ലോകത്തിലെ 195 രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ആയിരക്കണക്കിന് വംശീയ വിഭാഗങ്ങൾക്ക് അവരുടേതായ പാരമ്പര്യങ്ങളും ആചാരങ്ങളുമുണ്ട്. ചിലർക്ക് അത് വെറും ആചാരമാണെങ്കിൽ മറ്റുള്ളവർക്ക് അത് വിചിത്രമായി തോന്നാം. ഇന്തോനേഷ്യയിലെ സുലവേസി പ്രവിശ്യയിലുള്ള തൊരാജ എന്ന സമൂഹത്തിന്റെ മരണാനന്തര ചടങ്ങുകൾ ഇത്തരത്തിൽ ഏറെ ശ്രദ്ധേയമാണ്.
മരിച്ചവരെ ആദരിക്കുന്നതിനും ആഘോഷിക്കുന്നതിനും ഈ സമൂഹത്തിന് തനതായ രീതികളുണ്ട്. ഇതിൽ ഏറ്റവും വിസ്മയിപ്പിക്കുന്ന ഒന്നാണ് കുഞ്ഞുങ്ങളെ മരങ്ങളിൽ അടക്കം ചെയ്യുന്ന രീതി. കംബീര ഗ്രാമത്തിലാണ് ഈ കാഴ്ച പ്രധാനമായും കാണപ്പെടുന്നത്.
പല്ലുകൾ മുളയ്ക്കുന്നതിന് മുൻപ് മരിച്ചുപോകുന്ന കുഞ്ഞുങ്ങളെയാണ് ഇത്തരത്തിൽ മരങ്ങളിൽ അടക്കം ചെയ്തിരുന്നത്. ടാറാ മരമെന്ന് അവർ വിളിക്കുന്ന പ്ലാവാണ് ആണ് സാധാരണയായി ഇതിനായി തിരഞ്ഞെടുക്കുന്നത്. പല്ലില്ലാത്ത കുഞ്ഞുങ്ങളുടെ അസ്ഥികൾക്ക് ഈ മരത്തിന്റെ ഉൾഭാഗം പോലെ മൃദുത്വമുണ്ടെന്ന് അവർ വിശ്വസിക്കുന്നു.തൊരാജാ വംശജർ കുഞ്ഞുങ്ങളെ പാപങ്ങൾ തീണ്ടാത്ത ശുദ്ധാത്മാക്കളായിട്ടാണ് കണക്കാക്കുന്നത്. 'കുഞ്ഞുങ്ങളെ ഈ മരത്തിൽ അടക്കം ചെയ്യുന്നതിലൂടെ കാറ്റ് അവരുടെ ആത്മാക്കളെ കൊണ്ടുപോകും,' എന്നാണ് ഇവരുടെ വിശ്വാസം. മരിച്ച കുഞ്ഞുങ്ങളെ പന്നൽച്ചെടികളിൽ (ferns) പൊതിഞ്ഞ ശേഷം മരത്തിൽ വെട്ടിയെടുത്ത ചെറിയ കുഴികളിൽ വെക്കുന്നു. തുടർന്ന് പനയോലകൾ കൊണ്ട് ഇത് മറയ്ക്കും.
ഈ വിചിത്രമായ ആചാരത്തിന് പിന്നിൽ മനോഹരമായ ചില സങ്കല്പങ്ങളുണ്ട്. മരം കുഞ്ഞിന്റെ പുതിയ അമ്മയായി മാറുമെന്ന് അവർ വിശ്വസിക്കുന്നു. അതിനാൽ മാതാപിതാക്കളുടെ വീടിന് എതിർവശത്തായിട്ടാണ് മരത്തിൽ കുഴികൾ ഉണ്ടാക്കുന്നത്. മരം മുറിക്കുമ്പോൾ വരുന്ന പാൽനിറത്തിലുള്ള കറ, മരിച്ച കുഞ്ഞിന് നൽകുന്ന മുലപ്പാലാണെന്ന് അവർ കരുതുന്നു. കാലക്രമേണ മരം വളരുകയും കുഞ്ഞിന്റെ ശരീരം ആ മരത്തിന്റെ ഭാഗമായി മാറുകയും ചെയ്യുന്നു. ഇത് കുഞ്ഞ് പ്രകൃതിയുടെ മടിത്തട്ടിലേക്ക് മടങ്ങിപ്പോകുന്നതിന്റെ അടയാളമായി അവർ കാണുന്നു.
കംബീര സന്ദർശിക്കുന്നവർക്ക് ഒരു മരത്തിൽ തന്നെ ഒന്നിലധികം ശവക്കല്ലറകൾ കാണാൻ സാധിക്കും. എന്നാൽ ഈ കല്ലറകൾക്കെല്ലാം 50 വർഷത്തിലേറെ പഴക്കമുണ്ട്. ആധുനിക വൈദ്യശാസ്ത്രത്തിന്റെ വളർച്ചയോടെ ശിശുമരണ നിരക്ക് കുറഞ്ഞതും സാമൂഹിക മാറ്റങ്ങളും കാരണം അരനൂറ്റാണ്ട് മുൻപ് തൊരാജാ സമൂഹം ഈ ആചാരം നിർത്തിവെച്ചു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Discover the unique Tora-ja culture of Sulawesi, Indonesia, where infants are buried in trees. Learn about this ancient tradition and its spiritual significance. Click to explore!
Published: 26 Dec 2025, 02:49 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented