കുട്ടിക്കാലം എത്ര നല്ലതായിരുന്നു എന്ന് പലപ്പോഴും ഓര്‍ക്കാറുണ്ട്. കുട്ടിക്കാലത്ത് ചോയ്‌സുകള്‍ കുറവായിരുന്നു. അതുകൊണ്ടുതന്നെ എല്ലാ കാര്യങ്ങളും, പ്രത്യേകിച്ചും ആഹാരവുമായി ബന്ധപ്പെട്ടിട്ടുള്ള കാര്യങ്ങള്‍ അത് വിഭവങ്ങളായാലും, അവയുടെ രുചിയായാലും എനിക്ക് പ്രിയപ്പെട്ടതാണ്. എന്റെ ഓര്‍മയുടെ ഭണ്ഡാരം നിറയെ രുചിയോര്‍മകളാണ്. 

അന്നൊക്കെ ഞായറാഴ്ച മാത്രമാണ് ഇറച്ചി മേടിക്കുക, അത് മിക്കവാറും ബീഫ് ആയിരിക്കും. ഇറച്ചി മേടിക്കാന്‍ ഞാനും റോഷന്‍ മോനും(സഹോദരന്‍) കൂടെ പോകും, ഇറച്ചി വെട്ടുന്ന ചേട്ടന് സ്‌പെസിഫിക്കേഷന്‍ കൊടുക്കും, കരള്‍ വേണ്ട, നെയ്യ് വേണ്ട, എല്ലു കുറച്ചു മാത്രം. ആ ചേട്ടന്‍ തലയാട്ടിക്കൊണ്ട്‌ ഇറച്ചി മുറിച്ചു തേക്കിലയില്‍ പൊതിഞ്ഞു തരും. പലപ്പോഴും തോന്നിയിട്ടുണ്ട്, ചേമ്പ്, തേക്ക്, വട്ടമരം തുടങ്ങിയവയുടെ ഇലയുടെ മോര്‍ഫോളജി ദൈവം തമ്പുരാന്‍ ഇറച്ചി ഭദ്രമായി പൊതിയാനുള്ള പരുവത്തിലാണല്ലോ സൃഷ്ടിച്ചത് എന്ന്. അങ്ങനെ ഇറച്ചിയും  മേടിച്ചു വീട്ടില്‍ വരും.

പിന്നെ വേറെ കുറച്ചു പരിപാടികളും കൂടെ ഉണ്ട്. രാവിലെ പള്ളിയില്‍ പോകണം. ഉച്ചക്ക് സണ്‍ഡേ സ്‌കൂളില്‍ പോകണം. ഇടയ്ക്കു ഭക്ഷണം കഴിക്കണം, വൈകിട്ട് ടീവിയില്‍ ജയന്റ് റോബോട്ടും മലയാളം സിനിമയും കാണണം. അത്ര തന്നെ. പക്ഷേ അന്നൊക്കെ ഉച്ചയ്ക്ക് ദൂരദര്‍ശനില്‍ പ്രാദേശിക സിനിമ വരും, അവാര്‍ഡ് കിട്ടിയ സിനിമകളൊക്കെ അങ്ങനെ വരാറുണ്ട്. അങ്ങനെയിരിക്കെ ഒരു ദിവസം നഖക്ഷതങ്ങള്‍ ഉച്ചക്ക് ടിവിയില്‍ വരുന്നു, വിനീത് ഹൃദയത്തില്‍ കയറിയിരിക്കുന്ന സമയമാണ്, സണ്‍ഡേസ്‌കൂളില്‍ പോകാതെ എന്തെങ്കിലും കള്ളം പറഞ്ഞു വീട്ടില്‍ നിന്ന് ആ സിനിമ കാണാന്‍ ഞാന്‍ പരമാവധി ശ്രമിച്ചു, ഇന്ന് സണ്‍ഡേ സ്‌കൂളില്‍ പോകുന്നില്ല, വയറു വേദന എന്നൊക്കെ പറഞ്ഞു, ആരും മൈന്‍ഡ് ചെയ്തില്ല എന്ന് മാത്രമല്ല അടിച്ചോടിക്കാനായി അപ്പന്‍ ബെല്‍റ്റെടുത്തു. ആ സിനിമ എനിക്കിന്നും ഒരു സങ്കടമാണ്, അപ്പനോടുള്ള വാശി കാരണം ഞാനാ സിനിമ ഇപ്പോഴും  കണ്ടിട്ടില്ല.  

ചില ഞായറാഴ്ചകളില്‍ ഇങ്ങനെയൊക്കെ സംഭവിക്കാറുണ്ടെങ്കിലും എനിക്ക് ഞായറാഴ്ച വളരെ സ്‌പെഷ്യല്‍ ആണ്, വേറൊന്നും കൊണ്ടല്ല. ഉച്ചക്കത്തെ ബീഫ്ക്കറി അല്ലെങ്കില്‍ ബീഫ് റോസ്റ്റ്. ഉച്ചയ്ക്ക് ഒന്നര മണിക്കാണ് സണ്‍ഡേസ്‌കൂള്‍ തുടങ്ങുന്നത്. കുറഞ്ഞത് ഒന്നേകാലിനെങ്കിലും വീട്ടില്‍ നിന്നിറങ്ങിയാലേ കയ്യാലയും പറമ്പുമൊക്കെ ചാടിക്കടന്നു നസ്രേത്തില്‍ എത്തു.ഞങ്ങളുടെ സണ്‍ഡേസ്‌കൂള്‍  സിസ്റ്റേഴ്‌സ് നടത്തുന്ന ഒരു കോണ്‍വെന്റിലാണ്, അതാണ് നസ്രേത്ത്. സ്വാഭാവികമായും യാതൊരു വിധ ഉഴപ്പും അവിടെ നടക്കില്ല. താമസിച്ചു ചെന്നാല്‍ ചന്നം പിന്നം വഴക്കു കിട്ടും. അത് പേടിച്ചു ഞങ്ങള്‍ നേരത്തെ അങ്ങെത്തും. അങ്ങെത്താനുള്ള ഊര്‍ജമാണ്‌ ബീഫ് തരുന്നത്, അത് എങ്ങനെയെന്നല്ലേ; പറയാം. മമ്മി ഉണ്ടാക്കുന്ന ബീഫ് റോസ്റ്റും കറിയും അടിപൊളി സ്വാദാണ്, അതും നല്ല കുറുക്കി വെക്കുന്നത്, കൊച്ചുള്ളിയും, തേങ്ങാക്കൊത്തുമൊക്കെ കിടന്നങ്ങു തിളച്ചു മറിയും കറിയില്‍, എന്നിട്ടത് ചെറുതീയില്‍ ഇരുന്നങ്ങനെ പരുവപ്പെടും. ബീഫ് കഷ്ണങ്ങള്‍ മസാല സംഘത്തോടൊപ്പം ചേര്‍ന്ന് കൊച്ചുള്ളിയുടെയും തേങ്ങാക്കൊത്തിന്റെയും കൈപിടിച്ച് കുക്കറില്‍ കിടന്ന് സംഘ നൃത്തം ചവിട്ടും. നൃത്തം  മൂര്‍ദ്ധന്യാവസ്ഥയില്‍ ആകുമ്പോള്‍ വിസില്‍ വന്നു തുടങ്ങും, അങ്ങനെ അങ്ങനെ അത് വെന്തു വരും. 

നല്ല ചൂട് ചോറും, അതിന്റെ കൂടെ സാമ്പാറോ, മോരോ രസമോ കാണും. കൂടെ കാബേജ് തോരനോ കൂര്‍ക്ക തോരനോ മെഴുക്കുപുരട്ടിയോ അവിയലോ അങ്ങനെ എന്തെങ്കിലും. ഏറ്റവും പ്രധാനി നമ്മുടെ സ്വന്തം ബീഫ്കറിയാണ്‌. ഇതെല്ലം കൂട്ടി  ചോറുണ്ണും, എന്നിട്ടു കൈ കഴുകും, എന്നെ കഴുകി കളയണ്ടമ്മാവാ ഞാന്‍ പോകില്ല എന്നു പറഞ്ഞുകൊണ്ട്‌ ആ ബീഫ് മണം നമ്മുടെ കയ്യില്‍ നിന്നും പോകാതെ അങ്ങനെ പറ്റിപ്പിടിച്ചിരിക്കും. കഴിച്ചു കഴിഞ്ഞു കയ്യും കഴുകി സണ്‍ഡേ സ്‌കൂള്‍ പുസ്തകോം എടുത്ത്‌ ഓടുമ്പോള്‍ കൈപ്പത്തി ഇടയ്ക്കിടെ മൂക്കിലേക്ക് കൊണ്ട് പോയി ആഞ്ഞൊന്നു മണക്കും, പിന്നെ ചുറ്റുമുള്ളതൊന്നും കാണില്ല, നമ്മള്‍ ഓടിക്കൊണ്ടേയിരിക്കും, സണ്‍ഡേ സ്‌കൂളിലെത്തും വരെ. ആ മണം തരുന്ന കിക്ക്സ്റ്റാര്‍ട്ട്, അത് ഭയങ്കരമായിരുന്നു.