സന്തോഷമുള്ള കാര്യങ്ങളും ചിന്തകളും ഭക്ഷണവുമെല്ലാം നമ്മളെ എപ്പോഴും ആകർഷിച്ചുകൊണ്ടിരിക്കും. കാണുന്ന മാത്രയിൽത്തന്നെ ഇഷ്ടത്തോടെ നാം പൂക്കളുടെ സൗന്ദര്യം ആസ്വദിക്കും. പൂക്കൾ സൗന്ദര്യം മാത്രമല്ല, നമുക്കാവശ്യമായ ആരോഗ്യവും പ്രദാനം ചെയ്യുന്നു.
ഇന്ന് വിപണികളിൽ ഡ്രൈഡ് ഫ്ലവേഴ്സ് ടീ ബാഗുകൾ ഉൾപ്പെടെ നിരവധി ഉൽപ്പന്നങ്ങൾ ലഭ്യമാണ്. എന്നാൽ, ഞാനിവിടെ പറയുന്നത് കടകളിൽ ലഭിക്കുന്ന ഉണക്കിയ പൂക്കളെക്കുറിച്ചോ ടീ ബാഗുകളെക്കുറിച്ചോ അല്ല. നമുക്കു ചുറ്റും പകൽവെളിച്ചത്തിൽ പൂത്തുനിൽക്കുന്നവയെ നമുക്ക് എങ്ങനെ ആരോഗ്യത്തിനായി ഉപയോഗിക്കാം എന്നതിനെക്കുറിച്ചാണ്. പൂക്കളുടെ ആരോഗ്യഗുണങ്ങളെക്കുറിച്ച് ആയുർവേദം പ്രതിപാദിക്കുന്നുണ്ട്.
ശംഖുപുഷ്പം
ശംഖുപുഷ്പം എന്നു കേൾക്കുമ്പോൾത്തന്നെ ഓർമ്മവരുന്നത് വയലാറിന്റെ 'ശംഖുപുഷ്പം കണ്ണെഴുതുമ്പോൾ ശകുന്തളേ നിന്നെ ഓർമ്മവരും' എന്ന ഗാനമായിരിക്കും. ആ പാട്ടിനൊപ്പം ഇനി അതിന്റെ ഗുണങ്ങളും ഓർത്തുവെയ്ക്കാം.
ശംഖുപുഷ്പം ഒട്ടേറെ ഗുണങ്ങളുള്ള ഒരു സസ്യമാണ്. ഇത് തലച്ചോറിന്റെ ആരോഗ്യം, ഓർമ്മശക്തി എന്നിവ വർദ്ധിപ്പിക്കാനും രക്തസമ്മർദ്ദം അഥവാ സ്ട്രെസ് കുറയ്ക്കാനും ദഹനസംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കാനും സഹായിക്കുന്നു. കൂടാതെ, ചർമ്മത്തിന്റെയും മുടിയുടെയും ആരോഗ്യത്തിനും ഇത് നല്ലതാണ്.
ശംഖുപുഷ്പത്തിന്റെ ഗുണങ്ങൾ
● തലച്ചോറിന്റെ ആരോഗ്യം: ശംഖുപുഷ്പത്തിൽ അടങ്ങിയിരിക്കുന്ന അസറ്റൈൽകോളിൻ തലച്ചോറിന്റെ പ്രവർത്തനത്തിനും ഓർമ്മശക്തി വർദ്ധിപ്പിക്കാനും നല്ലതാണ്.
● സമ്മർദ്ദം കുറയ്ക്കുന്നു: ശംഖുപുഷ്പം രക്തസമ്മർദ്ദവും ഉത്കണ്ഠയും കുറയ്ക്കുന്നതിനും ഉറക്കക്കുറവ് പരിഹരിക്കുന്നതിനും സഹായിക്കുന്നു.
● ദഹന പ്രശ്നങ്ങൾ: ദഹനക്കേട്, മലബന്ധം, വയറുവേദന തുടങ്ങിയ ദഹനപ്രശ്നങ്ങൾ ശംഖുപുഷ്പം ഉപയോഗിച്ച് പരിഹരിക്കാവുന്നതാണ്.
● ചർമ്മാരോഗ്യ സംരക്ഷണം: ശംഖുപുഷ്പത്തിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകൾ ചർമ്മത്തിന് തിളക്കം നൽകുന്നു.
● മുടിയുടെ ആരോഗ്യം: ശംഖുപുഷ്പം മുടിയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും മുടിക്ക് ആരോഗ്യം നൽകുകയും ചെയ്യുന്നു.
● കാന്‍സറിനെ തടയുന്നു: ശംഖുപുഷ്പം കാൻസർ കോശങ്ങളുടെ വളർച്ചയെ തടയാൻ സഹായിക്കുമെന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നു. ശംഖുപുഷ്പം ചായയായോ പൊടിയായോ ആണ് ഉപയോഗിക്കേണ്ടത്.
തൊട്ടാവാടി
ഇനി പറമ്പിലേക്ക് നടക്കാം, അവിടെ നമ്മുടെ തൊട്ടാവാടി ഉണ്ട്. ആൾ അല്പം പിണക്കക്കാരിയാണെങ്കിലും, ഉപകാരിയാണ്. നമ്മുടെ മുറ്റത്തും തൊടിയിലും ധാരാളമായി കണ്ടുവരുന്ന തൊട്ടാവാടിക്കുമുണ്ട് ഒരുപാട് ആരോഗ്യഗുണങ്ങൾ.
- അമീബിക് അതിസാരം: തൊട്ടാവാടിയും താർതാവൽ ഇലയും ഒരുമിച്ച് കിഴികെട്ടി അരിയോടൊപ്പമിട്ട് കഞ്ഞിവെച്ച് കഴിക്കുന്നത് അമീബിക് അതിസാരത്തിന് ഫലപ്രദമാണ്.
- എക്സിമ: തൊട്ടാവാടി പാലിൽ പുഴുങ്ങി വറ്റിച്ചെടുത്ത് അരച്ചു പുരട്ടുന്നത് എക്സിമ (വിസർപ്പം) പോലുള്ള ചർമ്മരോഗങ്ങൾക്ക് ഫലപ്രദമാണ്.
- ഹെർപ്പസ് സോസ്റ്റർ: തൊട്ടാവാടി സമൂലം പാലിൽ പുഴുങ്ങിയരച്ച് പുരട്ടുന്നത് ഹെർപ്പസ് സോസ്റ്റർ (Shingles) പോലുള്ള അസുഖങ്ങൾക്ക് ഫലപ്രദമാണ്.
- മുറിവുകൾ ഉണങ്ങാൻ: മുറിവുകൾ ഉണങ്ങാൻ തൊട്ടാവാടി അരച്ച് പുരട്ടിയാൽ മതി.
- സോറിയാസിസ്: തൊട്ടാവാടി അരച്ച് കലക്കി വെളിച്ചെണ്ണയിൽ ചേർത്ത് ദേഹത്ത് പുരട്ടുക. ഇത് സോറിയാസിസിന് ഉത്തമമാണ്.
താമര
- സൗന്ദര്യ വർണ്ണനകളിൽ താമരയ്ക്ക് വലിയ സ്ഥലമാണുള്ളത്. താമരാക്ഷൻ പോലെ താമരയെ ചേർത്തുള്ള പേരുകൾ നിരവധിയുണ്ട്. സൗന്ദര്യ സംരക്ഷണത്തിന് താമരയുടെ ഗുണങ്ങളേറെയാണ്.
- താമരയല്ലി ഉണക്കിപ്പൊടിച്ച് അല്പം ചന്ദനം, മഞ്ചിഷ്ഠ, കസ്തൂരി മഞ്ഞൾ, ഞവരയരി എന്നിവ പാലിൽ കുറുക്കി മുഖത്ത് തേക്കുന്നത് മുഖസൗന്ദര്യം വർദ്ധിപ്പിക്കും.
ചെമ്പരത്തി
കൊളസ്ട്രോൾ, ശരീരഭാരം, പ്രമേഹം, രക്തസമ്മർദ്ദം എന്നിവ നിയന്ത്രിക്കുന്നതിനാവശ്യമായ ബയോ ആക്ടീവ് കോമ്പൗണ്ട്സ് ചെമ്പരത്തിയിലുണ്ട്. അത് പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും കരളിനെ ശുദ്ധീകരിക്കുകയും ചെയ്യുന്നു. മാനസിക ആരോഗ്യത്തിനും ചെമ്പരത്തി ഉത്തമമാണ്. ചെമ്പരത്തി ചായയായിട്ടാണ് പൊതുവെ ഉപയോഗിക്കാറുള്ളത്.
ചെമ്പരത്തി ചായ: ചെമ്പരത്തി ഉണക്കിപ്പൊടിച്ച്, ഏലക്കായും ഇട്ട് ചായ ഉണ്ടാക്കുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇത് കുടിക്കാവുന്നതാണ്. ഇത് അമിതമായ സമ്മർദ്ദം കുറയ്ക്കുകയും ആരോഗ്യം വർദ്ധിപ്പിക്കുകയും ചെയ്യും.
ഇനിയും ഒരുപാട് പൂക്കളുടെ ഗുണ-ഗണങ്ങൾ ഉണ്ട്. പാരിജാതം മുതൽ ഇന്ദുപുഷ്പം വരെ അവ നീളുന്നു. നിങ്ങളുടെ തൊടിയിലേക്ക് പോകുക, നിങ്ങൾക്ക് ചുറ്റും നിങ്ങളുടെ ആരോഗ്യപാലകരുണ്ട്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Discover the amazing health benefits of common flowers like Shankhupushpam, Touch-me-not, and more. Ayurvedic remedies and uses.
Published: 06 Jul 2025, 10:51 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented