പടിഞ്ഞാറന്‍ ഗംഗാസാമ്രാജ്യത്തിന്റെയും അതിനുശേഷം ഹൊയ്സാല രാജവംശത്തിന്റെയും പില്‍ക്കാലത്ത് ടിപ്പുസുല്‍ത്താന്റെയും അധീനതയിലായിരുന്നു സകലേഷ്പുര. ചരിത്രവും പ്രകൃതിഭംഗിയും ഇഴുകിച്ചേര്‍ന്ന സുന്ദരഭൂമി. കര്‍ണാടകയിലെ ഹാസന്‍ ജില്ലയിലാണ് സകലേഷ്പുര സ്ഥിതിചെയ്യുന്നത്. കുടകില്‍നിന്ന് കേവലം നൂറ് കിലോമീറ്റര്‍ പിന്നിട്ടാല്‍ ഇവിടെയെത്തിച്ചേരാനാകും. വിജയനഗര സാമ്രാജ്യത്തിന്റെ തകര്‍ച്ചയ്ക്ക് തുടക്കംകുറിച്ച തളിക്കോട്ട യുദ്ധത്തിന്റെ പ്രധാന വേദികളിലൊന്ന് സകലേഷ്പുരയായിരുന്നു. പില്‍ക്കാലത്ത് മൈസൂര്‍ രാജവംശവും ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയും തമ്മില്‍ നടന്ന യുദ്ധങ്ങള്‍ക്കും ഈ ദേശം സാക്ഷ്യംവഹിച്ചു. ശാന്തസുന്ദരമായ ഈ പ്രദേശത്തിന് ഇത്രയും രക്തരൂഷിതമായൊരു ഭൂതകാലം ഉണ്ടെന്നത് നമ്മെ അദ്ഭുതപ്പെടുത്തും. സകലേഷ്പുരയോട് ചേര്‍ന്ന് ചരിത്രപ്രാധാന്യമുള്ള നിരവധി നിര്‍മിതികളുണ്ട്. സുന്ദരമായ പ്രകൃതിഭംഗി ആസ്വദിച്ച് ഈ ദേശത്തുകൂടി സഞ്ചരിക്കാന്‍ നിരവധി യാത്രികര്‍ എത്തുന്നു.

To advertise here,

സകലേഷ്പുര ടൗണില്‍നിന്ന് അഞ്ച് കിലോമീറ്റര്‍ പിന്നിട്ടാല്‍ ടിപ്പുസുല്‍ത്താന്‍ നിര്‍മിച്ച ഈ കോട്ടയിലെത്താം. ടിപ്പു പണികഴിപ്പിച്ച നിരവധി കോട്ടകളില്‍നിന്ന് മഞ്ചരാബാദ് കോട്ടയെ വ്യത്യസ്തമാക്കുന്നത് അതിന്റെ നക്ഷത്ര ആകൃതിയാണ്. 1792-ല്‍ ഫ്രഞ്ച് എന്‍ജിനീയര്‍മാരുടെ മേല്‍നോട്ടത്തില്‍ യൂറോപ്യന്‍ ശൈലിയിലാണ് എട്ട് കോണുകളുള്ള കോട്ട പണിതത്. ഒത്ത മധ്യത്തിലായി ഒരു കുളവും അതിനോട് ചേര്‍ന്ന് ഭൂമിക്കടിയിലേക്കായി രണ്ട് വലിയ അറകളും കാണാം. ഈ അറകളിലായിരുന്നു വെടിക്കോപ്പുകളും മറ്റും സൂക്ഷിച്ചിരുന്നത്. മന്‍സറാബാദ് എന്നും ഈ കോട്ടയെ വിളിക്കാറുണ്ട്. വേനല്‍ക്കാലത്ത് കോട്ടയുടെ മുകളില്‍നിന്ന് നോക്കിയാല്‍ ഏകദേശം നൂറ്റിയിരുപത്തഞ്ച് കിലോമീറ്റര്‍ അകലെയുള്ള അറബിക്കടല്‍ വരെ കാണാമത്രേ! ഡ്രോണ്‍ ഉപയോഗിച്ച് ഉയരത്തില്‍നിന്ന് ഫോട്ടോ എടുത്താലോ അതുമല്ലെങ്കില്‍ വിമാനത്തില്‍നിന്നോ മാത്രമേ ഈ കോട്ടയുടെ സൗന്ദര്യം പൂര്‍ണമായി ആസ്വദിക്കാന്‍ കഴിയുകയുള്ളൂ.

സകലേഷ്പുരയില്‍നിന്ന് 35 കിലോമീറ്റര്‍ അകലെയുള്ള മലമ്പ്രദേശമാണ് കാഗിനഹരെ. ടിപ്പുവിന്റെ നിരീക്ഷണഗോപുരം സ്ഥിതിചെയ്തിരുന്ന പ്രദേശമായിരുന്നു ഇത്. ജനസംഖ്യ കുറവാണെങ്കിലും കര്‍ണാടക സ്റ്റേറ്റ് ബസ്സുകള്‍ ഈ ഗ്രാമത്തിലേക്ക് സര്‍വീസ് നടത്തുന്നുണ്ട്. കാഗിനഹരെയിലേക്ക് അടുക്കുന്തോറും നെറ്റ്വര്‍ക് സിഗ്‌നല്‍ കുറഞ്ഞുവന്നുകൊണ്ടിരുന്നു. വഴികാണിച്ചുതരാന്‍ ഗൂഗിള്‍ മാപ്പും കഷ്ടപ്പെടുമെന്ന് ചുരുക്കം. ഈ റൂട്ടില്‍ ഹോട്ടലുകള്‍ ഇല്ല. സന്ധ്യയായാല്‍ ചിലപ്പോഴൊക്കെ റോഡില്‍ ആനയിറങ്ങാറുമുണ്ടത്രേ.

മലമ്പ്രദേശമായതിനാല്‍ വര്‍ഷകാലത്ത് മണ്ണ് ഒലിച്ചുപോകുന്നത് തടയാനായി ഗ്രാമീണര്‍ അവരുടെ വീട്ടിലേക്കുള്ള വഴി കോണ്‍ക്രീറ്റ് ചെയ്തിട്ടുണ്ട്. ചുറ്റും കുന്നുകള്‍ നിറഞ്ഞുനിന്ന ഒരു വിജനമായ പ്രദേശത്താണ് ഞാന്‍ സഞ്ചരിച്ചുകൊണ്ടിരുന്ന വഴി ചെന്ന് അവസാനിച്ചത്. നിരീക്ഷണ ഗോപുരത്തിലേക്കുള്ള ദിശാസൂചികകളൊന്നും കാണാനില്ലായിരുന്നു. അടുത്തുള്ള ഒരു കുന്നിന്‍മുകളില്‍ വലിഞ്ഞുകയറി ചുറ്റും നിരീക്ഷിച്ചു. ദൂരെയായി കല്ലുകള്‍കൊണ്ടുള്ള ചില നിര്‍മിതികള്‍ കണ്ടു. അതുതന്നെയായിരിക്കാം ടിപ്പുവിന്റെ നിരീക്ഷണ ഗോപുരം. അങ്ങോട്ടേക്കുള്ള പാത ദുര്‍ഘടം പിടിച്ചതായിരുന്നു. ശക്തമായ മഴവെള്ളപ്പാച്ചിലില്‍ പാതയുടെ മധ്യഭാഗം കുഴിഞ്ഞ് വലിയ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടിരിക്കുന്നു. വളഞ്ഞുപുളഞ്ഞ് നീങ്ങുന്ന ചരിവുകള്‍ താണ്ടി നിരീക്ഷണക്കോട്ടയിലെത്തുമ്പോള്‍ വിജനമായിരുന്നു ആ പ്രദേശം.

നിരീക്ഷണഗോപുരത്തിന്റെ തറ മാത്രമേ ഇന്ന് അവശേഷിക്കുന്നുള്ളൂ. പച്ചപുതച്ച സുന്ദരമായ പുല്‍മേടുകളാണ് ചുറ്റും. അതിനാല്‍ ഏറെ ദൂരമപ്പുറത്തുനിന്ന് ശത്രുക്കളുടെ നീക്കം നിരീക്ഷണ ഗോപുരത്തിലിരുന്നാല്‍ വ്യക്തമായി കാണാനാകും. കൃത്യമായ ഇടവേളകളില്‍ നിരീക്ഷണഗോപുരത്തില്‍നിന്നുള്ള വിവരങ്ങള്‍ ദൂതന്മാര്‍ വഴി മഞ്ചരാബാദ് കോട്ടയിലേക്ക് എത്തിച്ചുകൊണ്ടിരിന്നുവത്രേ. രണ്ട് നൂറ്റാണ്ടിലേറെ പഴക്കമുള്ള ചരിത്രപ്രാധാന്യമുള്ള ഈ നിര്‍മിതി ഇന്ന് അധികമാരാലും ശ്രദ്ധിക്കപ്പെടാതെ കാടുപിടിച്ച് കിടക്കുന്നു.

സുന്ദരമായ മലമ്പ്രദേശം എന്നനിലയിലാണ് കാഗിനഹരെ ഇന്ന് ഏറെ പ്രശസ്തം. ഊട്ടിയിലെ ഷൂട്ടിങ് സ്‌പോട്ടിനെ അനുസ്മരിപ്പിക്കുംവിധം പച്ചപ്പ് പുതച്ച കുന്നുകളും പുല്‍മേടുകളും സഞ്ചാരികളുടെ മനസ്സിനെ കുളിരണിയിപ്പിക്കുന്നു. കാഗിനഹരെയിലെ നിരീക്ഷണഗോപുരം സ്ഥിതിചെയ്യുന്ന പ്രദേശത്തുനിന്ന് രണ്ട് കിലോമീറ്റര്‍ അകലെയായി മനോഹരമായ ഒരു വ്യൂ പോയിന്റും സഞ്ചാരികളെ ആകര്‍ഷിക്കുന്നു. കാഗിനഹരെ വ്യൂപോയിന്റില്‍ എത്തിയാല്‍ അകലെയായുള്ള കുന്നുകളുടെയും ഇളം നീലനിറമാര്‍ന്ന പര്‍വതനിരകളുടെയും കാഴ്ച അത്രമേല്‍ സുന്ദരമാണ്.

വ്യൂപോയിന്റിനോട് ചേര്‍ന്നുള്ള മലയടിവാരത്തില്‍ നീളത്തിലൊരു റെയില്‍വേ ടണലും കാണാം. വ്യൂപോയിന്റില്‍നിന്ന് നോക്കിയാല്‍ ടണലിലൂടെ കടന്നുപോകുന്ന തീവണ്ടിയുടെ ദൃശ്യം സഞ്ചാരികള്‍ക്ക് മറക്കാനാവാത്തതാണ്. സകലേഷ്പുരയില്‍നിന്ന് 35 കിലോമീറ്റര്‍ അകലെയാണ് കര്‍ണാടകയിലെ പ്രശസ്തമായ ബേട്ടഡ ഭൈരവേശ്വര ക്ഷേത്രം. എട്ടാംനൂറ്റാണ്ടില്‍ പടിഞ്ഞാറന്‍ ഗംഗാസാമ്രാജ്യത്തിന്റെ ഭരണകാലത്താണ് ക്ഷേത്രം നിര്‍മിച്ചതെന്ന് കരുതപ്പെടുന്നു. വനവാസകാലത്ത് പാണ്ഡവന്മാര്‍ ഈ സ്ഥലത്ത് കുറച്ചുകാലം താമസിച്ചിരുന്നുവെന്നും ഐതിഹ്യമുണ്ട്. ആരാധനയ്ക്കുപരിയായി പ്രകൃതിരമണീയമായ കാഴ്ചകള്‍ ആസ്വദിക്കാനാണ് പലരും ഇവിടേക്കെത്തുന്നത്. ക്ഷേത്രാങ്കണത്തില്‍നിന്ന് നോക്കിയാല്‍ ചുറ്റുമുള്ള മലനിരകളുടെ കാഴ്ച അത്രയ്ക്കും മനോഹരമാണ്. ക്ഷേത്രത്തില്‍ എത്തുമ്പോഴേക്കും നടയടച്ചിരുന്നെങ്കിലും പ്രീ മാരേജ് ഫോട്ടോ ഷൂട്ടിനുവേണ്ടി നിരവധിപേര്‍ ഉണ്ടായിരുന്നു. ഇളംകാറ്റേറ്റ് അകലെയായുള്ള മലനിരകളുടെ ഭംഗി ആവോളം ആസ്വദിച്ച് തിരിച്ചിറങ്ങി.

സകലേഷ്പുരയില്‍നിന്ന് 40 കി.മീ. മാറി സ്ഥിതിചെയ്യുന്ന ഗ്രാമമാണ് ഷെട്ടിഹള്ളി. 1850-കളില്‍ ഫ്രഞ്ച് മിഷനറിമാര്‍ ഷെട്ടിഹള്ളിയില്‍ എത്തുകയും ക്രിസ്തുമതത്തെ ഗ്രാമീണര്‍ക്ക് പരിചയപ്പെടുത്തുകയും ചെയ്തു. പലരും ക്രിസ്തുമതം സ്വീകരിച്ചു. അവര്‍ക്ക് വേണ്ടി 1860-കളില്‍ ഹേമാവതി നദിയുടെ തീരത്ത് ഫ്രഞ്ച് മിഷനറിമാര്‍ ഗോഥിക് ശൈലിയില്‍ ഒരു പള്ളി പണിതു. അതാണ് ഷെട്ടിഹള്ളി റൊസാരി ചര്‍ച്ച്. നൂറുവര്‍ഷത്തോളം ആ പള്ളി ഹേമാവതി നദിയുടെ തീരത്ത് തലയുയര്‍ത്തി നിന്നു. 1960-ല്‍ ഹേമാവതി നദിയില്‍ അണക്കെട്ട് നിര്‍മിച്ചതോടെ ഷെട്ടിഹള്ളി പള്ളിയുടെ കഷ്ടകാലം ആരംഭിച്ചു. വേനല്‍ക്കാലത്തൊഴികെ ബാക്കി സമയങ്ങളിലെല്ലാം ഈ ദേവാലയം വെള്ളത്തില്‍ മുങ്ങി. ഇതോടെ വിശ്വാസികള്‍ക്ക് ദേവാലയത്തെ ദുഃഖത്തോടെ ഉപേക്ഷിക്കേണ്ടി വന്നു. മേല്‍ക്കൂരയും ചില വശങ്ങളും തകര്‍ന്നുവീണെങ്കിലും ആറ് പതിറ്റാണ്ടുകള്‍ക്ക് ഇപ്പുറവും പള്ളിയുടെ മുന്‍ഭാഗം തലയെടുപ്പോടെ നിലനില്‍ക്കുന്നു.

നൂറുകണക്കിനാളുകളാണ് ഷെട്ടിഹള്ളി പള്ളി സന്ദര്‍ശിക്കാന്‍ എത്തുന്നത്. ഏത് സീസണിലും ഷെട്ടിഹള്ളി പള്ളി ക്യാമറക്കണ്ണുകള്‍ക്ക് ഒരു ഗംഭീര വിരുന്നാണ് സമ്മാനിക്കുന്നത്. സായാഹ്നം; സകലേഷ്പുരയോട് യാത്രപറയുകയാണ്. പ്രകൃതിയൊരുക്കിയ സുന്ദരമായ ഈ ഭൂപ്രദേശം ഒരിക്കലും മനസ്സില്‍നിന്ന് മാഞ്ഞുപോകില്ല.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi