നദി അമ്മയാണെന്നും ജീവനാഡിയാണെന്നുമൊക്കെ ഭംഗിവാക്ക് പറയുന്നവരാണ് നമ്മള്‍. എന്നാല്‍ നദിക്ക് നിയമപരമായ വ്യക്തിത്വം പതിച്ചുനല്‍കിയ ഒരു നാടുണ്ട്. ജീവന്‍കൊടുത്തും നദിയെ കാക്കുന്ന ഒരു ഗോത്രസമൂഹവും. ന്യൂസിലന്‍ഡിലെ മാവോരികളുടെ പുണ്യനദിയാണ് വാങ്‌നൂയി. 2017-ലാണ് ന്യൂസിലാന്‍ഡ് വാങ്‌നൂയി നദിക്ക് നിയമപരമായ വ്യക്തിത്വം നല്‍കിക്കൊണ്ട് ചരിത്രം സൃഷ്ടിച്ചത്. ഒരു മനുഷ്യന് തുല്യമായ അവകാശങ്ങളും കടമകളും ബാധ്യതകളുമുള്ള ജീവനുള്ള ഒന്നായി അവര്‍ നദിയെ അംഗീകരിച്ചു.
മനുഷ്യരും പ്രകൃതിയും ആഴത്തില്‍ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു എന്ന മാവോരി വിശ്വാസത്തെയാണ് ഈ നിയമനടപടി പ്രതിഫലിപ്പിക്കുന്നത്. 'ഞാന്‍ നദിയാണ്, നദി ഞാനാണ്' എന്ന അവരുടെ ആപ്തവാക്യത്തില്‍ തന്നെ ഇത് വ്യക്തമാണ്. നദിക്ക് നിയമപരമായ പദവി നല്‍കുന്നതിലൂടെ, മലിനീകരണം അടക്കമുള്ള അനധികൃത പ്രവര്‍ത്തനങ്ങള്‍ ഗോത്രത്തിനെതിരായ ദ്രോഹമായി കണക്കാക്കപ്പെടുന്നു. നദിക്ക് കേസ് കൊടുക്കാനും കേസ് നേരിടാനും സ്വത്ത് കൈവശം വെക്കാനും നിയമം അവസരം നല്‍കുന്നു. ഈ അവകാശങ്ങള്‍ക്ക് നിയമപരമായ പരിധികളുണ്ടെങ്കിലും പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചുള്ള ആഗോള ചിന്തകളെ രൂപപ്പെടുത്താന്‍ നിയമത്തിനായിട്ടുണ്ട്.

മാവോരി ജനതയ്ക്ക്, പ്രത്യേകിച്ച് വാങ്‌നൂയി ഗോത്രവര്‍ഗക്കാര്‍ക്ക് ഈ നദി അവരുടെ സ്വത്വത്തിന്റെയും ആത്മീയതയുടെയും ഭക്ഷണത്തിന്റെയും ഗതാഗതത്തിന്റെയും ചാലകമാണ്. പ്രകൃതിശക്തികളെ തങ്ങളുടെ മണ്മറഞ്ഞ പൂര്‍വികരായിട്ടാണ് ഇവിടുത്തെ ഗോത്രവര്‍ഗക്കാര്‍ കാണുന്നത്. അതുകൊണ്ട് പ്രകൃതിസംരക്ഷണം അവര്‍ക്ക് പാരമ്പര്യത്തിന്റെ തുടര്‍ച്ച ഉറപ്പുവരുത്തലാണ്. ദൈനംദിന യാത്രകള്‍ക്കും മത്സ്യബന്ധനത്തിനും ഇവര്‍ നദിയെ ആശ്രയിക്കുന്നു. അമൂല്യമായ പൗനാമു (ഗ്രീന്‍സ്റ്റോണ്‍) എന്നറിയപ്പെടുന്ന കല്ലുകളുടെ വ്യാപാര പാതകള്‍ രൂപപ്പെടുത്തുന്നതിനും നദി ഇവരെ സഹായിച്ചു.
290 കിലോമീറ്റര്‍ നീളമുള്ള വാങ്‌നുയി നദി ടോങ്ങാരിരോ പര്‍വതത്തലപ്പുകളില്‍ നിന്നാണ് ഉദ്ഭവിക്കുന്നത്. ടാസ്മന്‍ കടലില്‍ പതിക്കുന്ന ഈ നദി വര്‍ഷം മുഴുവന്‍ ഭൂമിയെ നനയ്ക്കുന്നു. മനുഷ്യന്റെ അനവധി ചൂഷണങ്ങള്‍ക്കിരയായി നദികള്‍ വരണ്ടുണങ്ങുന്ന ലോകത്ത് മാവോരികള്‍ പ്രകൃതിസംരക്ഷണത്തിന്റെ പുതിയ ദര്‍ശനമൊരുക്കുകയാണ്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi
Content Highlights: Discover how New Zealand legally recognized the Wangnui River as a person, granting it rights and responsibilities. Learn about Maori traditions and environmental protection.
Published: 27 Nov 2025, 01:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented