ഇസ്ലാമിക് കലണ്ടറിലെ ആദ്യ മാസമാണ് മുഹറം. മുഹറം പത്തിന് വിശ്വാസികൾ നോമ്പെടുക്കുകയും ദാന ധർമങ്ങൾ വർധിപ്പിക്കുകയും വേണമെന്നാണ് പ്രവാചക വാക്യം. നോമ്പ് തുറക്കുമ്പോൾ സൂപ്പ്, നോമ്പ് കഞ്ഞി എന്നിവ പോലെ ദഹിക്കാൻ എളുപ്പമുള്ള ഭക്ഷണമാണ് ആദ്യം കഴിക്കേണ്ടത്. മുഹമ്മദ് നബിയുടെ ഇഷ്ട വിഭവങ്ങളിൽ പ്രധാനിയാണ് ഇറച്ചിയും പച്ചക്കറികളുമൊക്കെ ചേർത്ത് സൂപ്പ് പോലെ തയ്യാറാക്കുന്ന തരീദ്. അതുപോലെ തന്നെ ആരോഗ്യകരമായ ഒരു വിഭവമാണ് പരിപ്പ് കൊണ്ട് എളുപ്പത്തിൽ തയ്യാറാക്കാവുന്ന ദാൽ സൂപ്പ്. നോമ്പിന്റെ ക്ഷീണം മാറ്റാൻ നോമ്പുതുറയിൽ ധാരാളം പഴങ്ങളും ഡ്രൈ ഫ്രൂട്ട്‌സും ഉൾപ്പെടുത്താം.

തരീദ്
ചേരുവകൾ:

മട്ടൺ - അര കിലോ
സവാള - രണ്ടെണ്ണം
തക്കാളി - രണ്ടെണ്ണം
കാരറ്റ് - ഒന്ന്
ഉരുളക്കിഴങ്ങ് - ഒന്ന്
കുക്കുമ്പർ - ഒന്ന്
വെളുത്തുള്ളി ചതച്ചത് - ഒരു ടേബിൾ സ്പൂൺ
ഇഞ്ചി ചതച്ചത് - ഒരു ടേബിൾ സ്പൂൺ
പച്ചമുളക് - നാലെണ്ണം
പട്ട - ഒരു കഷണം
ഗ്രാമ്പു, ഏലക്ക - മൂന്ന് വീതം
പെരുംജീരകം - ഒരു ടീസ്പൂൺ
കുരുമുളക് - ഒരു ടീസ്പൂൺ
മഞ്ഞൾപൊടി - അര ടീസ്പൂൺ
മുളകുപൊടി - ഒരു ടീസ്പൂൺ
മല്ലിപ്പൊടി - ഒരു ടേബിൾ സ്പൂൺ
ജീരകപ്പൊടി - ഒരു ടീസ്പൂൺ
ഉണക്ക നാരങ്ങ - ഒന്ന്
നെയ്യ് - രണ്ട് ടേബിൾ സ്പൂൺ

തയ്യാറാക്കുന്നവിധം: ചുവട് കട്ടിയുള്ള പാത്രത്തിൽ നെയ്യ് ചൂടാക്കി, പട്ട, ഗ്രാമ്പു, ഏലക്ക, പെരും ജീരകം, കുരുമുളക് എന്നിവ ചേർത്തു വഴറ്റിയതിനുശേഷം സവാള അരിഞ്ഞത് ചേർക്കുക. ഇളം ബ്രൗൺ നിറം ആവുന്നത് വരെ വഴറ്റി, ഇഞ്ചി, വെളുത്തുള്ളി എന്നിവ ചതച്ചതും പച്ചമുളക് കീറിയതും ചേർത്ത് വഴറ്റുക. ഇതിലേക്ക് തക്കാളി അരിഞ്ഞത് ചേർക്കുക. തക്കാളി ഒന്ന് വെന്ത് വരുമ്പോൾ എല്ലാ പൊടികളും ചേർക്കണം. ഉണക്ക നാരങ്ങയും ആവശ്യത്തിന് ഉപ്പും ചേർക്കുക. നന്നായി യോജിപ്പിച്ചതിന് ശേഷം മട്ടൺ ഇട്ട് യോജിപ്പിക്കുക. ഇറച്ചിയിൽ നിന്ന് വെള്ളം ഇറങ്ങി വരുമ്പോൾ, മൂന്ന് കപ്പ് വെള്ളം കൂടി ചേർത്ത് മൂടി വെച്ച്, തിളയ്ക്കുമ്പോൾ ചെറുതീയിൽ വെക്കുക. അര മണിക്കൂർ മട്ടൺ വെന്തതിന് ശേഷം മൂടി തുറന്ന്, കാരറ്റ്, ഉരുളക്കിഴങ്ങ്, കുക്കുമ്പർ എന്നിവ വലിയ കഷണങ്ങളായി അരിഞ്ഞു ചേർക്കുക. രണ്ട് കപ്പ് ചൂടുവെള്ളം കൂടി ചേർത്ത് വീണ്ടും മൂടി വെച്ച് വേവിക്കണം. ഇറച്ചിയും പച്ചക്കറികളും വെന്തുവരുമ്പോൾ തീയിൽ നിന്ന് മാറ്റാം. ഇനി ഒരു പരന്ന പാത്രത്തിൽ ചപ്പാത്തി, ഖുബ്ബൂസ്, പത്തിരി എന്നിവയിൽ ഏതെങ്കിലും നിരത്തി, അതിനു മുകളിൽ തയ്യാറാക്കിയ മട്ടൺ ഗ്രേവി ഒഴിക്കുക. അതിന് മുകളിൽ മട്ടൺ കഷണങ്ങളും പച്ചക്കറിയും നിരത്തി വിളമ്പാവുന്നതാണ്.

ദാൽ സൂപ്പ്
ചേരുവകൾ:

മസൂർ പരിപ്പ് - അരക്കപ്പ്
ബ്രെഡ് - നാല് സ്ലൈസ്
സവാള - ഒന്ന്
കാരറ്റ് - ഒന്ന്
ഉരുളക്കിഴങ്ങ് - ഒന്ന്
വെളുത്തുള്ളി - അഞ്ചല്ലി
മഞ്ഞൾപൊടി - അര ടീസ്പൂൺ
ഗരം മസാല - ഒരു ടീസ്പൂൺ
കുരുമുളകുപൊടി - ഒരു ടീസ്പൂൺ
ചിക്കൻ സ്റ്റോക്ക് ക്യൂബ് - ഒന്ന്
മല്ലിയില - അരക്കപ്പ്
ബട്ടർ - മൂന്ന് ടേബിൾ സ്പൂൺ
ഉപ്പ് ആവശ്യത്തിന്
തയ്യാറാക്കുന്നവിധം: പരിപ്പ് കഴുകി വെള്ളത്തിൽ കുതിർത്തു വെക്കുക. പ്രഷർ കുക്കറിൽ ഒരു ടേബിൾ സ്പൂൺ ബട്ടർ ചൂടാക്കി, സവാള, വെളുത്തുള്ളി എന്നിവ ചേർത്ത് വഴറ്റുക. ഇതിലേക്ക് കാരറ്റ്, ഉരുളക്കിഴങ്ങ് എന്നിവയും ചേർത്ത് വഴറ്റുക. കുതിർത്തുവെച്ച പരിപ്പും എല്ലാ പൊടികളും ചിക്കൻ ക്യൂബും ചേർക്കുക. നന്നായി യോജിപ്പിച്ചതിനു ശേഷം മൂന്നു കപ്പ് വെള്ളവും ഉപ്പും മല്ലിയിലയും ചേർത്ത് കുക്കർ മൂടിവെച്ച് ഇരുപത് മിനിറ്റ് വേവിക്കുക. പ്രഷർ പോയതിനു ശേഷം കുക്കർ തുറന്ന്, ഒരു ബ്ലെൻഡർ കൊണ്ട് സൂപ്പ് നന്നായി ബ്ലെൻഡ് ചെയ്‌തെടുക്കുക. ബ്രെഡ് ചെറിയ ക്യൂബ് ആക്കി മുറിച്ചുവെക്കുക. പാനിൽ ബട്ടർ ചൂടാക്കി ബ്രെഡ് നന്നായി മൊരിയുന്നതുവരെ ടോസ്റ്റ് ചെയ്ത് സൂപ്പിന് മുകളിൽ തൂവി വിളമ്പാം.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi