
പോണ്ടിച്ചേരി | ചിത്രം: Getty Images
ആറാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് 'സ്വപ്നക്കൂട്' സിനിമ റിലീസ് ചെയ്യുന്നത്. സിനിമ കണ്ടിറങ്ങിയപ്പോള്‍ മനസ്സില്‍ ഒരു സ്ഥലം അങ്ങ് കയറിക്കൂടി- പോണ്ടിച്ചേരി! പിന്നീട് ചെന്നൈയില്‍ പഠിക്കുന്ന കാലത്ത് കൂട്ടുകാര്‍ പലരും അവധി ദിവസങ്ങളില്‍ ഒന്നുകിൽ 'മഹാബ്‌സ്' എന്ന മഹാബലിപുരത്തോ 'പോണ്ടി' എന്ന പോണ്ടിച്ചേരിയിലോ പോയിരുന്നെങ്കിലും പോണ്ടിച്ചേരി കാണാന്‍ എന്റെ നറുക്ക് എന്തുകൊണ്ടോ അപ്പോഴും വീണില്ല.
എന്നാല്‍ ഉപരിപഠനത്തിന് എവിടെ പോകണമെന്ന് രണ്ടു വട്ടം ആലോചിക്കാന്‍ തോന്നിയില്ല- പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി! പൂക്കള്‍ കൊഴിഞ്ഞ വഴികളിലൂടെ മീരാ ജാസ്മിന്‍ സൈക്കിള്‍ ഓടിച്ചുപോകുന്ന പോലെ മുടിപാറിപ്പറത്തി സൈക്കിള്‍ കൂടയില്‍ നിറയെ പൂക്കളുമായി പോണ്ടിച്ചേരി തെരുവുവീഥികളിലൂടെ പോകുന്ന എന്നെ ഓര്‍ത്തു ഞാന്‍ ഉള്‍പുളകം കൊണ്ടു. അങ്ങനെ അഡ്മിഷന്‍ എടുക്കേണ്ട ദിവസം വന്നു. ബാഗൊക്കെ പാക്ക് ചെയ്ത് കാറില്‍ ആണ് പോക്ക്. ആളൊഴിഞ്ഞ സുന്ദരമായ ഉദ്യാനങ്ങളും പൂച്ചെടികളുമുള്ള പോണ്ടിച്ചേരി പ്രതീക്ഷിച്ചുപോയ എന്നെ എതിരേറ്റത് ഏകദേശം തിരുച്ചിറപ്പള്ളി, കോയമ്പത്തൂരിനോടൊക്കെ ഉപമിക്കാവുന്ന തിരക്കുള്ള തെരുവീഥികള്‍. യൂണിവേഴ്‌സിറ്റി നില്‍ക്കുന്ന സ്ഥലമാകട്ടെ, ടൗണില്‍ നിന്ന് പത്തുപതിനഞ്ചു കിലോമീറ്റര്‍ ഉള്ളിലേക്ക് കാലാപ്പേട്ട് എന്ന ഗുദാമില്‍! പിന്നീട് പയ്യെ മനസ്സിലാക്കി, ഫ്രഞ്ച് ക്വാര്‍ട്ടര്‍ അഥവാ വൈറ്റ് ടൗണ്‍ എന്ന് വിളിക്കുന്ന ഒരു ചെറിയ ഭാഗത്താണ് സിനിമയില്‍ കാണിക്കുന്ന കാഴ്ചകളെല്ലാം ഒരുക്കിയതെന്നും ബാക്കി മുക്കാല്‍ഭാഗം പോണ്ടിച്ചേരിയും തമിഴ്‌നാട്ടിലെ മറ്റേതൊരു സ്ഥലം പോലെയാണെന്നും. ഈ വൈരുദ്ധ്യം തന്നെയാണ് പോണ്ടിച്ചേരിയെ പോണ്ടിച്ചേരി ആക്കുന്നതും! ഒരു ഭാഗത്ത് തിരക്കുകളും ബഹളങ്ങളും നിറഞ്ഞ ജീവിതങ്ങള്‍, മറുഭാഗത്ത് ആവിപറക്കുന്ന ഹോട്ട് ചോക്ലേറ്റില്‍ ക്രൊസാ മുക്കി നുണഞ്ഞും, കോക് ഓ വിന്‍ കഴിച്ചും മണിക്കൂറുകളോളം പുസ്തകങ്ങള്‍ വായിച്ചിരിക്കാന്‍ പറ്റുന്ന ശാന്തസുന്ദരമായ കഫേകള്‍ പേറുന്ന ഫ്രഞ്ച് ക്വാര്‍ട്ടര്‍! ഈ രണ്ടു ഭാഗങ്ങളെയും ഞാന്‍ ഒരുപോലെ സ്‌നേഹിച്ചു.
എല്ലാ ഞായറാഴ്ചകളിലും ഞാനും കൂട്ടുകാരികളും അതിരാവിലെ ഒരു വലിയ സഞ്ചിയും തൂക്കി ഇറങ്ങും. ജവാഹര്‍ലാല്‍ നെഹ്റു സ്ട്രീറ്റിലെ സണ്‍ഡേ മാര്‍ക്കറ്റിലേക്കാണ് പോക്ക്. നല്ല ഭംഗിയുള്ള ഉടുപ്പുകളും പാവാടകളുമൊക്കെ വെറും നൂറോ നൂറ്റിയന്‍പതോ രൂപക്ക് അന്നൊക്കെ കിട്ടും. നല്ലത് വല്ലതുമൊക്കെ തപ്പിയെടുത്തു കിട്ടിയാല്‍ ഭയങ്കര സന്തോഷമാണ്! എന്നാല്‍ ഈ പോക്കില്‍ എന്റെ പ്രധാന സന്തോഷം ആര്‍കെ സര്‍ബത്താണ്. ആ ചൂടത്ത് തെക്കുവടക്ക് നടന്നതിനുശേഷം നല്ല തണുത്ത സര്‍ബത്ത് കുടിക്കുന്നതിന്റെ സുഖം എങ്ങനെ പറഞ്ഞറിയിക്കണം എന്നെനിക്കറിയില്ല! പാല്‍ സര്‍ബത്ത് എന്ന സംഭവം ഞാന്‍ ആദ്യം കുടിക്കുന്നതും അവിടെ നിന്നാണ്. നല്ല തണുത്ത പാലില്‍ നറുനീണ്ടി സിറപ്പ് ചേര്‍ത്ത സുന്ദരന്‍ സര്‍ബത്ത്. ശേഷം ഞങ്ങള്‍ വെറുതെ ഇങ്ങനെ ഫ്രഞ്ച് ക്വാര്‍ട്ടേഴ്‌സില്‍ കൂടി നടക്കും. കഫെകളിലൊന്നും കേറി കഴിക്കാനുള്ള കാശൊന്നും പലപ്പോഴും കാണില്ല. നേരെ റോക്ക് ബീച്ചിനടുത്തുള്ള കെബിഎസ് കോഫി ബാറില്‍ പോയി നല്ലൊരു കാപ്പി കുടിക്കും. പിന്നീട് പലപ്പോഴായി പോണ്ടിച്ചേരിയിലെ പല കഫെകളിലേയും വിവിധയിനം കാപ്പികള്‍ കുടിച്ചിട്ടുണ്ടെങ്കിലും കെബിഎസ് ഡികോക്ഷന്‍ കാപ്പിയുടെ തട്ട് താണുതന്നെ ഇരിക്കും. കാപ്പി കുടിച്ചിട്ട് ഒട്ടും താമസിയാതെ നേരെ വെച്ചുപിടിക്കും, റോക്ക് ബീച്ചിലേക്ക്! വൈകുന്നേരങ്ങളില്‍ നല്ല രസമാണിവിടെ. റോക്ക് ബീച്ചിന്റെ മുന്നിലുള്ള റോഡിലൂടെ വാഹനമോടിക്കാന്‍ അനുവാദമില്ല. അതൊരു പെഡസ്ട്രിയന്‍ അഥവാ കാല്‍നടക്കാരുടെ ബീച്ചാണ്. വൈകുന്നേരവും അതിരാവിലെയുമൊക്കെ നിരവധി മനുഷ്യര്‍ ഇവിടെ നടക്കാന്‍ വരും. ചിലരൊക്കെ അവരുടെ നായ്ക്കുട്ടികളുമൊക്കെയായി വരുക. കാറ്റുംകൊണ്ട് രാത്രി വരെ ഞങ്ങള്‍ അങ്ങിരിക്കും. ഈ സമയത്ത് ഒരിക്കല്‍ പോലും റോക്ക് ബീച്ചിലെ പാറക്കെട്ടില്‍ നിന്ന് വഴുതി വീണ സ്വപ്നക്കൂടിലെ ഭാവനയെ ഓര്‍ക്കാതിരുന്നിട്ടില്ല
ഞങ്ങളുടെ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് വളരെ അടുത്താണ് ഓറോവില്‍. സ്വാമി അരബിന്ദോ ഘോഷിന്റെ 'ഉട്ടോപ്യ' എന്നു വേണമെങ്കില്‍ വിളിക്കാം ഈ സ്ഥലത്തെ. അമ്പതോളം രാജ്യങ്ങളില്‍ നിന്നു വന്ന അയ്യായിരത്തോളം മനുഷ്യര്‍ യാതൊരു ഉപാധികളുമില്ലാതെ ഇവിടെ താമസിക്കുന്നു. ഇവിടെ താമസിക്കുന്ന ഓരോരുത്തരും ആ കൂട്ടായ്മക്കുവേണ്ടി പ്രവര്‍ത്തിക്കുന്നു, തങ്ങളുടെ കൈവശമുള്ളതെല്ലാം കൊടുക്കുന്നു, പുതിയ കൈത്തൊഴിലുകള്‍ പഠിക്കുന്നു, തങ്ങള്‍ക്കറിയാവുന്നത് പറഞ്ഞുകൊടുക്കുന്നു. ജൈവകൃഷിക്കും സുസ്ഥിരജീവിതത്തിനുമെല്ലാം ഊന്നല്‍ കൊടുത്തുകൊണ്ടുള്ള ഒരു ജീവിതരീതി. ഓറോവില്ലിലേക്ക് കടക്കുമ്പോള്‍തന്നെ ഒരു തണുപ്പാണ്. അവിടെ താമസിക്കുന്ന തമിഴരും നന്നായി ഫ്രഞ്ചും ഇംഗ്ലീഷും സംസാരിക്കും. മിക്ക വെള്ളക്കാര്‍ക്കും തമിഴും വഴങ്ങും. ഇതു നേരത്തെ പറഞ്ഞ സംസ്‌കാരങ്ങളുടെയും ജീവിതരീതികളുടെയും കൊടുക്കല്‍ വാങ്ങലുകള്‍ കൊണ്ട് സംഭവിക്കുന്ന മനോഹര പ്രതിഭാസമാണ്. ഓറോവില്ലിലേക്ക് തിരിയുന്ന വഴിയില്‍ ഒരു കുഞ്ഞ് കടയുണ്ട്. അക്ക കട എന്നറിയപ്പെടുന്ന ഈ കടയില്‍ രാവിലെ ആറു മണിക്ക് നല്ല മൊരുമോരാന്നുള്ള ദോശയും മീന്‍കുളമ്പും കിട്ടും! എന്റമ്മേ പറഞ്ഞറിയിക്കാന്‍ സാധിക്കില്ല അതിന്റെ സ്വാദ്. രാവിലെ ഇതുകഴിക്കാന്‍ മാത്രം സൈക്കിള്‍ എടുത്തിറങ്ങിയ ദിവസങ്ങളുണ്ട്!
ഓറോവില്ലില്‍ ജീവിക്കുന്ന കുറച്ചു ചെറുപ്പക്കാര്‍ ചേര്‍ന്ന് തുടങ്ങിയ സംരംഭമാണ് ഓറോവില്‍ ബേക്കറി. നല്ല രസികന്‍ ഫ്രഞ്ച് പേസ്ട്രികളും വിവിധയിനം ബ്രെഡ്, കാപ്പികള്‍, സാന്‍ഡ്‌വിച്ചുകള്‍ ഇവയെല്ലാം ഇവിടെ കിട്ടും. പോണ്ടിച്ചേരിയില്‍ പഠിച്ചിരുന്ന കാലത്ത് ഞാന്‍ അവിടെനിന്നു മാത്രമേ ചെരുപ്പുകള്‍ വാങ്ങാറുള്ളായിരുന്നു. അവിടെ ധാരാളം ചെരുപ്പുകുത്തികള്‍ തുച്ഛമായ നിരക്കില്‍ നമ്മള്‍ പറയുന്ന മോഡലില്‍ ചെരുപ്പുകള്‍ നിര്‍മ്മിച്ചുതരും. അന്ന് ഇരുന്നൂറ്റിയന്‍പതും മുന്നൂറുമൊക്കെയായിരുന്നു വിലയെങ്കില്‍ ഇന്ന് അഞ്ഞൂറാണ് ശരാശരി നിരക്ക്. ഒരുപാടുനാള്‍ ഈടുനില്‍ക്കുകയും ചെയ്യും. ഓറോവില്ലില്‍ സമയം പോകുന്നതറിയില്ല. ഒരു മൂന്നൂറോ നാന്നൂറോ രൂപ കൊടുത്താല്‍ നമുക്ക് ഒറ്റദിവസം കൊണ്ട് പഠിക്കാവുന്ന ധാരാളം വിദ്യകളുണ്ട്. മണ്‍പാത്രനിര്‍മാണം ആഭരണനിര്‍മാണം പാവനിര്‍മാണം ഇങ്ങനെ പല ക്ലാസുകള്‍. മൂന്നോ നാലോ മണിക്കൂര്‍ ചെലവഴിച് ഇതു ചെയ്യാന്‍ പഠിക്കുന്നത് നല്ല രസമുള്ള പരിപാടിയാണ്. എന്നാല്‍ ഇതേ ഓറോവില്‍ അന്നൊക്കെ രാത്രി ആറുമണി കഴിഞ്ഞാല്‍ പ്രേതാലയം പോലെയിരിക്കുമായിരുന്നു. മിക്ക സ്ഥലങ്ങളും വിജനം. അധികം തെരുവുവിളക്കുകളും കാണില്ല. വല്ലാത്തൊരു ഭയം തോന്നുന്ന ഇരുട്ട് നിറയും അവിടെയാകെ.
ഒരിക്കല്‍ ഞാനും കൂട്ടുകാരി സൂര്‍മയും കൂടി ഓറോവില്‍ കറങ്ങി സമയം പോയതറിഞ്ഞില്ല. തൊട്ടുമുന്നില്‍ കണ്ട കഫെയുടെ വെട്ടത്തില്‍ ഓട്ടോ കാത്തുനിന്ന ഞങ്ങളുടെ അടുത്തേക്ക് ഒരു വെള്ളക്കാരന്‍ വന്നു. ഏകദേശം 60 വയസ്സിനോടടുത്ത് പ്രായം. നിങ്ങള്‍ എന്റെ കൂടെ വരുന്നോ, ഞാന്‍ കൊണ്ടാക്കാം എന്നായിരുന്നു തുടക്കം. ഞങ്ങള്‍ നിരസിച്ചപ്പോള്‍ പിന്നെ വിവാഹവാഗ്ദാനമായി. 'ഞാന്‍ കെട്ടിക്കോളാം, എന്റെ കൈയ്യില്‍ ഇഷ്ടംപോലെ പണമുണ്ട്.' എന്നൊക്കെ പുലമ്പിക്കൊണ്ടിരുന്നു. ഒടുവില്‍ കഫെ നടത്തുന്നവര്‍ പുറത്തുവന്ന് കണക്കിന് രണ്ടെണ്ണം കൊടുത്തപ്പോഴാണ് അയാള്‍ പോയത്. ഞങ്ങള്‍ അവിടെ പഠിക്കുന്ന സമയത്ത് ഓറോവില്‍ കടപ്പുറത്ത് ഒരു വെള്ളക്കാരി കൂട്ടാബലാല്‍സംഘത്തിന് ഇരയാകുകയും മൃഗീയമായി കൊലപ്പെടുകയും ചെയ്തിട്ടുണ്ട്. ഇതെല്ലാം കൊണ്ടുതന്നെ നേരം ഇരുട്ടിക്കഴിഞ്ഞാല്‍ ഓറോവില്ലിലേക്ക് പോകാന്‍ എനിക്കിന്നും മടിയാണ്.
പോണ്ടിച്ചേരി മീനിനും മീന്‍വിഭവങ്ങള്‍ക്കും അതിപ്രശസ്തമാണെങ്കിലും എന്റെ നാവില്‍ നിറയുന്ന രുചി നിസാമിലെ മട്ടണ്‍ സൂപ്പിന്‍റേതാണ്. പോണ്ടിച്ചേരിയില്‍ വൈകുന്നേരമായിക്കഴിഞ്ഞാല്‍ വഴിയോരത്തു പലയിടങ്ങളിലും പായ സൂപ്പുമായി പലരും നില്‍ക്കുന്നത് കാണാം. പക്ഷെ ഈ പായ സൂപ്പൊന്നും ഒന്നുമല്ല എന്ന് മനസിലാകും നിസാമിലെ സൂപ്പ് കുടിച്ചാല്‍. ഇവര്‍ സൂപ്പിന്റെ കൂടെ മട്ടണ്‍ സമൂസയും വിളമ്പാറുണ്ട്. നല്ല ചൂടുള്ള, മൊരിഞ്ഞ സമൂസ പിച്ചിയെടുത്തു സൂപ്പില്‍ ചേര്‍ത്തു കുടിക്കണമെന്നതാണ് വര്‍ഷങ്ങളായി ഇവിടെയുള്ള കീഴ്വഴക്കം. ഈ ശീലം ആരു തുടങ്ങിയതാണെന്ന് അറിയില്ലെങ്കിലും അവരെ നമ്മള്‍ നന്ദിയോടെ സ്മരിക്കും ആദ്യത്തെ സ്പൂണ്‍ വായില്‍ വെക്കുമ്പോള്‍ തന്നെ.
പോണ്ടിച്ചേരി രുചികളെപ്പറ്റി പറയുമ്പോള്‍ ഒഴിച്ച് കൂടാനാകാത്ത മറ്റൊരു പേരാണ് വേലു അണ്ണന്‍. എന്റെ യൂണിവേഴ്‌സിറ്റിയുടെ ഫസ്റ്റ് ഗേറ്റിന് പുറത്തായിരുന്നു അന്നൊക്കെ മൂപ്പര് കട നടത്തിയിരുന്നത്. അണ്ണന്റെ കടയിലെ ലെമണ്‍ ടീ! ഒരു ലെമണ്‍ ടീക്ക് എങ്ങനെ ഇത്രക്ക് സ്വാദ് വരുമെന്ന് നമ്മള്‍ ചിന്തിച്ചു പോകും. ഒറ്റയിരിപ്പില്‍ അഞ്ചു ലെമണ്‍ ടീ വരെ ഞാന്‍ കുടിച്ച ദിവസങ്ങളുണ്ട്. ലെമണ്‍ ടീക്ക് ഒപ്പം കൊടുക്കുന്ന എഗ്ഗ് റോള്‍ ഉണ്ട്. അഞ്ചു രൂപയാണ് വില. ക്യാബേജും മുട്ടയും ഉപ്പും കുരുമുളകും ചേര്‍ത്ത് പാകം ചെയ്ത മിശ്രിതമാണ് അകത്തു നിറയ്ക്കുന്നത്. പറയുമ്പോള്‍ ലളിതം, എന്നാല്‍ രുചിയോ, അതിഗംഭീരം!
പോണ്ടിച്ചേരി എന്നാല്‍ ഇതുപോലെ ധാരാളം രുചിയോര്‍മ്മകളുമാണ്. സഹപാഠി മോനിഷ അവളുടെ മാരിയമ്മന്‍ കോവിലിലെ പ്രസാദമായി കൊണ്ടുവന്ന വെള്ളച്ചോറും മീന്‍കറിയും, വയ്യാതെ കിടന്നപ്പോള്‍ ഹോസ്റ്റലിലെ ജീവനക്കാരി രാഘവി അക്ക വാരിത്തന്ന എര(കൊഞ്ച് ) കുഴമ്പും റാഗികൂഴും, യൂണിവേഴ്‌സിറ്റിക്ക് തൊട്ടെതിരെയുള്ള മലയാളി മെസ്സിലെ നൂറുരൂപയ്ക്ക് മൂന്നുപേര്‍ക്ക് കഴിക്കാവുന്ന നല്ല ഒന്നാന്തരം ചിക്കന്‍ കൊത്തുപൊറോട്ടയും, പാട്ടിക്കടയിലെ മീന്‍ ബജിയും ഇന്ത്യന്‍ കോഫി ഹൗസിലെ ബ്രിയോഷ് ബ്രെഡില്‍ ഉണ്ടാക്കുന്ന ഫ്രഞ്ച് ടോസ്റ്റും ഇങ്ങനെ നൂറുകൂട്ടം രുചികളാണ് ഓര്‍മ്മകളില്‍ പൊതിഞ്ഞു മനസിലേക്ക് കയറിവരുന്നത്.
സ്വപ്നക്കൂട് സിനിമയില്‍ കാണിക്കുന്ന വെള്ളക്കാരുടെ ഫ്രഞ്ച് ക്വാര്‍ട്ടര്‍ തേടിയാണ് ഞാന്‍ അവിടെ പോയതെങ്കിലും പോണ്ടിച്ചേരി ഞാന്‍ തേടിയതിനും മോഹിച്ചതിനുമൊക്കെ അപ്പുറമുള്ളൊരു സുന്ദരമായ അനുഭവമായി മാറി, ഞാന്‍ പോലുമറിയാതെ…
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi
Content Highlights: Relive Pondicherry`s charm, from its French Quarter cafes and markets to Auroville`s unique community & local flavors. A personal journey beyond the "Swapnakkoodu" movie.
Published: 22 Oct 2025, 05:06 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented