ഗംഗാവാലി മലയാളികള്‍ക്ക് കാത്തിരിപ്പിന്റെ പേരാണിന്ന്. കഴിഞ്ഞ പതിനൊന്ന് ദിവസങ്ങളായി ഗംഗാവാലിയുടെ തീരത്തും ഉള്‍ത്തടങ്ങളിലുമായി ഒരു തിരച്ചില്‍ നടക്കുകയാണ്. ഒരു ചെറുപ്പക്കാരനുവേണ്ടിയുള്ള തിരച്ചില്‍. ബെല്‍ഗാവില്‍ നിന്ന് തടികയറ്റിയ ട്രക്കുമായി കോഴിക്കോടേക്കുള്ള യാത്രയിലായിരുന്നു അര്‍ജുന്‍. യാത്രാമധ്യേ ഷിരൂരില്‍ വച്ചുണ്ടായ മണ്ണിടിച്ചിലിലാണ് അര്‍ജുനെ കാണാതായത്. നദിയുടെ അടിത്തട്ടില്‍ ട്രക്കിനുവേണ്ടിയുള്ള തിരച്ചില്‍ സജീവം. കരയില്‍ നിന്ന് അറുപതു മീറ്റര്‍ അകലെ അഞ്ചടി താഴ്ചയില്‍ നിന്ന് ട്രക്കിന്റേതെന്ന് കരുതുന്ന സിഗ്നല്‍ ലഭിച്ചു. മണ്ണിടിച്ചിലില്‍ മരങ്ങള്‍ക്കൊപ്പം നദിയുടെ ആഴത്തിലേക്കൊഴുകിയതാകാം ആ കൂറ്റന്‍ വാഹനം. ലോറിയില്‍ നിന്ന് കയറുപൊട്ടി ഒഴുകിപ്പോയ മരത്തടികള്‍ 12 കിലോമീറ്റര്‍ അകലെനിന്ന് കണ്ടെടുത്തിരുന്നു. ഒരു ജീവനായുള്ള കാത്തിരിപ്പ് അനിശ്ചിതമായി നീളുകയാണ്. നദിയിലെ തീവ്രമായ ഒഴുക്കും തോരാമഴയും തിരച്ചിലിന് തടയിട്ടു.
എക്കാലത്തുമെന്നപോലെ ഈ വര്‍ഷകാലം ഗംഗാവാലിക്ക് രൗദ്രഋതുവാണ്. മന്ദഗതിയുടെ ആടകള്‍ ഉരിഞ്ഞെറിഞ്ഞ് മഹാപ്രവാഹമായി നദിയൊഴുകുന്ന മഴക്കാലം. ഉത്തരകന്നഡയിലും ധാര്‍വാര്‍ഡിലും ഹവേരിയിലുമായി ഒഴുകുന്ന നിശ്ശബ്ദനദിയാണ് വേനലിലും മഞ്ഞിലും ഗംഗാവാലി. ഊര ഹബ്ബ എന്ന ഗ്രാമോത്സവത്തിനും നദീഹബ്ബ എന്ന ജലോത്സവത്തന്നും അരങ്ങൊരുക്കുന്ന തീരമാണ് ഇതിന്റേത്. സോമേശ്വരന്റെയും ഗംഗയുടെയും ചന്ദ്രമൗലേശ്വരന്റെയും ക്ഷേത്രങ്ങള്‍ കരയിലായുണ്ട്.
എക്കലടിഞ്ഞ് ഫലഭൂയിഷ്ടമായ മണ്ണ്. കരിമ്പും വാഴയും തേങ്ങയും മാങ്ങയും സുഗന്ധവ്യഞ്ജനങ്ങളും റാഗിയും പരുത്തിയും നിലക്കടലയും വിളയുന്ന കൃഷിയിടങ്ങള്‍. ധാര്‍വാഡിന് തെക്ക് പശ്ചിമഘട്ടത്തില്‍ ഉത്ഭവം. അറബിക്കടലില്‍ ചേരാനായി പടിഞ്ഞാറേക്കൊഴുകുന്നു. ഈ യാത്രയില്‍ നദിക്ക് പേര് ഷല്‍മാല എന്നാണ്. പാതിവഴിയില്‍ ഗംഗാക്ഷേത്രമുണ്ട്. അതിനെ ചുറ്റിയൊഴുകുമ്പോള്‍ ഷല്‍മാല ഗംഗാവാലിയാകുന്നു. നദീതീര ഗ്രാമത്തിനും പേര് ഗംഗാവാലി എന്നുതന്നെ. ഏറെദൂരമൊഴുകി ഉര്‍വരതയുടെ മഗോഡിലെത്തമ്പോള്‍ നദി വെള്ളച്ചാട്ടമാകുന്നു. പിന്നെ യാത്ര സമതലങ്ങളിലൂടെ. ഒഴുകുന്ന പാതയുടെ ഇരുപുറങ്ങളിലും നിബിഡ വനങ്ങളും തോട്ടങ്ങളും. വിളകളാലും മഴയാലും സമൃദ്ധം. വര്‍ഷകാലം കഴിയുമ്പോള്‍ നദി മൗനമുഗ്ദയാകും. ഒന്നും കവര്‍ന്നെടുക്കാത്ത സാത്വിക.
Content Highlights: river gangavali facts
Published: 27 Jul 2024, 12:49 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented