എലിശല്യമില്ലാത്ത വീടുകൾ വളരെ ചുരുക്കമായിരിക്കും. എലികളെ തുരത്താൻ സകല വഴികളും പരീക്ഷിച്ച് വിഷമിക്കുന്നവരാകും ഭൂരിഭാഗവും. എത്ര ശ്രദ്ധിച്ചാലും വീടിനുള്ളിൽ കേറിപറ്റാൻ എലികൾക്ക് പ്രത്യേക മിടുക്കാണ്. സാധനങ്ങൾ കരണ്ട് തിന്നുന്നതിന് പുറമെ ഇലക്ട്രിക് വയറുകൾ, തുണികൾ, ഭക്ഷണസാധനകൾ എന്നിവയെല്ലാം നശിപ്പിച്ച്  നമ്മുടെ സ്വസ്ഥത കെടുത്തുന്ന എലികൾ രോഗങ്ങളും പടർത്തും. അതിനാൽ വീട്ടിനുള്ളിൽ കടന്നുകൂടുന്ന എലികളെ ഓടിക്കേണ്ടത് അത്യാവശ്യമാണ്. അതിനായി ചില പൊടിക്കെെകൾ പരിചയപ്പെടാം.

വെളുത്തുള്ളി
വെളുത്തുള്ളിയുടെ മണം എലികൾക്ക് അസഹനീയമാണ്. അതിനാൽ എലികളെ തുരത്താൻ അവ കടക്കാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ ചതച്ച വെളുത്തുള്ളി ഇടുന്നത് ശല്യം കുറയ്ക്കാൻ സഹായിക്കും.

മുളകുപൊടി
എലികളെ ഓടിക്കാൻ സഹായിക്കുന്ന ഒന്നാണ് മുളക് പൊടി. ഇതിൻറെ മണം എലികൾക്ക് താങ്ങാനാകില്ല. അതിനാൽ എലികളുടെ സാന്നിധ്യമുള്ള ഇടങ്ങളിൽ മുളകുപൊടി വിതറുക. 

കർപ്പൂരതുളസി തൈലം
എലി ശല്യം ഇല്ലാതാക്കാൻ കർപ്പൂരതുളസി തൈലം ഫലപ്രദമാണ്. കുറച്ച് പഞ്ഞിയെടുത്ത് കർപ്പൂരതൈലത്തിൽ മുക്കി ജനൽ, വാതിൽ എന്നിവയുടെ അടുത്തായി വയ്‌ക്കുക. ഇങ്ങനെ ചെയ്യുന്നത് എലികളെ തുരത്താൻ സഹായിക്കും.

ഗ്രാമ്പൂ
ഗ്രാമ്പൂവിൻറെ ഗന്ധമുള്ള ഇടങ്ങളിൽ കഴിയാൻ എലികൾക്ക് സാധിക്കില്ല. അതിനാൽ ഏതാനും ഗ്രാമ്പൂ തുണിയിൽ കെട്ടി എലി ഉള്ള സ്ഥലത്ത് വയ്ക്കുക.

കറുവപ്പട്ടയുടെ ഇല
എലികളെ ഓടിക്കാൻ സഹായിക്കുന്ന മറ്റൊന്നാണ് കറുവപ്പട്ടയുടെ ഇല. ഇത് കഴിക്കുന്നത് എലികളിൽ ബുദ്ധിമുട്ടുണ്ടാക്കും. അതിനാൽ എലിയുടെ ശല്യമുള്ള ഇടങ്ങളിൽ കറുവപട്ടയുടെ ഇല വിതറുക.

ഇതിനു പുറമെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിലൂടെ ഒരു പരിധിവരെ എലികളുടെ ശല്യം ഇല്ലാതാക്കാൻ സാധിക്കും. ഭക്ഷണാവശിഷ്‌ടങ്ങൾ വലിച്ചെറിയാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. വീട്ടിലെ സാധനങ്ങൾ അടുക്കും ചിട്ടയിലും വയ്ക്കാൻ ശ്രദ്ധിക്കുക. ഉപയോഗ ശൂന്യമായ പെട്ടികൾ, കുപ്പികൾ, പാത്രങ്ങൾ തുടങ്ങിയവ വീട്ടിൽ നിന്നും ഒഴിവാക്കുക. പഴയ പുസ്‌തകങ്ങൾ, ഗൃഹോപകരണങ്ങൾ എന്നിവ നീക്കം ചെയ്യുക. ആവശ്യമില്ലാത്ത വസ്‌തുക്കൾ വീട്ടിലോ പരിസരത്തോ സൂക്ഷിക്കുന്നത് എലികളുടെ ശല്യം വർധിക്കാൻ ഇടയാകും. വീടിൻറെ പരിസരത്ത് പൊത്തുകൾ ഉണ്ടെങ്കിൽ മണ്ണോ കല്ലോ ഉപയോഗിച്ച് അടയ്ക്കുക. വീടിനുള്ളിലേക്ക് എലിക്ക് കടക്കാൻ പാകത്തിലുള്ള ദ്വാരങ്ങൾ ഉണ്ടെങ്കിൽ അതും അടയ്ക്കുക.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi