
സിൽഫ്ര തടാകത്തിലെ ഡൈവിങ്
തീയുടെയും ഐസിന്റെയും നാട് എന്ന് വിളിപ്പേരുണ്ട് സില്ഫ്രയ്ക്ക്. ഐസ്ലന്ഡിലെ തിങ്വെല്ലിര്‍ നാഷണല്‍ പാര്‍ക്കിലാണ് ഈ സുന്ദരജലാശയം. വടക്കേ അമേരിക്കന്‍-യുറേഷ്യന്‍ ടെക്ടോണിക് പ്ലേറ്റുകള്‍ കൂടിച്ചേരുന്ന ഈ ജലാശയം സ്ഫടികംപോലെ തെളിഞ്ഞതാണ്. ഡൈവിങ്ങിനും സ്നോര്‍ക്കലിങ്ങിനും പേരുകേട്ട ഇടംകൂടിയാണിത്. സില്ഫ്രയില് ഡൈവ് ചെയ്യുകയെന്നത് മനസ്സില്‍ കയറിക്കൂടിയിട്ട് വര്‍ഷങ്ങളായി.
ടിക്കറ്റും വിസയും ശരിയായിവന്നപ്പോഴാണ് കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടത്. വീണ്ടും കാത്തിരിപ്പ്. ഒടുവില്‍ ആ സ്വപ്നം യാഥാര്‍ഥ്യമായി. ബെംഗളൂരുവില്‍നിന്ന് മ്യൂണിക് വഴി ബെര്‍ലിനില്‍. അവിടെനിന്ന് ഐസ്ലന്ഡിന്റെ തലസ്ഥാനമായ റെയ്ജാവിക്കില്‍. അവിടെവെച്ച് കാര്‍ വാടകയ്ക്കെടുത്താണ് സ്വപ്നയാത്രയ്ക്ക് തുടക്കമിട്ടത്. ഡൈവിങ്ങിനൊപ്പം നോര്‍ത്തേണ്‍ ലൈറ്റ്സ് കാണുകയെന്നതും ആര്‍ട്ടിക് സര്‍ക്കിളിനുള്ളില്‍ വട്ടംകറങ്ങുകയെന്നതും ആഗ്രഹമായിരുന്നു.

ഡാല്വിക് നഗരത്തിലേക്കാണ് ആദ്യം പോയത്. ഐസ് മൂടിക്കിടക്കുന്ന പാതയിലൂടെ ആദ്യമായാണ് വണ്ടിയോടിക്കുന്നത്. അവിടവിടായി മഞ്ഞില്‍ തെന്നിയും മറിഞ്ഞും കിടക്കുന്ന വണ്ടികള്‍ കാണാമായിരുന്നു. ചിലയിടങ്ങളില്‍ റോഡില്‍ അടിഞ്ഞുകൂടിക്കിടക്കുന്ന മഞ്ഞ് തൂത്തുമാറ്റുന്ന പ്രത്യേകതരം വാഹനങ്ങളും കാണാം. മറ്റൊരു മായികലോകത്ത് എത്തിപ്പെട്ടതുപോലെ.
ഈ മഞ്ഞിനെയൊന്നും വകവയ്ക്കാതെ നടന്നുനീങ്ങുന്ന ഒരുകൂട്ടരുണ്ട്, ഐസ്ലന്ഡ് കുതിരകള്‍. ആരെയും ഗൗനിക്കാതെയാണ് അവയുടെ നടപ്പ്. വടക്കോട്ട് പോകുംതോറും വാഹനങ്ങളുടെ എണ്ണം കുറഞ്ഞുവന്നു. റോഡില്‍ പലഭാഗത്തും സ്പീഡ് ക്യാമറകള്‍ ഉണ്ട്. ഗൂഗിള്‍ മാപ്പ് ഇല്ലെങ്കില്‍പ്പോലും ബുദ്ധിമുട്ട് നേരിടേണ്ടിവരുന്നില്ല. ഡാല്വിക്കിലെ ഹോട്ടലില്‍ ഞാനൊരു ഏകാന്തവാസിയായിരുന്നു. അവിടെ ആരെയും കണ്ടില്ല. ഒടുവില്‍ ഹോട്ടലുടമയെ ഫോണില്‍ വിളിച്ചുവരുത്തിയാണ് മുറി തരപ്പെടുത്തിയത്.

ആര്‍ട്ടിക്ക് സര്‍ക്കിളില്‍
ഗ്രിംസെ (Grimsey) എന്ന കുഞ്ഞ് ദ്വീപിലേക്കാണ് ഇനി യാത്ര. ഡാല്വിക്കില്നിന്ന് കപ്പലില്‍ വേണം ആര്‍ട്ടിക് സര്‍ക്കിളിനുള്ളിലെ ഈ ദ്വീപിലെത്താന്‍. സ്കൂബാ ഡൈവിങ്ങിനായി പസഫിക് സമുദ്രത്തിലെ കടലുകളില്‍ പലതവണ ഇറങ്ങിയിട്ടുണ്ടെങ്കിലും ആര്‍ട്ടിക് സര്‍ക്കിളിലേക്കുള്ള കടല്‍യാത്ര അത്യധികം സാഹസികമായിരുന്നു. ദ്വീപിലേക്കുള്ള ചരക്കുകപ്പലിലെ ഏകയാത്രക്കാരനും ഞാനായിരുന്നു. കാറ്റും കോളും നിറഞ്ഞ അന്തരീക്ഷം. ഇടയ്ക്കിടെയെത്തുന്ന കൂറ്റന്‍ തിരകള്‍ കപ്പലിനെ എടുത്തെറിയുന്നുണ്ടായിരുന്നു. ഒടുവില്‍ ഞങ്ങള്‍ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേര്‍ന്നു.
ഗ്രിംസെ ദ്വീപില്‍ കപ്പലടുപ്പിച്ചു. ചരക്കുകയറ്റാന്‍ മൂന്നുമണിക്കൂറോളം സമയമുണ്ട്. ഷിപ്പ് യാര്‍ഡില്‍നിന്ന് ആര്‍ട്ടിക് സര്‍ക്കിളില്‍ പോയിവരാന്‍ അധികം സമയവും വേണ്ട. മഞ്ഞിലൂടെ ബാഗും ക്യാമറയുമായി ഞാന്‍ ആര്‍ട്ടിക് സര്‍ക്കിളിലേക്ക് ഓടിക്കയറി. ആ മായികലോകത്തെ കണ്‍കുളിര്‍ക്കെ കണ്ടു. ചുറ്റും മഞ്ഞിന്റെ മായാലോകം. അവിടെ അധികം തങ്ങാന്‍ സമയമനുവദിച്ചിരുന്നില്ല. തിരിച്ച് വന്നവഴിയേ ഓടി. ഷിപ്പ് യാര്‍ഡിലേക്ക് ഞാന്‍ തിരികെയെത്തുമ്പോഴേക്കും കപ്പല്‍ ഡാല്വിക്കിലേക്ക് തിരിച്ചുപോകാനായി തയ്യാറായി നില്‍പ്പുണ്ടായിരുന്നു. അന്ന് രാത്രി ദൂരെ, നോര്‍ത്തേണ്‍ ലൈറ്റ് സുന്ദരിയെ ഞാന്‍ കണ്‍കുളിര്‍ക്കെ നോക്കിക്കണ്ടു. ഇനി സില്ഫ്രയിലെ ഡൈവിങ്ങാണ്.

ചലോ സില്ഫ്ര
തലസ്ഥാനനഗരമായ റെയ്ജാവിക്കില്നിന്ന് 55 കിമീ അകലെയുള്ള സില്ഫ്ര ജലാശയത്തിലെത്താന് ഒരുമണിക്കൂറെടുത്തു.സ്നോര്ക്കലിങ്ങിനുപകരം ഫ്രീ ഡൈവിങ്ങാണ് ഞാന്‍ തിരഞ്ഞെടുത്തത്. ബുക്ക് ചെയ്ത ഡൈവിങ് കമ്പനിക്കാര് പറഞ്ഞ സ്ഥലത്ത് നേരത്തേ എത്തിയിരുന്നു. പിന്നാലെ അവരുടെ വണ്ടി വന്നു. ഒരു വലിയ വാന്‍. ഫ്രീ ഡൈവ് ചെയാനായി എന്റെകൂടെ വേറേയും കുറച്ചുപേരുണ്ട്. വരുന്നതില്‍ മിക്കവരും സ്നോര്ക്കലിങ്ങാണ് ചെയ്യുക.
സില്ഫ്ര തടാകക്കരയില്‍ മൈനസ് നാല് ഡിഗ്രിയാണ് താപനില! ധരിക്കാനുള്ള സ്യൂട്ട് അവര്‍ തന്നു. അതിനുള്ളില്‍ പ്രത്യേകതരം ഷാംപൂ സ്പ്രേചെയ്തിരുന്നു. സ്യൂട്ട് എളുപ്പത്തില്‍ ധരിക്കുന്നതിനുവേണ്ടിയാണ് ഈ ഷാംപൂ പ്രയോഗം. പക്ഷേ, ആ കൊടും തണുപ്പത്ത്, നമ്മുടെ വസ്ത്രം ഊരി, സ്യൂട്ട് ധരിക്കുകയെന്നത് ദുഷ്കരമാണുതാനും. തണുപ്പുമൂലം ഞാന്‍ വിറച്ചുകൊണ്ടിരുന്നു. സ്യൂട്ട് ഒരുവിധം അണിഞ്ഞുകഴിഞ്ഞപ്പോഴേക്കും ചെവികളെല്ലാം മരവിച്ചു. ചെവിയില്‍ തൊട്ടാല്‍, അത് പൊടിഞ്ഞുപോകുമെന്ന അവസ്ഥ. മൈനസ് നാല് ഡിഗ്രി തണുപ്പില്‍നിന്ന് രണ്ട് ഡിഗ്രിയുള്ള തടാകത്തിലെ വെള്ളത്തില്‍ ഇറങ്ങിയപ്പോഴുള്ള അവസ്ഥ പറഞ്ഞറിയിക്കാനാകില്ല.
യൂറേഷ്യന്‍-നോര്‍ത്ത് അമേരിക്കന്‍ ഫലകങ്ങള്ക്കിടയിലെ നേര്‍ത്ത വിടവാണ് സില്ഫ്ര ജലാശയം. സ്ഫടികംപോലെ തെളിഞ്ഞതാണ് ഇതിലെ വെള്ളം. ഫിലിപ്പീന്‍സിലെ പ്രശസ്തമായ സ്കൂബാ ഡൈവിങ് സ്പോട്ടായ എല്നിഡോയില് മുപ്പതുമീറ്റര്‍ ദുരം വരെ ജലത്തിലെ കാഴ്ചകള്‍ കാണാം. സില്ഫ്രയിലാകട്ടെ ഇത് നൂറുമീറ്ററാണ്. നമ്മള് വെള്ളത്തിന്റെ നടുവിലാണ് നില്ക്കുന്നതെന്ന തോന്നലേ ഉണ്ടാവുന്നില്ല. മറ്റേതോ ലോകത്തുകൂടി നീങ്ങുന്ന പ്രതീതി.
ഭൂഖണ്ഡങ്ങള്‍ക്കിടയില്‍ ഒഴുകിനീങ്ങുന്ന ഫലകങ്ങളാണല്ലോ ടെക്ടോണിക് പ്ലേറ്റുകള്‍. സില്ഫ്രയിലെ അഗാധതയില്‍ ഇതാ, ഒരുവശത്ത് വടക്കേ അമേരിക്ക, മറുവശത്ത് യൂറോപ്പ്. രണ്ടുകൈയും രണ്ട് ഭൂഖണ്ഡത്തില്‍ തൊടാം! ചെറുസസ്യങ്ങളോ മീനുകളോ ഒന്നുമില്ലാത്ത, മനംമയക്കുന്ന നീലിമയില്‍ അടിത്തട്ടുവരെ തെളിഞ്ഞുകാണുന്നു. ചുറ്റും പലരും ഡൈവിങ് നടത്തുന്നു. ആരും ആരെയും അലോസരപ്പെടുത്താതെ, തെളിനീരിന്റെ ഭംഗി ആസ്വദിക്കുന്നു. ആദ്യഡൈവിങ്ങിനായി ഞാന്‍ തയ്യാറെടുത്തു.

ശ്വാസമെടുത്ത്, ആഴങ്ങളിലേക്കു പോയി. അതൊരു മനോഹരമായ അനുഭവമായിരുന്നു. അടിത്തട്ടിലേക്കു പോകുംതോറും ചുറ്റും വിസ്മയലോകങ്ങള്‍. നിറയെ പാറക്കെട്ടുകള്‍. എന്റെചുറ്റും മറ്റാരുമില്ല. സാവധാനത്തില്‍ തിരിച്ചുപൊങ്ങി, ഓരോ മില്ലി സെക്കന്‍ഡും കടന്നുപോകുന്നതറിഞ്ഞ്, ആസ്വദിച്ചുകൊണ്ട്. സില്ഫ്രയില് പല സ്പോട്ടില്‍ ഇതുപോലെ അടിത്തട്ടുവരെ പോയിവന്നു. ശുദ്ധമായ അടിത്തട്ട്. അതുല്യമായ അനുഭവം. കടലിന്നടിയിലെ മറ്റൊരു മാസ്മരികലോകം. തിരിച്ചുകയറുമ്പോള്‍ ശരീരത്തിന്റെ ഓരോ അണുവിലേക്കും തണുപ്പ് സൂചിപോലെ ആണ്ടിറങ്ങുന്നു. തിരിച്ചുകയറി വസ്ത്രം മാറി. അവര്‍ തന്ന ഹോട്ട് ചോക്ലേറ്റ് കുടിച്ചു. തണുപ്പിനെ തടുത്തുനിര്‍ത്താന്‍ അതുകൊണ്ടൊന്നും ആകുമായിരുന്നില്ല. മടക്കത്തില്‍ മനസ്സില്‍ മായാതെ നിന്നത് സില്ഫ്രയിലെ അദ്ഭുതലോകമായിരുന്നു.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Ashley Mon`s incredible Silfra fissure dive in Iceland. Explore the crystal-clear waters between tectonic plates. An unforgettable Arctic adventure!
Published: 05 Jul 2025, 03:21 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented