പറമ്പിക്കുളത്തെ ആനപ്പാടി ഡോര്‍മെട്രിയിലെ ഒരു നേച്ചര്‍ ക്യാമ്പ്. വര്‍ഷം 2004. കണ്ണൂരില്‍നിന്നെത്തിയ വിദ്യാര്‍ഥികളും ഏതാനും അധ്യാപകരുമുണ്ട്.  രാജവെമ്പാലയുടെയും കരടിയുടെയും മലമുഴക്കി വേഴാമ്പലിന്റെയും ചിത്രങ്ങള്‍  പകര്‍ത്തിയ കഥ പറയുമ്പോള്‍ പുറത്ത് ഏതോ പക്ഷികള്‍ ബഹളംകൂട്ടി. ''പനങ്കാക്കകള്‍ ശണ്ഠകൂടുന്നു,'' ഗൈഡ് ജിമ്മി പറഞ്ഞു.  പുറത്തേക്കിറങ്ങിയപ്പോള്‍ രണ്ട് പനങ്കാക്കകള്‍ കാലുകള്‍ തമ്മില്‍ കോര്‍ത്തും നീലിമ കലര്‍ന്ന ചിറകുകള്‍ പരസ്പരം അടിച്ചും താഴേവീണു. മറ്റൊരു പനങ്കാക്ക ഇതൊന്നും അറിയാത്ത മട്ടില്‍ വെണ്‍തേക്കിന്റെ ശിഖരങ്ങളില്‍ ചിറകുകള്‍ കോതി ഇരിക്കുന്നതു കണ്ടു. ഇവയുടെ പ്രജനനകാലമാണിതെന്ന് അപ്പോഴാണ്  ഓര്‍മ്മിച്ചത്. സാധാരണ ഡോര്‍മെട്രിയുടെ ഈ ഭാഗത്ത് ഒരു പനങ്കാക്കയെയാണ് കണ്ടിട്ടുള്ളത്. ഇണചേരുന്ന കാലമായതുകൊണ്ടാണ് മൂന്നു പനങ്കാക്കകള്‍ പ്രത്യക്ഷപ്പെട്ടത്. ശണ്ഠകൂടിയവര്‍ ആണ്‍കാക്കകളും തനിയേ ഇരിക്കുന്നത് പെണ്‍പക്ഷിയും ആണെന്ന് മനസ്സിലായി. ഇണചേരുന്ന കാലത്ത് പെണ്‍പക്ഷിയുടെ പിന്നാലെ രണ്ടുമൂന്ന് ആണ്‍പക്ഷികള്‍ എത്താറുണ്ട്. പരസ്പരം പോരടിച്ച് അതില്‍ ജയിക്കുന്ന കേമനെയാണ് പെണ്‍പക്ഷി വരിക്കുക.

To advertise here,

പറമ്പിക്കുളവുമായി അതിര്‍ത്തി പങ്കിടുന്ന ആനമല വന്യജീവിസങ്കേതത്തിന്റെ ആകര്‍ഷണകേന്ദ്രമായ ടോപ് സ്ലിപ്പിലെ പുല്‍മൈതാനത്തിനരികിലുള്ള ഇലക്ട്രിക് പോസ്റ്റില്‍ ഇരിക്കുന്ന ഒരു പനങ്കാക്കയെ പലപ്പോഴും കണ്ടിട്ടുണ്ട്. ചിലപ്പോള്‍ അത് ആണ്‍പക്ഷിയാകാം. ഒറ്റനോട്ടത്തില്‍ ആണ്‍-പെണ്‍ പക്ഷികള്‍ തമ്മില്‍ പ്രകടമായ വ്യത്യാസങ്ങളൊന്നും ഇല്ലതാനും. പനങ്കാക്കകള്‍ പ്രജനനകാലയളവില്‍ വായുവില്‍ പല പ്രകടനങ്ങളും കാണിക്കാറുണ്ട്. ഇത്തരം അഭ്യാസങ്ങള്‍ കാരണമാണ് ഇവയുടെ സ്വന്തക്കാര്‍ക്കെല്ലാം 'റോളര്‍' എന്ന പേരുവന്നത്. പറമ്പിക്കുളത്തെ ആനപ്പാടി ഡോര്‍മെട്രിയിലേക്ക് വാഹനങ്ങള്‍ തിരിയുന്ന ഭാഗത്തെ ഫോറസ്റ്റ് ഓഫീസിന് മുന്നിലും പനങ്കാക്കയെ കാണാറുണ്ട്.

അടുത്തിടെ രണ്ടുമൂന്നു ദിവസത്തേക്ക് ആറന്മുള കിടങ്ങൂര്‍ SVGVHSS-þലെ അധ്യാപകനും സുഹൃത്തുമായ ജ്യോതിഷ് ബാബു മാഷുമായി പറമ്പിക്കുളത്തെത്തിയിരുന്നു. പറമ്പിക്കുളത്തെ കരടിയുമായി പൊരുതി ജയിച്ച ഗൈഡ് മഹാളിയും അവിടെനിന്ന് ഞങ്ങള്‍ക്കൊപ്പം ചേര്‍ന്നു. പക്ഷികളെയും മൃഗങ്ങളെയും കാണാനും പറമ്പിക്കുളം കാടിന്റെ ശാന്തത അനുഭവിക്കാനുമുള്ള യാത്രയായിരുന്നു അത്. തൂണക്കടവ് ഡാമിനക്കരെയുള്ള ഓള്‍ഡ് ഐബിയിലായിരുന്നു താമസം. പുലര്‍ച്ചെയായതിനാല്‍ നേര്‍ത്ത മൂടല്‍മഞ്ഞ് അവിടെ പരന്നിരുന്നു. മറുകരയില്‍ തേക്കുമരങ്ങള്‍ക്കിടയില്‍ ഞങ്ങള്‍ക്ക് താമസിക്കാനുള്ള പഴയ ബംഗ്ലാവ് അവ്യക്തമായി കാണാം. അതിനുപിന്നില്‍ ശിരസ്സുയര്‍ത്തിനില്‍ക്കുന്നപോലെ വെങ്കോളിമല, മഞ്ഞിനിടയിലൂടെ കാണപ്പെട്ടു.

''അതല്ലേ പനങ്കാക്ക?'',

ജ്യോതിഷ് മാഷ് തൊട്ടരികിലെ മരക്കൊമ്പിലിരിക്കുന്ന പക്ഷിയെ ചൂണ്ടിക്കാണിച്ചു. അത് പനങ്കാക്കയായിരുന്നു! മെല്ലെ അത് പറന്നുചെന്ന് സമീപത്തെ ഇരുമ്പുപോസ്റ്റില്‍ ഇരുന്നു. സൂര്യപ്രകാശം തെളിഞ്ഞുവരികയാണ്. ഇലകളില്‍നിന്ന് ജലത്തുള്ളികള്‍ വീഴുന്ന മര്‍മരം കേള്‍ക്കാം. എന്റെ ഓര്‍മ്മകള്‍ പിന്നിലേക്കു പോയി. ക്യാമറയൊന്നുമില്ലാത്ത കാലത്തെ പറമ്പിക്കുളം! തൂണക്കടവിലെ ഈ രണ്ട് ഫോറസ്റ്റ് ക്വാര്‍ട്ടേഴ്സിലായിരുന്നു ഗാര്‍ഡുമാരായ പരമേശ്വരന്‍ ചേട്ടനും ജോസ് ചേട്ടനും ശ്രീനാഥ് ചേട്ടനുമെല്ലാം താമസിച്ചിരുന്നത്. പറമ്പിക്കുളത്തെത്തിയാല്‍ അവര്‍ക്കൊപ്പമായിരുന്നു എന്റെയും വാസം.

സെബാസ്റ്റ്യന്‍ മാഷിന്റെ ബൈനോക്കുലറുമായി ഇവിടത്തെ പടവുകളിലിരുന്ന് വെങ്കോളി മലഞ്ചെരിവുകളിലെ വരയാടുകളെയും തൊട്ടരികില്‍ പറന്നുനടക്കുന്ന പക്ഷികളെയും കൗതുകത്തോടെ നോക്കുകയാണ് ഞങ്ങളുടെ പ്രധാന വിനോദം. നീലകലര്‍ന്ന വര്‍ണശോഭയാല്‍ ആകര്‍ഷിക്കുന്ന പനങ്കാക്കയും അതിലുണ്ടായിരുന്നു. ഏതാണ്ട് 40 വര്‍ഷം മുന്‍പത്തെ ഓര്‍മ്മകളാണവ. ഞങ്ങള്‍ നോക്കുമ്പോള്‍ പനങ്കാക്ക സാവകാശത്തില്‍ തന്റെ വര്‍ണാഭമായ ചിറകുകള്‍ വീശി താഴേക്കുപറന്ന്, റോഡില്‍നിന്ന് ഒരു പുല്‍ച്ചാടിയെയോ മറ്റോ കൊക്കിലൊതുക്കി പറന്നകന്നു. പ്രവാസിയായിരുന്ന കാലത്ത് ദുബായിലെ ജുമേര എന്ന സ്ഥലത്തുകൂടി ഒരു മഞ്ഞുകാലത്ത് നടന്നുപോകുമ്പോള്‍ ഒരു പനങ്കാക്കയെ കണ്ടതും അദ്ഭുതംകൂറി നിന്നതുമെല്ലാം ഓര്‍മ്മയിലുണ്ട്. മഞ്ഞുകാലത്താണ് മരുഭൂമി പുറമേനിന്നുള്ള പക്ഷികളെയും മറ്റും സ്വീകരിക്കുന്നത്. അപ്പോള്‍ മരുഭൂമിയിലെ ചെടികളെല്ലാം പുഷ്പിതമാകും. പ്രാണികളും ഇഴജന്തുക്കളുമെല്ലാം എവിടെനിന്നോ പ്രത്യക്ഷപ്പെടുന്നതും കാണാം. മരുഭൂമിയിലേക്കുള്ള അത്തരമൊരു യാത്രയിലും ഈന്തപ്പനയുടെ ഓലയിലിരിക്കുന്ന പനങ്കാക്കയെ കണ്ടിട്ടുണ്ട്. പിന്നീടാണ് മനസ്സിലായത്, നമ്മുടെ പനങ്കാക്കയുടെ വകഭേദങ്ങളായിരുന്നുവത്രേ അത്. ഇറാഖ് മുതല്‍ ഇന്‍ഡോ-ചൈന വരെ കാണപ്പെടുന്ന പക്ഷികളാണിവ. പുഴുക്കള്‍, ശലഭങ്ങള്‍, പുല്‍ച്ചാടികള്‍, വണ്ടുകള്‍, ഓന്തുകള്‍, അരണകള്‍ മുതല്‍ ചെറുപാമ്പുകള്‍ വരെ പനങ്കാക്കയ്ക്കു ഭക്ഷണമാകാറുണ്ട്. വിഴുങ്ങാന്‍ സാധിക്കാത്തവയെ മരത്തടിയില്‍ തട്ടി മയം വരുത്തി ജീവന്‍ കളഞ്ഞ് ഭക്ഷിക്കുന്നു.

ഉയര്‍ന്ന മരക്കൊമ്പുകളിലോ ഇലക്ട്രിക് പോസ്റ്റുകളിലോ ഇരുന്ന് ശ്രദ്ധയോടെ ചുറ്റുപാടുകള്‍ നിരീക്ഷിക്കുന്ന പനങ്കാക്കകളെ പലവുരി കണ്ടിട്ടുണ്ട്. തറയിലെ ഏതൊരനക്കവും ഇവ തിരിച്ചറിയുന്നു. തന്റെ ആഹാരമാണെന്ന് മനസ്സിലായാല്‍ ഒട്ടും തിരക്കില്ലാത്തവിധം ചിറകുകള്‍ ചലിപ്പിച്ച് താഴേക്കെത്തുന്നു; ഇരയെ കൊത്തിയെടുത്ത് തിരികെ പറക്കുന്നു. നീലനിറം നമ്മള്‍ കണ്ടിട്ടുണ്ടല്ലോ. പക്ഷേ, പനങ്കാക്കയുടെ ദേഹത്തുള്ള നീലവര്‍ണത്തിന്റെ വ്യതിയാനങ്ങള്‍ കണ്ട് അദ്ഭുതംകൂറി നിന്നിട്ടുണ്ട്. അത്രമാത്രം അഴകുള്ള പക്ഷിയാണിത്. പക്ഷികളുടെ അത്യാകര്‍ഷകമായ വര്‍ണങ്ങളില്‍ നമ്മള്‍ മനുഷ്യര്‍ അദ്ഭുതപ്പെടും. കൂടാതെ മനുഷ്യരെക്കാള്‍ വൈവിധ്യമാര്‍ന്ന വര്‍ണങ്ങള്‍ വേര്‍തിരിച്ചറിയാന്‍ പക്ഷികള്‍ക്കു കഴിയുമെന്ന് ഗവേഷകര്‍ കണ്ടെത്തിയിട്ടുമുണ്ട്.

രണ്ട് വ്യത്യസ്തമായ രീതികളിലാണ് പക്ഷികളുടെ തൂവലുകളിലെ വര്‍ണങ്ങള്‍ പിറവികൊള്ളുന്നത്. പിഗ്മെന്റുകള്‍ (വര്‍ണവസ്തുക്കള്‍) ആണ് സസ്യജാലങ്ങള്‍ക്കും പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കുമെല്ലാം വര്‍ണങ്ങള്‍ നല്‍കുന്നത്. പോര്‍ഫ്രൈന്‍, മെലാനിന്‍സ്, കരോട്ടിനോയിഡ് എന്നീ മൂന്നുചായങ്ങളും അവയുടെ മിശ്രിതങ്ങളുമാണ് പക്ഷികളുടെ തൂവലുകളെ വര്‍ണങ്ങളോടെ അലങ്കരിക്കുന്നത്.ഇളം മഞ്ഞ, ഓറഞ്ച്, ചുവപ്പ് എന്നീ നിറങ്ങളുടെ വ്യതിയാനങ്ങള്‍ക്കും കൂടിച്ചേരലുകള്‍ക്കും ഒക്കെ കാരണം കരോട്ടിനോയിഡ് എന്ന വര്‍ണവസ്തുവാണ്. കരോട്ടിനോയിഡ് അടങ്ങിയ സസ്യങ്ങള്‍ ആഹരിക്കുമ്പോഴോ അവയടങ്ങിയ സസ്യങ്ങളെ ഭക്ഷിക്കുന്ന മറ്റു ജീവികളെ ആഹരിക്കുമ്പോഴോ ആണ് ഈ വര്‍ണം പക്ഷികള്‍ക്ക് ലഭിക്കുന്നതെന്നാണ് കണ്ടെത്തല്‍. ഭക്ഷണത്തില്‍നിന്നു ലഭിക്കുന്ന രാസവസ്തുക്കളില്‍നിന്ന് കരോട്ടിനോയിഡ് വേര്‍തിരിച്ചെടുത്ത് തൂവലുകളില്‍ നിക്ഷേപിക്കാന്‍ പ്രകൃതി പക്ഷികള്‍ക്ക് പ്രത്യേക കഴിവുകള്‍ നല്‍കിയിട്ടുണ്ട്.

ആകാശനീലിമയില്‍നിന്നും വൈഡൂര്യശോഭയോടെ സൃഷ്ടിക്കപ്പെട്ട മനോഹരമായൊരു പക്ഷിയാണ് പനങ്കാക്ക. പറക്കുമ്പോഴാകട്ടെ നീല വര്‍ണത്തിന്റെ അപാരസൗന്ദര്യം തെളിയുന്നു. മാടപ്രാവിന്റെ വലുപ്പംവരുന്ന പനങ്കാക്കയുടെ ശരീരം തടിച്ചതാണ്. വലുപ്പമുള്ള തലയും ചെറിയ വാലുമാണ് ഉള്ളത്. തല, കഴുത്ത്, ശരീരത്തിന്റെ മുകള്‍ഭാഗം എന്നിവ തവിട്ട് നിറത്തിലാണ്. ചിറകുകളും ശരീരത്തിന്റെ അടിഭാഗവും ഇളം നീല നിറത്തില്‍ കാണപ്പെടുന്നു. ചിറകുകളിലാണ് പക്ഷിയുടെ മുഴുവന്‍ ഭംഗിയും എന്ന് തോന്നുന്ന വിധത്തിലാണ് വര്‍ണപ്പൊലിമ.

ഇളം നീല, തിളക്കമുള്ള കടും നീല, കറുപ്പ് എല്ലാം ചേര്‍ന്ന അസാധാരണമായ അഴക്. മുഖത്തും കഴുത്തിലും ചാരനിറമുള്ള വരകള്‍ കാണാം. കൊക്ക് തുടങ്ങുന്ന ഭാഗത്ത് മനോഹരമായ നേര്‍ത്ത വരകളുണ്ട്. മങ്ങിയ കാവിനിറമാണ് വയറിന്. അടിവയറാകട്ടെ ഇളം നീല നിറവും. തലപോയ തെങ്ങുകളിലും മരപ്പൊത്തുകളിലുമൊക്കെയാണ് ഇവ കൂടൊരുക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് പറമ്പിക്കുളത്തെ ചുങ്കത്ത് സ്‌കൂളിന് സമീപമുള്ള ഒരു മരപ്പൊത്തില്‍ പനങ്കാക്ക കൂടൊരുക്കിയത് കണ്ടിട്ടുണ്ട്. അവിടെയുള്ള ഒരു ആദിവാസി ബാലന്‍ കൂട്ടില്‍നിന്നും തറയില്‍വീണ അതിന്റെ കുഞ്ഞിനെ കൊണ്ടുവന്നു.

ചെറിയ ശുശ്രൂഷ നല്‍കി ഞങ്ങള്‍ അതിനെ മരക്കൊമ്പില്‍ ഇരുത്തി. ഏതാനും സമയത്തിനുള്ളില്‍ അമ്മക്കിളി, അതിനെ ചെറു പറക്കലുകളോടെ കൂട്ടിക്കൊണ്ടു പോകുന്നതും കാണാനായി. തമിഴ്നാട്ടിലെയും കര്‍ണാടകയിലെയും ഉള്‍നാടന്‍ ഗ്രാമങ്ങളിലൂടെ സഞ്ചരിക്കുമ്പോള്‍ ഇലക്ട്രിക് പോസ്റ്റുകളിലോ കല്ലുകളിലോ ഇരയെ പ്രതീക്ഷിച്ചിരിക്കുന്ന പനങ്കാക്കകളെ കാണാനാകും. പക്ഷികള്‍ അവയുടെ വര്‍ണചാരുത കൊണ്ടും ചിറകടികള്‍കൊണ്ടും സ്വരമാധുര്യംകൊണ്ടുമൊക്കെ അവയുടെ ജീവിതത്തോട് അടുപ്പിക്കുകയാണ്. അതാകട്ടെ നിഗൂഢവും കൗതുകകരവുമായ പല തലങ്ങളിലേക്കാണ് നമ്മെ കൂട്ടിക്കൊണ്ടുപോകുന്നത്.