ജപ്പാനിലെ ഈ കടൽപ്പായൽ സൂപ്പ് കുടിക്കാൻ കൊതിയുണ്ടോ? ജപ്പാൻകാരുടെയും കൊറിയക്കാരുടെയുമെല്ലാം ഇഷ്ടവിഭവമായ സൂപ്പിന് ലോകംമുഴുവൻ ആരാധകരാണ്. അതൊന്നു രുചിക്കാൻ വേണ്ടിമാത്രം അവിടംവരെയൊന്നു പോവണമെന്ന് ചിന്തിച്ചവരുണ്ടാവും. പ്രാദേശികമായി ലഭിക്കുന്ന, അൽപം പുളിപ്പുള്ള കടൽപ്പായലുകളും ഇലകളുമെല്ലാം ജാപ്പനീസ് വിഭവങ്ങളിലെ പ്രധാനചേരുവയാണ്. വകമെയെന്ന കടൽപ്പായലും അങ്ങനെത്തന്നെ. സൂപ്പുകളിലും സാലഡുകളിലും ഉപയോഗിക്കുന്ന വകമെയിലകൾക്ക് വളരെയധികം പോഷകഗുണങ്ങളുണ്ട്, കലോറിയാണെങ്കിൽ കുറവും.
നോർത്ത് പസഫിക് സമുദ്രതീരങ്ങളിലാണ് (പ്രധാനമായും ജപ്പാൻ, കൊറിയ, ചൈന എന്നിവിടങ്ങളിൽ) വകമെ വളരുന്നത്. നൂറ്റാണ്ടുകളായി ഇവിടുത്തുകാർ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്ന ഈ വിഭവം ഇന്ന് സ്വദേശം വിട്ട് ലോകത്തിന്റെ വിവിധഭാഗങ്ങളിലേക്ക് എത്തിക്കഴിഞ്ഞു. അമേരിക്കയിലും യൂറോപ്പിലും ഓസ്ട്രേലിയയിലും ന്യൂസിലാൻഡിലുമെല്ലാം ഫാമുകളിൽ വകമെ കൃഷിചെയ്യുന്നുണ്ട്. ജപ്പാനിൽ നിന്ന് കണ്ടെടുത്ത ബിസി 3000-ത്തിലുള്ള ഒരു മൺപാത്രത്തിൽ വകമെയുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയിരുന്നു. ജപ്പാൻകാരുടെ ദീർഘായുസ്സിനു പിന്നിൽ ഭക്ഷണക്രമത്തിനും വലിയ പങ്കുണ്ടെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
കരിംപച്ച നിറവും ടെൻഡർ സ്വഭാവമുള്ള ഇലകളാണ് വകമെയ്ക്ക്. കടലിൽ നിന്ന് ശേഖരിച്ച് ഉണക്കി ഉപ്പുവിതറിയാണ് അധികവും വില്പനയ്ക്കെത്തിക്കുക. അയൊഡിൻ, ഒമേഗ-3 ഫാറ്റി ആസിഡ്, വൈറ്റമിൻ എ, സി, ഇ, ആന്റിഓക്സിഡന്റുകൾ എന്നിവ അടങ്ങിയിരിക്കുന്നു. തണുത്ത തീരപ്രദേശങ്ങളിലാണ് വകമെ ധാരാളമായി വളരുക. സൂര്യപ്രകാശവും കടൽവെള്ളവും മാത്രം മതി വളർത്തിയെടുക്കാൻ, പ്രത്യേകമായി വളംചേർക്കേണ്ടതില്ല, ശുദ്ധജലത്തിന്റെ ആവശ്യവും വരുന്നില്ല. കാർബൺ ഡൈ ഓക്സൈഡ് നല്ല രീതിയിൽ വലിച്ചെടുക്കുന്ന വകമെ, ആവശ്യമുള്ള പോഷകങ്ങൾ കടലിൽനിന്ന് വലിച്ചെടുത്തുകൊള്ളും.
ഉമാമി രുചി
ഉപ്പും മധുരവും കൈപ്പും പുളിപ്പുംപോലെ നമുക്കനുഭവപ്പെടുന്ന മാംസത്തിന്റെ രുചിയാണ് ഉമാമി. പൊതുവെ കടൽപ്പായലുകൾക്ക് ഉമാമി രുചിയുണ്ടാകാറുണ്ട്. പരമ്പരാഗത ഏഷ്യൻ വിഭവങ്ങൾക്കപ്പുറത്തേക്ക് വകമെ പ്രസിദ്ധമാവാൻ ഇതൊരു പ്രധാനകാരണമാണ്. ലോകത്തിന്റെ പലകോണുകളിലുള്ള ഷെഫുമാർ വകമെയിലെ ഉമാമി രുചി തങ്ങളുടെ പാചകങ്ങളിൽ പരീക്ഷിക്കാറുണ്ട്. സ്മൂത്തി, ചിപ്സ്, പാസ്ത, കോക്ടെയിൽ എന്നിവയെല്ലാം ഇതുകൊണ്ടുണ്ടാക്കുന്നു. വേഗനുകൾ സവിശേഷമായ രുചികൾക്കായി കടൽപ്പായലുകളെ ആശ്രയിക്കാറുണ്ട്.
കരയിൽ വളരുന്ന പച്ചക്കറികൾക്ക് നൽകാനാവാത്ത സവിശേഷ ഫ്ലേവർ വകമെക്കു നൽകാനാവും.
സുസ്ഥിരഭക്ഷണമായ കടൽപ്പായലുകളുടെ സാധ്യതകൾ ആളുകൾ തിരിച്ചറിഞ്ഞുതുടങ്ങിയതോടെ വകമെയുടെ സാധ്യതയും വളരെ വലുതാണ്. ഫാർമസ്യൂട്ടിക്കൽ, ചർമ്മസംരക്ഷണമേഖലകളിൽ വകമെയുടെ സാധ്യതകൾ വിദഗ്ധർ പഠിച്ചുകൊണ്ടിരിക്കുകയാണ്. ഫുഡ് ടെക് സ്റ്റാർട്ടപ്പുകൾ വകമെ ഉപയോഗിച്ച്, മാംസത്തിനു പകരംവെക്കാവുന്ന ലഘുഭക്ഷണങ്ങളും വികസിപ്പിക്കുന്നു. പല രാജ്യങ്ങളും ഒരുപക്ഷേ സമീപവർഷങ്ങളിൽ ഇതിന്റെ ഉത്പാദനത്തിലേക്ക് കടന്നേക്കും.
അതേസമയം, മെഡിറ്ററേനിയൻ, അറ്റ്ലാന്റിക് സമുദ്രങ്ങളുടെ ചില ഭാഗങ്ങളിൽ വകമെ അധിനിവേശസസ്യമാണ്. അമിതമായ വളർച്ച പ്രാദേശികമായ ആവാസവ്യവസ്ഥകളെ മോശമായി ബാധിക്കുന്നുണ്ട്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Discover wakame, a nutritious Japanese seaweed with umami flavor. Explore its health benefits, culinary uses, and growing popularity.
Published: 11 Aug 2025, 11:02 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented