കു മീതെ ഒരു കുരിശ്. എന്റെ അവസാനമടുത്തു എന്നൊക്കെ തോന്നിപ്പോയി. കൂനൂരിലെ കൊടുംതണുപ്പിലും നെറ്റിയില്‍ വിയര്‍പ്പു പൊടിഞ്ഞു.
മരുന്നൊക്കെ കഴിച്ച ശേഷം പ്രാണനാഥനെ വിളിച്ചു. 'ബാത്റൂമില്‍ പോയശേഷം കിടന്നാല്‍ മതി. ആ ഭക്ഷണം വയറ്റില്‍ തന്നെ ഇരിക്കുന്നത് റിസ്ക് ആണ്.' ഡോക്ടര്‍ ഭര്‍ത്താവ് പറഞ്ഞു. അല്പം പാടുപെട്ടെങ്കിലും പറഞ്ഞതു ഞാന്‍ അനുസരിച്ചു. എനിക്കെന്തെങ്കിലും സംഭവിച്ചാല്‍ സോസ്റ്റല്കാരെ വെറുതെ വിടരുതെന്ന് പറഞ്ഞു. മറുതലക്കല്‍ ചിരി മാത്രം. അങ്ങനെ എങ്ങനെയൊക്കെയോ നേരം വെളുപ്പിച്ചു. രാവിലെ ഏകദേശം 9 മണിയോടെ ഒരു വിളി, 'നീ ഫ്രഷ് ആയി താഴെ വാ. ഞാന്‍ ഇവിടെയുണ്ട്!' രാത്രി മുഴുവന്‍ വണ്ടിയോടിച്ചു പ്രാണനാഥന് ഊട്ടിയില്‍ എത്തിയിരിക്കുന്നു! വേദനയും വിശപ്പുംകൊണ്ട് ഒരു പരുവമായിരുന്ന എന്നെ വന്നു കാണാന്‍ തോന്നിയ ആ മനസ്സുണ്ടല്ലോ! അത് ഞാന്‍ ഒരിക്കലും മറക്കില്ല
***
മേല്പറഞ്ഞ രണ്ടു സംഭവങ്ങളും കരയില്‍ നടന്നതാണെങ്കില്‍, അടുത്തത് നടുക്കടലിലാണ് നടന്നത്. ലക്ഷദ്വീപിലെ അഗത്തിയില്‍ മനോഹരമായ കുറച്ചു ദിവസങ്ങള്‍ ചിലവഴിച്ച ശേഷം, യാത്ര സ്പോണ്സര് ചെയ്ത ഏജന്‍സി ബോണസ് ആക്ടിവിറ്റിയായി, ഒരു സ്പീഡ് ബോട്ട് സംഘടിപ്പിച്ചിരുന്നു. ഞാനും മറ്റൊരു യാത്രികനും പിന്നെ സ്പീഡ് ബോട്ട് ഓപ്പറേറ്ററും മാത്രമേ കാണൂ എന്നു വിചാരിച്ചിരുന്ന യാത്ര. ബോട്ടില്‍ കയറിയിരുന്ന് കുറച്ചു ദൂരം പിന്നിട്ടപ്പോഴേക്കും മൂന്നാലു ചെറുപ്പക്കാര്‍ കൂടികയറി. 'ഇവരുടെ കൈയ്യിലാണ് ബംഗാരം ദ്വീപിലേക്ക് പോകാനുള്ള പെര്‍മിറ്റ് ഉള്ളത്. അതുകൊണ്ടാണ് കയറിയത്.' ഡ്രൈവര്‍ മുന്കൂറെടുത്തു.
കുതിച്ചുപാഞ്ഞ് സ്പീഡ് ബോട്ട് ബംഗാരം ദ്വീപില്‍ എത്തി. അവിടെ ഈ മൂന്നുപേരും ഇറങ്ങി എന്തോ കൊടുത്തിട്ട് ബോട്ട് തൊട്ടടുത്ത ദ്വീപില്‍ അടുപ്പിച്ചു. എന്നിട്ടീ മൂവര്‍ സംഘവും ബോട്ട് ഓപ്പറേറ്ററും കൂടെ ഞങ്ങളെ അവിടെ ഇറക്കി, ഇപ്പൊ വരാമെന്ന് പറഞ്ഞ് ഒരൊറ്റപ്പോക്ക്. അവിടെ നെറ്റ്വര്‍ക്ക് എന്നൊരു സാധനമില്ല. കൂടെയുള്ള യാത്രികനും ഞാനും ഏകദേശം ഒരു മണിക്കൂറോളം അവരെ കാത്തിരുന്നു. ഒടുവില്‍ ഇവരെത്തുന്നത് അടിച്ചു പമ്പരമായിട്ടാണ്. ഒരാള്‍ക്കും നിവര്‍ന്ന് നടക്കാന്‍ പോലും സാധിക്കുന്നില്ല. സ്വകാര്യ ദ്വീപായതുകൊണ്ട് മറ്റൊരു ബോട്ട് കിട്ടുക പ്രയാസമാണ്.
എങ്ങനെയെങ്കിലും അക്കരയെത്തേണ്ടത് എന്റെ ആവശ്യമായതുകൊണ്ട് ഒന്നും മിണ്ടാതെ ബോട്ടില്‍ കയറി. അപ്പൊ അടുത്ത പ്രശ്നം! കൂട്ടത്തിലുള്ള ഒരാള്‍ക്ക് ബോട്ടോടിക്കണം. അങ്ങനെ അവര്‍ തമ്മില്‍ തര്‍ക്കമായി. ഈ സമയം മുഴുവന്‍ ഞങ്ങള്‍ ബോട്ടില്‍ പെട്ടിരിക്കുകയാണെന്നോര്ക്കണം! അതും നടുക്കടലില്‍! നെറ്റ്വര്‍ക്ക് വന്നതും ഞാന്‍ ഏജന്‍സിക്ക് മെസ്സേജ് അയച്ചു. അവര്‍ വിളിച്ചുകാണണം. അവര്‍ ഫോണ്‍ വെച്ചതും എന്നെ പുച്ഛിക്കാന്‍ തുടങ്ങി. ആത്മസംയമനവും ക്ഷമയും എനിക്ക് അത്രകണ്ടുണ്ടെന്ന് ഒരിക്കലും ഞാന്‍ വിചാരിച്ചിരുന്നില്ല. കടിച്ചുപിടിച്ച് ഞാന്‍ ഇരുന്നു.
ഞങ്ങളെ പേടിപ്പിക്കാന്‍ വേഗം കൂട്ടിയും, വളച്ചും വെട്ടിച്ചും അവര്‍ ബോട്ടോടിച്ചു. ഞാന്‍ അനങ്ങിയില്ല. ഭയം മുഖത്തു കാണിച്ചതുമില്ല. വെള്ളത്തില്‍ വീണാലും വേണ്ടില്ല, എന്റെ ഭയം എന്ന ആനന്ദം അവര്‍ക്ക് കൊടുക്കില്ല എന്ന വാശിയില്‍ ഞാന്‍ ഉറച്ചുതന്നെ ഇരുന്നു. ബോട്ട് എങ്ങനെയൊക്കെയോ കരയ്ക്കടുത്തു. ഏജന്‍സിയില്‍ നിന്നുള്ളവര്‍ കരയില്‍ കാത്തുനില്‍പ്പുണ്ടായിരുന്നു. പൊറുക്കാന്‍ പറ്റാത്ത നിരുത്തരവാദിത്തമാണ് അവരുടെ ഭാഗത്തു നിന്നുണ്ടായതെന്ന ഉത്തമബോധ്യം ഉള്ളതുകൊണ്ടുതന്നെ ഞാന്‍ ബോട്ടില്‍ നിന്നിറങ്ങിയതും അവര്‍ മാപ്പുപറഞ്ഞു. ഇതുകൊണ്ടും തീര്‍ന്നില്ല.
എന്നെ ഇറക്കിവിട്ടിട്ട് അവര്‍ വീണ്ടും ബോട്ടോടിച്ചു. ഇടയ്ക്ക് തര്‍ക്കവും കയ്യാങ്കളിയുമായപ്പോള് അവരിലൊരാള്‍ ബോട്ടിന്റെ താക്കോലെടുത്ത് കടലിലേക്കെറിഞ്ഞു! കടലിലേക്ക്! ഇത് പിന്നീട് കേട്ടപ്പോള്‍ എന്റെ മേലുപെരുത്തു! ഈ താക്കോല്‍ എറിഞ്ഞത് ഞാന്‍ ബോട്ടില്‍ ഇരിക്കുമ്പോള്‍ ആയിരുന്നെങ്കിലോ! ആലോചിക്കാന്‍ കൂടി വയ്യ! പറയാന്‍ ഇത്തരത്തില്‍ ധാരാളം കഥകള്‍ ഉണ്ടെങ്കിലും ഇതിന്റെ നൂറിരട്ടി മനോഹരമായ അനുഭവങ്ങളും പറയാനുണ്ട്. ഒരു ത്രാസെടുത്തു തൂക്കിനോക്കിയാല്‍ സുന്ദരനിമിഷങ്ങളുടെ തട്ട് താണു തന്നെയിരിക്കും.
പെണ്‍കുട്ടികള്‍ ഒറ്റക്ക് യാത്ര ചെയ്യണോ എന്ന ചോദ്യത്തിന് എല്ലാക്കാലത്തും എന്റെ ഉത്തരം ചെയ്യണം എന്നു തന്നെയായിരിക്കും. കാരണം, നമ്മുടെ വീട്ടിലും നാട്ടിലുമൊക്കെ ദിനംപ്രതി പെണ്‍കുട്ടികള്‍ നേരിടുന്ന അപകടങ്ങള്‍ക്കപ്പുറം പുതുതായി ഒന്നും തന്നെ യാത്രയില്‍ സംഭവിക്കാനില്ല. പക്ഷെ, യാത്ര സമ്മാനിക്കുന്ന അനുഭവങ്ങളും പാഠങ്ങളും, യാത്രയിലൂടെ കിട്ടുന്ന വ്യക്തികളും ജീവിതങ്ങളും മറ്റൊന്നു കൊണ്ടും പകരം വെക്കാനാവില്ല. മുന്‍കരുതലുകള്‍ വേണം, ജാഗ്രത വേണം. അതിനപ്പുറം കെട്ടിപ്പൂട്ടി വീട്ടിലിരിക്കുന്നതിലൂടെ പെണ്‍കുട്ടികള്‍ക്ക് സുരക്ഷ ഉറപ്പുവരുത്താനാകും എന്നു ഞാന്‍ വിശ്വസിക്കുന്നില്ല.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi
Content Highlights: Is solo female travel safe? Learn about the realities, challenges, and essential safety tips for women traveling alone.
Published: 10 Sept 2025, 10:41 am IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented