
എപ്പോൾ ഒരു ഡോക്ടറെ കാണാൻ പോയാലും മരുന്നുകളുടെ കൂട്ടത്തിൽ സാധാരണയായി കുറിക്കാറുള്ള ഒരു സപ്ലിമെന്റാണ് വിറ്റാമിനുകൾ അഥവാ ജീവകങ്ങൾ. പേരുപോലെ തന്നെ ആരോഗ്യകരമായ ജീവിതത്തിന് ഇവ അത്യാവശ്യവുമാണ്. മിക്ക ആളുകളും ഡോക്ടറുടെ നിർദ്ദേശമില്ലാതെ തന്നെ വിറ്റാമിൻ ഗുളികകൾ സ്ഥിരമായി കഴിക്കാറുണ്ട്. എന്നാൽ ഇവ ശരീരത്തിൽ ആവശ്യത്തിലധികം എത്തിയാൽ എന്താണ് സംഭവിക്കുക എന്ന് ചിന്തിക്കാറുണ്ടോ.
വിറ്റാമിനുകൾ അളവിൽ കൂടുതൽ കഴിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകും. വർഷങ്ങൾക്ക് മുൻപ് നമ്മുടെ മെഡിക്കൽ കുറിപ്പടികളിൽ വിറ്റാമിൻ ഗുളികകൾ ഇത്രയധികം ഇടംപിടിച്ചിരുന്നില്ല. എന്നാൽ ഇന്ന് മാറിവരുന്ന ആരോഗ്യരീതികൾ ശരിയായ അറിവില്ലെങ്കിൽ അനാരോഗ്യത്തിലേക്ക് നയിച്ചേക്കാം.
എന്താണ് വിറ്റാമിനുകൾ?
വിറ്റാമിനുകൾ എന്നാൽ ജൈവ സംയുക്തങ്ങളാണ്. നമ്മുടെ ശരീരം ശരിയായി പ്രവർത്തിക്കാൻ ചെറിയ അളവിൽ ആവശ്യമായ പദാർഥങ്ങളാണിവ. അവ ശരീരത്തിന്റെ ആന്തരിക രസതന്ത്രത്തിന്റെ ഭാഗമാണ്; ശരീരത്തെ പ്രവർത്തനക്ഷമമായി നിലനിർത്തുന്ന സങ്കീർണമായ രാസപ്രവർത്തന സംവിധാനമാണത്.
മിക്ക വിറ്റാമിനുകളും നാം കഴിക്കുന്ന ഭക്ഷണങ്ങളിൽ നിന്നാണ് ലഭിക്കുന്നത്. എന്നാൽ അനുകൂല സാഹചര്യങ്ങളിൽ ശരീരത്തിന് ചില വിറ്റാമിനുകൾ സ്വയം ഉത്പാദിപ്പിക്കാനും കഴിയും. ഭക്ഷണ സപ്ലിമെന്റുകളിൽ നിന്നോ മെഡിക്കൽ ചികിത്സകളിൽ നിന്നോ ഇവ ലഭ്യമാകും. ശരീരത്തിന് ആവശ്യമായ 13 അവശ്യ വിറ്റാമിനുകളെ പ്രധാനമായും രണ്ട് വിഭാഗങ്ങളായി തിരിക്കാം:
വാട്ടർ സോല്യൂബിൾ വിറ്റാമിനുകൾ: വിറ്റാമിൻ സി, ബി-കോംപ്ലക്‌സ് ഗ്രൂപ്പ് എന്നിവ ഇതിൽ പെടുന്നു. ഇവ വെള്ളത്തിൽ ലയിക്കുന്നതിനാലും ശരീരത്തിൽ സംഭരിച്ചു വെക്കാൻ കഴിയാത്തതിനാലും നിത്യേന ഭക്ഷണത്തിലൂടെ ശരീരത്തിൽ എത്തേണ്ടതുണ്ട്. അധികമുള്ള അളവ് മൂത്രത്തിലൂടെ പുറന്തള്ളപ്പെടുന്നു.
ഫാറ്റ് സോല്യൂബിൾ വിറ്റാമിനുകൾ: വിറ്റാമിൻ എ, ഡി, ഇ, കെ എന്നിവ ഈ വിഭാഗത്തിൽപ്പെടുന്നു. ഇവ ശരീരത്തിലെ ഫാറ്റി ടിഷ്യൂകളിലും കരളിലും ദീർഘകാലത്തേക്ക് സംഭരിക്കപ്പെടുന്നു.
ജീവകങ്ങൾ അധികമായാൽ എന്ത് സംഭവിക്കും?
ഈ ജീവകങ്ങളിൽ നിത്യേന കഴിക്കേണ്ടവയും ആവശ്യത്തിന് മാത്രം കഴിക്കേണ്ടവയുമുണ്ട്. ഇതൊന്നും ശ്രദ്ധിക്കാതെ നമ്മൾ ദിവസേന കഴിക്കുന്ന വിറ്റാമിൻ ഗുളികകളുടെ കണക്ക് വളരെ വലുതാണ്. വിറ്റാമിനുകൾ ശരീരത്തിൽ ആവശ്യത്തിലധികമാകുന്ന അവസ്ഥയെ 'ഹൈപ്പർവിറ്റമിനോസിസ്' എന്ന് വിളിക്കുന്നു. ചില വിറ്റാമിനുകളുടെ അളവ് വളരെ കൂടിയാൽ അത് ശരീരത്തെ ദോഷകരമായി ബാധിക്കും.
വിറ്റാമിൻ എ: ഉയർന്ന അളവിൽ വിറ്റാമിൻ എ കഴിക്കുന്നത് ശരീരത്തിൽ വിഷാംശം ഉണ്ടാകാൻ കാരണമാകും. ഗർഭിണികളിൽ വിറ്റാമിൻ എ അമിതമായാൽ അത് ജനിക്കുന്ന കുട്ടികളിൽ വൈകല്യങ്ങൾക്കുവരെ കാരണമായേക്കാം.
വിറ്റാമിൻ ഡി: ശരീരത്തിൽ വിറ്റാമിൻ ഡി അമിതമാകുമ്പോഴാണ് 'ഹൈപ്പർവിറ്റമിനോസിസ് ഡി' സംഭവിക്കുന്നത്. ഡോക്ടറുടെ നിർദ്ദേശമില്ലാതെ സ്വയം വാങ്ങി ഉയർന്ന അളവിൽ സപ്ലിമെന്റുകൾ കഴിക്കുമ്പോഴാണ് ഈ അപൂർവ സാഹചര്യം ഉണ്ടാകുന്നത്. ഇത് സാധാരണയായി ജീവന് ഭീഷണിയല്ലെങ്കിലും ആരോഗ്യത്തിന് അതീവ ദോഷകരമാണ്. കഠിനമായ അവസ്ഥകളിൽ ഇത് വൃക്ക തകരാറ്, ഹൃദയമിടിപ്പിലെ വ്യതിയാനം, അസ്ഥിരമായ നടത്തം, ആശയക്കുഴപ്പം തുടങ്ങിയ പ്രശ്‌നങ്ങളിലേക്ക് നയിച്ചേക്കാം.
വിറ്റാമിൻ ഇ: അമിതമായാൽ രക്തം കട്ടപിടിക്കുന്ന പ്രക്രിയയെ തടസ്സപ്പെടുത്തുകയും രക്തസ്രാവത്തിനുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യും. പ്രത്യേകിച്ച് രക്തം കട്ടപിടിക്കാതിരിക്കാനുള്ള മരുന്നുകൾ കഴിക്കുന്നവർക്ക് ഇത് കൂടുതൽ അപകടമാണ്.
വിറ്റാമിൻ ബി6: ദിവസേന വലിയ അളവിൽ ദീർഘകാലം കഴിക്കുന്നത് നാഡികൾക്ക് കേടുപാടുകൾ വരുത്തുന്ന 'സെൻസറി ന്യൂറോപ്പതി' എന്ന അവസ്ഥയ്ക്ക് കാരണമാകുകയും ശരീരത്തിൽ മരവിപ്പ് ഉണ്ടാക്കുകയും ചെയ്യാം.
നിയാസിൻ / വിറ്റാമിൻ ബി3: ഉയർന്ന അളവിൽ കഴിക്കുന്നത് ചർമ്മം ചുവന്നു തടിക്കുക, കത്തുന്നതുപോലെയുള്ള അനുഭവം, അമിതമായി രക്തസമ്മർദ്ദം കുറയുക, കരളിന്റെ തകരാറ് എന്നിവയ്ക്ക് കാരണമാകാം.
വിറ്റാമിൻ സി: ഉയർന്ന അളവിൽ ശരീരത്തിൽ എത്തിയാൽ വയറിളക്കം, വയറുവേദന, ഓക്കാനം എന്നിവയ്‌ക്കൊപ്പം വൃക്കയിൽ കല്ല് ഉണ്ടാകാനുള്ള സാധ്യതയും വർധിപ്പിക്കുന്നു.
പ്രതിവിധി
Also Read
ഒരു ചെറിയ വിറ്റാമിൻ ഗുളികയിൽ നിന്നുപോലും ദിവസേന അളവ് കൂടിയാൽ ഇത്രയധികം പ്രശ്‌നങ്ങൾ ഉണ്ടാകാം. അതുകൊണ്ട് സപ്ലിമെന്റുകൾ കഴിക്കുന്നതിന് മുൻപ് രക്തപരിശോധന നടത്തി ശരീരത്തിലെ വിറ്റാമിൻ അളവ് കൃത്യമായി മനസ്സിലാക്കുക. ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം ആവശ്യമുള്ളവ കഴിക്കുക. ഭക്ഷണത്തിൽ കാർബോഹൈഡ്രേറ്റ്‌സ്, ഫാറ്റ്, പ്രോട്ടീൻ എന്നിവ ആവശ്യമായ അളവിൽ മാത്രം ഉൾപ്പെടുത്തി കഴിക്കാൻ ശ്രദ്ധിക്കുക. ഒന്നും അധികമാകരുത്, കുറയുകയുമരുത്.
ചില നല്ല ശീലങ്ങൾ:
- വിറ്റാമിൻ സി ലഭിക്കാനായി ദിവസേന ഏതെങ്കിലും ഒരു പഴം കഴിക്കുന്നത് ശീലമാക്കുക.
- നിശ്ചിത സമയത്ത് അല്പസമയം വെയിൽ കൊള്ളുക.
- തവിടുള്ള ചോറ്, ഇലക്കറികൾ, പയറുവർഗ്ഗങ്ങൾ, മത്സ്യം, ഇറച്ചി അല്ലെങ്കിൽ മുട്ട എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
- വെജിറ്റേറിയൻ ആണെങ്കിൽ സോയാബീൻ, ചെറുപയർ, കടല, വിവിധതരം പയറുവർഗ്ഗങ്ങൾ എന്നിവ ശീലമാക്കുക.
ചെറിയൊരു ശ്രദ്ധ കൃത്യസമയത്ത് നൽകിയാൽ, വീട്ടിലെ വലിയൊരു 'മെഡിസിൻ ബോക്‌സ്' എന്ന സമ്പ്രദായം നിർത്തലാക്കാനാകും. ആയുർവേദ ശീലങ്ങളിലൂടെ പ്രകൃതിയോട് ചങ്ങാത്തം കൂടാം, ആരോഗ്യം സംരക്ഷിക്കാം
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Excessive vitamin intake leads to hypervitaminosis., Fat-soluble vitamins (A, D, E, K) accumulate in the body and pose higher toxicity risks., Water-soluble vitamins (C, B-complex) can still cause issues like kidney stones or neuropathy if over-supplemented., Consult a doctor and perform blood tests before starting any supplement regimen., Prioritize a balanced diet over synthetic pills to maintain long-term health.
Published: 29 May 2026, 12:28 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented