
പ്രതീകാത്മകചിത്രം/Photo: Shutterstock
മോമോസിന്റെ ഉത്ഭവം ടിബറ്റില്‍ നിന്നാണെന്നും നേപ്പാളില്‍നിന്നാണെന്നുമൊക്കെ വാദങ്ങളുണ്ട്. ടിബറ്റന്‍ കച്ചവടക്കാര്‍ ഇന്ത്യയിലേക്ക് വന്നപ്പോള്‍ പരിചയപ്പെടുത്തിയതാണ് മോമോസ് എന്നതാണ് പ്രബലമായ വാദം. എന്തായാലും നല്ല ജ്യൂസി ഫില്ലിങ് നിറച്ച ഈ വിഭവം നമ്മളിങ്ങെടുത്തു. ഇപ്പോള്‍ എവിടെ തിരിഞ്ഞാലും മോമോസ് സ്‌പോട്ടുകളാണ്. തന്തൂരി, മഞ്ചൂരിയന്‍, ഷെസ്വാന്‍, ഡ്രാഗണ്‍ അങ്ങനെ പലതരം മോമോസ് നമ്മളെ കൊതിപ്പിച്ചുകൊണ്ടിരിക്കുന്നു. ചിക്കനും വെജുമാണ് സാധാരണ മോമോസ് സ്‌പോട്ടുകളില്‍ ഫില്ലിങ്. ഇനി അതൊന്നു മാറ്റിപ്പിടിക്കാം. ചെമ്മീന്‍ കൊണ്ടൊരു മോമോസ് പരീക്ഷിച്ചുനോക്കിയാലോ...
പ്രോണ്‍ മോമോസ്
ചേരുവകള്‍:
ചെമ്മീന്‍ - 200ഗ്രാം
മൈദ - ഒന്നര കപ്പ്
കാരറ്റ് - ഒന്ന്
കാബേജ് ചെറുതായി അരിഞ്ഞത് - അരക്കപ്പ്
സ്പ്രിങ് ഒനിയന്‍- അരക്കപ്പ്
ഇഞ്ചി, വെളുത്തുള്ളി ചതച്ചത് - ഒരു ടേബിള്‍ സ്പൂണ്‍
പച്ചമുളക് - രണ്ടെണ്ണം
സോയ് സോസ് - രണ്ട് ടീസ്പൂണ്‍
കുരുമുളകുപൊടി - ഒരു ടേബിള്‍ സ്പൂണ്‍
ഉപ്പ്, എണ്ണ - ആവശ്യത്തിന്
തയ്യാറാക്കുന്നവിധം: കാരറ്റ്, പച്ചമുളക്, കാബേജ്, സ്പ്രിങ് ഒനിയന്‍ എന്നിവ പൊടിയായി അരിഞ്ഞുവയ്ക്കുക. മൈദയിലേക്ക് ഒരു ടേബിള്‍ സ്പൂണ്‍ ഓയിലും ഉപ്പും ചേര്‍ത്ത് കുറേശ്ശെ വെള്ളം ചേര്‍ത്ത് ചപ്പാത്തിമാവിനെക്കാള്‍ കട്ടിയില്‍ കുഴക്കുക. ഈ മാവ് അര മണിക്കൂര്‍ മാറ്റിവയ്ക്കണം. വൃത്തിയാക്കിയ ചെമ്മീന്‍ ഫുഡ് പ്രോസസ്സറില്‍ ഇട്ട്, അതിനോടൊപ്പം ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവയും ചേര്‍ത്ത് ഒന്ന് ക്രഷ് ചെയ്‌തെടുക്കുക. ഇത് ഒരു പാത്രത്തിലേക്ക് മാറ്റി, അരിഞ്ഞുവെച്ച പച്ചക്കറികളും സോയ് സോസും കുരുമുളകുപൊടിയും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ഇനി കുഴച്ചുവെച്ച മാവില്‍ നിന്ന് ഓരോ ഉരുളയെടുത്ത് വലിയ ചപ്പാത്തിപോലെ പരത്തി, റൗണ്ട് ഷേപ്പര്‍ വെച്ച് ചെറിയ വൃത്തത്തിലുള്ള പൂരികളാക്കി മുറിച്ചെടുക്കുക. ഓരോ പൂരിയിലും ഓരോ സ്പൂണ്‍ വീതം ഫില്ലിങ് വെച്ച്, മടക്കി, മോമോസിന്റെ ആകൃതിയില്‍ ചെയ്‌തെടുത്തശേഷം സ്റ്റീമറില്‍ 10- 15 മിനിറ്റ് ആവി കയറ്റിയെടുക്കാം.
റെഡ് ചട്ണി
ചേരുവകള്‍:
തക്കാളി - രണ്ട്
കാശ്മീരി മുളക് - എട്ട്
മല്ലിയില തണ്ടോടുകൂടി - അരക്കപ്പ്
വെളുത്തുള്ളി - ഒന്ന്
വിനീഗര്‍ - ഒരു ടീസ്പൂണ്‍
പഞ്ചസാര - അര ടീസ്പൂണ്‍
ഉപ്പ്, എണ്ണ- ആവശ്യത്തിന്
തയ്യാറാക്കുന്നവിധം: ഒരു കപ്പ് വെള്ളത്തില്‍ തക്കാളി, മുളക് എന്നിവ അഞ്ചു മിനിറ്റ് തിളപ്പിക്കുക. ആറിയതിനു ശേഷം തക്കാളിയുടെ തൊലി കളഞ്ഞ് മിക്‌സി ജാറില്‍ മുളകും മല്ലിയിലയും കൂടി ചേര്‍ത്ത് നന്നായി അരച്ചെടുക്കുക. പാനില്‍ വെളുത്തുള്ളി പൊടിയായി അരിഞ്ഞത് ചേര്‍ത്ത് വഴറ്റി, അരച്ചുവെച്ച കൂട്ട് ചേര്‍ത്ത് വഴറ്റുക. വിനീഗറും ആവശ്യത്തിന് ഉപ്പും പഞ്ചസാരയും ചേര്‍ത്തിളക്കുക. തിളച്ച് കുറുകി വരുമ്പോള്‍ അടുപ്പില്‍നിന്ന് മാറ്റാം.
ശ്രദ്ധിക്കാം
- മോമോസിനുള്ള മാവ് അധികം വെള്ളം ചേര്‍ക്കാതെ വേണം തയ്യാറാക്കാന്‍. മാവ് ലൂസ് ആയാല്‍ മോമോസ് ആകൃതിയില്‍ ചെയ്‌തെടുക്കാന്‍ കഴിയില്ല.
- സ്റ്റീമറില്‍ ഒരു മസ്ലിന്‍ തുണി വിരിച്ചതിനു ശേഷം മോമോസ് വെച്ചാല്‍ ഒട്ടിപ്പിടിക്കുന്നത് ഒഴിവാക്കാം.
- വെന്തതിനുശേഷം മോമോസിനു മുകളില്‍ അല്പം ഓയില്‍ ബ്രഷ് ചെയ്താല്‍ മുകള്‍ ഭാഗം ഡ്രൈ ആവുന്നതു തടയാം.
Content Highlights: juicy prawn momos for seafood lovers
Published: 07 Aug 2025, 04:30 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented