ലോകത്ത് പലയിടത്തും ഐസ് ഹോട്ടലുകള്‍ കുറച്ചുകാലം മുമ്പുതൊട്ടേയുണ്ട്. കാനഡ, ഫിന്‍ലാന്‍ഡ്, ജപ്പാന്‍, നോര്‍വേ, റൊമാനിയ, സ്വിറ്റ്‌സര്‍ലാന്‍ഡ് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം മഞ്ഞുകാലത്ത് ഇത്തരം ഹോട്ടലുകള്‍ ഉയര്‍ന്നുവരാറുണ്ട്. പക്ഷേ അതെല്ലാം താത്കാലികമാണ്. ശൈത്യകാലത്ത് ഉയര്‍ന്നുവന്ന്, ശൈത്യകാലം അവസാനിക്കുമ്പോള്‍ ഉരുകി നദിയില്‍ അവസാനിക്കുന്ന ഹോട്ടലുകള്‍. 

To advertise here,

എന്നാല്‍ സ്വീഡനിലെ യുക്കസാര്‍വിയിലുള്ള ഐസ് ഹോട്ടല്‍ 365 അങ്ങനെയല്ല. ചൂടോ മഴയോ വെയിലോ ഒന്നും പ്രശ്‌നമേയല്ല. 1989-ല്‍ ഇവിടെയെത്തിയ ജപ്പാന്‍ സ്വദേശികളായ കലാകാരന്‍മാര്‍ മഞ്ഞില്‍ മനോഹരമായ ശില്പങ്ങള്‍ നിര്‍മിച്ചു. അതില്‍നിന്ന് ഊര്‍ജം ഉള്‍ക്കൊണ്ട കലാകാരന്‍മാര്‍, ഓരോ വര്‍ഷങ്ങളിലും മഞ്ഞില്‍ തങ്ങളുടെ കലാവിരുത് പ്രകടിപ്പിക്കാന്‍ തുടങ്ങി. ആര്‍ട്ട് ഗ്യാലറി എന്നാണതിനെ അവര്‍ വിളിച്ചുപോന്നിരുന്നത്. ആ ആര്‍ട്ട് ഗ്യാലറിയാണ് ലോകത്തിലെ ആദ്യത്തെ ഐസ് ഹോട്ടലായി മാറിയത്. 

placeholder
ഐസ് ഹോട്ടല്‍ / Photo Courtesy: icehotel

യുക്കസാര്‍വി ഗ്രാമത്തിലൂടെ ഒഴുകുന്ന ടോണ്‍ നദിയില്‍നിന്നുള്ള വെള്ളം, ശൈത്യകാലമാകുമ്പോള്‍ തണുത്തുറയും, മഞ്ഞുകട്ടയാവും. ആ മഞ്ഞുകട്ടകളാണ് ഹോട്ടല്‍ നിര്‍മിക്കുന്നതിനായി ഉപയോഗിച്ചിരുന്നത്. മുമ്പ് ശൈത്യകാലത്ത് മാത്രം നിലനിന്നിരുന്ന ഹോട്ടല്‍, പതുക്കെ 365 ദിവസവും എന്നതിലേക്ക് മാറുകയായിരുന്നു. മൈനസ് 5 മുതല്‍ മൈനസ് 8 വരെയാണ് ഇവിടുത്തെ താപനില. ഇത് വര്‍ഷംമുഴുവന്‍ നിലനിര്‍ത്തുന്നതിനായി റഫ്രിജറേറ്റിങ് പ്ലാന്റും ഇവിടെയുണ്ട്.

ഹോട്ടലിന്റെ ചുവരുകളും നിലവും മേല്‍ക്കൂരയുമെല്ലാം ഐസ് തന്നെ. അതിനൊപ്പം ഓരോ മുറികളിലും മനോഹരമായ വിവിധ ഡിസൈനുകള്‍ മഞ്ഞില്‍ കൊത്തിവെച്ചിട്ടുമുണ്ട്. ഐസ് ചര്‍ച്ച്, കോക്ടെയില്‍ റൂം, സെറിമണി ഹാള്‍, ആര്‍ട്ട് ഹാള്‍, ഐസ് ബാര്‍, കബോസര്‍ സ്യൂട്ട്...ഇങ്ങനെ എല്ലാമുണ്ട് ഇവിടെ. ഒപ്പം അതിഥികള്‍ക്കായുള്ള മനോഹരമായ ഡീലക്‌സ് സ്വീറ്റ് മുറികള്‍. മഞ്ഞുകാലപരിപാടികള്‍ക്കും ഒത്തുചേരലുകള്‍ക്കും സൗകര്യപ്രദമായ മുറികളുമുണ്ട്. ഒപ്പം ആര്‍ട്ട് റൂമുകളും.

placeholder
ഐസ് ഹോട്ടല്‍

അവിടെയുള്ള മഞ്ഞില്‍ കൊത്തിയെടുത്ത മനോഹരമായ ശില്പങ്ങള്‍ ആരുടെയും ശ്രദ്ധയാകര്‍ഷിക്കും. ഓരോ ശൈത്യകാലത്തും പുതിയ ശില്പങ്ങള്‍ ഉയരും. ഹോട്ടല്‍ പൂര്‍ണമായും ഡിസൈന്‍ ചെയ്തിരിക്കുന്നത് സ്വീഡനില്‍നിന്നുള്ള ഡിസൈനര്‍മാരാണ്. കട്ടിലുകളെല്ലാം ഐസ് കൊണ്ടാണ്. അതിനുമുകളില്‍ റെയിന്‍ഡീറിന്റെ തോല്‍കൊണ്ടുള്ള കിടക്കയും. രാത്രിയില്‍ കിടക്കാന്‍ തെര്‍മല്‍ സ്ലീപിങ് ബാഗുകളും നല്‍കും. 

ഇടയ്ക്ക് ഹോട്ടലിന്റെ ചില ഭാഗങ്ങള്‍ ഉരുകിലയൊലിക്കുമ്പോള്‍, അത് ഭംഗിയാക്കാനാവശ്യമായ മഞ്ഞുകട്ടകള്‍ അവര്‍ ശേഖരിച്ചുവെക്കും. അതിനായി ഓരോ വര്‍ഷവും 4000 ടണ്‍ ഐസാണ് ടോണ്‍ നദിയില്‍നിന്ന് എടുത്തുവെക്കുന്നത്. നദിയില്‍നിന്നും പ്രത്യേക മെഷീന്‍ ഉപയോഗിച്ച് ചതുരക്കട്ടകളാക്കി മുറിച്ചാണ് ഐസ് ശേഖരിക്കുന്നത്.