ലോകത്തിലെവിടെയും ആരും എളുപ്പത്തിൽ തിരിച്ചറിയുന്നൊരു വിഭവമാണ് ജാപ്പനീസ് സുഷിറോളുകൾ. സുഷി റോളുകൾ പൊതിഞ്ഞുവെച്ചിരിക്കുന്ന ഇരുണ്ട പച്ചനിറമുള്ള ഒരു ഇല ശ്രദ്ധിച്ചിട്ടുണ്ടോ? അത് നോറിയെന്നു പേരുള്ളൊരു കടൽപ്പായലാണ്. നോറി പറിച്ചെടുത്ത് ഉണക്കി പ്രസ്സ് ചെയ്ത് നേർത്ത ഷീറ്റുകളാക്കിയാണ് ഇവിടെ ഉപയോഗിക്കുന്നത്. നേർത്ത ഉപ്പും മധുരവും കലർന്ന രുചിയാണിതിന്. ഈ ഫ്ലേവറിനെ കടലിന്റെ രുചിയെന്നും വിളിക്കാറുണ്ട്. ജാപ്പനീസ് റൈസ് ബോളുകൾ പൊതിയാനും വിഭവങ്ങൾ അലങ്കരിക്കാനും സൂപ്പുകളിലും സാലഡുകളിലുമെല്ലാം നോറി പ്രധാനചേരുവതന്നെ.
ഉണക്കിയെടുത്ത നോറി കറുമുറെ തിന്നാം.
ഒരുതരം ചുവപ്പുകലർന്ന നിറമാണ് നോറിക്കെങ്കിലും. വിളവെടുപ്പിനുശേഷം, കഴുകി, പ്രോസസ് ചെയ്ത് ഷീറ്റുകളാക്കി ഉണക്കുമ്പോഴേക്കും കടുംപച്ച നിറംവരും. മറ്റ് കടൽപ്പായലുകളെപ്പോലെ തന്നെ, വൈറ്റമിനുകളുടെയും ധാതുക്കളുടെയും പ്രോട്ടീന്റെയും കലവറയാണ് നോറിയും. പോരാത്തതിന് കലോറി വളരെ കുറവും. പ്രകൃതിയുടെ മൾട്ടിവിറ്റാമിൻ ആണ് നോറിയെന്ന് ശാസ്ത്രജ്ഞർ പറഞ്ഞിട്ടുണ്ട്. കരയിൽ ഉത്പാദിപ്പിക്കുന്ന പച്ചക്കറികളിൽ നിന്ന് ലഭിക്കാത്ത (പ്രധാനമായും സസ്യാഹാരികൾക്ക്), മനുഷ്യശരീരത്തിന് അനിവാര്യമായ സൂക്ഷ്മപോഷകങ്ങൾ അടങ്ങിയിരിക്കുന്നു എന്നതുതന്നെയാണ് കാരണം.
നോറിയുടെ ചരിത്രം സുഷിയിലല്ല
സുഷിയാണ് നോറിയെ പ്രസിദ്ധമാക്കിയതെന്നു പറയാം. എന്നുവെച്ച്, നോറിയുടെ ചരിത്രം സുഷിയിലാണ് തുടങ്ങുന്നതെന്ന് കരുതരുത്. ജപ്പാനിൽ, ആയിരം വർഷത്തിലേറെ പഴക്കമുള്ള ഭക്ഷണമാണ് നോറി. പാറകളിൽ നിന്ന് ചുരണ്ടിയെടുത്ത് സൂര്യപ്രകാശത്തിൽ ഉണക്കിയെടുത്തിരുന്ന ഇവ ഒരുകാലത്ത് പ്രഭുക്കന്മാരുടെ വിഭവമായാണ് കണക്കാക്കിയിരുന്നത്. ക്രമേണ, കടൽപ്പായൽ കൃഷി വ്യാപകമായതോടെ എല്ലാവർക്കും ലഭ്യമായിത്തുടങ്ങി. ദക്ഷിണകൊറിയയിൽ റോസ്റ്റഡ് നോറി പ്രധാനപ്പെട്ടൊരു സ്നാക് ആണ്.
നോറി പ്രധാനമായും കൃഷിചെയ്യുന്നതും ഉത്പാദിപ്പിക്കുന്നതും ജപ്പാനിലും ചൈനയിലും ദക്ഷിണകൊറിയയിലുമാണ്. ലോകവിപണിയിൽ അതിവേഗം ആവശ്യക്കാർ വർധിക്കുന്നുമുണ്ട്. ഭൂമിയിലെ ഏറ്റവും സുസ്ഥിര വിളകളിൽ ഒന്നാണിത്. നോറി കൃഷി ചെയ്യാൻ വളങ്ങളോ, ശുദ്ധജലമോ, കൃഷിയോഗ്യമായ ഭൂമിയോ ആവശ്യമില്ല. സമുദ്രത്തിൽ നിന്നുള്ള അധിക നൈട്രജനും കാർബണും ആഗിരണം ചെയ്യാൻ ശേഷിയുള്ളതിനാൽ ജലത്തിന്റെ ഗുണനിലവാരവും സമുദ്ര ആവാസവ്യവസ്ഥയെയും നോറി മെച്ചപ്പെടുത്തുന്നു. കാലാവസ്ഥാ വ്യതിയാനവും കടൽ മലിനമാകുന്നതും നോറിയുടെ ഉത്പാദനത്തിൽ തടസ്സമായി നിൽക്കുന്നുണ്ട്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Published: 15 Aug 2025, 05:00 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented