ഇത് സൂപ്പർഫുഡുകളുടെ കാലമാണ്. ആരോഗ്യഗുണങ്ങളുണ്ടെന്നു കേട്ടാൽ ഏതു ഭക്ഷണപദാർഥങ്ങളും ആളുകൾ അതിവേഗം ദൈനംദിന ജീവിതത്തിൽ ഉൾപ്പെടുത്താൻ ശ്രമിക്കുന്ന സമയം. അങ്ങനെ തീരദേശക്കാരുടെ അടുക്കളയിൽ നിന്ന് ലോകമെമ്പാടുമുള്ള ആളുകളുടെ തീൻമേശയിലേക്കെത്തിയ ഒന്നാണ് ഐറിഷ് മോസ് എന്ന കടൽപ്പായല്‍.

To advertise here,

യൂറോപ്പിലെയും വടക്കേ അമേരിക്കയിലെയും പാറകൾ നിറഞ്ഞ അറ്റ്ലാന്റിക് തീരങ്ങളിൽ സമൃദ്ധമായി കാണാം ഈ ചുവന്ന ആൽഗ. തരുണാസ്ഥിക്ക് സമാനമായ ഘടനയാണ്. ഉണങ്ങുമ്പോൾ കടും പർപ്പിൾ മുതൽ പച്ചകലർന്ന മഞ്ഞ വരെ നിറങ്ങളിൽകാണാം. അയഡിൻ, കാൽസ്യം, മഗ്നീഷ്യം, ഇരുമ്പ്, സിങ്ക്, പൊട്ടാസ്യം, വിറ്റാമിനുകൾ എ, ഇ, എഫ്, കെ, ഒമേഗ-3 ഫാറ്റി ആസിഡുകൾ തുടങ്ങിയവയാൽ സമ്പന്നമായ ഐറിഷ് മോസിനെ സൂപ്പർഫുഡായിട്ടാണ് പൊതുവെ കണക്കാക്കപ്പെടുന്നത്. 15 മുതൽ 20 വരെ സെന്റിമീറ്റർ നീളത്തിൽ മാത്രമേ ഇവ വളരുകയുള്ളൂ. അയർലൻഡിലാണ് ഏറ്റവുമധികമുള്ളത്.

ക്ഷാമകാലത്തെ ഭക്ഷണം

1840-കള്‍ അയർലൻഡില്‍ മഹാക്ഷാമത്തിന്റെ കാലമായിരുന്നു. പോഷകസമ്പുഷ്ടമായ സൂപ്പുകളും ജെല്ലികളും ഉണ്ടാക്കാൻ അന്നുപയോഗിച്ചിരുന്നത് പ്രധാനമായും ഐറിഷ് മോസാണ്. ആളുകളുടെ ജീവനാഡിയായിരുന്നു അന്നിത്. കാലക്രമേണ ഇത് ഐറിഷ്, കരീബിയൻ ഭക്ഷണങ്ങളിലെ പ്രധാന ചേരുവയായി മാറി. ജമൈക്കയിലും കരീബിയനിലെ മറ്റ് ഭാഗങ്ങളിലും, ഐറിഷ് മോസ് പാലിൽ തിളപ്പിച്ച്, മധുരവും സുഗന്ധവ്യഞ്ജനങ്ങളും ചേർത്ത് വിളമ്പാറുണ്ട്. ഊർജ്ജവും ലൈംഗികാസക്തിയും വർധിപ്പിക്കുമെന്നാണ് വിശ്വാസം. ജെൽ ആക്കിയും സ്മൂത്തികളിലും ചായയിലും മധുരപലഹാരങ്ങളിലുമെല്ലാം ചേർത്തും ഉപയോഗിക്കും.

ഐറിഷ് മോസിലെ പ്രധാന ഘടകമാണ് കാരജീനൻ എന്ന ജെല്ലിപോലുള്ള വസ്തു. ഇത് തിളപ്പിച്ച് വേർതിരിച്ചെടുക്കാൻ കഴിയും. ഫാർമസ്യൂട്ടിക്കൽസ്, ഭക്ഷ്യ ഉൽപ്പന്നങ്ങൾ, സൗന്ദര്യവർധക വസ്തുക്കൾ, ഷൂ പോളിഷുകൾ എന്നിവയ്ക്കായി വ്യാവസായിക അടിസ്ഥാനത്തിൽ ഇതുപയോഗിക്കുന്നുണ്ട്. ഭക്ഷണത്തിൽ കട്ടിവരുത്താനായി ഉപയോഗിക്കുന്ന കാരജീനർ പൗഡർ രൂപത്തിലും വിപണിയിലുണ്ട്. ആന്റിവൈറൽ, ആന്റിമൈക്രോബിയൽ ഗുണങ്ങള്‍ക്ക് പേരുകേട്ടതാണ് ഐറിഷ് മോസ്. 

അതേസമയം, ഐറിഷ് മോസിന്റെ ഉപയോഗത്തില്‍ മിതത്വം പ്രധാനമാണ്. അയഡിൻ കൂടുതലായതിനാൽ അമിതമായ ഉപയോഗം തൈറോയ്ഡ് പ്രവർത്തനത്തെ ബാധിച്ചേക്കാം. ഗർഭിണികളും മുലയൂട്ടുന്നവരും മറ്റ് ആരോഗ്യപ്രശ്നങ്ങളുള്ളവരും ഭക്ഷണത്തിൽ ചേർക്കുന്നതിന് മുമ്പ് വിദഗ്ധ ഉപദേശം തേടണം. കുതിരകൾക്കും പന്നികൾക്കും പശുവിനുമെല്ലാം തീറ്റയായിട്ടും ഐറിഷ് മോസ് ഉപയോഗിക്കാറുണ്ട്.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi