കോടമഞ്ഞിന്റെ തണുപ്പില്‍ കുറച്ചു നേരം കൂടി ചുരുണ്ടുകൂടി കിടക്കാമെന്നോര്‍ത്തു. പക്ഷേ, പിന്നാമ്പുറത്തെ പേരയില്‍ ചൂളക്കാക്കയുടെ രാഗവിസ്താരം തുടങ്ങി. ആ സ്വരമാധുരി കേട്ടാല്‍പ്പിന്നെ പുതപ്പിനുള്ളില്‍ ഒതുങ്ങാന്‍ തോന്നില്ല. ചാടിയെഴുന്നേറ്റ് ഏകാഗ്രമായ ആ സാധകം കേട്ടുനിന്നുപോകും. ഇടുക്കിയിലെ ഞങ്ങളുടെ വീടിന് ചുറ്റും പക്ഷികളേറെ എത്താറുണ്ട്. അവയ്ക്കായി കണ്ണും ക്യാമറയും തുറന്നുവെച്ച ചില പകലുകള്‍ സമ്മാനിച്ച കാഴ്ചകളിലേക്ക്...    

To advertise here,
placeholder
ചെഞ്ചിലപ്പൻ

കിളികളുടെ പാട്ടുമത്സരത്തില്‍ ഒന്നാം സ്ഥാനം ചൂളക്കാക്കയ്ക്കാണ് (Malabar whistling thrush). ഇടയ്ക്കിടെ കണ്ഠശുദ്ധി വരുത്തി തെറ്റിപ്പോയെന്നു തോന്നുമ്പോലെ ഓര്‍ത്തെടുത്ത് നിര്‍ത്തിയിടത്തു നിന്ന് തുടങ്ങിയും മനുഷ്യരുടെ ചൂളമടി  പോലെയാണ് ഇവന്റെ കച്ചേരി. പുലരികളിലും സന്ധ്യകളിലും കച്ചേരികള്‍ക്ക് വേണ്ടി മാത്രമാണ് മരക്കൊമ്പുകളില്‍ ഇരിക്കുന്നത്. അല്ലാത്തപ്പോള്‍ ഏലച്ചെടികള്‍ക്കിടയിലോ മറ്റും ചെറുജീവികളെ തിന്ന് ചാടിനടക്കും. പശ്ചിമഘട്ടത്തില്‍ ഇവനില്ലാത്ത, ഇവന്റെ പ്രഭാതഭേരി ഇല്ലാത്ത കാടകം ചിന്തിക്കാന്‍ വയ്യ.

പാറപ്പുറത്ത് ചിരട്ടയുരയ്ക്കുമ്പോലെ ഇടവിട്ടുള്ള 'ഘ്രോം ഘ്രോം' വിളികള്‍ കേട്ടിട്ടുണ്ടോ? ശ്രവണസുഖമില്ലെങ്കിലും കാട്ടൂഞ്ഞാലി (white bellied treepie) ചൂളക്കാക്കയുടെ ഉണര്‍ത്തുപാട്ടില്‍ കൂട്ടുചേരും. ഓലഞ്ഞാലിയുടെ (rufous treepie) അടുത്ത ബന്ധുവാണ്. വെളുത്ത നിറവും വെള്ളത്തലപ്പാവും നീണ്ട വാലും.  കരിയിലക്കിളി, ഓലഞ്ഞാലി, മരംകൊത്തി, കാട്ടൂഞ്ഞാലി എന്നിവര്‍ സംഘമായാണ് പലപ്പോഴും സഞ്ചാരം. 

placeholder
മഞ്ഞക്കിളി

പ്രകൃതിയിലെ പലവിധ കലാകാരന്‍മാരില്‍ പ്രധാനിയാണ് ഇരട്ടവാലന്‍ (racket tailed drongo). കാന്താരിയിലോ മള്‍ബറിയിലോ നോട്ടമിട്ട് ഊഴത്തിനായി കാത്തിരിക്കുമ്പോഴാണ് മിമിക്രി. നോക്കിയിരുന്നാല്‍ സമയം പോവുന്നതറിയില്ല. ഇരട്ടവാലന്റെ മിമിക്രി പാടവം 'മ്യാവൂ' ശബ്ദത്തില്‍ പ്രകടമാവും. വേണ്ടി വന്നാല്‍ മനുഷ്യരുമായി മ്യാവൂ വാക്കേറ്റത്തിനും ഇവര്‍ തയ്യാര്‍.

വള്ളിപ്പടര്‍പ്പുകളും കുറ്റിക്കാടുകളും പൊതിഞ്ഞ കയ്യാലമുകളില്‍ ഒരുച്ചനേരത്ത്  പരിചയമില്ലാത്ത ചൂളമടി.  ദേഹം മുഴുവന്‍ ചുറ്റിയ പുള്ളികുപ്പായം, ചുവന്ന കണ്ണുകള്‍, ദയനീയമായ നോട്ടം... കക്ഷിയുടെ പേര് പുള്ളിച്ചിലപ്പന്‍. കാടുകളില്‍ വള്ളിപ്പടര്‍പ്പിനിടയിലാണ് ആളെ കാണാറുള്ളത്. ചൂളമടിക്കുന്ന ദിശ തപ്പി ഇവനെ കണ്ടുപിടിക്കുക അസാധ്യം. സമാന അനുഭവം ആയിരുന്നു താലിക്കുരുവി എന്ന കുഞ്ഞന്‍കിളിയെ തേടി നടന്നപ്പോഴും. ഇത്തിരികുഞ്ഞന്‍ ആണ്. പക്ഷേ, മേച്ചില്‍പുല്ലുകള്‍ക്കിടയില്‍ മിന്നായം പോലെ ചാടി മറയുന്നു. 

placeholder
പുള്ളിച്ചിലപ്പൻ

കരിയിലക്കിളികളെ പോലെ കൂട്ടമായിട്ടാണ് ഇരുവരുടെയും നടപ്പ്. കണ്ടുകിട്ടുക ഭാഗ്യം. വിസിലടി പോലെയാണ് ചെഞ്ചിലപ്പന്റെ ശബ്ദം. കുന്നിന്‍ചെരുവിലെ നീണ്ട പുല്ലുകള്‍ക്കിടയില്‍ രോഷാകുലമായ കണ്ണുകളോടെ ചാടിച്ചാടി നടക്കും.  ചിന്നച്ചിലപ്പന്റെ ശാലീന സൗന്ദര്യം ആരുടെയും മനസ് കവരും. 

ചോലക്കുടുവന് (Scimitar babbler) കണ്ണേല്‍ വരയന്‍ എന്നൊരു പേരു കൂടിയുണ്ട്. ഇണകള്‍ ഒന്നിച്ചല്ലാതെ ഇര തേടുന്നത് കണ്ടിട്ടില്ല. രസകരമാണ് ഇവരുടെ വര്‍ത്തമാനം. കൃമികീടങ്ങളെ കൊന്നൊടുക്കിയും കാഷ്ഠത്തില്‍ കൂടി വിത്ത് പാകിയും കൂലിയില്ലാതെ കൃഷിക്കാരെ സഹായിക്കും. 

പക്ഷികളില്‍ കൗതുകമേറി വന്നപ്പോള്‍ 'കേരളത്തിലെ പക്ഷികള്‍' എന്ന പുസ്തകം വാങ്ങിയിരുന്നു. പുറം ചട്ടയില്‍ തിളങ്ങിയ നീലക്കിളി മനസ്സില്‍ കൂടുകൂട്ടി. കൂടുതലറിയാന്‍ ശ്രമിച്ചപ്പോള്‍ പേര് നീലമേനി പാറ്റപിടിയന്‍ (verditer flycatcher). മഞ്ഞുകാലത്ത് വിരുന്നുവരുന്ന പക്ഷികളില്‍ പെടുന്നവയാണ്. ഡിസംബറിന്റെ കുളിരില്‍ നിന്നും രക്ഷപ്പെടാന്‍ വെയിലു തേടി മുറ്റത്തിറങ്ങിയപ്പോള്‍ തീക്കുരുവി ഇണകള്‍ മുറ്റത്തെ പൊട്ടാമ മരത്തില്‍ ഇര തേടുന്നു. ഒരുപാട് കാണാന്‍ ആഗ്രഹിച്ച, ഒരിക്കലും കാണില്ലെന്നു വിചാരിച്ച ആ നീലമേനി വീട്ടുമുറ്റത്ത്. 

placeholder
കാട്ടുമൈന

മഞ്ഞുകാലത്ത് സന്ദര്‍ശകരായി മാത്രം എത്തുന്ന കിളികള്‍ നമ്മളറിയാതെ നമ്മുടെ വീട്ടുപരിസരത്ത് ജീവിച്ചു തിരിച്ചുപോകുന്നുണ്ട്. കാവി എന്നറിയപ്പെടുന്ന ഇന്ത്യന്‍ പിറ്റ നവവര്‍ണങ്ങളാല്‍ കണ്ണഞ്ചിപ്പിക്കും. പല തരത്തിലുള്ള മഞ്ഞക്കിളികളും മഞ്ഞുകാലത്താണ് വിരുന്നിനെത്തുന്നത്. കൊറോണക്കാലത്താണ് ഇവയെ കൂടുതല്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയത്. 

 പലവിധ വര്‍ണങ്ങള്‍ ചാലിച്ച്, പലപാട്ടുകളുമായി വരുന്ന ചിറകുള്ള കൂട്ടുകാരെ ക്യാമറയില്‍ പകര്‍ത്തി.  മുന്നിലേക്ക് വരാത്ത പലരും പുല്ലുകള്‍ക്കിടയില്‍ ഉണ്ടെന്ന് പിന്നീടറിഞ്ഞു. തേടി നടന്നു കണ്ടുപിടിച്ച്, പേരും നാളും നോക്കിയപ്പോള്‍ പറഞ്ഞറിയിക്കാന്‍ പറ്റാത്ത അത്ഭുതമായി. 

വീട്ടിലും പറമ്പിലും കണ്ട പക്ഷികളില്‍ പലതും ഏതൊരു പക്ഷിസ്‌നേഹിയും കാണാന്‍ കൊതിക്കുന്നവയാണ്. പുല്ലരി തിന്നുന്ന പൂന്തത്തയും കാപ്പിക്കുരു കട്ടുതിന്നുന്ന നീലത്തത്തയും സ്പത്തൊഡിയ മരത്തില്‍ ഊഴമിട്ട് തേന്‍ കുടിക്കുന്ന തത്തമ്മയും നീട്ടി വിളിക്കുന്ന കാട്ടു മൈനയും എല്ലാം കണ്ണിന് ആനന്ദമാണ്, മനസ്സിന് കുളിരാണ്.