ഓരോ ഋതുവിലും ഒരു ചിത്രകാരന്റെ ചായക്കൂട്ടുപോലെയാണ് മൂന്നാറിന്റെ പ്രകൃതി. മഞ്ഞുപുതച്ച മലനിരകളിൽ അങ്ങിങ്ങായി പൂത്തും തളിർത്തും നിൽക്കുന്ന വൃക്ഷ, സസ്യ, പുഷ്പലതാദികൾ. കണ്ണെത്താ ദൂരത്തോളം പച്ചവിരിച്ചു നിൽക്കുന്ന തേയിലത്തോട്ടങ്ങൾക്കിടയിൽ നിറച്ചാർത്തണിഞ്ഞു നിൽക്കുന്ന നീലവാകകൾ (Jacaranda mimosifolia) ആണ് ഋതുവിൽ മൂന്നാറിനെ വശ്യമനോഹരിയാക്കുന്നത്.
നീല വിസ്മയം
വസന്തം വിരുന്നെത്തുന്നതോടെ മൂന്നാറിലെ മുഖ്യ ആകർഷണമാണ് ജക്കരാന്ത മരങ്ങൾ. മൂന്നാറിൽ പലയിടത്തായി ഒറ്റപ്പെട്ട് കാണപ്പെടുന്ന ഈ മരങ്ങൾ മൂന്നാർ-മറയൂർ പാതയിൽ കൂട്ടത്തോടെ പ്രത്യക്ഷപ്പെടും. ആ പാതയിൽ വാഗുവരെ എന്ന സ്ഥലത്ത് തേയിലത്തോട്ടങ്ങൾക്കിടയിൽ കൂട്ടത്തോടെ നിൽക്കുന്ന ജക്കരാന്ത മരങ്ങൾ ഒരു നീലവിസ്മയം തന്നെയാണ്.
പുഷ്പകാലം
നീലവാക, നീലി ഗുൽമോഹർ എന്നെല്ലാം വിളിക്കപ്പെടുന്ന ജക്കരാന്ത മരങ്ങളുടെ ജന്മദേശം ബ്രസീലാണ്. ജക്കരാന്ത എന്നത് ഒരു ബ്രസീലിയൻ പ്രാദേശിക നാമമാണ്.
വടക്കു-പടിഞ്ഞാറൻ പ്രദേശങ്ങളിലൊഴികെ ഇന്ത്യയിലെവിടെയും ഇവ വ്യാപകമായി നട്ടുപിടിപ്പിക്കപ്പെട്ടിട്ടില്ല. ലഖ്നൗ, ഡെറാഡൂൺ, ഛത്തീസ്ഗഡ്, ന്യൂഡൽഹി എന്നീ നഗരങ്ങളിൽ ജക്കരാന്ത മരങ്ങൾ ധാരാളമായി കാണാനാവും. പൂവിടുന്നതിനു മുൻപ് ഒരു ചെറിയ സമയത്തേക്ക് മരങ്ങളിൽനിന്ന് ഇലകളൊഴിയും. മാർച്ച് അവസാനം മുതൽ മേയ് പകുതി വരെയാണ് മരങ്ങളുടെ പുഷ്പകാലം. പൂത്തു തുടങ്ങുന്നതോടെ ചില്ലകളെല്ലാം നീലപ്പൂക്കളാൽ നിറയാൻ തുടങ്ങും. മിക്കവാറും എല്ലാ ശാഖകളിലും പൂക്കൾ നിറയും. ഇരുപത് മീറ്ററോളം ഉയരത്തിൽ വളരുന്ന ഇലപൊഴിയും വൃക്ഷമാണിവ.
ആനവണ്ടിയിൽ
ഏപ്രിൽ ആദ്യത്തോടെയാണ് ഇത്തവണ മൂന്നാറിൽ ജക്കരാന്തകൾ കൂട്ടത്തോടെ പൂവിട്ടത്. ആ നീലവിപ്ലവം കാണാൻ കെ.എസ്.ആർ.ടി.സി.യിൽ മൂന്നാറിലേക്ക് െവച്ചുപിടിച്ചു. ആനവണ്ടിയിലെ മൂന്നാർ കറക്കം വ്യത്യസ്തമായൊരു അനുഭവമാണ്. ഇവിടെയെത്തുന്ന വിദേശികളിൽ പലരും കെ.എസ്.ആർ.ടി.സി. യാത്ര ഇഷ്ടപ്പെടുന്നവരാണ്.
സ്വപ്നലോകം
മൂന്നാറിലേക്ക് വണ്ടി കയറുമ്പോൾ മനസ്സിൽ നിറയെ മറയൂർ റൂട്ടിലെ പൂർണമായും നീല പുതച്ചു നിരനിരയായി നിൽക്കുന്ന ജക്കരാന്ത മരങ്ങളായിരുന്നു. ആദ്യം പോയത് ചിന്നക്കനാൽ ഭാഗത്തേക്കായിരുന്നു. ഒറ്റപ്പെട്ട് ഭാഗികമായി മാത്രം പൂത്തു നിൽക്കുന്ന മരങ്ങളാണ് അവിടെ കാണാനായത്. പക്ഷേ, മറയൂരിലേക്കുള്ള പാത ഉണർവു സമ്മാനിച്ചു. വാഗുവരെയിലെത്തിയതും എവിടെയും ചില്ലകൾ തിങ്ങിനിറഞ്ഞു പൂത്തുലഞ്ഞു നിൽക്കുന്ന ജക്കരാന്ത മരങ്ങൾ. ശരിക്കും ഒരു സ്വപ്നലോകം തന്നെ. ഏതുകാലത്തും മൂന്നാറിന്റെ സൗന്ദര്യത്തെ അലങ്കരിച്ചു നിൽക്കുന്ന തേയിലനാമ്പുകൾ പോലും ആ പുഷ്പഭംഗിക്കുമുന്നിൽ ഒരുവേള നാണിച്ചു തല കുനിച്ചിരിക്കാം.
മായാത്ത നീല
പാതയോരങ്ങളോട് ചേർന്നുനിൽക്കുന്ന വലിയ ജക്കരാന്ത മരങ്ങൾ. അകലം കൂടുംതോറും മഞ്ഞിന്റെ മറവിൽ ചില്ലകളിലെ നീല നിറത്തിന്റെ തീവ്രത കുറഞ്ഞു വരികയും ചെയ്യുന്ന വാഗുവരെയുടെ െഫ്രയിമുകൾ വർണനാതീതമാണ്. എത്രനേരം കണ്ടുനിന്നാലും ചിത്രങ്ങൾ പകർത്തിയാലും തിരിച്ചുപോരാൻ മനസ്സനുവദിക്കാത്തവിധം മനോഹരമാണവിടം.
നിറത്തിൽ ജക്കരാന്ത പൂക്കളോട് സാമ്യമുള്ള ഗൗളിക്കിളികൾ (Velvet fronted nuthatch) പൂക്കൾക്കിടയിലൂടെ ഒളിഞ്ഞും മറഞ്ഞും പ്രച്ഛന്നരായി പറന്നു നടക്കുന്നു. കുരങ്ങന്മാരും ഇരട്ടത്തലച്ചി ബുൾബുളുകളും തത്തച്ചിന്നനുമെല്ലാം വസന്തമാഘോഷിക്കാൻ ഇവിടെത്തന്നെയുണ്ട്. ചില്ലകളിലെങ്ങും ബഹളമയം.
പക്ഷിപ്രളയം
പക്ഷികളാൽ സമ്പന്നമാണ് ജക്കരാന്ത ചില്ലകൾ. ചെറുതേൻകിളിയും അരിപ്രാവുകളും ചാരത്തലയൻ പാറ്റപിടിയനും കരിഞ്ചെമ്പൻ പാറ്റപിടിയനും ചോലക്കടുവനുമെല്ലാമടങ്ങുന്ന വലിയ പക്ഷിലോകം.
മൂന്നാറിലെ പ്രകൃതിദത്ത സസ്യജാലങ്ങൾ പ്രധാനമായും ഉഷ്ണമേഖലാ നിത്യഹരിത വനങ്ങൾ, പുൽമേടുകൾ, ഷോല വനങ്ങൾ എന്നിവയെ കേന്ദ്രീകരിച്ചു നിലനിൽക്കുന്നവയാണ്. അവ വൈവിധ്യമാർന്ന സസ്യജന്തുജാലങ്ങളുടെ ആവാസ കേന്ദ്രമാണ്.
ഇവിടേക്കുള്ള വരവ്
ജക്കരാന്ത മരങ്ങൾ മൂന്നാറിന്റെ ഭൂപ്രകൃതിയിലെ മനോഹരമായൊരു കൂട്ടിച്ചേർക്കലാണെങ്കിലും അവ പ്രദേശത്തിന്റെ സ്വാഭാവിക ആവാസവ്യവസ്ഥയുടെ ഭാഗമല്ലെന്നതാണ് യാഥാർഥ്യം.
കൊളോണിയൽ കാലഘട്ടത്തിൽ തേയിലത്തോട്ടങ്ങൾ സ്ഥാപിച്ച ബ്രിട്ടീഷുകാർ തന്നെയാണ് ജക്കരാന്ത മരങ്ങൾ മൂന്നാറിലെത്തിക്കുന്നത്.
തെക്കേ അമേരിക്കയിൽ നിന്നുമുള്ള ജക്കരാന്ത മരങ്ങളെ അലങ്കാരവൃക്ഷമായി ഇന്ത്യയിലെ പ്രദേശങ്ങളിൽ വ്യാപിപ്പിച്ചത് ബ്രിട്ടീഷുകാരാണ്. പൂന്തോട്ട പരിപാലനത്തോട് പ്രിയമുള്ള ബ്രിട്ടീഷുകാർ, അവർ കോളനിവൽകരിച്ച പ്രദേശങ്ങളിലെല്ലാംതന്നെ തദ്ദേശീയമല്ലാത്ത സസ്യങ്ങളും മരങ്ങളും നട്ടുവളർത്തിയിരുന്നു. സാമ്പത്തിക താത്പര്യത്തോടെയും ഈ പ്രവർത്തിയിൽ ഏർപ്പെട്ടിരുന്നു.
എന്നാൽ ബ്രിട്ടീഷുകാർ ഇത്തരത്തിൽ തദ്ദേശീയമല്ലാത്ത സസ്യജാലങ്ങളെ അവതരിപ്പിച്ചത് പരിസ്ഥിതിയിലും പ്രാദേശിക സമൂഹങ്ങളിലും അനുകൂലവും പ്രതികൂലവുമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. ഇത്തരത്തിലുള്ള സസ്യങ്ങളിൽ ചിലത് പ്രദേശത്തിന്റെ പരിസ്ഥിതിയുടെ അവിഭാജ്യ ഘടകമായി മാറിയപ്പോൾ മറ്റുള്ളവ തദ്ദേശീയ സസ്യജന്തുജാലങ്ങളെ പ്രതികൂലമായി ബാധിക്കുന്നവയായിരുന്നു.
ചരിത്രം
19-ാം നൂറ്റാണ്ടിന്റെ അവസാനത്തോടെയാണ് ബ്രിട്ടീഷുകാർ മൂന്നാറിലെ കുന്നുകളിൽ തേയില, കാപ്പി തോട്ടങ്ങൾ സ്ഥാപിക്കുന്നത്. ഇതോടൊപ്പം തന്നെ യൂക്കാലിപ്റ്റസ്, അക്കേഷ്യ, പൈൻ തുടങ്ങിയ നിരവധി തദ്ദേശീയമല്ലാത്ത ഇനങ്ങളും നട്ടുപിടിപ്പിക്കപ്പെട്ടു. ഈ മരങ്ങൾ പ്രധാനമായും തടിക്കും തേയില, കാപ്പി ചെടികൾക്ക് തണൽ നൽകാനുമാണ് ഉപയോഗിച്ചിരുന്നത്. ഈ മരങ്ങളെല്ലാം വലിയ അളവിൽ വെള്ളം വലിച്ചെടുക്കുന്നവയാണ്. അതിനാൽ ആവാസവ്യവസ്ഥയിൽ ജലലഭ്യത കുറയുന്നതിന് ഇവ കാരണമായി.
നീലക്കുറിഞ്ഞിയും കൂട്ടുകാരും
വർണക്കാഴ്ച്ചകളൊരുക്കുന്ന പലവിധം തദ്ദേശീയ സസ്യജാലങ്ങളുടെ നാടുകൂടിയാണ് മൂന്നാർ. വർണമനോഹരമായ ധാരാളം ഓർക്കിഡ് ഇനങ്ങളുടെ ആവാസ കേന്ദ്രമാണ് പശ്ചിമഘട്ടം. അക്കൂട്ടത്തിലെ നിരവധി ഇനങ്ങളെ മൂന്നാറിൽ കാണാനാവും.
മൂന്നാറിന്റെ സ്വകാര്യ അഹങ്കാരമായ നീലക്കുറിഞ്ഞി പശ്ചിമഘട്ടത്തിലെ ദക്ഷിണ മലനിരകളിലെ തദ്ദേശീയരാണ്. മൂന്നാറിൽ മാത്രമാണ് നീലക്കുറിഞ്ഞി വ്യാപകമായി പൂക്കാറുള്ളത്.
മലനിരകൾക്കും തേയിലകൾക്കും ഇടയിൽ ജ്വലിച്ച തീപ്പന്തം പോലെ തലയുയർത്തി നിൽക്കുന്ന പ്ലാശ് മരങ്ങൾ മൂന്നാറിലെ മറ്റൊരു വർണ്ണക്കാഴ്ചയാണ്. 'Flame of the forest' എന്നറിയപ്പെടുന്ന പ്ലാശ് മരങ്ങൾക്ക് ജക്കരാന്തയോട് കിടപിടിക്കുന്ന സൗന്ദര്യം തന്നെയാണ്. ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ പൂക്കുന്ന പ്ലാശുകൾ വേനൽക്കാലത്ത് ഇലപൊഴിക്കുന്നു. വസന്തത്തിൽ നയനമനോഹരമായി വിരുന്നൊരുക്കുന്ന ഇവ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽനിന്നുള്ള മറ്റൊരു തദ്ദേശീയ വൃക്ഷ ഇനമാണ്.
ജക്കരാന്തയോടൊപ്പം തന്നെ മൂന്നാറിന്റെ പ്രകൃതിയെ നിറച്ചാർത്തൊരുക്കി അണിയിച്ചൊരുക്കുന്നതിൽ ഇത്തരത്തിലുള്ള ധാരാളം സസ്യജാലങ്ങൾ പങ്ക് വഹിക്കുന്നുണ്ട്. വസന്തകാലമാവുന്നതോടെ അവയിൽ പലതും പൂത്തും തളിർത്തും തുടങ്ങും. പ്രകൃതി ഒരു ചിത്രകാരനാണെങ്കിൽ മൂന്നാറൊരു ക്യാൻവാസാണ്. അലസമായി വാരി വിതറിയ വർണ്ണജാലത്തിന്റെ ക്യാൻവാസ്.
(പുനഃപ്രസിദ്ധീകരണം)
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Jacaranda trees bloom in vibrant blue shades across Munnar from late March to mid-May., The Munnar-Marayoor road, particularly Vaguvarai, offers the best views of the blue blossoms., A KSRTC bus journey through Munnar provides a unique and scenic travel experience., Jacaranda trees were originally introduced to Munnar by British planters during the colonial era., The blooming season also attracts diverse bird species like velvet-fronted nuthatches and bulbuls.
Published: 23 Aug 2026, 11:45 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented