ചില വനാന്തരങ്ങള്‍ നമുക്ക് തീക്ഷ്ണമായ അനുഭവങ്ങളായിരിക്കും കാത്തുവെച്ചിരിക്കുക. വന്യജീവിസങ്കേതമായ ചിന്നാര്‍കാടുകള്‍ അത്തരത്തിലായിരുന്നു എന്നെയും സഹയാത്രികനായ ജലീലിനെയും സ്വീകരിച്ചത്. മൂന്നാറിലെ കോരിച്ചൊരിയുന്ന വര്‍ഷകാലത്ത് (2004-ല്‍) മഴനിഴല്‍ പ്രദേശമായ ചിന്നാറിലെത്തുമ്പോള്‍ അതികഠിനമായ വേനല്‍ക്കാലമായിരുന്നു. ചിന്നാര്‍ വന്യജീവിസങ്കേതത്തിന്റെകൂടി ചുമതലയുള്ള മൂന്നാര്‍ വൈല്‍ഡ്ലൈഫ് വാര്‍ഡനായ ജയിംസ് സക്കറിയ സാറിന്റെ താത്പര്യപ്രകാരമായിരുന്നു ഞങ്ങള്‍ അവിടെ എത്തുന്നത്. അദ്ദേഹമാകട്ടെ വനാന്തരങ്ങളിലെ അപൂര്‍വതകള്‍ അന്വേഷിച്ച് അലയുകയും അവയെക്കുറിച്ച് പഠനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തിരുന്നു. 

1923-ല്‍ റാണീക്കാര്‍ എന്ന സായിപ്പ് വെടിവെച്ച് സ്റ്റഫ്‌ചെയ്ത് സൂക്ഷിച്ച അപൂര്‍വമായ 'വെളുത്ത കാട്ടുപോത്തിന്റെ' ശിരസ്സ് മൂന്നാര്‍ ഹൈറേഞ്ച് ക്ലബ്ബിന്റെ ഭിത്തിയില്‍ സൂക്ഷിച്ചിട്ടുണ്ട്. അക്കാലത്ത് മൂന്നാര്‍മുതല്‍ ചിന്നക്കനാല്‍വരെ വ്യാപിച്ചുകിടക്കുന്ന ഈ കാടിനെ 'മഞ്ഞംപെട്ടി താഴ്വര' (Manjampetti Valley) എന്നായിരുന്നു വിളിച്ചുപോന്നിരുന്നത്. വരണ്ട മുള്‍ക്കാടുകളും ദുര്‍ഘടമായ മലഞ്ചരിവുകളും പോരാതെ, മഴ ഒരപൂര്‍വ വിരുന്നുകാരനുമായിരുന്ന ഈ താഴ്‌വരയിലേക്ക് അധികമാരും ഇറങ്ങിച്ചെല്ലാറില്ലായിരുന്നു.

നിറങ്ങളില്‍ വ്യത്യസ്തരായി, ഈ കാടുകളില്‍ കാണപ്പെട്ട കാട്ടുപോത്തുകള്‍ മഞ്ഞംപട്ടി വെള്ള കാട്ടുപോത്ത്, ആല്‍ബീനോ ഗൗര്‍, വൈറ്റ് ബൈസന്‍ എന്നീ പേരുകളിലാണ് അറിയപ്പെട്ടിരുന്നത്. 1929 മുതല്‍ 1965 വരെ വെളുത്ത കാട്ടുപോത്തുകളുടെ പല കൂട്ടങ്ങളെയും ഈ താഴ്വരകളില്‍ കാണുമായിരുന്നെന്ന് പറയപ്പെടുന്നു. ജയിംസ് എന്‍.എച്ച്. വില്യംസ് എന്ന ബ്രിട്ടീഷുകാരനായ സായിപ്പ് 1929-നും 1937-നും ഇടയില്‍ മഞ്ഞംപട്ടി താഴ്വരയിലേക്ക് നടത്തിയ സാഹസികസഞ്ചാരത്തിനിടെ വെളുപ്പ്  നിറം കലര്‍ന്ന നിരവധി കാട്ടുപോത്തുകളെ കണ്ടതായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ സത്യാവസ്ഥ അറിയാനാണ് സാഹസികനും നായാട്ടുകാരനുമായ റാണീക്കാര്‍, മഞ്ഞംപട്ടി താഴ്വരയിലേക്ക് പോയത്. അദ്ദേഹം കണ്ട വെളുത്ത കാട്ടുപോത്തുകളെക്കുറിച്ച് മൂന്നാറിലുള്ള തന്റെ കൂട്ടുകാരോട് പറഞ്ഞപ്പോള്‍ അവരാരും കാര്യമായി എടുത്തില്ല. മുള്‍ക്കാടുകള്‍ നിറഞ്ഞ വരണ്ട മഴനിഴല്‍പ്രദേശമായ മഞ്ഞംപട്ടിയിലേക്ക് അവരാരും ഇറങ്ങിപ്പോയില്ല. റാണീക്കാര്‍ പിന്നീട് താഴ്വരയിലേക്ക് പോയി തിരിച്ചുവന്നത് താന്‍ വെടിവെച്ചിട്ട വെള്ള കാട്ടുപോത്തിന്റെ ശിരസ്സുമായാണ്. അതിപ്പോഴും മൂന്നാര്‍ ഹൈറേഞ്ച് ക്ലബ്ബിലുണ്ട്. 

വര്‍ഷങ്ങള്‍ക്കുശേഷം 1970-ല്‍, പ്രശസ്ത വന്യജീവി ഗവേഷകനും എഴുത്തുകാരനുമായ ഇ.ആര്‍.സി. ദാവീദാര്‍, വെള്ള കാട്ടുപോത്തിനെ കണ്ടെത്താനും ചിത്രങ്ങളെടുക്കാനുമായി ബോംബെ നാച്വറല്‍ ഹിസ്റ്ററി സൊസൈറ്റിക്ക് (ആചഒട) വേണ്ടി ഏതാണ്ട് ഒരുമാസക്കാലത്തോളം മഞ്ഞംപട്ടിയില്‍ ചെലവഴിക്കുകയുണ്ടായി. പക്ഷേ, അദ്ദേഹത്തിന് അവയെ കണ്ടെത്താനായില്ല. അക്കാലത്ത് കാട്ടുപോത്തുകളെ പിടികൂടിയ ഒരു പകര്‍ച്ചവ്യാധിമൂലം വെള്ള കാട്ടുപോത്തുകള്‍ക്ക് വംശനാശം സംഭവിച്ചിരിക്കാമെന്ന് അദ്ദേഹം ആചഒടല്‍ റിപ്പോര്‍ട്ട്‌ചെയ്തു.

placeholder
മഞ്ഞംപെട്ടി താഴ്‌വര

വര്‍ഷങ്ങള്‍ കടന്നുപോയപ്പോള്‍ വെള്ളകാട്ടുപോത്തിനെ ഒറ്റയായും മറ്റും പലരും കണ്ടതായി പറഞ്ഞുതുടങ്ങി. അങ്ങനെയിരിക്കെയാണ് മൂന്നാര്‍ വൈല്‍ഡ്ലൈഫ് വാര്‍ഡനായ ജയിംസ് സക്കറിയ സാര്‍ ഇക്കാര്യം എന്നോട് സൂചിപ്പിച്ചത്. അങ്ങനെ വെള്ള കാട്ടുപോത്തുകളെ തിരഞ്ഞാണ് ഞാനും ജലീലും എത്തുന്നത്. വശീകപ്പാറ എന്ന ഉയരമുള്ള സ്ഥലത്തെ മണ്‍കുടിലിലായിരുന്നു താമസം. അവിടെ ഇരുന്നാല്‍ അകലെയുള്ള കൊടൈക്കനാല്‍വരെ നീണ്ടുകിടക്കുന്ന വിശാലമായ താഴ്വര കാണാം. 

കൂടെ വഴികാട്ടികളായി വിജയനും ശിവകുമാറും ഉണ്ടായിരുന്നു. രണ്ടുപേരും പക്ഷികളെയും പൂമ്പാറ്റകളെയും തിരിച്ചറിയുന്നതിലും 'സ്പോട്ട്' ചെയ്യുന്നതിലും വിദഗ്ധര്‍. 'ഹില്‍ പുലയ' ആദിവാസിവിഭാഗത്തില്‍പ്പെട്ട ഇവര്‍, ഈ വരണ്ട മുള്‍ക്കാടുകളിലെ ദുര്‍ഘടം പിടിച്ച പാതകളിലൂടെ എത്ര ദൂരം സഞ്ചരിക്കാനും സന്നദ്ധരാണ്. വിജയന് ഔഷധസസ്യങ്ങളെക്കുറിച്ചും അപാര അറിവാണ്. ഇവരോടൊപ്പം ചിന്നാര്‍കാടുകളിലൂടെ സഞ്ചരിച്ച അനുഭവങ്ങള്‍ വാസ്തവത്തില്‍ എനിക്ക് പാഠപുസ്തകങ്ങളാണ്. പത്തുദിവസം, ചിന്നാര്‍കാട്ടില്‍ കാണപ്പെട്ട കാട്ടുപോത്തുകള്‍ക്കിടയില്‍ വെള്ള കാട്ടുപോത്തിനെ തിരഞ്ഞ് നടന്നു. കൈകാലുകളില്‍ മുള്‍ച്ചെടികള്‍ സമ്മാനിച്ച മുറിവുകളും കഠിനമായ വെയിലും ശുദ്ധജലത്തിന്റെ അഭാവവും ഞങ്ങളെ പിന്തിരിപ്പിക്കാന്‍നോക്കി. ഒടുവില്‍ 2004-ജൂണില്‍ അനേകം കാട്ടുപോത്തുകള്‍ക്കൊപ്പം ഒരു വെള്ള കാട്ടുപോത്തിനെ ക്യാമറയില്‍ പകര്‍ത്തുകയുണ്ടായി. 'കാടിനെ ചെന്ന് തൊടുമ്പോള്‍' (മാതൃഭൂമി ബുക്സ്) എന്ന പുസ്തകത്തില്‍ ഈ അനുഭവം പങ്കുവെച്ചിട്ടുണ്ട്.

ചൂട് അസഹനീയമായപ്പോള്‍ ഞാന്‍ വശീകപ്പാറയിലെ കുടിലിന് പിന്‍വശത്തുള്ള പാറയിലേക്ക് കയറി. എപ്പോഴോ വഴിതെറ്റിവന്ന മഴമേഘങ്ങള്‍ പെയ്തുപോയ വെള്ളം പാറയിലെ ചെറിയ കുഴികളില്‍ തങ്ങിക്കിടപ്പുണ്ട്. അതിനാകട്ടെ പല വര്‍ണങ്ങള്‍, അതിനുള്ളില്‍ പലതരം കൃമികളും! ഇതാണ് ഞങ്ങളുടെ ശുദ്ധജലം! അവിടെ ആനപ്പിണ്ടങ്ങളും കാട്ടുപോത്തിന്റെ ചാണകവുമെല്ലാം കിടപ്പുണ്ടായിരുന്നു. തോര്‍ത്തുമുണ്ട് ഒരു കുഴിയിലെ വെള്ളത്തില്‍ മുക്കി ഞാന്‍ ദേഹം തുടച്ചു. വല്ലാത്ത നീറ്റലാണ്. ശരീരമാസകലം കാട് സമ്മാനിച്ച മുറിവുകള്‍. അപ്പോള്‍ കിഴക്ക് കൊടൈമലകള്‍ താണ്ടി ഒരു ചെറുകാറ്റ് തലോടി കടന്നുപോയി. ആഹാ... എന്തൊരാശ്വാസമാണ്.

ഞാന്‍ കുറച്ചപ്പുറത്ത് നിന്നിരുന്ന ഒരു മരത്തിന്റെ നിഴലിലേക്ക് ചേര്‍ന്നുനിന്നു. ഇവിടെയിരുന്നാല്‍ പാറയിലെ വെള്ളം നിറഞ്ഞ കുഴികള്‍ കാണാം. ഏതെങ്കിലും വന്യജീവികള്‍ അവിടേക്ക് വന്നാല്‍ കാണുകയുംചെയ്യാം. സമയം കടന്നുപോയപ്പോള്‍ വലിയൊരു കലമാന്‍ (മ്ലാവ്) അങ്ങോട്ട് വന്നു. സൂക്ഷ്മതയോടെ ചുറ്റും നോക്കി. ചെവികള്‍ നാലുപാടും തിരിച്ച് ശബ്ദങ്ങള്‍ ശ്രദ്ധിച്ചു, നനവാര്‍ന്ന മൂക്ക് വിടര്‍ത്തി അപകടകാരിയായ ഏതെങ്കിലും ജീവികള്‍ സമീപത്തുണ്ടോയെന്ന് മണംപിടിച്ചു. കാറ്റ് എനിക്ക് അനുകൂലമായിരുന്നു. പിന്നെ മ്ലാവ് ശിരസ്സ് താഴ്ത്തി ദാഹമകറ്റാന്‍തുടങ്ങി. അതിനുശേഷം അത് മെല്ലെ പിന്തിരിഞ്ഞ് പോയി. 

placeholder
ചെമ്പന്‍ മുള്ളന്‍കോഴി പൂവന്‍

അപ്പോഴാണ് ഒരു പ്രത്യേക ശബ്ദം കേട്ടത്. ഏതോ പക്ഷിയാണ് അതെന്ന് മനസ്സിലായി. ഏതാനും നിമിഷങ്ങള്‍ പിന്നിട്ടപ്പോള്‍ ഒരു ചെമ്പന്‍ മുള്ളന്‍ പിടക്കോഴി സാവധാനം വെള്ളത്തിനരികിലേക്കെത്തി. ചുറ്റുപാടും നിരീക്ഷിച്ചും പിന്തിരിഞ്ഞുനോക്കിയും അത് വെള്ളം കെട്ടിക്കിടക്കുന്ന കുഴിയുടെ അരികിലെത്തി. വീണ്ടും ചുറ്റിനും ശ്രദ്ധിച്ചു. പിന്നെ കൊക്ക് താഴ്ത്തി അല്പം വെള്ളം കുടിച്ചു. എല്ലാ വശങ്ങളിലേക്കും ഒന്നുകൂടി നോക്കി. അതിനുശേഷം ഒരു പ്രത്യേക ശബ്ദമുണ്ടാക്കി. അപ്പോള്‍ മൂന്ന് കോഴിക്കുഞ്ഞുങ്ങള്‍ അവിടെനിന്ന് ചുറ്റിനും ശ്രദ്ധിച്ച് അമ്മയുടെ അരികിലെത്തി. അവ തിരക്കിട്ട് ദാഹമകറ്റാന്‍ തുടങ്ങി. കുറച്ചുനിമിഷങ്ങള്‍ക്കകം അവ തിരികെ കാട്ടില്‍ മറയുകയും ചെയ്തു.

തുടര്‍ന്നുള്ള ദിവസങ്ങളില്‍ എപ്പോഴൊക്കെ ആ പാറയില്‍ പോയി ഇരുന്നിട്ടുണ്ടോ, അപ്പോഴൊക്കെ ഈ കാഴ്ച കാണാമായിരുന്നു. ചെമ്പന്‍ മുള്ളന്‍കോഴികളെ പല കാടുകളിലായി ധാരാളം കണ്ടിട്ടുണ്ടെങ്കിലും അവയൊന്നും കണ്ണുകള്‍ക്ക് അധികം പിടിതരാതെ ഏതെങ്കിലും പൊന്തകളിലേക്ക് മറയുകയാണ് ചെയ്യാറുള്ളത്. അടുത്ത ദിവസങ്ങളില്‍ ഞാന്‍ ബൈനോക്കുലര്‍കൂടി കരുതിയിരുന്നതിനാല്‍ അവയെ വ്യക്തമായി കാണാന്‍ സാധിച്ചു.

ചിന്നാറില്‍വെച്ച് ആണ്‍കോഴിയെ കാണാനായില്ലെങ്കിലും പിടക്കോഴിയും സൗന്ദര്യത്തില്‍ ഒട്ടും പിന്നിലല്ലെന്ന് മനസ്സിലായി. ചെമ്പിച്ച തവിട്ടുനിറത്തില്‍ കറുത്ത അനവധി വരകള്‍ പിടക്കോഴിയുടെ ദേഹത്തുണ്ട്. ഇരുണ്ട് അല്പം നീളം കൂടിയ തൂവലുകള്‍ ഇവയുടെ ശിരസ്സില്‍ പതിഞ്ഞിരിക്കുന്നത് കാണാം. ചിലപ്പോഴത് ഒരു തൊപ്പി വെച്ചിരിക്കുന്നതുപോലെ തോന്നാം. കാട്ടുപിടക്കോഴി വാല്‍ ഇടയ്ക്കിടെ വിരിച്ചുപിടിച്ചിരിക്കും. ചെമ്പന്‍ മുള്ളന്‍കോഴിയുടെ പൂവനെ കണ്ടത് തട്ടേക്കാടിന് സമീപത്തെ ഒരു ഫോറസ്റ്റ് ഓഫീസിന് പിന്‍വശത്തുവെച്ചായിരുന്നു. അവിടെ, അതിരാവിലെ രണ്ട് പിടക്കോഴികളും രണ്ട് പൂവന്‍കോഴികളും എത്തുമായിരുന്നു. അടുത്തുനിന്നോ ബൈനോക്കുലറിലോ ടെലി ലെന്‍സിലോ നോക്കുമ്പോഴാണ് അവയുടെ സൗന്ദര്യം വ്യക്തമായി കാണാനാവുക.

placeholder
ചെമ്പന്‍ മുള്ളന്‍കോഴി പിട

തൂവലുകളുടെ ഘടന, വര്‍ണവ്യതിയാനങ്ങള്‍, കാലുകളിലെ മുള്ളുകളുടെ ക്രമീകരണം, ശിരസ്സിലെ കറുത്ത തൊപ്പി... അങ്ങനെ ആകപ്പാടെ മനോഹരം. തറയില്‍ നടന്നാണ് ആഹാരം തേടുന്നത്. വിത്തുകളും ചെറിയ പഴങ്ങളും ധാന്യങ്ങളും പ്രാണികളും ഒക്കെയാണ് ഇവയുടെ ഭക്ഷണം. ചില പുല്ലുകളിലുണ്ടാവുന്ന അരികള്‍ കൊത്തിയെടുത്ത് തിന്നുന്നതും കാണാം. പറക്കാന്‍ കഴിവുണ്ടെങ്കിലും കാട്ടുകോഴികളെപ്പോലെ പെട്ടെന്ന് പറന്നകലുകയില്ല. പക്ഷേ, വളരെ വേഗത്തില്‍ പൊന്തകള്‍ക്കിടയിലേക്ക് ഓടിമറയുന്നത് കാണാം. ഒരുകാലത്ത് നമ്മുടെ പല ഗ്രാമങ്ങളിലുമുള്ള കുറ്റിക്കാടുകളില്‍ ജീവിച്ചിരുന്ന പക്ഷിയാണ് ചെമ്പന്‍ മുള്ളന്‍കോഴികള്‍. കാലാന്തരത്തില്‍ മനുഷ്യര്‍ പെരുകുകയും ജീവിതസാഹചര്യങ്ങള്‍ക്കായി കൂടുതല്‍ ഭൂമി അനുയോജ്യമാക്കിയെടുക്കുകയും ചെയ്തപ്പോള്‍ ഇത്തരം ജീവിവര്‍ഗങ്ങള്‍ക്ക് മറ്റ് വാസയിടങ്ങള്‍ തേടിപ്പോകേണ്ടിവന്നു. ചില ജീവികളാകട്ടെ എന്നന്നേക്കുമായി ഭൂമിയില്‍നിന്ന് മറയുകയും ചെയ്തു.