“ഛെ! പഴയനിയമത്തിലെ പെസഹ മതിയായിരുന്നു.”

“അതെന്താ?”

“അല്ല, ഈ അപ്പോം പാലും എന്ത് ടേസ്റ്റാ ഉള്ളേ? പഴയനിയമത്തിലെ പെസഹാ ആയിരുന്നെങ്കിൽ നല്ല ആടിന്റെ കാല് ചുട്ടത് തിന്നാരുന്നു.”

“വായ അടച്ചു ബൈബിൾ വായിക്കടാ. അവന്റെ ഒരു കൊതി!”

എന്റെ ഓർമയിലെ ഈസ്റ്റർ തുടങ്ങുന്നത് ഈ ആട്ടുംകാൽ കൊതിയിൽനിന്നാണ്. അപ്പം മുറിക്കാൻ വെല്യമ്മച്ചീടെ കട്ടിലിന്റെ അടിയിൽനിന്നും പഴയ പായ എടുത്ത് തിണ്ണയിൽ വിരിച്ച്, തേങ്ങാപാൽ പിഴിഞ്ഞ് ശർക്കരയും ജീരകവും ഏലക്കായും ചേർത്ത പാല് തിളപ്പിച്ചു കൊണ്ടുവരും. മധുരവും പുളിയും ഒന്നുമില്ലാത്ത ഇൻറി അപ്പവും വട്ടയപ്പവും പാലും പായയിൽ നിരത്തി വെച്ചതിനു ശേഷം വാട്ടിയെടുത്ത വാഴയിലയിൽ പൊതിഞ്ഞ കുരിശപ്പം തുറക്കും. ഓശാന ഞായർ പ്രാർത്ഥനക്ക് പള്ളിയിൽ നിന്നും കിട്ടിയ ഓലയുടെ കുഞ്ഞു കഷ്ണം കുരിശാക്കി അപ്പത്തിന്റെ നടക്കു വെക്കും. അതാണ് കുരിശപ്പം. കുടുംബത്തിലെ ഏറ്റവും മുതിർന്നയാൾ അപ്പം മുറിച്ചു എല്ലാവർക്കും കൊടുക്കും. സ്വയം മുറിഞ്ഞു മറ്റുള്ളവർക്ക് വേണ്ടി ജീവിച്ച യേശുവിന്റെ ഓർമ്മക്ക്.

മുതിർന്നത് വല്ല്യമ്മച്ചി അല്ലേ, അമ്മച്ചി മുറിക്കട്ടെ എന്ന് ഞാൻ പറയും. മിണ്ടാതിരിക്കടി ഫെമിനിസ്റ്റേ, ഇത് ആണുങ്ങൾക്ക് പറഞ്ഞിട്ടുള്ളതാണെന്ന് ചേട്ടൻ ന്യായം പറയും. അപ്പം മുറിക്കുന്ന പായയിൽ ഇരുന്ന് അടികൂടുന്ന ഞങ്ങളെ നോക്കി അമ്മച്ചി കണ്ണുരുട്ടും.

പൊരിഞ്ഞ വേനൽക്കാലത്ത് മാത്രം വല്ലതും കിട്ടുന്ന കുന്നിൻ മുകളിലെ കശുമാങ്ങാത്തോട്ടത്തിലെ ജീവിതത്തിൽ ഞങ്ങൾക്ക് എന്നും ദുഃഖവെള്ളിയായിരുന്നു. “നാളെ തെക്കേമറവിലെ തോട്ടത്തിലെ അണ്ടിപെറുക്കണം. വേഗം കിടന്നിട്ട് എല്ലാരും നേരത്തെ എഴുനെൽക്കണം,” ചാച്ചൻ വൈകുന്നരം പറയും. എല്ലാവരും എന്നത് ഞങ്ങൾ മക്കൾ മൂന്നു പേരെയും ആണ് ഉദ്ദേശിക്കുന്നത്. ദുഃഖവെള്ളി കടമുള്ള ദിവസമാണ് ക്രിസ്താനികൾക്ക്. അന്ന് പണിചെയ്യരുതെന്നല്ലേ എന്നൊക്കെ തടി തപ്പാൻ ഞങ്ങൾ പറഞ്ഞാ അപ്പൊ ചാച്ചൻ പറയും, “ഓ ഒരു സത്യക്രിസ്ത്യാനി. ചമ്മന്തിയും അച്ചാറും അല്ലേടി നിന്റെയൊക്കെ നോയമ്പ്. പോടി മിണ്ടാതെ.”

കുന്നുകൂട്ടിവെച്ച കശുമാങ്ങയുടെ തലതിരിച്ച് അണ്ടി ബക്കറ്റിലിടുമ്പോൾ കുന്നിനുതാഴെ തലയിൽ മുൾക്കിരീടംവെച്ച യേശുവിനെ ഓർത്ത് ആളുകൾ കുരിശിന്റെ വഴി പ്രാർഥന ചൊല്ലികടന്നുപോകും. ഇരുമ്പുകത്തികൊണ്ടു മുറിച്ച മുറിപ്പാടിൽനിന്നും വന്ന പാല് ഷീറ്റാകുമ്പോഴേക്കും

അവർ പതിനാല് സ്ഥലവും പിന്നിട്ടിട്ടുണ്ടാകും.

പ്രേമത്തിന്റെ ആദ്യകാലത്ത്, കാമുകൻ അവന്റെ കുട്ടികാലത്ത് വേനലവധി തുടങ്ങിയാൽ അമ്മയുടെ വീട്ടിലേക്കുള്ള പോക്കും, അവിടുത്തെ കുളത്തിലുള്ള നീന്തലും, കസിൻസിന്‍റെ കൂടെയുള്ള ഫുട്ബോൾ കളികളും, മാമ്പഴ വിശേഷവും ഒക്കെ ഒരു വള്ളുവനാടൻ സിനിമാക്കഥപോലെ പറയുമ്പോൾ എന്റെയുള്ളിലെ കുട്ടി വിയർത്തൊട്ടും. അവളെ കശുമാങ്ങ മണക്കും. രാവിലെ പുല്ല് തിന്നാൻ കൊണ്ടു കെട്ടി നട്ടുച്ചക്ക് അഴിച്ചുവിട്ട ആട്ടിൻകുട്ടികളുടെ പുറകേയോടിയോടി കരിവാളിച്ചും കിതച്ചും നിൽക്കുന്ന അവൾ വാസനസോപ്പും രാസ്നാദിപ്പൊടിയും മണക്കുന്ന അവന്റെ കുട്ടിക്കാലത്തുനിന്നും അൽപ്പം മാറിയിരിക്കും.

ഓശാനയോ പെസഹായോ ദുഖവെള്ളിയോ ഈസ്‌റ്ററോ- എല്ലാം അധ്വാനിക്കുന്നവർക്ക് ഒരുപോലെയാണെന്ന് വളരെ വൈകാതെ ഞാൻ തിരിച്ചറിഞ്ഞു. ഈസ്റ്ററിന്റെ തലേദിവസവും കശുവണ്ടിപെറുക്കിയും റബ്ബർഷീറ്റടിച്ചും ക്ഷീണിച്ച്, രാത്രി പള്ളിയിൽ പോകാൻ എല്ലാരും എഴുനേൽക്കണം എന്നും പറഞ്ഞു കിടക്കും. ആരെഴുന്നേൽക്കാൻ… ചാച്ചൻ പിന്നെ ഈസ്റ്റർ ആഘോഷത്തിന്റെ പുറത്തു രണ്ടുപെഗ്ഗടിച്ചാൽ പറയുകയും വേണ്ട.

അമ്മയുടെ ഒറ്റക്കുള്ള അടുക്കളയിലെ യുദ്ധങ്ങൾ, പതിവിൽക്കവിഞ്ഞു രാവിലെ ദോശക്കൊ പുട്ടിനോ പകരം പിടിയും കോഴിയും, വിരുന്നുകാരുടെയും അയൽവാസികളുടെയും ചെറിയ വന്നുപോക്കുകൾ, ഒടുവിൽ വൈകുന്നേരം പശൂനെയും കറന്ന്, ആടിനെയും കൂട്ടിൽ കെട്ടി പിള്ളേരെയും പെറുക്കിയെടുത്ത് അമ്മയുടെ വീട്ടിലേക്ക് പോകുന്നതോടെ എന്റെ ഈസ്റ്റർ അവസാനിച്ചു.

അത്ര നിറമില്ലാത്ത ഗ്ലാസ്സ്‌, തോർത്തുകൊണ്ട് ഒന്നുകൂടെ തുടച്ചു പെസഹാ പാൽ കൊടുക്കുന്ന മനുഷ്യരുടെ പാനപാത്രങ്ങൾ നിറച്ചും,

തിളയ്ക്കുന്ന വേനലിൽ സാബത്താചരിക്കാൻ സാഹചര്യo സമ്മതിക്കാത്ത ആളുകളുടെ കൈപിടിച്ചുമാണ് യേശു ഉയിർക്കുന്നതെന്ന് ഇപ്പോഴെനിക്കറിയാം. കാരണം സഹനത്തിന്റെയും പ്രതീക്ഷയുടെയും അദ്ധ്വാനത്തിന്റെയും രുചി ഉപ്പാണ്. സ്വയം മറ്റുള്ളവർക്കുവേണ്ടി മുറിഞ്ഞ കുരിശപ്പത്തിന്റെ പോലെ.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi